പലരുടെയും സ്വപ്ന നഗരമാണ് മുംബൈ. സിനിമയും ഫാഷനുമെല്ലാം സ്വപ്നം കാണുന്നവരുടെ സ്വർഗം. എന്നാൽ ബ്രൈസ് മിറാൻഡയെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ അൽപ്പം വ്യത്യസ്തമായിരുന്നു. മുംബൈയിൽ ജനിച്ച, അവന്റെ സ്വപ്നങ്ങൾ ഇപ്പോഴും മുംബൈക്കും അതീതമായിരുന്നു. ഒരു ഫുട്ബോൾ താരമെന്ന നിലയിലുള്ള പരിണാമത്തിനു ശേഷം ഗോവയിൽ ഹീറോ ഐ-ലീഗിൽ ചർച്ചിൽ ബ്രദേഴ്സിനായി കളിക്കാനുള്ള അവസരം മിറാൻഡക്ക് ലഭിച്ചു. അത് സ്വപ്നങ്ങൾക്ക് അടിത്തറയേകി. ഇന്ത്യൻ സൂപ്പർ ലീഗിന്റെ വളർച്ചക്കൊപ്പം വളർന്ന മിറാൻഡയ്ക്ക് ഒരു ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബിന്റെ ഭാഗമാകുകയെന്നതും സ്വപ്നമായിരുന്നു.

ഒടുവിൽ 2022 ജൂൺ 15 ന് തന്റെ സ്വപ്നസാക്ഷാത്കാരം പോലെ ഇന്ത്യൻ സൂപ്പർ ലീഗിലെ ആരാധക പിന്തുണയിൽ ലോകത്തെ തന്നെ വിസ്മയിപ്പിച്ച കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുമായി കരാർ ഒപ്പിട്ടിരിക്കുകയാണ് ബ്രൈസ് മിറാൻഡ.

“കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് എന്നോട് താൽപ്പര്യമുണ്ടെന്ന് അറിഞ്ഞപ്പോൾ, എനിക്ക് വേണ്ടെന്ന് പറയാൻ കഴിഞ്ഞില്ല, കാരണം ഞാൻ കളിക്കാൻ സ്വപ്നം കാണുന്ന ഒരു ക്ലബ്ബായിരുന്നു കേരളാ ബ്ലാസ്റ്റേഴ്‌സ്. ഒപ്പം കേരളത്തിൽ കളിക്കുന്നത് എന്റെ വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു.” മിറാൻഡ indiansuperleague.com-നു നൽകിയ എക്സ്ക്ലൂസീവ് അഭിമുഖത്തിൽ പറഞ്ഞു.

"അവിടെയുള്ള ആരാധകർ അവിശ്വസനീയമാംവിധം പിന്തുണ നൽകുന്നവരും ആവേശഭരിതരുമാണ്. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി എന്റെ സൈനിംഗ് പ്രഖ്യാപിച്ചതിന് ശേഷം എനിക്ക് ലഭിച്ച സ്‌നേഹവും പിന്തുണയും അവിശ്വസനീയമായിരുന്നു, കൊച്ചിയിൽ ആയിരിക്കാനും ആ അത്ഭുതകരമായ ആരാധകർക്ക് മുന്നിൽ കളിക്കാനും എനിക്ക് ഇനിയും കാത്തിരിക്കാനാവില്ല. ഇതെന്റെ സ്വപ്ന സാക്ഷാത്കാരമാണ്”അദ്ദേഹം കൂട്ടിച്ചേർത്തു.

ചർച്ചിൽ ബ്രദേഴ്സിനൊപ്പം ചെലവഴിച്ച രണ്ട് സീസണുകളിൽ മികച്ച പ്രകടനമാണ് മിറാൻഡ കാഴ്ചവച്ചത്. മുപ്പത്തിരണ്ട് തവണ ടീമിനായി കളത്തിലിറങ്ങിയ താരം രണ്ട് ഗോളുകളും നാല് അസിസ്റ്റുകളും നേടുകയും ശ്രദ്ദേയമായ പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.

“ബ്രൈസ് ഞങ്ങളോടൊപ്പം ചേരുന്നതിൽ എനിക്ക് സന്തോഷമുണ്ട്, അവൻ വേഗത്തിൽ ടീമുമായി പൊരുത്തപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഉയർന്ന സാധ്യതകളുള്ള കളിക്കാരെ കേരളത്തിലേക്ക് കൊണ്ടുവരികയും അവരുടെ മികച്ച ഫുട്ബോൾ കളിക്കാൻ അവരെ സഹായിക്കുകയും ചെയ്യുക എന്ന ദൗത്യത്തിലാണ് ഞങ്ങൾ എപ്പോഴും. ബ്രൈസ് ഉയർന്ന സാധ്യതകളുള്ള താരമാണ്, മാത്രമല്ല ഒരുപാട് ജോലികൾ അദ്ദേഹത്തിന് ടീമിൽ ചെയ്യാനുമുണ്ട്.” കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി സ്‌പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻങ്കിസ് പറഞ്ഞു.

“ഞാൻ ഡോൺ ബോസ്‌കോ മാട്ടുംഗയിലാണ് പഠിച്ചത്. സ്പോർട്സിനും പ്രത്യേകിച്ച് ഫുട്ബോളിനും പേരുകേട്ട സ്കൂളാണിത്. രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഞാൻ സെലക്ഷന് പോയിരുന്നു, എന്റെ സ്കൂൾ കോച്ച് ലെസ്ലി മച്ചാഡോ ആയിരുന്നു എന്നെ കൂട്ടിക്കൊണ്ടുപോയത്, പത്താം ക്ലാസ് വരെ അദ്ദേഹം എന്റെ പരിശീലകനായിരുന്നു, മുഴുവൻ എന്നെ നയിക്കുകയും ചെയ്തു, ”മിറാൻഡ അനുസ്മരിച്ചു.

“എന്റെ ആദ്യ സീസണിൽ ഞാൻ മുംബൈ എഫ്‌സിയുമായി കരാർ ഒപ്പുവെക്കുകയും അണ്ടർ 18 ഐ-ലീഗ് കളിക്കുകയും ചെയ്തു. അവിടെ വച്ചാണ് ഞാൻ പ്രൊഫഷണൽ ഫുട്‌ബോൾ കളിക്കാൻ ആഗ്രഹിക്കുന്നത്. ആ വർഷത്തിന് ശേഷം ഞാൻ എന്റെ ആഗ്രഹത്തിൽ പിന്നോട്ട് പോയിട്ടില്ല,” മിറാൻഡ പറഞ്ഞു.

“എനിക്ക് ഫുട്ബോൾ ഉപേക്ഷിക്കാൻ തോന്നിയ സമയങ്ങളുണ്ട്. ഒരുപാട് ഉയർച്ച താഴ്ചകൾ ഞാൻ നേരിട്ടിട്ടുണ്ട്. പക്ഷേ ആ വെല്ലുവിളികളെ തരണം ചെയ്യാൻ എന്റെ മനസ്സ് ശക്തമായിരുന്നു. എനിക്ക് ഒരു പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാകാനും, ഉയർന്ന തലത്തിൽ കളിക്കാനും ഞാൻ ആഗ്രഹിച്ചു, ഞാൻ സ്വപ്നം കണ്ടു, കഠിനാധ്വാനം ചെയ്തു. ഫുട്ബോൾ ഉപേക്ഷിക്കണമെന്ന് തോന്നിയ ആ പരുക്കൻ ദിവസങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ എനിക്ക് സന്തോഷമുണ്ട്, പക്ഷേ ഞാൻ ഉപേക്ഷിച്ചില്ല. ഉപേക്ഷിച്ചിരുന്നെങ്കിൽ ഞാൻ ഇന്ന് എവിടെ ആയിരിക്കില്ല,”

ഹെഡ് കോച്ച് ഇവാൻ വുകോമാനോവിച്ചുമായി ഇതുവരെ ചർച്ചകളൊന്നും മിറാൻഡ നടത്തിയിട്ടില്ല, എന്നാൽ കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനെ ശ്രദ്ധയോടെ പിന്തുടർന്ന മിറാന്ഡയ്ക്ക് ടീം എങ്ങനെ കളിക്കുന്നു എന്നതിനെക്കുറിച്ച് മതിയായ അറിവുണ്ട്.

“ഞാൻ KBFC മത്സരങ്ങൾ ശ്രദ്ധയോടെ കാണുകയും പിന്തുടരുകയും ചെയ്തിട്ടുണ്ട്. അവർ ഫൈനലിൽ അവിശ്വസനീയമായ പ്രകടനം കാഴ്ചവച്ചു.” അദ്ദേഹം പറഞ്ഞു.

"ഇതുവരെ ഞാൻ ഒരു ആരാധകനെന്ന നിലയിൽ പുറത്ത് നിന്ന് ഐ‌എസ്‌എൽ കണ്ടു, ഇപ്പോൾ ഞാൻ ഇവിടെ കളിക്കാൻ പോകുന്നു. ഏറ്റവും എളിമയോടെ എല്ലാ ദിവസവും 100% നൽകാൻ ഞാൻ ആഗ്രഹിക്കുന്നു.” മിറാൻഡ പറഞ്ഞു.

“ഇത് വെല്ലുവിളി നിറഞ്ഞതായിരിക്കും, ഐ‌എസ്‌എല്ലിന് മികച്ച നിലവാരമുണ്ട്, എന്നാൽ വരുന്ന ഏത് വെല്ലുവിളിക്കും ഞാൻ തയ്യാറാണ്. ആദ്യ സീസണിലെ എന്റെ ലക്ഷ്യം എന്റെ ടീമിനെ സഹായിക്കുകയും സാധ്യമായ രീതിയിൽ സംഭാവന നൽകുകയും ചെയ്യുക എന്നതാണ്. പക്ഷേ, തീർച്ചയായും ട്രോഫി കേരളത്തിലേക്ക് എത്തിക്കുക എന്നതാണ് പ്രധാന ലക്ഷ്യം” അദ്ദേഹം കൂട്ടിച്ചേർത്തു.