പുതിയ പരിശീലകൻ മനോലോ മാർകസിന് കീഴിൽ ആദ്യ മത്സരത്തിനിറങ്ങിയ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന് സമനിലക്കുരുക്ക്. ഹൈദരാബാദ് ജിഎംസി ബാലയോഗി നടന്ന ഇന്റർകോണ്ടിനെന്റൽ കപ്പിൽ മൗറീഷ്യസിനെതിരായ ഉദ്ഘാടന മത്സരം അവസാനിച്ചത് സമനിലയിൽ. ഈ വർഷമാദ്യം അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ഇതിഹാസം സുനിൽ ഛേത്രിയുടെ അഭാവത്തിൽ ഇന്റർകോണ്ടിനെന്റൽ കപ്പിൽ കളിക്കാനിറങ്ങിയ ഇന്ത്യൻ ദേശീയ ടീമിനെ നയിച്ചത് പ്രതിരോധ താരം രാഹുൽ ഭേകെ. പുതിയ ഫിഫ റാങ്കിങ്ങിൽ 179-ാം സ്ഥാനത്താണ് മൗറീഷ്യസ്.

ആദ്യ പതിനൊന്ന്:

ഇന്ത്യ: രാഹുൽ ഭേക്കെ(C), ജയ് ഗുപ്ത, അനിരുദ്ധ് ഥാപ്പ, മൻവീർ സിംഗ്, ലിസ്റ്റൺ കൊളാക്കോ, ലാലെങ്മാവിയ, ആശിഷ് റായ്, ജീക്‌സൺ സിംഗ്, ലാലിയൻസുവാല ചാങ്‌തെ, ചിംഗ്‌ലെൻസാന സിംഗ്, അമരീന്ദർ സിംഗ് (GK)

മൗറീഷ്യസ്: ജീൻ ലൂയിസ് കെവിൻ ഒബ്രയാൻ, ഡിലൻ ജോവോ റെയ്മണ്ട് കോളാർഡ്, ലിൻഡ്സെ മാർക്ക് റോസ് (C), ജീൻ ജോർദാൻ റെയെൻ ഫ്രാങ്കോയിസ്, വിൽസൺ പെർസി മൂട്ടൂ, ജെറമി റോബർട്ട് വില്ലെന്യൂവ്, ക്വെൻ്റിൻ റാവു ജാസ്പർ ലാൽസിംഗ്, ജീൻ യാനിക്ക് ഇവാൻ ആൻഡ്രൂ അരിസ്റ്റൈഡ്, അഡ്രിയൻ ഫ്രാങ്കോയിസ്, ഗബ്രിയേൽ പോൾ റൂസി കാലിസ്റ്റ്, ഇമ്മാനുവൽ റൂഡി വിൻസെൻ്റ് ജീൻ

ഈ വർഷം ജൂണിൽ ഖത്തറിനെതിരായ 2026 ലോകകപ്പ് യോഗ്യത മത്സരത്തിലിറങ്ങിയ ടീമിൽ നിന്നും ആറ് മാറ്റങ്ങളുമായി ഇന്ത്യ മൗറീഷ്യസിനെതിരെ ഹൈദരാബാദിലെ സ്റ്റേഡിയത്തിൽ ഇറങ്ങിയത്. പുതിയ പരിശീലകന് കീഴിൽ ലഭ്യമായ സമയത്തിൽ ചുരുക്കം പരിശീലന സെഷനുകൾ മാത്രം ലഭിച്ച ഇന്ത്യൻ നിര ആത്മവിശ്വാസത്തോടെയാണ് കളത്തിൽ ഇറങ്ങിയത്. ആദ്യ മത്സരത്തിലെ ഫലം എന്ത് തന്നെയായാലും അതായിരിക്കുകയില്ല ഇന്ത്യൻ ഫുട്ബോളിന്റെന് ഭാവിയെന്ന ഇന്നലെ നടന്ന പത്രസമ്മേളനത്തിൽ പരിശീലകൻ വ്യക്തമാക്കിയിരുന്നു. 

ആദ്യ പകുതിയിലെ പതിനഞ്ച് മിനിറ്റുകളിൽ ഇന്ത്യൻ ഗോൾവലക്ക് മുമ്പിൽ തുടർ ആക്രമണങ്ങൾ അഴിച്ചുവിട്ടു മൗറീഷ്യസ്. ഇന്ത്യയുടെ ബോക്സിനു മുന്നിൽ ക്യാപ്റ്റൻ രാഹുൽ ഭേകെ നിലയുറപ്പിച്ചതാണ് ഇന്ത്യയെ ആദ്യ മിനിറ്റുകളിൽ ഗോൾ വഴങ്ങാതിരിക്കാൻ സഹായിച്ചത്. തുടർആക്രമങ്ങളിൽ  ഒന്ന് പതറിയെങ്കിലും തുടർന്നുള്ള മിനിറ്റുകളിൽ ഇന്ത്യൻ ടീം മത്സരത്തിലേക്ക് തിരികെ വരുന്നതാണ് കണ്ടത്.  മുൻ പരിശീലകന് കീഴിൽ ഉപയോഗിച്ചിരുന്ന ലോങ്ങ് ബോളുകൾ ഒഴിവാക്കി കുറിയ പാസുകൾ ഉപയോഗിച്ച് ഇന്ത്യ കളം പിടിച്ചു. 22-ാം മിനുട്ടിൽ ലിസ്റ്റൺ ഉതിർത്ത ഷോട്ട് ലക്ഷ്യം കണ്ടില്ല. നാല് മിനിട്ടുകൾക്ക് ശേഷം ആശിഷ് റായ് നടത്തിയ പ്രത്യാക്രമണം ഇന്ത്യക്ക് ഒരു കോർണർ നേടികൊടുത്തെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. 43-ാം മിനുട്ടിൽ മൻവീർ സിങ്ങിന് മൗറീഷ്യസ് ബോക്സിൽ ഗോൾ നേടാനുള്ള സുവർണാവസരം ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല. 

രണ്ടാം പകുതിയിൽ ലിസ്റ്റൺ കൊളാക്കോക്ക് പകരം നന്ദകുമാർ ശേഖറും അനിരുദ്ധ് താപക്ക് പകരം മലയാളി താരം സഹൽ അബ്ദുൽ സമദും കളികളത്തിലെത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ചാങ്‌തെ വലതു വിങ്ങിലൂടെ നടത്തിയ അതിവേഗ നീക്കത്തിലൂടെ ഇന്ത്യ ആക്രമണ ഫുട്ബോളിന് തുടക്കം കുറിച്ചു. ചാങ്‌തെയുടെ കാലിൽ നിന്നും വളഞ്ഞുകുതിച്ച ക്രോസ് മൗറീഷ്യസ് ബോക്സിൽ ഭീതി പടർത്തി. തൊട്ടടുത്ത  മിനുറ്റിൽ എതിർ വിങ്ങിലൂടെ ഇന്ത്യൻ വിങ് ബാക്ക് ജയ് ഗുപ്തയുടെ നീക്കം കലാശിച്ചത് ഇന്ത്യക്ക് അനുകൂലമായ കോർണർ കിക്കിൽ. തുടർന്നുള്ള മിനിറ്റുകളിൽ സഹൽ അബ്ദുൽ സമദ് മൗറീഷ്യസ് ബോക്സിലേക്ക് കൂർമയേറിയ പാസുകൾ നൽകി മത്സരത്തിന്റെ സാരഥ്യം കയ്യിലെടുത്തു. എന്നാൽ, ഗോൾ അകന്നു തന്നെ നിന്നു.

രണ്ടാം പകുതിയിൽ മൗറീഷ്യസ് നടത്തിയ സബ്സ്റ്റിട്യൂഷനുകൾ മത്സരം അവർക്ക് അനുകൂലമാക്കി.  മത്സരത്തിന്റെ 60-ാം മിനുട്ടിൽ ഗോളിലേക്ക് എത്തുമായിരുന്നു മൗറീഷ്യസിന്റെ നീക്കത്തെ ചിംഗ്ലെൻസന സിംഗ് തടഞ്ഞത് ഇന്ത്യൻ ആരാധകരുടെ ശ്വാസം നേരെ വീഴ്ത്തി. 65-ാം മിനുട്ടിൽ മധ്യനിരയിൽ അപുയിയക്ക് പകരം സുരേഷ് സിംഗ് വാങ്‌ജം കളത്തിലിറങ്ങി. 70-ാം മിനുട്ടിൽ നന്ദകുമാറിനെ ബോക്സിന്റെ പാർശ്വത്തിൽ മൗറീഷ്യസ് പ്രതിരോധനിര വീഴ്ത്തിയതിന് ഫലമായി ലഭിച്ച ഫ്രീകിക്ക് ലക്ഷ്യം കണ്ടില്ല. തുടർന്ന്, ജയ് ഗുപ്തക്ക് പകരം സുഭാശിഷ് ബോസ് പ്രതിരോധത്തിലിറങ്ങി. തുടർ ആക്രമണങ്ങളുമായി ഇന്ത്യ മത്സരത്തിലേക്ക് തിരികെ വന്നു.

നന്ദകുമാർ ശേഖർ ബോക്സിലേക്ക് നടത്തിയ നീക്കം മൗറീഷ്യസ് കീപ്പർ ലിൻഡ്‌സി റോസ് ഒരു കോർണറിലേക്ക് തട്ടിയിട്ടാണ് അപകടം ഒഴിവാക്കിയത്. 79-ാം  മിനുട്ടിൽ ആശിഷ് റായിക്ക് പകരം നിഖിൽ പൂജാരി കളിക്കളത്തിലേക്ക് വന്നു. 83-ാം മിനുട്ടിൽ അമരീന്ദറിന്റെ പിഴവ് ഗോളിലേക്ക് എത്താതിരുന്നത് നിഖിൽ പൂജാരിയുടെ സമയോചിതമായ നീക്കത്തിലൂടെയാണ്. അവസാന മിനിറ്റുകളിൽ സർവ്വശക്തിയുമെടുത്ത് ഇന്ത്യ ഗോളിന് ശ്രമിച്ചെങ്കിലും വിജയത്തിലെത്തിയില്ല. മത്സരം സമനിലയിൽ പിരിയേണ്ടി വന്നു. സെപ്റ്റംബർ 6 ന് നടക്കുന്ന അടുത്ത മത്സരത്തിൽ മൗറീഷ്യസ് സിറിയയെ നേരിടും.