ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024 - 25 സീസണിലെ കിരീട ജേതാക്കളായി മോഹൻ ബഗാൻ സൂപ്പർ ജയന്റ്. സ്വന്തം ഹോമായ വിവേകാനന്ദ യുബ ഭാരതി ക്രിരംഗനിൽ നടന്ന മത്സരത്തിൽ ബെംഗളൂരു എഫ്‌സിക്കെതിരെ ജയം 2-1ന്. അധിക സമയത്തേക്ക് നീങ്ങിയ മത്സരത്തിൽ മറൈനേഴ്സിന് വേണ്ടി ജേസൺ കമ്മിംഗ്സ് (PEN - 72'), ജാമി മക്ലാരൻ (96') എന്നിവർ ലക്ഷ്യം കണ്ടു. ബെംഗളുരുവിന്റെ ഏക ഗോൾ പിറന്നത് ആൽബെർട്ടോ റോഡ്രിഗസിന്റെ (OG - 49') പിഴവിൽ നിന്നായിരുന്നു.

ലീഗ് ഘട്ടത്തിൽ ഒന്നാമതെത്തി ഐഎസ്എൽ 2024-25 ഷീൽഡ് നേടിയെടുത്ത ക്ലബിന് സീസണിലെ രണ്ടാം കിരീടമാണിത്. 2020-21 സീസണിൽ മുംബൈ സിറ്റി മാത്രമാണ് ഐഎസ്എല്ലിൽ ഇരട്ടക്കിരീടങ്ങൾ നേടിയിട്ടുള്ളത്. ഒപ്പം സീസണിൽ സ്വന്തം ഹോമിൽ ഒരു മത്സരം പോലും തോൽക്കാതെയാണ് ടീമിന്റെ ഈ അത്യുജ്വല പ്രകടനം.

രണ്ട് വർഷങ്ങൾക്ക് മുൻപ് 2022-23 സീസണിലെ ഫൈനൽ തോൽവിയുടെ തനിയാവർത്തനമായിരുന്നു ബെംഗളൂരു എഫ്‌സിക്ക് ഈ ഫൈനലും. അന്ന് മത്സരം പെനാൽറ്റിയിലേക്ക് നീങ്ങിയെങ്കിൽ, ഇത്തവണ അത് അധിക സമയത്തേക്ക് ചുരുങ്ങി.

മോഹൻ ബഗാൻ സൂപ്പർ ജയൻ്റ്:

വിശാൽ കൈത്ത് (ജികെ), തോമസ് ആൽഡ്രെഡ്, അനിരുദ്ധ് ഥാപ്പ, മൻവീർ സിംഗ്, സുഭാഷിഷ് ബോസ് (സി), ലിസ്റ്റൺ കൊളാക്കോ, ആൽബെർട്ടോ റോഡ്രിഗസ് മാർട്ടിൻ, ജാമി മക്ലറൻ, ജേസൺ കമ്മിംഗ്സ്, ആശിഷ് റായ്, ലാലെങ്മാവിയ റാൾട്ടെ.

ബെംഗളൂരു എഫ്‌സി:

ഗുർപ്രീത് സിംഗ് സന്ധു (ജികെ), രാഹുൽ ഭേക്കെ, ചിംഗ്‌ലെൻസന സിംഗ്, റയാൻ വില്യംസ്, സുരേഷ് വാങ്‌ജാം, ആൽബെർട്ടോ നൊഗ്യൂറ, സുനിൽ ഛേത്രി (സി), എഡ്ഗർ മെൻഡസ്, പെഡ്രോ കാപ്പോ, നംഗ്യാൽ ബൂട്ടിയ, റോഷൻ സിംഗ്.

സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ നിന്നും ഒരു മാറ്റവുമായാണ് മോഹൻ ബഗാൻ സൂപ്പർ ജയന്റ് സ്വന്തം ഹോമിൽ ഈ സീസണിലെ കലാശപോരാട്ടത്തിനിറങ്ങിയത്. ആഷിഖ് കുരുണിയന് പകരമായി മൻവീർ സിംഗ് ആദ്യ പതിനൊന്നിലെത്തി. സെമിയിൽ നിന്നും രണ്ട് മാറ്റങ്ങൾ ബെംഗളുരുവിന്റെ നിരയിലുണ്ടായിരുന്നു. ഹോർഹെ പെരേര ഡയസിനും ശിവശക്തി നാരായണനും പകരമായി റയാൻ വില്യംസും സുനിൽ ഛേത്രിയും സ്റ്റാർട്ടിങ്ങിൽ ഇടം കണ്ടെത്തി.

ഐ‌എസ്‌എല്ലിലെ സുനിൽ ഛേത്രിയുടെ 183-ാമത്തെ മത്സരമാണിത്, അമരീന്ദർ സിംഗിന് (186) താഴെ, ഐഎസ്എല്ലിൽ ഏറ്റവുമധികം മത്സരങ്ങൾ കളിക്കുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡ് അദ്ദേഹം നേടിയെടുത്തു - പ്രീതം കോട്ടലിനൊപ്പം.

തുടക്കത്തിൽ തന്നെ മത്സരത്തിൽ സമ്മർദ്ദം ചെലുത്തിയാണ് ബെംഗളൂരു എഫ്‌സി മത്സരം ആരംഭിച്ചത്. തിങ്ങി നിറഞ്ഞ ആരാധകർക്ക് മുന്നിൽ സ്വന്തം ഹോമിലെ മത്സരത്തിൽ ബ്ലൂസ് നൽകുന്ന സമ്മർദ്ദത്തെ പരമാവധി ലളിതമാക്കിയാണ് മോഹൻ ബഗാൻ സൂപ്പർ ജയന്റ് മത്സരത്തിന്റെ ആദ്യ മിനിറ്റുകളെ സമീപിച്ചത്. ലഭിച്ച അവസരങ്ങളിൽ വേഗത്തിൽ കൗണ്ടറുകൾ നടത്തി ടീം മത്സരത്തിലേക്ക് അതിവേഗം തിരികെയെത്തി.

പതിനെട്ടാം മിനിറ്റിലാണ് മറൈനേഴ്സിന്‌ അനുകൂലമായ ആദ്യത്തെ കൃത്യമായ അവസരം ലഭിക്കുന്നത്. ബ്ലൂസിനായി സുനിൽ ഛേത്രി എടുത്ത ഫ്രീ-കിക്ക് എംബിഎസ്ജി താരങ്ങൾ ക്ലിയർ ചെയ്യുന്നു. കൗണ്ടറിലൂടെ പന്തുമായി കുതിച്ച മൻവീർ ഫൈനൽ തേർഡിലെത്തി മക്ലാരനു ക്രോസ് ചെയ്‌തെങ്കിലും, അദ്ദേഹത്തിന് അത് കണക്ട് ചെയ്യാൻ സാധിച്ചില്ല.

ഇരുവശത്തേക്കും ആക്രമണങ്ങളുമായി ഇരു ടീമുകളും കളം നിറഞ്ഞതോടെ കൊൽക്കത്തയിൽ ആവേശമേറി. ഒരു ഘട്ടത്തിൽ മത്സരത്തിന്റെ ഗതിയുടെ കടിഞ്ഞാൺ ബെംഗളൂരു എഫ്‌സി കയ്യിലെടുത്തു. അതിവേഗനീക്കങ്ങളിലൂടെ പന്ത് കൈവശം നിലനിർത്തി, ബിൽഡ് അപ്പുകളിലൂടെ ആക്കം കണ്ടെത്തി അതിഥികൾ. അവസാന മത്സരത്തിൽ ഛേത്രിയുടെ വിജയ ഗോളിന് വഴിയൊരുക്കിയ നംഗ്യാൽ ബൂട്ടിയയിലൂടെയാണ് ആദ്യ പകുതിയിൽ ബ്ലൂസ് കൂടുതലായും ആക്രമണത്തിന് ശ്രമിച്ചത്.

ആദ്യ പകുതിയിൽ നിഷ്പ്രഭരായി തീർന്നു മോഹൻ ബഗാൻ സൂപ്പർ ജയന്റ്. മൻവീർ സിംഗിനെ വലത് വിങ്ങിൽ റോഷൻ സിംഗും ലിസ്റ്റൻ കൊളാസോയെ ഇടത് വിങ്ങിൽ ബൂട്ടിയയും തടഞ്ഞതോടെ ആതിഥേയരുടെ വിങ്ങുകളിലെ വേഗത തടഞ്ഞു നിർത്തപ്പെട്ടു. മറുപടി ആക്രമണങ്ങൾക്ക് ബെംഗളൂരു കോപ്പു കൂടിയതോടെ ആദ്യ പകുതിയിൽ നിഷ്പ്രഭരായി നിലവിലെ ഷീൽഡ് ജേതാക്കൾ.

ആദ്യ പകുതിക്ക് ശേഷം ഗോൾരഹിത സമനിലയിൽ ഇരുടീമുകളും കൈകൊടുത്തു പിരിയുമ്പോൾ ആദ്യത്തെ 22 മിനിറ്റുകളിൽ എടുത്ത മൂന്നു ഷോട്ടുകൾ മാത്രമാണ് മറൈനേഴ്സിന്റെ സമ്പാദ്യം. ഒരെണ്ണം ഓൺ ടാർഗെറ്റിലും. മറുവശത്ത്, കളിക്കളത്തിൽ ആധിപത്യം ചെലുത്തിയ ശേഷമാണ് ബ്ലൂസ് ഇടവേളക്ക് ഇറങ്ങിയത്. പത്ത് ഷോട്ടുകൾ തൊടുത്തതിൽ ഓൺ ടാർഗറ്റ് രണ്ടെണ്ണം. അഞ്ച് കോർണറുകൾ കണ്ടെത്തി.

നിഷ്ക്രിയമമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലിറങ്ങിയ ബെംഗളൂരു എഫ്‌സി, എംബിഎസ്‌ജിയെ ഞെട്ടിച്ചാണ് തുടങ്ങിയത്. നൊഗ്യൂറ നൽകിയ പന്തെടുത്ത വില്യംസ് എടുത്ത ഷോട്ട് തടഞ്ഞിട്ടു വിശാൽ കൈത്ത്, തുടർന്നുണ്ടായ ഛേത്രിയുടെ റീബൗണ്ടും രക്ഷപ്പെടുത്തി താരമായി. മറുപടി ആക്രമണത്തിൽ കമ്മിങ്‌സിന്റെ ക്രോസിൽ മൻവീർ തലവെച്ചെങ്കിലും റഫറി ഓഫ്‌സൈഡ് കൊടിയുർത്തി.

ആദ്യ പകുതിയിലുടനീളവും രണ്ടാം പകുതിയിലൂടെ തുടക്കത്തിലും വിങ്ങുകളിലൂടെ കനത്ത ആക്രമണത്തിന് തിരികൊളുത്തിയ ജെറാർഡ് സരഗോസയുടെ തന്ത്രങ്ങൾക്ക് 49-ാം മിനിറ്റിൽ ഫലം ലഭിച്ചു. നിരന്തരമായ ക്രോസുകളിലൂടെ മറൈനേഴ്സിന്റെ ബോക്സിൽ തീർത്ത അപകടങ്ങൾ കലാശിച്ചത് ലീഡിൽ. ഇടതുവശത്ത് നിന്ന് റയാൻ വില്യംസ് നൽകിയ ക്രോസ് തടഞ്ഞ ഗ്രീൻ ആൻഡ് മെറൂൺ താരം ആൽബെർട്ടോ റോഡ്രിഗസിനു പിഴച്ചു. ക്ലിയറൻസ് വീണത് സ്വന്തം വലയിൽ. സ്കോർ 0-1. സ്വന്തം കാണികൾക്ക് മുന്നിൽ ഷീൽഡ് ജേതാക്കൾ പുറകിൽ. ബെംഗളുരുവിന് ലീഡ്.

ഗോൾ വഴങ്ങിയതോടെ, ആതിഥേയർ കൂടുതൽ സമ്മർദ്ദത്തിലായി. ഏത് വിധേനെയും സമനില ഗോൾ കണ്ടെത്താനുള്ള ശ്രമം, മിസ് പാസുകളിലേക്ക് വഴിവെച്ചത് തിരിച്ചടിയായി. സുഭാശിഷ് ബോസ് മധ്യനിരയിൽ നിന്നും കണ്ടെത്തി നൽകിയ പാസ്, കമ്മിങ്സ് നിറയൊഴിച്ചെങ്കിലും ഗുർപ്രീത് രക്ഷപ്പെടുത്തിയത് ഹോം ആരാധകർക്ക് നിരാശ നൽകി.

60-ാം മിനിറ്റിൽ ബെംഗളൂരു എഫ്‌സി മത്സരത്തിലെ ആദ്യത്തെ സബ്സ്റ്റിട്യൂഷൻ നടത്തി. പരിക്കേറ്റ നംഗ്യാൽ ബൂട്ടിയയ്ക്ക് പകരം ലാൽറെംത്ലുവാംഗ ഫനായി രംഗത്തെത്തി. മറുവശത്ത് ഇരട്ട മാറ്റങ്ങളുമായാണ് മോഹൻ ബഗാൻ സൂപ്പർ ജയന്റ് പ്രതികരിച്ചത്. അനിരുദ്ധ് ഥാപ്പയെയും ലിസ്റ്റൻ കൊളാസോയെയും പിൻവലിച്ച് പകരക്കാരായി ഹോസെ മോളിന ഇറക്കിയത് രണ്ട് മലയാളികളെ - ആഷിഖ് കുരുണിയനും സഹൽ അബ്ദുൽ സമദും.

പകരക്കാരെ ഇറങ്ങിയത് മത്സരത്തിന്റെ ഗതി സ്വന്തം കൈപ്പിടിയിലേക്ക് മാറ്റാൻ ആതിഥേയരെ സഹായിച്ചു. സഹൽ കളത്തിലെത്തിയതോടെ, ആക്രമണത്തിന് കൂടുതൽ മൂർച്ചയുണ്ടായി. ഫൈനൽ തേർഡിലേക്ക് കയറിച്ചെന്ന താരം, ബ്ലൂസിന്റെ ഫൈനൽ തേർഡിൽ ഷോട്ടുകളുമായി ഭീഷണികൾ രൂപപ്പെടുത്തി. 68-ാം മിനിറ്റിൽ എഡ്ഗർ മെൻഡസിന് പകരം ഹോർഹെ പെരേര ഡയസ് കളത്തിലെത്തി.

പകരക്കാരുടെ വരവ് മത്സരത്തിൽ മറൈനേഴ്സിന്‌ വീണ്ടെടുത്ത് നൽകിയ ആക്കം, വഴിയൊരുക്കിയത് നിർണായകമായ സമനില ഗോളിന്. കമ്മിങ്സ് നൽകിയ ക്രോസിൽ മക്ലാരൻ എടുത്ത ഷോട്ട് തടുത്ത സനക്ക് പറ്റിയ പിഴവ് മത്സരത്തിൽ വഴിത്തിരിവായി. പന്ത് ചെന്നിടിച്ചത് അദ്ദേഹത്തിന്റെ കയ്യിൽ. ഓടിയെത്തിയ റഫറി പെനാൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടി. വലയുടെ ഇടത് മൂലയിലേക്ക് കമ്മിങ്സ് തൊടുത്ത ഷോട്ട് രക്ഷപ്പെടുത്താൻ ഗുർപ്രീതിന് സാധിച്ചില്ല. സ്കോർ 1-1. മത്സരത്തിലേക്ക് തിരികെയെത്തി ഗ്രീൻ ആൻഡ് മെറൂൺസ്. തൊട്ടടുത്ത മിനിറ്റിൽ ആശിഷ് റായിയുടെ ക്രോസിൽ മക്ലനാണ് അവസരം ലഭിച്ചെങ്കിലും, തലയിൽ തട്ടി പന്ത് ബാറിന് മുകളിലൂടെ കടന്നു.

80-ാം മിനിറ്റിൽ ജേസൺ കമ്മിങ്‌സിന് പകരം ഗ്രെഗ് സ്റ്റുവർട്ട് മൈതാനത്തെത്തി. സമനില ഗോൾ നേടിയതോടെ, ആത്മവിശ്വാസത്തിന്റെ കൊടിയിലെത്തിയ ആതിഥേയർ കളിയുടെ കടിഞ്ഞാൺ തിരിച്ചുവാങ്ങി. മധ്യനിരയിൽ സഹലും വിങ്ങിൽ ആഷിഖും ചേർന്ന് എതിർ പ്രതിരോധത്തെ ഭീതിയിലാഴ്ത്തി. മുഴുവൻ സമയത്തിന്റെ അവസാന മിനിറ്റുകളിലേക്ക് മത്സരം നീങ്ങുമ്പോൾ വിജയ ഗോൾ കണ്ടെത്താനുള്ള വാശിയേറിയ പോരാട്ടമായിരുന്നു ഇരുവശത്തും. ഇഞ്ചുറി സമയത്ത് ബോക്സിനുള്ളിൽ കൃത്യമായ സ്ഥാനത്ത് മക്ലാരന്, സ്റ്റുവെർട്ടിൽ നിന്നും പന്ത് ലഭിച്ചെങ്കിലും ഫസ്റ്റ് ടൈം ഷോട്ട് എടുക്കാൻ സാധിക്കാതിരുന്നത് നിരാശ നൽകി. ഇഞ്ചുറി സമയത്തിന്റെ അവസാനം റഫറി ഫൈനൽ വിസിൽ മുഴക്കുമ്പോൾ, സമനിലയിൽ കുരുങ്ങിയ മത്സരം അധിക സമയത്തേക്ക് നീങ്ങി.

സുരേഷ് സിങ്ങിന് പകരം മുഹമ്മദ് സലായെയും സുഭാഷിഷ് ബോസിന് പകരം ദീപക് താങ്രിയെയും എത്തിച്ചാണ് ഇരുടീമുകളും എക്സ്ട്രാ ടൈം ആരംഭിച്ചത്.

സ്റ്റുവർട്ട് ബോക്സിലേക്ക് നൽകിയ ഒരു ലോ ക്രോസ് ഇന്റർസെപ്റ് ചെയ്തിട്ട സനയുടെ നിസാര പിഴവിന് ബെംഗളൂരു എഫ്‌സി വലിയ വില നൽകേണ്ടി വന്നു. തൊട്ടുമുന്നിൽ നിലയുറപ്പിച്ചിരുന്ന മക്ലാരൻ, താഴെ വീണ പന്തെടുത്ത്, താരത്തെ വെട്ടിയൊഴിഞ്ഞ്, ഗോൾകീപ്പറിന്റെ കാലുകൾക്കിടയിലൂടെ വലയിലേക്ക് തൊടുത്തു. സ്കോർ 2-1. സാൾട് ലേക്കിൽ മറൈനേഴ്സിന്‌ ലീഡ്. അധിക സമയത്തിന്റെ രണ്ടാം പകുതിയിൽ കടുത്ത ആക്രമണം ബെംഗളൂരു അഴിച്ചുവിട്ടെങ്കിലും ഫലം കണ്ടില്ല. ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ, സ്വന്തം നാടായ കൊൽക്കത്തയിൽ, സ്വന്തം കാണികൾക്ക് മുന്നിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ് തങ്ങളുടെ ചരിത്രത്തിലെ രണ്ടാം ഐഎസ്എൽ കിരീടത്തിൽ മുത്തമിട്ടു.