ഡ്യൂറൻഡ് കപ്പ് ജേതാക്കളായി മോഹൻ ബഗാൻ സൂപ്പർ ജൈന്റ്സ്. ചിര വൈരികളായ ഈസ്റ്റ് ബംഗാൾ എഫ്‌സിയെ തകർത്താണ് മോഹൻ ബഗാൻ തങ്ങളുടെ പതിനേഴാം ഡ്യൂറൻഡ് കപ്പ് കിരീടം സ്വന്തമാക്കിയത്.

ഏകപക്ഷീയമായ ഒരു ഗോളിനാണ് വിജയം. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ എൺപത്തിയയ്യായിരത്തോളം കാണികളെ സാക്ഷിയാക്കിയാണ് ടീം വിജയിച്ചത്.

ഈ സീസണിൽ ഐഎസ്എൽ കിരീടമുൾപ്പെടെ മോഹൻ ബഗാൻ സൂപ്പർ ജൈന്റ്സ് സ്വന്തമാക്കുന്ന രണ്ടാം കിരീടമാണിത്. മത്സരത്തിൽ മലയാളി താരങ്ങളായ ആഷിക് കുരുണിയനും സഹൽ അബ്ദുൾ സമദും മോഹൻ ബഗാൻ സൂപ്പർ ജൈന്റ്സിനായി കളത്തിലിറങ്ങി.

ഇരു ടീമുകളും മികച്ച പ്രകടനം കാഴ്ചവച്ച മത്സരത്തിൽ തുടക്കം മുതലേ മോഹൻ ബഗാൻ സൂപ്പർ ജൈന്റ്സ് അക്രമിച്ചു മുന്നേറാനുള്ള പ്രവണതയാണ് പുറത്തെടുത്തത്. ഗോൾ രഹിതമായി മുന്നേറിയ ആദ്യ പകുതിക്കു ശേഷം ഒടുവിൽ രണ്ടാം പകുതിയിൽ ദിമിത്രി പെട്രറ്റോസിന്റെ ഗോളാണ് മോഹൻ ബഗാൻ സൂപ്പർ ജൈന്റ്സിന് കിരീടം നേടിക്കൊടുത്തത്.

രണ്ടാം പകുതിയില്‍ 62ആം മിനിറ്റില്‍ മധ്യനിരതാരം അനിരുദ്ധ് ഥാപ്പ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ മോഹൻ ബഗാൻ സൂപ്പർ ജൈന്റ്സ് ടീം 10 പേരായി ചുരുങ്ങി. എന്നാൽ ആ കുറവ് ടീമിനെ തളർത്തിയില്ല. കുറവ് മുതലെടുക്കാൻ ഈസ്റ്റ് ബംഗാളിനുമായില്ല.

ഒറ്റക്കെട്ടായി മുന്നേറിയ ടീമിന്റെ വിജയ ഗോൾ എഴുപത്തിയൊന്നാം മിനിറ്റിലാണ് പിറന്നത്. പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ പെട്രറ്റോസ് ബോക്‌സിന് പുറത്തുനിന്ന് തൊടുത്ത ഇടംകാൽ ഷോട്ട് ഗോൾ കീപ്പറെ തടയാനനുവദിക്കാതെ പോസ്റ്റിന്റെ ഇടതുമൂലയിലെ വല തുളച്ചു. സമനില ഗോളിനായുള്ള ഈസ്റ്റ് ബംഗാളിന്റെ ശ്രമങ്ങളെ വിഫലമാക്കി മോഹൻ ബഗാൻ സൂപ്പർ ജൈന്റ്സിന്റെ പ്രതിരോധം ഉറച്ചു നിന്നു. ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങി മത്സരമവസാനിക്കുമ്പോൾ കൊൽക്കത്തൻ ഡെർബിയിൽ വിജയം നേടിയ മോഹൻ ബഗാൻ സൂപ്പർ ജൈന്റ്സ് പതിനേഴാം ഡ്യൂറൻഡ് കപ്പ് സ്വന്തമാക്കി.

മൂന്ന് മത്സരങ്ങളിൽ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട ഈസ്റ്റ് ബംഗാളിന്റെ നന്ദകുമാർ ശേഖർ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ അവാർഡ് സ്വന്തമാക്കി. ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് അവാർഡ് മുഹമ്മദൻ സ്പോർട്ടിങ്ങിന്റെ ഡേവിഡ് ലാലൻസംഗയും മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ അവാർഡ് മോഹൻ താരം വിശാൽ കൈത്തും നേടി.