ജൂൺ മാസത്തിലെ ഫിഫാ അന്താരാഷ്ട്ര മത്സരങ്ങൾക്കായുള്ള തയ്യാറെടുപ്പുകൾക്ക് കൊൽക്കത്തയിൽ തുടക്കം കുറിച്ച് ഇന്ത്യൻ സീനിയർ പുരുഷ ടീം. ടീമിന്റെ ആദ്യ പരിശീലനം മെയ് 19 തിങ്കളാഴ്ച നടന്നു. ജൂൺ 4-ന് പാഥം താനിയിൽ തായ്‌ലൻഡുമായി സൗഹൃദ മത്സരവും, തുടർന്ന് ജൂൺ 10-ന് കൗലൂൺ സിറ്റിയിൽ ഹോങ്കോങ്ങിനെതിരെ നിർണായകമായ എഎഫ്സി ഏഷ്യൻ കപ്പ് 2027 യോഗ്യതാ മത്സരവും ഇന്ത്യ കളിക്കും.

മുഖ്യ പരിശീലകൻ മനോലോ മാർക്വേസ് പ്രഖ്യാപിച്ച 28 അംഗ സാധ്യതാ ടീമിലെ 26 പേർ ആദ്യ ദിനം പരിശീലനത്തിനെത്തി. പ്രതിരോധ താരം രാഹുൽ ഭേകെ മെയ് 23-ന് ടീമിനൊപ്പം ചേരും. അസുഖത്തിൽ നിന്നും മുക്തനാകുന്ന മിഡ്ഫീൽഡർ ആഷിഖ് കുരുണിയൻ മെയ് 21-ന് ബ്ലൂ ടൈഗേഴ്സിനൊപ്പം പരിശീലനം ആരംഭിക്കും. മെയ് 28-ന് ഇന്ത്യ തായ്‌ലൻഡിലേക്ക് യാത്ര തിരിക്കും.

നമുക്ക് ഒരുപാട് മെച്ചപ്പെടാനുണ്ട്. കഴിഞ്ഞ ഫിഫാ ജാലകം മാറ്റിനിർത്തിയാൽ, മറ്റെല്ലാ ജാലകങ്ങളിലും ടീം പുരോഗതി കൈവരിക്കുന്നതായാണ് എനിക്ക് അനുഭവപ്പെട്ടത്," മാർക്വേസ് aiff.com-നോട് പറഞ്ഞു.

മാർച്ചിലെ അന്താരാഷ്ട്ര മത്സരങ്ങൾക്കുള്ള ജാലകത്തിൽ മാലദ്വീപിനെതിരായ സൗഹൃദ മത്സരത്തിൽ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് ജയിക്കാനായത് ഇന്ത്യൻ പരിശീലകനെന്ന നിലയിൽ മാർക്വേസിന്റെ ആദ്യ നേട്ടമായിരുന്നു. എങ്കിലും ബംഗ്ലാദേശിനെതിരായ വഴങ്ങിയ ഗോൾരഹിത സമനില എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്ക് ലഭിച്ച മികച്ച തുടക്കമായിരുന്നില്ല.

"ബംഗ്ലാദേശിനെതിരായ മത്സരത്തിൽ പ്രധാനപ്പെട്ട ചില സ്റ്റാർട്ടിംഗ് കളിക്കാർ ഞങ്ങൾക്ക് ഉണ്ടായിരുന്നില്ല എന്നത് സത്യമാണ്. എന്നാൽ, ആ കളിയിലെ മോശം പ്രകടനത്തിന് അതൊരിക്കലും ഒരു ഒഴികഴിവല്ല. ഹോങ്കോങ്ങിൽ ഞങ്ങളെ കാത്തിരിക്കുന്നത് കടുത്ത മത്സരമാണെന്ന് തിരിച്ചറിയണം. എങ്കിലും, തയ്യാറെടുക്കാനും, മികച്ച മത്സരം കാഴ്ചവെക്കാനും, വിജയിച്ച് മൂന്ന് പോയിന്റ് നേടാനും ഞങ്ങൾക്ക് ഇനിയും സമയമുണ്ട്." - അദ്ദേഹം പറഞ്ഞു.

ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തിൽ സിംഗപ്പൂരും ഹോങ്കോങ്ങും ഗോൾരഹിത സമനിലയിൽ പിരിഞ്ഞതോടെ, നാല് ടീമുകൾക്കും ഓരോ പോയിന്റ് വീതമാണുള്ളത്. ഒരു ടീമിനും ലീഗിൽ മേൽക്കോയ്മ ഇല്ലാത്ത സാഹചര്യത്തിൽ, ഇനിയുള്ള മത്സരങ്ങൾ നീലകടുവകക്ക് നിർണായകമാണ്. ജൂൺ 10-ന് ഇന്ത്യ ഹോങ്കോങ്ങിനെ നേരിടുമ്പോൾ, സിംഗപ്പൂർ ധാക്കയിൽ ബംഗ്ലാദേശിനെതിരെ ഇറങ്ങും. ഗ്രൂപ്പ് ജേതാക്കൾക്ക് മാത്രമാണ് സൗദി അറേബ്യയിൽ നടക്കുന്ന 2027 എഎഫ്സി ഏഷ്യൻ കപ്പിന് യോഗ്യത നേടാൻ സാധിക്കുക.

"മത്സരത്തിന് മുമ്പ് ബംഗ്ലാദേശ് കോച്ച് ജാവി കാബ്രേരയുമായി സംസാരിച്ചപ്പോൾ, ഗ്രൂപ്പിൽ ആര് ഒന്നാമതെത്തുമെന്നോ ആര് അവസാന സ്ഥാനക്കാരാകുമെന്നോ പ്രവചിക്കാനാവില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു. ഓരോ ടീമിനും മാറ്റ് ടീമുകളെ തോൽപ്പിക്കാൻ കെൽപ്പുണ്ട്. ആദ്യത്തെ മത്സരഫലങ്ങൾ വന്നപ്പോൾ അദ്ദേഹം പറഞ്ഞത് ശരിയാണെന്ന് എനിക്ക് ബോധ്യമായി. ഇപ്പോൾ നാല് ടീമുകൾക്കും ഓരോ പോയിന്റ് വീതമുണ്ട്; എല്ലാം തുല്യം. ആറല്ല - അഞ്ച് മത്സരങ്ങൾ ബാക്കിയുള്ള ഒരു പുതിയ തുടക്കമാണിത്," മാർക്വേസ് കൂട്ടിച്ചേർത്തു.

ഗ്രൂപ്പിൽ ഏറ്റവും ഉയർന്ന റാങ്കുള്ള പോട്ട് 1 ടീമായ ഇന്ത്യ, പോട്ട് 2 ടീമായ ഹോങ്കോങ്ങിനെതിരെ അവരുടെ തട്ടകത്തിൽ ഇറങ്ങുമ്പോൾ, മത്സരത്തിന് കടുപ്പമേറും. എന്നിരുന്നാലും, ഗ്രൂപ്പ് ഫലങ്ങൾ പ്രവചനാതീതമാണെന്നും ചെറിയ മാർജിനുകളിലാകും തീരുമാനിക്കപ്പെടുകയെന്നും മാർക്വേസ് വിശ്വസിക്കുന്നു.

"എല്ലാ മത്സരങ്ങളും കടുപ്പമേറിയാണ് എനിക്ക് അനുഭവപ്പെടുന്നത്. സിംഗപ്പൂർ-ഹോങ്കോങ്ങ് മത്സരം ഞാൻ കണ്ടിരുന്നു. സിംഗപ്പൂർ ആദ്യ പകുതിയിൽ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ, ഹോങ്കോങ്ങ് രണ്ടാം പകുതിയിൽ കൂടുതൽ മികച്ചുനിന്നു. ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിന് സമാനമായി, ഇതും തുല്യശക്തികളുടെ പോരാട്ടമായിരുന്നു.

എന്നാൽ, സിംഗപ്പൂരിനെതിരായ മത്സരത്തിന് മുന്നോടിയായി, ഇന്ത്യയെ സൗഹൃദ മത്സരത്തിൽ കാത്തിരിക്കുന്നത് തായ്‌ലൻഡാണ്. പോട്ട് 1 ടീമായ തായ്‌ലൻഡ്, തുർക്ക്മെനിസ്ഥാനെതിരായ യോഗ്യത മത്സരത്തിനായുള്ള തയ്യാറെടുപ്പിലാണ്. ലോക റാങ്കിംഗിൽ 99-ആം സ്ഥാനത്തുള്ള തായ്‌ലൻഡ്, ഇന്ത്യയേക്കാൾ 28 സ്ഥാനങ്ങൾ മുന്നിലാണ്. മാർച്ചിൽ 200-ആം റാങ്കിലുള്ള ശ്രീലങ്കയെ 1-0 എന്ന ചെറിയ മാർജിനിൽ മാത്രമാണ് തായ്‌ലൻഡ് (ചാങ്‌സ്യൂക്ക്) പരാജയപ്പെടുത്തിയതെങ്കിലും, ബ്ലൂ ടൈഗേഴ്സിന് ഇതൊരു മികച്ച പരീക്ഷണമാകുമെന്ന് മാർക്വേസ് വിലയിരുത്തുന്നു.

"ഹോങ്കോങ്ങിനെതിരായ മത്സരത്തിനു മുന്നോടിയായുള്ള മികച്ച തയ്യാറെടുപ്പായാണ് ഞാൻ തായ്‌ലൻഡുമായുള്ള കളിയെ കാണുന്നത്, കാരണം അവരും ഒരു പോട്ട് 1 ടീമാണ്. ശ്രീലങ്കയ്ക്കെതിരായ അവരുടെ മത്സരം ഞാൻ കണ്ടിരുന്നു; 1-0ന് മാത്രമാണ് അവർ ജയിച്ചത്. ആ മത്സരത്തിൽ ശ്രീലങ്ക തോൽവി അർഹിച്ചിരുന്നില്ലെന്നാണ് എന്റെ അഭിപ്രായം," അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീഗിലെയും അടുത്തിടെ സമാപിച്ച കലിംഗ സൂപ്പർ കപ്പിലെയും മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ആദ്യമായി ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏതാനും പുതുമുഖങ്ങളും ഇന്ത്യൻ ക്യാമ്പിലുണ്ട്. മോഹൻ ബഗാൻ എസ്.ജി ഫോർവേഡ് സുഹൈൽ അഹമ്മദ് ഭട്ട്, എഫ്.സി ഗോവ ഗോൾകീപ്പർ ഹൃതിക് തിവാരി, പഞ്ചാബ് എഫ്.സി മിഡ്ഫീൽഡർ നിഖിൽ പ്രഭു എന്നിവർ ക്യാമ്പിൽ മികവ് തെളിയിച്ച് ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കാമെന്ന പ്രതീക്ഷയിലാണ്.

ആക്രമണത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന കളിക്കാരനാണ് സുഹൈൽ. ബോക്സിനുള്ളിലെ നീക്കങ്ങളിൽ അവൻ മിടുക്കനാണ്; സൂപ്പർ കപ്പിൽ ഗോളവസരങ്ങൾ കൃത്യമായി ഫിനിഷ് ചെയ്യാനുള്ള അവന്റെ കഴിവ് ഞങ്ങൾ ശ്രദ്ധിച്ചിരുന്നു,"

"ഹൃതികിനെ എനിക്ക് വ്യക്തിപരമായി അറിയാം. എന്റെ കാഴ്ചപ്പാടിൽ, അവൻ ഇന്ത്യയിലെ മികച്ച ഗോൾകീപ്പർമാരിൽ ഒരാളായി വളരും. നിഖിൽ പ്രഭു വേഗത്തിൽ പുരോഗതി കൈവരിക്കുന്ന കളിക്കാരനാണ്. സെന്റർ ബാക്ക് സ്ഥാനത്ത് നിന്ന് തുടങ്ങി, ഡിഫൻസീവ് മിഡ്ഫീൽഡറായും അവൻ തിളങ്ങി. പന്ത് കൈവശം വെക്കുന്നതിൽ മിടുക്കുള്ള, ഒരു കളിക്കാരനാണവൻ. ഏരിയൽ ഡ്യുവലുകളിലും അവൻ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്; നിഖിലിനും മികച്ച ഭാവിയുണ്ട്," കോച്ച് പറഞ്ഞവസാനിപ്പിച്ചു.