2024 നവംബർ 5 ചൊവ്വാഴ്ച, മലേഷ്യക്കെതിരായ മത്സരത്തിനുള്ള സാധ്യത നിര പ്രഖ്യാപിച്ച് ഇന്ത്യൻ സീനിയർ ദേശീയ ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലകൻ മനോലോ മാർക്വസ്. ഫിഫ ബ്രേക്കിൽ നവംബർ 18 ന് ഹൈദരാബാദിലെ ജിഎംസി ബാലയോഗി ഗച്ചിബൗളി സ്റ്റേഡിയത്തിലാണ് മത്സരം. പരിശീലന ക്യാമ്പിനായി നവംബർ 11ന് ടീം ഹൈദരാബാദിൽ എത്തിച്ചേരും. ഏറ്റവും പുതിയ ഫിഫ റാങ്കിങ്‌ അനുസരിച്ച് 133-ാം സ്ഥാനത്താണ് മലേഷ്യ. ഒരു വർഷം മുൻപ്, 2023 ഒക്ടോബറിൽ മെർദേക്ക കപ്പ് സെമിഫൈനലിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് ഇന്ത്യ, മലേഷ്യയോട് പരാജയപ്പെട്ടിരുന്നു.

മുൻ പരിശീലകൻ ഇഗോർ സ്റ്റിമാക്കിന് പകരക്കാരനായി സ്ഥാനമേറ്റെടുത്ത സ്പാനിഷ് പരിശീലകൻ മനോലോ മാർക്വേസിന് കീഴിൽ ഇന്ത്യ ഇതുവരെയും ജയം കണ്ടിട്ടില്ല. കളിച്ച മൂന്ന് മത്സരങ്ങളിൽ രണ്ടു സമനിലയും ഒരു തോൽവിയുമാണ് അദ്ദേഹത്തിനുള്ളത്. അദ്ദേഹത്തിന് കീഴിൽ നാലാമത്തെ മത്സരത്തിലേക്ക് ഇറങ്ങുമ്പോൾ, ജയം നേടി ആത്മവിശ്വാസം വർധിപ്പിക്കുക എന്ന ലക്ഷ്യമായിരിക്കും നീലകടുവകൾക്ക് ഉണ്ടാകുക. 2027 എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിൻ്റെ മൂന്നാം റൗണ്ട് മാർച്ചിൽ ആരംഭിക്കാനിരിക്കെ, മനോലോക്ക് പരീക്ഷണങ്ങൾ നടത്താനുള്ള അവസാന അവസരമാണ് മലേഷ്യക്ക് എതിരായ മത്സരം.

ഗോൾകീപ്പർമാർ: അമരീന്ദർ സിങ്, ഗുർപ്രീത് സിങ് സന്ധു, വിശാൽ കൈത്.

പ്രതിരോധനിര: ആകാശ് സാങ്‌വാൻ, അൻവർ അലി, ആശിഷ് റായ്, ചിംഗ്‌ലെൻസന സിംഗ് കോൺഷാം, ഹ്മിംഗ്തൻമാവിയ റാൾട്ടെ, മെഹ്താബ് സിംഗ്, രാഹുൽ ഭേക്കെ, റോഷൻ സിംഗ് നൗറെം, സന്ദേശ് ജിംഗൻ.

മധ്യനിര: അനിരുദ്ധ് ഥാപ്പ, ബ്രാൻഡൻ ഫെർണാണ്ടസ്, ജീക്സൺ സിംഗ് തൗണോജം, ജിതിൻ എംഎസ്, ലാലെങ്മാവിയ റാൾട്ടെ, ലിസ്റ്റൺ കൊളാക്കോ, സുരേഷ് സിംഗ് വാങ്ജാം, വിബിൻ മോഹനൻ.

മുന്നേറ്റനിര: എഡ്മണ്ട് ലാൽറിൻഡിക, ഇർഫാൻ യാദ്വാദ്, ഫാറൂഖ് ചൗധരി, ലാലിയൻസുവാല ചാങ്‌തെ, മൻവീർ സിംഗ്, വിക്രം പർതാപ് സിംഗ്.