ഇവാൻ വുകൊമാനോവിച്ചിന്റെ പിൻഗാമിയായി സ്വീഡിഷ് പരിശീലകൻ മൈക്കൽ സ്റ്റാഹ്രെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിൽ നിയമിതനായത് ദിവസങ്ങൾക്ക് മുൻപാണ്. 2021-22 സീസണിലെ റണ്ണേഴ്‌സ് അപ്പ് സ്ഥാനമുൾപ്പെടെ ഉൾപ്പെടെ തുടർച്ചയായ മൂന്ന് സീസണുകളിൽ ഇന്ത്യൻ സൂപ്പർ ലീഗ് പ്ലേ ഓഫിലേക്ക് കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ വുകോമാനോവിച്ച് നയിച്ചു. ക്ലബ്ബിന്റെ പ്രകടന നിലവാരത്തിൽ കാര്യമായ പുരോഗതി ഉണ്ടായെങ്കിലും, മൂന്നു സീസണുകൾക്കപ്പുറവും ടീമിന് ട്രോഫി നേടിനൽകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഈ സാഹചര്യത്തിൽ വുകമനോവിച്ച് ടീമുമായി പിരിയുകയും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി അവരുടെ പുതിയ പരിശീലകനെ പ്രഖ്യാപിക്കുകയുമായിരുന്നു. ഐഎസ്എല്ലിലെ ആദ്യ സ്വീഡൻ പരിശീലകനാണ് മൈക്കൽ സ്റ്റാഹ്രെ.

വിപുലമായ മാനേജിങ് കരിയറിലുടനീളം മികച്ച ട്രാക്ക് റെക്കോർഡ് ഉള്ളതിനാൽ, കിരീടനേട്ടമെന്ന വെല്ലുവിളി ഏറ്റെടുക്കാനും വുകോമാനോവിച്ച് അവശേഷിപ്പിച്ച പൈതൃകം ഉയർത്തിപ്പിടിക്കാനും സ്റ്റാഹ്രെ സജ്ജമായിരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

പുതിയ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി പരിശീലകനെ കുറിച്ച് അറിയേണ്ടതെല്ലാം വായിച്ചറിയാം.

ആരാണ് മൈക്കൽ സ്റ്റാഹ്രെ?

സ്റ്റോക്ക്‌ഹോം സ്വദേശിയായ സ്‌റ്റാഹ്രെക്ക് രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ഫുട്ബോൾ മാനേജിംഗ് അനുഭവ സമ്പത്തുണ്ട്. ടീം ഹെഡ് കോച്ചെന്ന നിലയിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി സ്റ്റാഹ്രെയുടെ പത്താം ക്ലബ്ബാണ്. പരിക്ക് മൂലം തന്റെ കളിക്കാരനെന്ന ജീവിതം അവസാനിച്ചതെത്തുടർന്ന്, സ്റ്റാഹ്രെ കോച്ചിംഗിലേക്ക് തിരിഞ്ഞു.

1994 നും 2005 നും ഇടയിൽ ഗ്രോൺഡേഴ്‌സ് IK, ഹാമ്മർബി IF, എഐകെ തുടങ്ങിയ ക്ലബ്ബുകളിൽ സേവനമനുഷ്ഠിച്ച സ്റ്റാഹ്രെ തന്റെ പരിശീലന യാത്ര ആരംഭിച്ചു. 2004-ൽ എഐകെയുടെ യൂത്ത് സൈഡിലെ അദ്ദേഹത്തിന്റെ വിജയം 2006-ൽ ഫസ്റ്റ്-ടീം അസിസ്റ്റന്റ് കോച്ചിന്റെ റോളിലേക്ക് വഴിതുറന്നു.
തുടർന്ന്, ത്രീ-ടയർ സ്വീഡിഷ് ടീമായ വാസ്ബി യുണൈറ്റഡിലേക്ക് അദ്ദേഹം കുടിയേറി. അവിടെ അദ്ദേഹം തന്റെ മുഖ്യ പരിശീലക സ്ഥാനം ഉറപ്പാക്കുകയും രണ്ടാം നിരയിലേക്ക് സ്ഥാനക്കയറ്റം നേടുകയും ചെയ്തു. 2009-ൽ എഐകെയിലേക്ക് മടങ്ങിയ സ്റ്റാഹ്രെ ഇത്തവണ മുഖ്യ പരിശീലകനായിയാണ് മടങ്ങിയത്. ഹ്രസ്വവും എന്നാൽ ഫലപ്രദവുമായ ഒന്നര വർഷത്തെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, സ്വീഡിഷ് സൂപ്പർ കപ്പ് നേടിയതിനൊപ്പം 2009-ൽ വെറും മുപ്പത്തിനാലാം വയസ്സിൽ അദ്ദേഹം എഐകെയെ ലീഗ് ഷീൽഡിലേക്കും കപ്പിലേക്കും നയിച്ചു.

2012-ൽ ഐഎഫ്‌കെ ഗോട്ടെബർഗിനൊപ്പം സ്വീഡനിലേക്ക് മടങ്ങിവരുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ പരിശീലന മികവ് അദ്ദേഹത്തെ ഗ്രീസിലെ പാനിയോനിയോസ് ഏഥൻസിലേക്കെത്തിച്ചു. ശേഷം, അദ്ദേഹം ലോകമെമ്പാടും സഞ്ചരിച്ചു, അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ അദ്ദേഹത്തെ ചൈന, യുഎസ്എ, സ്വീഡൻ, നോർവേ, തായ്‌ലൻഡ് എന്നിവിടങ്ങളിലേക്കും എത്തിച്ചു

മൈക്കൽ സ്റ്റാഹ്രെയുടെ ഫുട്ബോൾ ശൈലി

ഫുട്ബോൾ പൊസഷൻ നിലനിർത്തുന്നതിൽ സ്റ്റാഹ്രെ പ്രശസ്തനാണ്. അദ്ദേഹത്തിന്റെ ശൈലി പിന്നിൽ നിന്ന് കളി കെട്ടിപ്പടുക്കുന്നതിന് മുൻഗണന നൽകുന്നു. സാധാരണയായി 4-4-2 ഫോർമേഷൻ സ്വീകരിക്കുമ്പോൾ, ചിലപ്പോൾ 3-4-3, 4-3-3 ഫോർമേഷനിലും ടീം വിന്യസിക്കുന്നു. കേരളാ ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ ജീക്‌സൺ സിംഗ്, വിബിൻ മോഹനൻ എന്നിവരെപ്പോലുള്ള കളിക്കാർ ഡബിൾ പിവറ്റ് റോളിന് യോജിക്കുന്നവരാണ്. മുഹമ്മദ് അസ്ഹർ, ഫ്രെഡി ലല്ലാവ്മ തുടങ്ങിയ താരങ്ങളും ഈ ശൈലിയോട് യോജിക്കും.
അറ്റാക്കിംഗ് മിഡ്‌ഫീൽഡർമാർക്ക് അവസരം നൽകുന്നതിന് മുമ്പ് സെൻട്രൽ മിഡ്‌ഫീൽഡർമാർ കളി നിയന്ത്രിക്കേണ്ടതിന്റെ പ്രാധാന്യത്തിൽ അദ്ദേഹം ഊന്നൽ നൽകുന്നു.

സ്റ്റാഹ്രയുടെ ടീമുകളുടെ ശ്രദ്ധേയമായ സവിശേഷത പ്രതിരോധശേഷിയാണ്. ഇത് അദ്ദേഹത്തിന്റെ മുൻകാല വിജയങ്ങളിൽ നിർണായകമായിരുന്നു. അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ, പ്രതിരോധപരമായ മെച്ചപ്പെടുത്തലുകൾ പ്രകടമാണ്, അദ്ദേഹത്തിന്റെ കീഴിലുള്ള ബ്ലാസ്റ്റേഴ്‌സ് ഈ പ്രവണത തുടരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
അദ്ദേഹത്തിന്റെ എഐകെക്കൊപ്പമുള്ള കാലയളവിൽ 2009-ൽ ലീഗ് ജേതാക്കളായ ടീം 30 മത്സരങ്ങളിൽ നിന്ന് 20 ഗോളുകൾ മാത്രമാണ് വഴങ്ങിയത്, അദ്ദേഹത്തിന്റെ മാനേജിങ് കരിയറിലെ ശ്രദ്ധേയമായ നേട്ടമാണിത്.

യുവജന വികസനത്തിന് ഊന്നൽ

തന്റെ കരിയറിൽ ഉടനീളം, സ്റ്റാഹ്രെയെന്ന സ്വീഡിഷ് പരിശീലകൻ യുവ കളിക്കാരിൽ സ്ഥിരമായി വിശ്വാസം അർപ്പിച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുമായി ചേർന്നുപോകുന്ന ചിന്താഗതിയാണത്. ചെറുപ്പത്തിൽ തന്നെ തന്റെ പരിശീലക യാത്ര ആരംഭിച്ച സ്റ്റാഹ്രെ, ഫസ്റ്റ്-ടീം റോളുകളിലേക്ക് മാറുന്നതിന് മുമ്പ് യുവജന സജ്ജീകരണങ്ങൾക്കൊപ്പം 15 വർഷത്തിലേറെ പ്രവർത്തിച്ചു, ഈ കാലയളവിൽ അദ്ദേഹം ഭാവി വാഗ്ദാനങ്ങളായ യുവ പ്രതിഭകളെ ടീമിലേക്ക് വിജയകരമായി സമന്വയിപ്പിച്ചു. യുവാക്കളെ പരിപോഷിപ്പിക്കുന്നതിൽ ബ്ലാസ്റ്റേഴ്‌സ് എല്ലാക്കാലത്തും പ്രതിബദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. റിസർവ് ടീമിൽ നിന്നുള്ള കളിക്കാരെ പ്രോത്സാഹിപ്പിക്കുന്നതിൽ അവർ നൽകിയ ഊന്നൽ അവസാന സീസണിൽ പ്രകടമായിരുന്നു.

ഒരു പുതിയ ലീഗിലേക്ക് കുടിയേറുന്നത് പുതുമുഖം എന്ന നിലയിൽ സ്റ്റാഹെയ്ക്ക് വെല്ലുവിളി ഉയർത്തുന്നു. ഏങ്കിലും അദ്ദേഹത്തിറെ ഇതുവരെയുള്ള വിജയകരമായ കരിയറും പ്രശസ്തിയും എല്ലാറ്റിനേക്കാളും മുന്നിലാണെന്നത് ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകർക്ക് വരാനിരിക്കുന്ന ദിവസങ്ങളെ ക്കുറിച്ച് പ്രതീക്ഷ നൽകുന്നു.