ജേഴ്സിയല്ല, വികാരം; ബ്ലാസ്റ്റേഴ്സിന്റെ ചരിത്രമെഴുതിയ 5 മികച്ച ജേഴ്സികൾ
ക്ലബ്ബ് പുറത്തിറക്കിയ പല ജേഴ്സികളും ആരാധകരുടെ ഹൃദയത്തിൽ ഇടംപിടിക്കുകയും കേരളത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതുകയും ചെയ്തു.

ഒരു ജേഴ്സി എന്നത് കളത്തിലിറങ്ങുമ്പോൾ ധരിക്കുന്ന ഒന്ന് മാത്രമല്ല; അതിൽ ഫുട്ബോൾ ക്ലബ്ബിന്റെ സ്വത്വവും ചരിത്രവും പാരമ്പര്യവും, ആരാധകരുടെ ഊർജ്ജവും കൂടി അടങ്ങിയിരിക്കുന്നു.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഓരോ പുതിയ സീസണും പുതിയ പ്രതീക്ഷകളാണ് കൊണ്ടുവരുന്നത്, അതിനൊപ്പം പുതിയ ജേഴ്സിയെക്കുറിച്ചുള്ള ആവേശവും. ക്ലബ്ബിന്റെ മഞ്ഞയും നീലയും കലർന്ന നിറങ്ങൾ കേരളത്തിന്റെ അഭിമാനത്തിന്റെയും ഫുട്ബോൾ ആവേശത്തിന്റെയും പ്രതീകമായി ഇതിനകം മാറി. കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ആർത്തിരമ്പുന്ന മഞ്ഞക്കടൽ തന്നെയാണ് അതിന്റെ ഉദാഹരണം.
വർഷങ്ങളായി, ക്ലബ്ബ് പുറത്തിറക്കിയ പല ജേഴ്സികളും ആരാധകരുടെ ഹൃദയത്തിൽ ഇടംപിടിക്കുകയും കേരളത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതുകയും ചെയ്തു. ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിൽ ഇടംനേടിയ അഞ്ച് ഐക്കോണിക് ജേഴ്സികൾ വിശദമായി പരിചയപ്പെടാം.
2014 ഹോം കിറ്റ്

മലയാളനാട്ടിൽ കേരള ബ്ലാസ്റ്റേഴ്സിനും അതിന്റെ തുടർച്ചയായി രൂപപ്പെട്ട ആരാധക സംസ്കാരത്തിനും വിത്തുപാകിയ അരങ്ങേറ്റ സീസണിലെ ജേഴ്സിയാണ് പട്ടികയിൽ ആദ്യമായി സ്ഥാനം പിടിക്കുന്നത്. ഇന്ത്യൻ ഫുട്ബോളിന് ക്ലബ്ബിന്റെ മഞ്ഞയും നീലയും നിറങ്ങൾ പരിചയപ്പെടുത്തിയ നാഴികക്കല്ലായിരുന്നു 2014-ലെ ഈ ഹോം കിറ്റ്.
മഞ്ഞനിറമുള്ള ജേഴ്സിയിൽ ഇടത് വശത്ത് കേരള ബ്ലാസ്റ്റേഴ്സിന്റെ ചിഹ്നമായ കൊമ്പനാനയുടെ ചിത്രം നീലനിറത്തിൽ ആലേഖനം ചെയ്യപ്പെട്ട രീതിയിലായിരുന്നു അതിന്റെ രൂപകൽപന. പിന്നീട് പല സീസണുകളിലും ഈ കൊമ്പന്റെ ചിത്രം ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സികളിൽ ഇടം പിടിച്ചിട്ടുണ്ട്. ആദ്യ സീസണിൽ ജേഴ്സിയോടൊപ്പം വെള്ളയോ നീലയോ നിറമുള്ള ഷോർട്സാണ് താരങ്ങൾ ധരിച്ചിരുന്നത്.
ഡേവിഡ് ജെയിംസ്, ഇയാൻ ഹ്യൂം, മൈക്കിൾ ചോപ്ര തുടങ്ങിയ ഇതിഹാസ താരങ്ങൾ ഈ ജേഴ്സിയണിഞ്ഞ് അരങ്ങേറ്റ ഐഎസ്എൽ സീസണിൽ ഫൈനലിൽ പ്രവേശിച്ചപ്പോൾ, കേരളത്തിൽ ഒരു പുതിയ ഫുട്ബോൾ സംസ്കാരം ജന്മമെടുക്കുകയായിരുന്നു.
2020-21 മൂന്നാം കിറ്റ്

കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ ഏറ്റവും വൈകാരിക പ്രാധാന്യമുള്ള ജേഴ്സിയാണിത്. കോവിഡ് മഹാമാരിക്കാലത്ത് മുൻനിരയിൽ പ്രവർത്തിച്ചവർക്കായി ക്ലബ്ബിന്റെ #SaluteOurHeroes എന്ന ക്യാമ്പയിനിന്റെ ഭാഗമായി നിർമിച്ചതാണ് ഈ പ്രത്യേക കിറ്റ്.
മുന്നൂറിലധികം എൻട്രികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട, ബംഗളൂരുവിലെ ക്രിസ്തു സർവകലാശാലയിലെ വിദ്യാർത്ഥിനിയായ സുമന സായ്നാഥ് എന്ന ആരാധികയാണ് ഈ ജേഴ്സി ഡിസൈൻ ചെയ്തത്. കേരളത്തിന്റെ തനത് കസവ് മുണ്ടിനെ ഓർമ്മിപ്പിക്കുന്ന വെള്ളയും സ്വർണ്ണനിറവും ചേർന്നതായിരുന്നു ഈ കിറ്റ്.
ഈ ഡിസൈൻ നിരവധി പ്രതീകങ്ങളാൽ സമ്പന്നമായിരുന്നു. ക്ലബ്ബിന്റെ ലോഗോയായ കൊമ്പനാനയെ, മഹാമാരികാലത്ത് പ്രവർത്തനനിരതരായിരുന്ന വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന പ്രതീകങ്ങൾ ഉപയോഗിച്ച് ജേഴ്സിയിൽ മനോഹരമായി അടയാളപ്പെടുത്തി.
ഡോക്ടർമാരെയും നഴ്‌സുമാരെയും പ്രതിനിധീകരിച്ച് സ്റ്റെതസ്കോപ്പുകളും സംരക്ഷിക്കുന്ന കൈകളും, ശുചീകരണ തൊഴിലാളികൾക്കായി ചൂലുകളും, പോലീസുകാർക്കായി ബാഡ്ജുകളും ലോഗോയിൽ ഉൾപ്പെടുത്തി. ഇതിനുപുറമെ, കേരളത്തിന്റെ ഭൂപടം, ഇന്ത്യൻ പതാക, സമാധാനത്തിന്റെ പ്രതീകമായ പ്രാവ് എന്നിവയും ഡിസൈനിന്റെ ഭാഗമായിരുന്നു. ഫുട്ബോളിനുമപ്പുറം, ഐക്യത്തിന്റെയും നന്ദിയുടെയും പ്രതീകമായി ഈ ജേഴ്സി മാറി.
2021-22 ഹോം കിറ്റ്

കേരള ഫുട്ബോൾ ചരിത്രത്തിലെ ഒരു സുവർണ്ണ അധ്യായത്തിനുള്ള ആദരവായിരുന്നു 2021-22 സീസണിൽ പുറത്തിറക്കിയ ഈ ഹോം ജേഴ്സി. 1973-ൽ കേരളത്തിന് ആദ്യമായി സന്തോഷ് ട്രോഫി നേടിക്കൊടുത്ത ടീമിനോടുള്ള ബഹുമാനസൂചകമായി, ജേഴ്സികളിൽ "1973" എന്ന് ആലേഖനം ചെയ്തിരുന്നു.
'ക്ലാസ് ഓഫ് 73' എന്ന് നാമകരണം ചെയ്യപ്പെട്ട ഈ കിറ്റ് ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ചതും ആരാധകപ്രീതി നേടിയെടുത്തതുമാണ്. ബ്ലാസ്റ്റേഴ്സിന്റെ പരമ്പരാഗത മഞ്ഞനിറത്തിനൊപ്പം, കൊമ്പനാനയുടെ കൊമ്പിനോട് സാദൃശ്യമുള്ള ഇരു വശങ്ങളിലെയും നീല വരകൾ ജേഴ്സിയെ കൂടുതൽ മനോഹരമാക്കി. ആ ജേഴ്‌സി ധരിച്ചാണ് ബ്ലാസ്റ്റേഴ്‌സ് ആറ് വർഷത്തിന് ശേഷം ഐഎസ്എൽ ഫൈനലിൽ പ്രവേശിച്ചത്.
2023-24 ഹോം കിറ്റ്

ആനയുടെ തൊലിയിലെ സങ്കീർണ്ണമായ പാറ്റേണുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട രൂപകൽപ്പനായിരുന്നു 2023-24ലെ ഹോം കിറ്റ്. മഞ്ഞ പ്രധാന നിറമായി നിലനിർത്തി, വശങ്ങളിൽ നീല പാറ്റേണുകൾ നൽകിയ ഈ ജേഴ്സിക്ക് ആരാധകരിൽ നിന്ന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.
ഈ പാറ്റേൺ, കേരളത്തിലെ ആനകളുടെ സാംസ്കാരിക പ്രാധാന്യം ആഘോഷിക്കുന്നതോടൊപ്പം അവയെ സംരക്ഷിക്കേണ്ടതിന്റെ ഒരു ഓർമ്മപ്പെടുത്തൽ കൂടിയാകുന്നു. ക്ലബ്ബിന്റെ ദൃശ്യ തനിമ നിലനിർത്തിക്കൊണ്ടുതന്നെ, വന്യജീവി സംരക്ഷണത്തെക്കുറിച്ചുള്ള സന്ദേശങ്ങൾ നൽകാൻ ജേഴ്സിയെ ഒരു മാധ്യമമായി ഉപയോഗിക്കാനുള്ള പ്രതിബദ്ധത ഈ കിറ്റ് വ്യക്തമാക്കുന്നു.
2023-24 എവേ കിറ്റ്

2023-24 സീസണിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് പുറത്തിറക്കിയ എവേ കിറ്റ്, ക്ലബ്ബിന്റെ പരമ്പരാഗത നിറങ്ങളിൽ നിന്നും നടത്തിയ ധീരമായ ഒരു മാറ്റത്തിന്റെ ഫലമായിരുന്നു. കടും പർപ്പിൾ നിറത്തിൽ, തിളങ്ങുന്ന പിങ്ക് വരകളോടുകൂടിയ ഈ ജേഴ്സി ഒറ്റനോട്ടത്തിൽ തന്നെ ഫുട്ബോൾ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. ഈ കിറ്റിലെ ഗ്രാഫിക് പാറ്റേണുകൾ, ആധുനികതയുടെയും പുതുമയുടെയും പ്രതീകമായി മാറി.
അതൊരു പുതിയ പരീക്ഷണം എന്നതിലുപരി, ക്ലബ്ബിന്റെ യുവനിരയുടെയും ആവേശഭരിതരായ ആരാധകരുടെയും പുത്തൻ മനോഭാവത്തെയാണ് പ്രതിനിധീകരിച്ചത്.