ഹൈദരബാദിനെതിരെ മൂന്ന് പോയിന്റുകൾ നിർണായകമെന്ന് മിക്കേൽ സ്റ്റാറെ
എതിരാളികളെ അവസരങ്ങൾ രൂപപ്പെടുത്താൻ അനുവദിക്കുന്നില്ലെങ്കിലും ടീം ഗോൾ വഴങ്ങുന്നത് ഒരു പ്രതിസന്ധിയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു
ഹൈദരബാദ് എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം മൂന്ന് പോയിന്റുകളെന്ന് മുഖ്യ പരിശീലകൻ മിക്കേൽ സ്റ്റാറെ. മത്സരത്തിന് മുന്നോടിയായ പത്രസമ്മേളനത്തിൽ കൊച്ചിയിൽ ക്ലബ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുമാണ് പങ്കെടുക്കുകയായിരുന്നു അദ്ദേഹം. തുടർച്ചയായി രണ്ട് മത്സരങ്ങൾ തോറ്റ കേരളത്തിന്, ഹൈദെരാബാദത്തിനെതിരെ കൊച്ചിയിലെ സ്വന്തം മൈതാനത്ത് നടക്കുന്ന മത്സരം നിർണായകമാണ്. ലീഗ് നവംബറിൽ ഫിഫ പിറകിലേക്ക് കടക്കാനിരിക്കെ വിജയം നേടുന്നത് ടീമിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കും.
ബെംഗളുരുവിനെതിരെയും മുംബൈ സിറ്റിക്ക് എതിരെയും തുടർ തോൽവികൾ വഴങ്ങിയ ശേഷമാണ് കേരള ബ്ലാസ്റ്റേഴ്‌സ് വ്യാഴാഴ്ച കൊച്ചിയിൽ ഇറങ്ങുന്നത്. രണ്ടും മത്സരങ്ങളും തികച്ചും വ്യത്യസ്തമാണെന്നും അടുത്ത മത്സരത്തിലേക്ക് ടീം ആത്മവിശ്വാസത്തോടെ തയാറാണെന്നും അദ്ദേഹം പറഞ്ഞു. "കാര്യങ്ങളെ എനിക്ക് വേർതിരിക്കണം. ബെംഗളൂരുവിനെതിരായ മത്സരം ശരിക്കും വേദനാജനകമായിരുന്നു. ഞങ്ങൾ നന്നായി കളിച്ചു. ആദ്യത്തെ മിനിറ്റ് മുതൽ മത്സരം നിയന്ത്രിച്ചു. നിർഭാഗ്യവശാൽ, അശ്രദ്ധമായി ചില ഗോളുകൾ വഴങ്ങി. വേദനാജനകമായിരുന്നെങ്കിലും ഞങ്ങൾ അതിൽ നിന്നും ആത്മവിശ്വാസത്തോടെ പുറത്ത് വന്നു. മുംബൈയിലെ മത്സരം തികച്ചും വ്യത്യസ്തമായിരുന്നു. ഞങ്ങൾ തുടങ്ങിയത് പതുക്കെയാണ്, അവരാകട്ടെ, അതിവേഗം ഗോൾ നേടി. എങ്കിലും ഞങ്ങൾ തിരിച്ചുവരവിന് ശ്രമിച്ചു."
"വേഗം ഞങ്ങൾ രണ്ടു ഗോളുകൾ നേടിയതിൽ എനിക്ക് അഭിമാനമുണ്ട്. അവിടെ ഞങ്ങൾക്ക് ആക്കം കിട്ടി. പക്ഷെ, റെഡ്‌കാർഡിനാൽ ഞങ്ങൾ തോറ്റു. അതിനാൽ, എന്നെ സംബന്ധിച്ച് ഇവ രണ്ടും രണ്ട് മത്സരങ്ങളാണ്. തോൽവി വേദനാജനകമാണ്. ഒരു മത്സരം പോലും ഞങ്ങളുടെ ആത്മവിശ്വാസത്തെ തകർക്കാതിരിക്കത്തക്കവണ്ണം ഞങ്ങൾ ഒരു ഗ്രൂപ്പാണ്, അനുഭവസമ്പത്തുള്ളവരാണ്. അതിനാൽ, ഞങ്ങൾ മുന്നേറുകയും മത്സരങ്ങൾ ജയിക്കുകയും ചെയ്യണം. ഞങ്ങൾ ഊർജത്തോടും ആത്മവിശ്വാസത്തോടെയും മത്സരത്തിന് തയ്യാറാണ്. എന്നാൽ ഞങ്ങൾക്ക് വികസിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യേണ്ട കാര്യങ്ങളുണ്ടെന്നത് വ്യക്തമാണ്." - മിക്കേൽ സ്റ്റാറെ പറഞ്ഞു
ഈ സീസണിൽ ഒരു മത്സരത്തിലും ക്ലീൻ ഷീറ്റ് നേടാത്ത ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. എതിരാളികളെ അവസരങ്ങൾ രൂപപ്പെടുത്താൻ അനുവദിക്കുന്നില്ലെങ്കിലും ടീം ഗോൾ വഴങ്ങുന്നത് ഒരു പ്രതിസന്ധിയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. സോം കുമാർ കഴിവും ഭാവിയുമുള്ള താരമാണെന്നും കഴിഞ്ഞ മത്സരത്തിലെ ഗോളുകൾക്ക് അദ്ദേഹത്തെ കുറ്റപ്പെടുത്താൻ സാധിക്കില്ലെന്നും പരിശീലകൻ വ്യക്തമാക്കി.
"ഒരു പരിശീലകൻ എന്ന നിലയിൽ, വഴങ്ങിയ ഗോളുകളെ പ്രത്യേകമായി പരിശോധിച്ചാൽ, ഞങ്ങൾ കൂടുതൽ അവസരങ്ങൾ രൂപപ്പെടുത്താൻ അനുവദിക്കുന്നില്ല, എങ്കിലും ഗോളുകൾ വഴങ്ങുന്നുവെന്ന് മനസിലാക്കാം. ഞങ്ങളുടെ സ്വന്തം മൈതാനത്ത് ബെംഗളുരുവിനെ അവസരങ്ങൾ രൂപപ്പെടുത്താൻ അനുവദിച്ചില്ല. ഞങ്ങൾ സമനിലേക്ക് ശ്രമിക്കുമ്പോൾ വഴങ്ങിയ ഗോൾ ഒരു 50 - 50 സാധ്യതയായിരുന്നു. മുംബൈക്കെതിരെ വഴങ്ങിയ ആദ്യ ഗോളിലാണ് പ്രതിരോധത്തിൽ പാകപ്പിഴകളുണ്ടെന്ന് എനിക്ക് തോന്നിയത്. അതും പെനാൽറ്റി ഏരിയയിൽ ഞങ്ങളുടെ നിരവധി താരങ്ങൾ നിൽക്കുന്ന വേളയിൽ. അല്ലാത്തപക്ഷം, ഞങ്ങൾ വഴങ്ങിയ ഗോളുകളിൽ കൃത്യമായ പാറ്റേണുകളൊന്നുമില്ല. എങ്കിലും ഞങ്ങൾ ഗോളുകൾ വഴങ്ങുന്നു. ഞങ്ങളുടെ യുവ ഗോൾകീപ്പർ മെച്ചപ്പെടുന്നുണ്ട്, കഴിഞ്ഞ കളിയിലെ ഗോളുകൾക്ക് കുറ്റപ്പെടുത്താനാവില്ല. അവന് കഴിവും ഭാവിയുമുണ്ട്." - അദ്ദേഹം വ്യക്തമാക്കി
മുംബൈക്കും ബെംഗളുരുവിനും എതിരായ മത്സരത്തിൽ വിങ് ബാക്കായി കളിച്ച സന്ദീപിന്റെ പ്രകടനം കാണികളിൽ ചോദ്യചിഹ്നങ്ങൾ ഉയർത്തിയിരുന്നു. മറുവശത്ത്, നവോച്ച സിംഗ് നല്ല പ്രകടനം കാഴ്ചവെക്കുമ്പോൾ, സന്ദീപിന് അത് സാധിക്കുന്നിലെന്ന ചോദ്യങ്ങൾ മാധ്യമങ്ങളും ഉയർത്തി. എന്നാൽ, എല്ലാ താരങ്ങളും ബുദ്ധിമുട്ടുന്നു, ഒരാളെ മാത്രമായി വിമർശിക്കാൻ കഴിയില്ലെന്ന് സ്റ്റാറെ നിലപാടെടുത്തു. ആ പൊസിഷനിൽ ആശങ്കയിലെന്ന് അദ്ദേഹം വ്യക്തമാക്കി.
"ഇവിടെ കൂടിയിരിക്കുന്നവരെ പോലെ, എല്ലാ കളിക്കാർക്കും അനുകൂലവും പ്രതികൂലവുമായ കാര്യങ്ങളുണ്ട്. നമ്മുക്കെല്ലാവർക്കും ഗുണങ്ങളും മെച്ചപ്പെടുത്തേണ്ട കാര്യങ്ങളുമുണ്ട്. സന്ദീപ് ഈ സീസണിൽ നല്ല പുരോഗതി കാഴ്ചവെക്കുന്നുണ്ട്. അദ്ദേഹത്തിന് മികച്ച പ്രീസീസൺ ലഭിച്ചു, ഡുറാൻഡ് കപ്പിൽ കളിച്ചു, മികച്ച പ്രകടനം കാഴ്ചവച്ചു. വിശ്വസ്തനായ കളിക്കാരനാണ് അവൻ. ശരിയാണ്, കഴിഞ്ഞ മത്സരത്തിൽ അവൻ ബുദ്ധിമുട്ടി, പക്ഷെ, ഞങ്ങളുടെ ടീമിലെ മാത്രമല്ല, എല്ലാ കളിക്കാർക്കും ബുദ്ധിമുട്ടുണ്ടായിരുന്നു. റഫറിമാർക്കും പരിശീലകർക്കും അതേപോലെയാണ്. അത് സാധാരണവുമാണ്. ഒരാളെമാത്രമായി വിമർശിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, എന്നെ സംബന്ധിച്ച് സാഹചര്യം മുഴുവനായി കാണണം. ആ പൊസിഷനിൽ എനിക്ക് ആശങ്കയില്ല എന്നതാണ് എന്റെ മറുപടി." - മിക്കേൽ സ്റ്റാറെ വ്യക്തമാക്കി.
കേരള ബ്ലാസ്റ്റേഴ്സിലെ യുവപ്രതിഭകൾ കഴിവുള്ളവരെന്നാണ് ക്ലബ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ വ്യക്തമാക്കി. അവർ മികച്ചവരാണെന്നും അവരിൽ നിന്നും തൻ പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ടീമിലേക്കുള്ള വിബിൻ മോഹനനെത്തിയ വിളി, അദ്ദേഹത്തിന്റെ കഴിവിനെ എടുത്ത് കാണിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
"അവർ നന്നായി കളിക്കുന്നുണ്ട് . അവരോടൊപ്പം കളിക്കുന്നത് ഞാൻ ആസ്വദിക്കുന്നു. അവർ മികച്ച കളിക്കാരായതിനാൽ, എന്നെ സംബന്ധിച്ചിടത്തോളം, അവർക്ക് എന്നിൽ നിന്ന് പഠിക്കാൻ കഴിയുന്നതിനേക്കാൾ എനിക്ക് അവരിൽ നിന്ന് പഠിക്കാൻ കഴിയും. വിബിനെ ദേശീയ ടീമിലേക്ക് വിളിച്ചത്, അവനെപ്പറ്റി കൂടുതൽ സംസാരിക്കുന്നു."
"അവർക്ക് കളി ആസ്വദിക്കണം. നിങ്ങൾ ചെറുപ്പമായിരിക്കുമ്പോൾ, ഫുട്ബോൾ കളിക്കുന്നതിൽ സമ്മർദ്ദം ഉണ്ടാകരുത്. അതാണ് എനിക്ക് പ്രധാനം - യുവ കളിക്കാർ കളിക്കാൻ മടിക്കേണ്ടതില്ല. അവർ സുഹൃത്തുക്കളോടൊപ്പം തെരുവിൽ കളിക്കുന്നത് പോലെയാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ആ സ്വാതന്ത്ര്യം അത്യന്താപേക്ഷിതമാണ്, പ്രത്യേകിച്ച് അവരുടെ കരിയറിൻ്റെ തുടക്കത്തിൽ. കേരളത്തിലെ യുവപ്രതിഭകളിൽ ഞാൻ സന്തുഷ്ടനാണ്, ഈ സീസണിൻ്റെ തുടക്കത്തിലും തുടർന്നും അവർ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്. അവർ വളരെ ചെറുപ്പമാണ്, വളരെയധികം കഴിവുകളുമുണ്ട്. " - ലൂണ പറഞ്ഞു
മുംബൈക്കെതിരായ മത്സരത്തിൽ ക്വമെ പെപ്രക്ക് ലഭിച്ച ചുവപ്പ് കാർഡ് മത്സരത്തിന്റെ ഗതിമാറ്റിയിരുന്നു. എന്നാൽ, എല്ലാവരും തെറ്റുകൾ വരുത്തുന്നെന്നും ഒരാളെ മാത്രമായി വിമർശിക്കേണ്ട ആവശ്യമില്ലെന്ന് പരിശീലകന്റെ വാദത്തോട് ചേർന്ന് നിൽക്കാനാണ് ലൂണ ശ്രമിച്ചത്. ബാൻ കഴിഞ്ഞ തിരിച്ചെത്തുമ്പോൾ, അവസാന മൂന്ന് മത്സരങ്ങളിൽ കണ്ട പെപ്രയെ കാണാൻ സാധിക്കട്ടെ എന്ന ശുഭാപ്തി വിശ്വാസവും അദ്ദേഹം മുന്നോട്ട് വെച്ചു. "എല്ലാവരും തെറ്റുകൾ വരുത്തുന്നു, അതിന് ഒരു കളിക്കാരനെ വിമർശിക്കേണ്ട ആവശ്യമില്ല. പിഴവുകൾ ജീവിതത്തിൽ സംഭവിക്കുന്നതുപോലെയാണെന്ന് പെപ്രക്കും അറിയാം. അദ്ദേഹത്തിന് ഞങ്ങളുടെ പൂർണ്ണമായ ബഹുമാനവും പിന്തുണയും ഉണ്ട്, കാരണം അവൻ മികച്ച പ്രകടനം കാഴ്ചവെക്കുന്നു."
"നിർഭാഗ്യവശാൽ, അടുത്ത മത്സരത്തിൽ അവനെ നഷ്ടമാകും. പക്ഷേ, തിരിച്ചെത്തുമ്പോൾ കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ കണ്ട അതേ പെപ്രയെ കാണാൻ ഞാൻ ആഗ്രഹിക്കുന്നു. അവൻ ഞങ്ങളുടെ ടീമിൻ്റെ നിർണായക താരമാണ്. ടീമിന്റെ പൂർണ വിശ്വാസം അദ്ദേഹത്തിനുണ്ട്. തെറ്റുകൾ സംഭവിക്കാം, ഞങ്ങൾ അതിൽ നിന്നും മുന്നേറി." - ക്യാപ്റ്റൻ പറഞ്ഞു.
തുടർ തോൽവികൾക്ക് ശേഷം പോയിന്റ് ടേബിളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് പരിശീലകൻ വ്യക്തമാക്കി. അടുത്ത മത്സരത്തിലെ മൂന്ന് പോയിന്റുകക്കൊപ്പം കുറച്ചു വിജയങ്ങളും നേടിയാൽ ടീം ആദ്യ അഞ്ചിലേക്ക് തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു.ആ മൂന്ന് പോയിന്റുകൾ ടീമിന് നിര്ണായകമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. "ഒന്നാമതായി, ഞാൻ ടേബിളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല, പ്രത്യേകിച്ച് രണ്ട് തോൽവികൾക്ക് ശേഷം. മത്സരാത്മകവും സന്തുലിതവുമായ ലീഗിൽ ഇത് സാധാരണമാണ്. കുറച്ചു വിജയങ്ങളും ആ മൂന്ന് പോയിന്റുകളും നേടിയാൽ ഞങ്ങൾ ആദ്യ അഞ്ചിലേക്ക് തിരിച്ചെത്തുമെന്ന് എല്ലാവർക്കും അറിയാം. മത്സര ഫലങ്ങൾ മനസ്സിൽ ബാധിക്കാൻ ഞങ്ങൾ അനുവദിക്കില്ല. മുന്നോട്ട് പോകുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമാണ് ഞങ്ങളുടെ ശ്രദ്ധ."
"മറച്ചുവെക്കാൻ ഒന്നുമില്ല, ആ മൂന്ന് പോയിന്റുകൾ ഞങ്ങൾക്ക് നിർണായകമാണ്. ടീമിന് പുരോഗതിയുണ്ടെന്ന് ഞാൻ കരുതുന്നു. മുംബൈക്കെതിരെ ആദ്യ മുപ്പത് മിനിറ്റുകളിൽ ഞങ്ങൾ ബുദ്ധിമുട്ടിയെങ്കിലും, പിന്നീട് ശക്തമായി പ്രതികരിച്ചു. ഗെയിം സമനിലയിലാക്കാൻ ഞങ്ങൾ പ്രസ് ചെയ്തു, അവസരങ്ങൾ സൃഷ്ടിച്ചു, അതിവേഗം രണ്ടു ഗോളുകൾ നേടി. ആദ്യം ഞങ്ങൾ പിന്നിലായിരുന്നെങ്കിലും, ആ നിമിഷം നിയന്ത്രണം ഏറ്റെടുത്തു. ചുവപ്പ് കാർഡ് കളിയുടെ ആക്കം മാറ്റുന്നത് വരെയും ഞങ്ങൾ ശ്രമിച്ചു. ഇപ്പോൾ എന്റെ ചുമതല, ആ പോസിറ്റീവുകളിൽ ഊന്നുക, തിരിച്ചടികളിൽ നിന്ന് പഠിക്കുക, അടുത്ത മത്സരത്തിലേക്ക് ആ ഊർജ്ജം പകരുന്നുവെന്ന് ഉറപ്പാക്കുക എന്നിവയാണ്. ലൂണ സൂചിപ്പിച്ചതുപോലെ, ആരും തോൽവി ഇഷ്ടപ്പെടുന്നില്ല. അത് എല്ലാവരെയും വൈകാരികമാക്കി. എന്നാൽ ഞങ്ങൾ അത് സംസാരിച്ചു, മുന്നോട്ട് പോകുന്നു." - അദ്ദേഹം പറഞ്ഞു.
നോഹ, പെപ്ര, ജീസസ് ആരുടെ കൂടെ കളിച്ചാലും തന്റെ ജോലി താൻ ചെയ്യുമെന്ന് ലൂണ വ്യക്തമാക്കി. ഫുട്ബോൾ എന്നത് ഗോളടിക്കുന്നതിലും അവസരങ്ങൾ ഒരുക്കുന്നതിലും ഉപരി വലുതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. "പെപ്രയോ നോഹയോ മറ്റാർക്കൊപ്പമായാലും എൻ്റെ റോൾ അതേപടി നിലനിൽക്കും. ആക്രമണത്തിലും പ്രതിരോധത്തിലും ടീമിനെ പിന്തുണയ്ക്കാനും അവസരങ്ങൾ സൃഷ്ടിക്കാനും ഗോളടിക്കാനും ഞാൻ ശ്രമിക്കും. ഫുട്ബോൾ എന്നത് സ്കോർ ചെയ്യുകയോ സഹായിക്കുകയോ ചെയ്യുന്നതിനേക്കാൾ വലുതാണ്; സാധ്യമായ എല്ലാ വിധത്തിലും അവിടെ സംഭാവന ചെയ്യണം. നാളെ ഞങ്ങൾക്ക് മൂന്ന് പോയിൻ്റുകൾ ആവശ്യമാണ്, പക്ഷേ മൈതാനത്ത് ആരോടൊപ്പമായാലും ഞാൻ ശ്രമം നടത്തും." - അദ്ദേഹം പറഞ്ഞവസാനിപ്പിച്ചു.