പുതിയ പരിശീലകൻ മനോലോമാർക്വേസിന് കീഴിൽ ഇന്ത്യ ദേശീയ ഫുട്ബോൾ ടീം 2024 സെപ്റ്റംബർ 9-ന് രണ്ടാം മത്സരത്തിനിറങ്ങുന്നു. ഇന്റർകോണ്ടിനെന്റൽ കപ്പ് 2024-ൽ തിങ്കളാഴ്ച വൈകീട്ട് 7:30-ന് ഹൈദരാബാദിലെ ജിഎംസി ബാലയോഗി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഏറ്റവും പുതിയ ഫിഫ റാങ്കിങ് അനുസരിച്ച് 93-ാം റാങ്കിലുള്ള സിറിയയാണ് എതിരാളികൾ. കഴിഞ്ഞ മത്സരത്തിൽ മൗറീഷ്യസിനോട് ഗോൾരഹിത സമനിലയിൽ കുരുങ്ങിയ ഇന്ത്യക്ക് സിറിയക്കെതിരായ മത്സരം നിർണായകമാണ്. മത്സരം മികച്ച മാർജിനിൽ ജയിക്കാൻ സാധിച്ചാൽ മാത്രമേ ഇന്ത്യക്ക് ഇന്റർകോണ്ടിനെന്റൽ കപ്പ് നിലനിർത്താൻ സാധിക്കു. എന്നാൽ, കഴിഞ്ഞ മത്സരത്തിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് മൗറീഷ്യസിനെ തോൽപിച്ച സിറിയക്ക് കിരീടമുയർത്താൻ സമനില ധാരാളമാണ്.

കുറെയധികം അവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചെങ്കിലും അവ ലക്ഷ്യം കാണാതിരുന്നതാണ് മൗറീഷ്യസിനെതിരായ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തിരിച്ചടിയായത്. മനോലോ മാർക്വേസിൻ്റെ കീഴിലെ ആദ്യ മത്സരത്തിന്റെ സിംഹഭാഗവും ഇന്ത്യ പന്ത് കൈവശം വച്ചെങ്കിലും ഗോളുകൾ നേടാൻ മറന്നുപോയി. എന്നാൽ, മത്സരം കാണികൾക്ക് വിരസമായി തോന്നിയാലും കളിക്കാരുടെ മനോഭാവം വിമർശനാത്മകം അല്ലായിരുന്നു എന്ന് മുഖ്യ പരിശീലകൻ മൗറീഷ്യസുമായുള്ള മത്സരശേഷം അറിയിച്ചിരുന്നു. മുൻ മത്സരങ്ങളിലെ ലോങ്ങ് ബോളുകളിൽ നിന്നും വ്യത്യസ്തമായി കുറിയ പാസുകളുമായി കുതിച്ച ഇന്ത്യ മൗറീഷ്യസ് പ്രതിരോധത്തെ പലതവണ ഭയപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ദിവസം, തന്റെ 56-ാം ജന്മദിനം ആഘോഷിക്കുന്ന വേളയിൽ എഐഎഫ്എഫ് മീഡിയ ടീമിനോട് സംസാരിച്ച മനോലോ മാർക്വേസ് ഇന്ത്യൻ താരങ്ങളുടെ മനോഭാവത്തിൽ തികച്ചും സംതൃപ്തനാണെന്ന് വ്യക്തമാക്കിയിരുന്നു. "അവരുടെ മനോഭാവത്തിൽ ഞാൻ തികച്ചും സംതൃപ്തനാണ്. നമ്മൾ എവിടെ നിൽക്കുന്നു എന്ന് മനസിലാക്കുന്നതിനാണ് ഈ ഘട്ടത്തിൽ പ്രാധാന്യം. ഈ ഘട്ടത്തിൽ ഏറ്റവും പ്രധാനം നമ്മൾ ഈ നിമിഷം എവിടെയാണെന്ന് മനസ്സിലാക്കുക എന്നതാണ്,” അദ്ദേഹം പറഞ്ഞു. ഒരാഴ്‌ച മാത്രം പരിശീലിപ്പിച്ച് ഞങ്ങൾ എവിടെ നിൽക്കുന്നുവെന്ന് നോക്കുന്നത് പോലെയല്ല. ഇതിനെല്ലാം സമയമെടുക്കും എന്ന് ഞങ്ങൾക്ക് അറിയാം. ക്ലബുകളിൽ ഒരു സ്റ്റാഫ് എന്ന നിലയിൽ ഞങ്ങൾ നടപ്പിലാക്കാൻ ആഗ്രഹിക്കുന്ന ശൈലിയുമായി പൊരുത്തപ്പെടാൻ ഒരു സാധാരണ പ്രീ-സീസണേക്കാൾ കൂടുതൽ ആവശ്യമാണ്." - അദ്ദേഹം വ്യക്തമാക്കി.

“സിറിയയ്‌ക്കെതിരായ മത്സരം കടുപ്പമുള്ളതാകും.പക്ഷെ, ഞാൻ ഒഴികഴിവുകൾ നല്കാൻ ആഗ്രഹിക്കുന്നില്ല. പകരം, യാഥാർത്ഥ്യത്തെക്കുറിച്ച് സംസാരിക്കാം. യൂറോപ്പിലും തെക്കേ അമേരിക്കയിലുമായി കളിക്കുന്ന പത്തോളം താരങ്ങൾ അവർക്കുണ്ട്. ഇത്തരത്തിലുള്ള ടീമുകൾ സ്വാഭാവികമായും ശക്തരായിരിക്കും. അതിനാലാണ്, വ്യക്തമായ ഒരു ശൈലിയിലേക്ക് ഞങ്ങൾ എത്രയും വേഗം മാറേണ്ടതിന്റെ കാരണമിതാണ്." - ഇന്ത്യക്ക് വ്യക്തമായ ഒരു കാൽപന്ത് ശൈലി രൂപീകരിക്കേണ്ടത്തിന്റെ ആവശ്യകത അദ്ദേഹം വ്യക്തമാക്കി.

ഈ വർഷം ജനുവരി 23 -ന് അൽ ഖോറിലെ അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടന്ന എഎഫ്‌സി ഏഷ്യൻ കപ്പ് ഖത്തർ 2023-ലെ ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ സിറിയക്കെതിരെ ഇന്ത്യ തോൽവി നേരിട്ടിരുന്നു. മറുപടിയില്ലാത്ത ഒരു ഗോളിനാണ് സിറിയയുടെ വിജയം. ഏഴ് വർഷത്തിന് ശേഷമാണ് സിറിയ എഎഫ്‌സി ഏഷ്യൻ കപ്പിൽ ഒരു മത്സരം വിജയിക്കുന്നത്. പോയിന്റോ ഗോളോ നേടാതെയാണ് ഇന്ത്യ ടൂർണമെന്റ് അവസാനിപ്പിച്ചത്. ഇന്ത്യയെ തോൽപ്പിച്ച് വിജയം നേടിയ സിറിയ ഏഷ്യൻ കപ്പിൽ ചരിത്രത്തിലാദ്യമായി ഒരു ജയവും ഒരു തോൽവിയും അടക്കം നാലു പോയൻറുമായി മികച്ച മൂന്നാം സ്ഥാനക്കാരായി പ്രീ ക്വാർട്ടർ യോഗ്യത നേടി. മറുവശത്ത് ടൂർണമെന്റിലെ മൂന്ന് കളികളിലും തോറ്റ ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽനിന്നും പുറത്തായി.