മുൻ ഇന്ത്യൻ സൂപ്പർ ലീഗ് താരവും ലീഗിലെ ഏറ്റവും ഉയർന്ന ഗോൾ സ്‌കോറർമാരിൽ ഒരാളാണ് റിട്ടയേർഡ് ബ്രസീൽ താരം മാർസെലോ ലെയ്റ്റെ പെരേര. എൺപത്തിയേഴ് ഐഎസ്എൽ മത്സരങ്ങളിൽ നിന്നായി മുപ്പത്തിനാല് ഗോളുകളാണ് താരം സ്വന്തമാക്കിയിട്ടുള്ളത്. അതിൽ നാലു ഗോളുകൾ ബ്ലാസ്റ്റേഴ്സിനെതിരെയും മാർസലീഞ്ഞോ നേടിയിട്ടുണ്ട്. ഇതുവരെയും കേരളാ ബ്ലാസ്റ്റേഴ്സിനായി കളിച്ചിട്ടില്ലെങ്കിലും താരവും കേരളവും നമ്മിലുള്ള ബന്ധം ശക്തമാണ്.

ഇന്ത്യയിൽ കളിക്കാനെത്തിയ കാലം മുതൽ കേരളാ ബ്ലാസ്റ്റേഴ്സിൽ കളിക്കാനുള്ള ആഗ്രഹം മാർസലീഞ്ഞോ പലപ്പോഴും പ്രകടിപ്പിച്ചിരുന്നു. കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമിനോടുള്ള അഭിനിവേശത്തെക്കുറിച്ചും കേരളത്തിലെ ആരാധകരോടുള്ള സ്നേഹത്തെക്കുറിച്ചും ഡോണിക്സ് ക്ലാഷ് എന്ന ഇൻസ്റ്റാഗ്രാം ചാനലിൽ നൽകിയ തത്സമയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ ആരാധകരെ കുറിച്ച് തന്റെ ചിന്തകൾ അദ്ദേഹം പങ്കുവച്ചു.

"ആദ്യത്തെ ഹീറോ ഐഎസ്എൽ ഫൈനൽ ഞാൻ കൊച്ചിയിൽ കണ്ടു. ഞാൻ എപ്പോഴും കൊച്ചിയിലെ സമയം ആസ്വദിച്ചു. എന്നെ ഫോളോ ചെയ്യുന്നവരിൽ പലരും കേരളത്തിൽ നിന്നുള്ളവരാണ്, അവർ എപ്പോഴും എനിക്ക് മെസ്സേജ് ചെയ്യാറുണ്ട്. ഞങ്ങൾക്കിടയിൽ എന്തോ പ്രത്യേകതയുണ്ട്, ഞാനും കേരളവും തമ്മിൽ വളരെ നല്ല ബന്ധമുണ്ട്. എന്നാൽ നിർഭാഗ്യവശാൽ, ഞാൻ അവിടെ കളിച്ചിട്ടില്ല. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ആരാധകരുമായുള്ള ബന്ധം സവിശേഷമായ കാര്യമാണ്. അത് മനോഹരമാണ്. ഞാൻ എതിർ ടീമിന് വേണ്ടിയാണ് കളിക്കുന്നതെങ്കിലും കേരളം ബ്ലാസ്റ്റേഴ്‌സ് ആരാധകർ എന്നെ വളരെ പിന്തുണച്ചു. ഫുട്ബോളിലെ ഏറ്റവും മനോഹരമായ കാര്യമാണിത്, അത് പലപ്പോഴും സംഭവിക്കുന്നില്ല."

"കേരളത്തിൽ നിന്നുള്ള ആളുകളെ ഞാൻ സ്നേഹിക്കുകയും അവരുടെ പിന്തുണയെ അഭിനന്ദിക്കുകയും ചെയ്യുന്നു. എനിക്ക് അവരുടെ എല്ലാ സന്ദേശങ്ങളോടും പ്രതികരിക്കാൻ കഴിയില്ല, കാരണം അത് സാധ്യമല്ല. അവരുടെ സ്നേഹവും വാത്സല്യവും എനിക്ക് അനുഭവിക്കാൻ കഴിയുന്നുണ്ട്. കേരളത്തിൽ നടക്കുന്ന സെവൻസ് ടൂർണമെന്റ് കാണണമെന്നത് വലിയ സ്വപ്നമായിരുന്നു. എനിക്ക് കേരളത്തിൽ സുഹൃത്തുക്കളായി അനസ് (എടത്തൊടിക), ആഷിക്ക് (കുരുണിയൻ) എന്നിവരുണ്ട്, ഞങ്ങൾ എപ്പോഴും സംസാരിക്കുന്നത് കേരളത്തിലെ ഫുട്ബോളിനോടുള്ള അഭിനിവേശത്തെക്കുറിച്ചാണ്. അവിടെയുള്ളവരോട് എനിക്ക് വലിയ സ്നേഹമുണ്ട്."

കെബിഎഫ്‌സിക്കെതിരെ കളിക്കുന്നതിനെക്കുറിച്ചും കൊച്ചിയിൽ കളിക്കുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

"ഇന്ത്യയിലെ ഏറ്റവും മനോഹരമായ പിച്ചാണിത്. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്കെതിരെ കളിച്ചപ്പോഴെല്ലാം ഞാൻ എന്റെ ജേഴ്‌സിയോ മറ്റോ കാണികൾക്ക് നൽകിയിട്ടുണ്ട്."

കേരളാ ബ്ലാസ്റ്റേഴ്‌സ് തന്നെ സമീപിച്ചതിനെക്കുറിച്ചും അദ്ദേഹം മനസു തുറന്നു.

"ഡെൽഹി ഡൈനാമോസ് എഫ്‌സി അല്ലെങ്കിൽ എഫ്‌സി പൂനെ സിറ്റിക്ക് ശേഷം എനിക്ക് ചില കോളുകൾ വന്നിരുന്നു, പക്ഷേ ഔദ്യോഗികമായി ഒന്നുമില്ല. ചില ഔദ്യോഗിക ഓഫറുകൾക്കായി ഞാൻ കാത്തിരിന്നു, പക്ഷേ അത് വന്നില്ല. ഞാൻ ഒഡീഷ എഫ്‌സിയിൽ ആയിരുന്നപ്പോൾ എനിക്ക് വീണ്ടും ചില കോളുകൾ വന്നു, പക്ഷേ ഒന്നും സംഭവിച്ചില്ല. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി മാനേജ്‌മെന്റ് 2020-ൽ മാറിയതിനു ശേഷമുള്ള പുതിയ മാനേജ്‌മെന്റ് ഒരിക്കലും എന്നെ വിളിച്ചിട്ടില്ലെന്നാണ് ഞാൻ കരുതുന്നത്."

നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഹീറോ ഐഎസ്എൽ സീസണിനെക്കുറിച്ചും അദ്ദേഹം അഭിപ്രായം പങ്കുവച്ചു.

"ഞാൻ ഹീറോ ഐഎസ്എല്ലിനെ പിന്തുടരുന്നുണ്ട്. അത് മത്സരാധിഷ്ഠിതമാകുകയാണ്. ടീമുകൾക്കിടയിൽ എപ്പോഴും മത്സരമാണ്. മുംബൈ സിറ്റി എഫ്‌സി, എടികെ മോഹൻ ബഗാൻ എന്നീ ടീമുകളാണ് ലീഗിലെ കരുത്തരായ ടീമുകൾ. എന്നാൽ എന്റെ കാഴ്ചപ്പാടിൽ എടികെ മോഹൻ ബഗാനും ഹൈദരാബാദ് എഫ്‌സിയും തമ്മിലായിരിക്കും ഇത്തവണ ഫൈനൽ. എനിക്ക് കേരളത്തോട് എങ്ങനെ തോന്നുന്നുവോ, എടികെ മോഹൻ ബഗാനോടും അതേ തോന്നളാണുള്ളത്. ഞാൻ പിന്തുണയ്ക്കുന്നവരെ സ്നേഹിക്കുന്നു."

സ്പാനിഷ് ക്ലബ് അത്‌ലറ്റിക്കോ മാഡ്രിഡ് ബിയിൽ നിന്ന് പ്രൊഫഷണൽ കരിയർ ആരംഭിച്ച മാർസെലീഞ്ഞോ ബ്രസീലിയൻ, സ്പാനിഷ്, ഗ്രീക്ക്, എമിറാത്തി, ക്ലബ്ബുകൾക്കായി അദ്ദേഹം കളിച്ചിട്ടുണ്ട്. ഗ്രീക്ക് ക്ലബ് സ്‌കോഡ സാന്തിക്കൊപ്പം 100-ലധികം മത്സരങ്ങളിലും അദ്ദേഹം പങ്കാളിയായിട്ടുണ്ട്.

2016 ഓഗസ്റ്റ് 25-ന്, ഡൽഹി ഡൈനാമോസ് എഫ്‌സിക്കൊപ്പം ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് കുടിയേറിയ മാർസെലീഞ്ഞോ ഒക്ടോബർ 6-ന്, ചെന്നൈയിൻ എഫ്‌സിക്കെതിരെ ഡൽഹി ഡയമനോസ് നേടിയ 3-1 വിജയത്തിൽ ഇരട്ട ഗോളുകൾ നേടി അരങ്ങേറ്റം കുറിച്ചു. നവംബർ 27-ന്, എഫ്‌സി ഗോവക്കെതിരെ 5-1-ന് ജയിച്ച മത്സരത്തിൽ അദ്ദേഹം ഹാട്രിക് നേടി. സീസണിൽ ഡൽഹി സെമിഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ 2-1 ന് വിജയിച്ചപ്പോഴും ഒരു ഗോൾ അദ്ദേഹത്തിന്റെ വകയായിരുന്നു. 10 ഗോളുകളോടെ ലീഗിലെ ടോപ് സ്‌കോററായി സീസൺ അവസാനിപ്പിച്ച അദ്ദേഹം ഗോൾഡൻ ബൂട്ടും സ്വന്തമാക്കി. അത് തന്നെയാണ് ഇന്ത്യൻ സൂപ്പർ ലീഗിലെ അദ്ദേഹത്തിന്റെ സുപ്രധാന നേട്ടവും.

2017 ജനുവരി 16-ന്, മാർസെലീഞ്ഞോ ബ്രസീലിയൻ ടോപ്പ് ടയർ ക്ലബ്ബായ അവായി എഫ്‌സിയുമായി ഒപ്പുവച്ചു. ഓഗസ്റ്റിൽ, എഫ്‌സി പൂനെ സിറ്റിക്കൊപ്പം വീണ്ടും ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് മടങ്ങി. നവംബർ 26-ന്, എടികെയ്‌ക്കെതിരായ 4-1 വിജയത്തിൽ ഇരട്ടഗോൾ നേടിയ അദ്ദേഹം ഡിസംബർ 30-ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കെതിരെ ഹാട്രിക്കും നേടി. മത്സരം  5-0ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വിജയിച്ചു.

2020 സെപ്റ്റംബർ 2-ന്, 2020-21 ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ മാർസെലീഞ്ഞോ ISL ക്ലബ്ബായ ഒഡീഷ എഫ്‌സിയിൽ ചേർന്നു. തുടർന്ന് 2020-21 ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ അവസാനം വരെ എടികെ മോഹൻ ബഗാൻ എഫ്‌സിയിൽ  ലോണിൽ ചേർന്നു. എടികെ മോഹൻ ബഗാന് വേണ്ടിയുള്ള അരങ്ങേറ്റ മത്സരത്തിൽ തന്നെ അദ്ദേഹം തന്റെ ആദ്യ ഗോൾ നേടി. 2022 ജനുവരി 6-ന് സീസണിന്റെ അവസാനം വരെ ലോണിൽ രാജസ്ഥാൻ യുണൈറ്റഡിൽ നിന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ ചേർന്ന മാർസെലീഞ്ഞോ ജനുവരി 21-ന് ചെന്നൈയിനിനെതിരെയുള്ള മത്സരത്തിൽ ലാൽഡൻമാവിയ റാൾട്ടെയ്ക്ക് പകരക്കാരനായി അറുപത്തിനാലാം മിനിറ്റിലാണ് ടീമിനായി അരങ്ങേറ്റം കുറിച്ചത്.