ഒമാനെ സമനിലയിൽ കുരുക്കി ഇന്ത്യ!

നീണ്ട പതിനാറു മാസങ്ങൾക്ക് ശേഷം ദുബായ് മക്തൂക്കം ബിൻ റാഷിദ് സ്റ്റേഡിയത്തിൽ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ശക്തരായ ഒമാനെ സമനിലയിൽ കുരുക്കി ഇന്ത്യ. സുനിൽ ഛേത്രിയുടെ അഭാവത്തിൽ സന്ദേശ് ജിംഗൻ നയിച്ച ടീമിൽ ആറു പുതുമുഖങ്ങളാണ് ഇന്നത്തെ മത്സരത്തിൽ അരങ്ങേറ്റം കുറിച്ചത്. അശുതോഷ് മേത്ത, ചിങ്ലെൻസാന സിങ്, സുരേഷ് വാങ്ജാം, ബിപിൻ സിങ്, ജീക്സൺ സിങ്, ആകാശ മിശ്ര എന്നിവരാണവർ. നാൽപത്തിരണ്ടാം മിനിറ്റിൽ അരങ്ങേറ്റ താരം ചിങ്ലെൻസാന സിങ്ങിന്റെ സെൽഫ് ഗോളിലാണ് ഒമാൻ ലീഡ് നേടിയത്. എന്നാൽ അമ്പത്തിയഞ്ചാം മിനിറ്റിൽ ഇന്ത്യൻ താരം മൻവീർ സിങ് സമനില ഗോൾ നേടി.

നാല്പത്തിരണ്ടാം മിനിറ്റിൽ ഒമാൻ താരം സാഹിർ അൽ അഗ്ബാരിയുടെ ഷോട്ട് കൈപ്പിടിയിലൊതുക്കാൻ ഗോൾ കീപ്പർ അമരീന്ദർ സിങ്ങിന് കഴിഞ്ഞില്ല. പന്ത് ചിങ്ലെൻസാന സിംഗിന്റെ കാലിൽ തട്ടി വല തുളച്ചു. ആദ്യ പകുതി  അവസാനിക്കുമ്പോൾ ഒരു ഗോളിന്റെ ലീഡിൽ ഒമാൻ മുന്നിൽ നിന്നു.

എന്നാൽ രണ്ടാം പകുതി ആരംഭിച്ച് അഞ്ചാം മിനിറ്റിൽ ഇന്ത്യ സമനില ഗോൾ നേടി. അമ്പത്തിയഞ്ചാം മിനിറ്റിൽ അശുതോഷ് മേത്ത തൊടുത്ത പന്ത് വരുതിയിലാക്കിയ ബിപിൻ സിങ് മൻവീറിനു നൽകി. മൻവീർ സിംഗിന്റെ ഹെഡർ വല തുളച്ചു.

കൊടുത്താൽ ശക്തമായി അകാരമിച്ചു കളിച്ച ഒമാൻ ടീം ലീഡ് നേടാൻ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഫലവത്തായില്ല. അറുപത്തിമൂന്നാം മിനിറ്റിൽ ഒമാൻ താരം അബ്ദുള്ള അബ്ദുൾ ഗഫൂറിന്റെ ഗോളെന്നുറപ്പിച്ച ക്രോസ് അത്ഭുതപരമായാണ് അമരീന്ദർ തട്ടിയകറ്റിയത്. തുടർന്ന് നാലു മിനിറ്റിനുള്ളിൽ ഒമാൻ താരം ഇസാം അൽ സാബിയുടെ ഷോട്ടും അമരീന്ദർ തട്ടിയകറ്റി.

തുടർന്ന് എഴുപത്തിയൊന്നാം മിനിറ്റിൽ അശുതോഷ് മേത്തയുടെ ക്രോസിൽ പന്ത് വരുതിയിലാക്കിയ മൻവീർ സിംഗിന്റെ മറ്റൊരു ഹെഡ്ഡർ ക്രോസ് ബോറിന് മുകളിലൂടെ പറന്നു. ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.

ഫിഫ റാങ്കിങ്ങിൽ നൂറ്റിനാലാം സ്ഥാനക്കാരായ ഇന്ത്യ എൺപത്തിയൊന്നാം റാങ്കുകാരായ ഒമാനെയാണ് സമനിലയിൽ തളച്ചതെന്നത് സമനിലയുടെ മൂല്യം വർധിപ്പിക്കുന്നു. 2019 ലെ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ എൺപത്തിരണ്ടാം മിനിറ്റ് വരെ ലീഡ് നേടിയ ഇന്ത്യ ഒടുവിൽ ഒമാനോട് തോൽക്കുകയായിരുന്നു. ഇന്നത്തെ മത്സരമുൾപ്പെടെ ഒമാനുമായി നടന്ന പത്തു മത്സരങ്ങളിലും വിജയം നേടാൻ ഇന്ത്യക്കായിട്ടില്ല. ഇന്നത്തേതുൾപ്പെടെ ഇരു ടീമുകളും ഏറ്റുമുട്ടിയ അവസാന രണ്ടു മത്സരങ്ങളും സമനിലയിലാണ് കലാശിച്ചത്.

ഇന്ത്യയെപ്പോലെ ഒമാനും ഇതുവരെ ലോകകപ്പിൽ പങ്കെടുത്തിട്ടില്ല. 1998ൽ ഗ്രൂപ്പ് 4ലെ ആറ് കളികളിൽ നാലെണ്ണത്തിൽ വിജയിച്ചതാണ് യോഗ്യതാ മത്സരങ്ങളിലെ ഒമാന്റെ ഏറ്റവും മികച്ച റെക്കോർഡ്. പ്രസ്തുത വർഷം ജപ്പാൻ ലോക കപ്പിലേക്ക് യോഗ്യത നേടിയപ്പോൾ ഒമാൻ രണ്ടാം സ്ഥാനത്തൊതുങ്ങി.  നിലവിൽ നടക്കുന്ന യോഗ്യതാ മത്സരങ്ങളിൽ 6 കളികളിൽ നിന്ന് 16 പോയിന്റ് നേടി ഒമാൻ രണ്ടാം സ്ഥാനത്താണ്. ഖത്തറാണ് ഒന്നാം സ്ഥാനത്ത്. പതിറ്റാണ്ടുകൾക്ക് ശേഷം പരിശീലകൻ മിലാൻ മക്കലയുടെ കീഴിൽ 2004ൽ നടന്ന ഏഷ്യൻ കപ്പിൽ ആദ്യമായി ഒമാൻ ടീം യോഗ്യത നേടിയിരുന്നു. അന്നുമുതൽ സ്ഥിരതയാർന്ന പ്രകടനമാണ് ടീം കാഴ്ചവയ്ക്കുന്നത്. തുടർന്ന് ഗൾഫ് മേഖലയിലെ ഏറ്റവും ശക്തമായ ടീമുകളിലൊന്നായി മാറി. മക്കലയുടെ കീഴിൽ 2004ൽ നടന്ന എട്ട് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ഒമാൻ കിരീടമണിഞ്ഞു. 2007ലും ടീം ഈ നേട്ടം ആവർത്തിച്ചു. ഫ്രഞ്ച് മാനേജർ ക്ലഡ് ലെ റോയിയുടെ കീഴിൽ 2009ൽ വീണ്ടും ടീം ട്രോഫി നേടി. പിന്നീട് 2017ൽ പിം വെർബീക്കിന്റെ കീഴിലും ടീം നേട്ടം ആവർത്തിച്ചു.

സമീപകാല പ്രകടനങ്ങൾ വിലയിരുത്തിയാൽ കൊറോണ വൈറസ് മഹാവ്യാധിയുടെ വ്യാപനം ആരംഭിച്ചതിനു ശേഷമുള്ള,  പുതിയ പരിശീലകൻ ബ്രാങ്കോ ഇവാൻ കോവിച്ചിന്റെ നേതൃത്വത്തിലുള്ള ഒമാൻ ദേശീയ ടീം കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ജോർദാനെതിരായ സൗഹൃദ മത്സരത്തിൽ ഗോൾരഹിത സമനില നേടിയിരുന്നു.

ഇതുവരെ നടന്ന ഒരു മത്സരത്തിൽപ്പോലും ഒമാനെ തോൽപ്പിക്കാൻ ഇന്ത്യക്കു കഴിഞ്ഞിട്ടില്ല. ഇതുവരെ ഇരു ടീമുകളും ഏറ്റുമുട്ടിയ ഒൻപതു മത്സരങ്ങളിൽ രണ്ടെണ്ണം സമനിലയിൽ കലാശിച്ചപ്പോൾ ഏഴു മത്സരങ്ങളിൽ ഒമാൻ വിജയിച്ചു. ഒൻപതു മത്സരങ്ങളിൽ നിന്നായി ഇന്ത്യ അഞ്ചു ഗോളുകൾ നേടിയപ്പോൾ ഇരുപത്തിരണ്ടു ഗോളുകളാണ് ഒമാൻ നേടിയത്. 2004 ൽ ഇരുടീമുകളും തമ്മിലുള്ള ആദ്യ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യൻ ടീം 5-1 തോൽവി വഴങ്ങിയിരുന്നു. യുഎഇയിൽ വച്ച് അവസാനമായി നടന്ന സൗഹൃദ മത്സരം ഗോൾരഹിത സമനിലയിലാണ് അവസാനിച്ചത്. നിലവിലെ യോഗ്യതാ മത്സരങ്ങളിൽ ഒമാനിനെതിരായ ഇന്ത്യയുടെ അവസാന രണ്ട് മത്സരങ്ങൾ തോൽവികളിലാണ് അവസാനിച്ചത്.

മാർച്ച് 29ന് തിങ്കളാഴ്ച ദുബായിലെ സബീൽ സ്റ്റേഡിയത്തിൽ നടക്കുന്ന സൗഹൃദ മത്സരത്തിൽ ഇന്ത്യ ആതിഥേയരായ യുഎഇയെ നേരിടും.

Your Comments

Your Comments