എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യത ടൂർണമെന്റിന്റെ മൂന്നാമത്തെയും അവസാനത്തെയും റൗണ്ടിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനോട് സമനില വഴങ്ങിയ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ പ്രകടനത്തിൽ നിരാശ പ്രകടിപ്പിച്ച് മുഖ്യ പരിശീലകൻ മനോലോ മാർക്വേസ്.

ഷില്ലോങ്ങിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം ആതിഥേയത്വം വഹിച്ച മത്സരത്തിൽ ഇരു ടീമുകളും ഗോളുകൾ നേടാതെ സമനിലയിൽ കൈകൊടുത്തിരുന്നു.

മത്സരത്തിന്റെ തുടക്കം മുതൽ ഇന്ത്യയുടെ പ്രകടനം പ്രതീക്ഷിച്ചത്ര മികച്ചതായിരുന്നില്ല. ആദ്യത്തെ നാൽപ്പത്തിയഞ്ച് മിനുട്ടിൽ ഇരു ടീമുകൾക്കും മത്സരത്തിൽ കൃത്യമായ ഒരു ആധിപത്യം സ്ഥാപിക്കാനോ സ്ഥിരതയോടെ പ്രെഷർ ചെയ്യാനോ സാധിച്ചില്ല. ഗോളടിക്കാനുള്ള ചുരുങ്ങിയ വസരങ്ങൾ രൂപപ്പെട്ടെങ്കിലും, അത് മുതലെടുക്കാൻ രണ്ട് ടീമുകൾക്കും സാധിച്ചില്ല.

ഇടവേളയ്ക്ക് ശേഷം കളിയുടെ തീവ്രതയും വേഗതയും വർധിച്ചെങ്കിലും, ഇന്ത്യൻ കളിക്കാർ നിരവധി അവസരങ്ങൾ പാഴാക്കി ബംഗ്ലാദേശിന്റെ അഭേദ്യമായ പ്രതിരോധത്തിൽ മുന്നിൽ നിഷ്പ്രഭരായി.

മത്സരശേഷം നടന്ന പത്രസമ്മേളനത്തിൽ മത്സരഫലത്തിലെ നിരാശ കോച്ച് മനോലോ മാർക്വേസ് പങ്കുവെച്ചു. "ഒന്നും പറയാനില്ല. ആദ്യ പകുതിയിൽ ഒരു ഗോൾ പോലും വഴങ്ങാതിരുന്നത് ഞങ്ങളുടെ ഭാഗ്യം. രണ്ടാം പകുതിയിൽ മെച്ചപ്പെട്ടെങ്കിലും, പക്ഷേ ഞങ്ങൾ വളരെ മോശമായി തന്നെ കളിച്ചു. സത്യം പറഞ്ഞാൽ, എന്റെ ഫുട്ബോൾ കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ പത്രസമ്മേളനമാണിത്. കാരണം ഇപ്പോൾ എന്റെ മനസ്സിലുള്ളതെല്ലാം പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞങ്ങൾ വളരെ മോശമായി കളിച്ചു, അത്രയേ എനിക്ക് പറയാൻ കഴിയൂ."

ഗോൾ നേടാൻ സാധിക്കാതിരുന്നതിൽ മാത്രമല്ല, അദ്ദേഹം വിമർശനം ഉന്നയിച്ചത്. ടീമിന്റെ തയ്യാറെടുപ്പിനെയും മാനസികാവസ്ഥയെയും അദ്ദേഹം ചോദ്യം ചെയ്തു. "മത്സരം ആരംഭിച്ചത് ഒരു ബാക്ക് പാസിലൂടെയാണെന്ന് എനിക്കറിയാം. ഗോൾകീപ്പർ പന്ത് ഒരു കളിക്കാരന് നൽകി, പക്ഷേ സ്‌ട്രൈക്കർ ഗോൾകീപ്പറെ മറികടന്ന് പന്ത് പുറത്തേക്ക് അടിച്ചു. ഇങ്ങനെയാണ് നമ്മൾ മത്സരത്തിലേക്ക് കടന്നത്. ഈ സാഹചര്യത്തിൽ അത് ഗോൾകീപ്പർ ആയിരുന്നു. ഇന്ന്, ഗോൾകീപ്പർ മാത്രമല്ല, മിക്കവാറും എല്ലാ കളിക്കാരും ഒരേ രീതിയിലാണ് കളിച്ചത്."

നിരാശാജനകമായ ഫലം ആയിരുന്നെകിലും, കുറഞ്ഞത് ഒരു പോയിന്റെങ്കിലും ലഭിക്കുന്നത് ടീമിന് പ്രതീക്ഷ നൽകുമെന്ന് മാർക്വേസ് അറിയിച്ചു. "വളരെ മോശം മത്സരമായിരുന്നു അത്. ഞങ്ങൾക്ക് ഒരു പോയിന്റ് ലഭിച്ചു, ഒരുപക്ഷേ അതായിരിക്കാം ഏറ്റവും നല്ല കാര്യം. രണ്ടാം പകുതിയിൽ ഞങ്ങൾ ശ്രമിച്ചു, പക്ഷേ അത് മതിയായില്ല," അദ്ദേഹം പറഞ്ഞു.

ടീമിലെ പരിക്കുകൾ ഒരു ഒഴികഴിവായിരിക്കില്ലെന്ന് മാർക്വേസ് വിശ്വസിച്ചു. "നിരവധി പ്രധാന കളിക്കാർ ടീമിൽ ഇല്ലാത്തതിനാൽ ഒഴികഴിവുകൾ പറയാൻ എളുപ്പമാണ് - അവർക്കെല്ലാം പരിക്കാണ്. പക്ഷേ നമുക്ക് ഈ ഒഴികഴിവുകൾ പറയാൻ കഴിയില്ല."

"അതാണ് യാഥാർത്ഥ്യം. രണ്ടാമതായി, നമ്മൾ എപ്പോഴും മെച്ചപ്പെടണം. നമ്മൾ നല്ല ഫുട്ബോൾ കളിച്ചാലും, നമ്മുടെ പ്രതിരോധം, ആക്രമണം, പരിവർത്തനം, കളിയുടെ മൊത്തത്തിലുള്ള നിലവാരം എന്നിവ മെച്ചപ്പെടുത്തണം. ഇന്ന് നമ്മുടെ ദിവസമായിരുന്നില്ല. പക്ഷേ നമുക്ക് മുന്നിൽ പുതിയ അവസരങ്ങൾ ഉണ്ടാകും, രണ്ടാം റൗണ്ടിൽ നമ്മൾ പുതുതായി ആരംഭിക്കും," അദ്ദേഹം പറഞ്ഞവസാനിപ്പിച്ചു.