ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസന്റെ ആദ്യ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ്‌സിയെ നേരിട്ടു.  കൊച്ചി കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വച്ചു നടന്ന മത്സരത്തിൽ മഞ്ഞപ്പട നിരാശപ്പെടുത്തിയില്ല, സ്റ്റേഡിയം മഞ്ഞക്കടലാക്കി ആരാധകർ മത്സരം ആവേശമാക്കി.  34911 ആരാധകരാണ് കളി കാണാൻ എത്തിയത്.

ഇടയ്ക്കിടെ പെയ്ത മഴയെ വകവെക്കാതെ ഇരുടീമുകളും ഇഞ്ചോടിഞ്ചു പോരാടിയ മത്സരത്തിൽ പാസിംഗ് കൃത്യതയിലും പന്ത് കൈവശം വയ്ക്കുന്നതിലും മുന്നിട്ടു നിന്നത് ബെംഗളൂരു എഫ്‌സിയാണ്. ബെംഗളുരുവിന്റെ ആക്രമണങ്ങളെ കൃത്യമായി ചെറുക്കാൻ കേരളാ ബ്ലാസ്റ്റേഴ്സിനായി. ആദ്യ പകുതി ഗോൾ രഹിതമായി സമനിലയിൽ അവസാനിച്ചു.

രണ്ടാം പകുതിയിലാണ് ആദ്യ ഗോൾ പിറന്നത്. കെസിയ വീൻഡോർപ്പിന്റെ സെൽഫ് ഗോളാണ് ബ്ലാസ്റ്റേഴ്സിന് അനുകൂലമായി മാറിയത്. പദം സീസണിലെ ആദ്യ ഗോൾ സെൽഫ് ഗോളായിമാറി. മത്സരത്തിന്റെ അറുപത്തിയൊമ്പതാം മിനിറ്റിലാണ് രണ്ടാം ഗോൾ പിറന്നത്. ബോക്സിന്റെ മധ്യ ഭാഗത്തുനിന്ന് അഡ്രിയാൻ ലൂണ തൊടുത്ത ഇടം കാൽ ഷോട്ട് വല തുളക്കുകയായിരുന്നു.

മത്സരത്തിന്റെ തൊണ്ണൂറാം മിനിറ്റിലാണ് മൂന്നാം ഗോൾ പിറന്നത്. ബെംഗളൂരു എഫ്‌സി താരം സി മെയിനാണു ടീമിനായി ഗോൾ നേടിയത്. ഏഴു മിനിറ്റിന്റെ ഇഞ്ചുറി ടൈം കഴിഞ്ഞ് മത്സരം അവസാനിക്കുമ്പോൾ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കേരളാ ബ്ലാസ്റ്റേഴ്‌സ് പത്താം സീസൺ ആദ്യ മത്സരം വിജയിച്ചു.

മത്സരത്തിന് ശേഷം കേരളാ ബ്ലാസ്റ്റേഴ്‌സ് താരം അഡ്രിയാൻ ലൂണ മാധ്യമങ്ങളോട് സംസാരിച്ചു. "നന്നായി ആരംഭിക്കുക എന്നത് ഞങ്ങൾക്ക് സംബന്ധിച്ചടുത്തോളം പ്രധാനമായിരുന്നു. മൂന്നു പോയിന്റുകൾ ഞങ്ങൾ നേടി. സ്റ്റേഡിയം ഫുള്ളായിരുന്നു. ആരാധകർക്ക് സന്തോഷം നൽകേണ്ടത് ഞങ്ങൾക്ക് പ്രധാനമായിരുന്നു. ആ മൂന്നു പോയിന്റുകളും വിജയതുടക്കവും പ്രധാനമായിരുന്നു."

"മത്സരം വിസമയകരമായിരുന്നു, വേദിയും. ആരാധകർ, അവർ ഞങ്ങൾക്കു വേണ്ടി ആർപ്പുവിളിച്ചു. ഞാൻ വീട്ടിലേക്ക് സന്തോഷത്തോടെയാണ് മടങ്ങുന്നത്. കാരണം ഞങ്ങൾ മൂന്നു പോയിന്റുകൾ നേടി. ഞങ്ങൾ രണ്ടു ഗോളുകൾ നേടി, എന്നാൽ ഒരു ഗോൾ വഴങ്ങി. “

“ആരാധകർക്കുവേണ്ടി മൂന്നു പോയിന്റുകൾ നേടേണ്ടത് ഞങ്ങളുടെ ആവശ്യമായിരുന്നു. ആരാധകരെ, ഇന്നിവിടെ വന്ന് ഞങ്ങളെ പിന്തുണച്ചതിന് നന്ദി. അടുത്ത മത്സരത്തിലും നിങ്ങൾ വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞങ്ങൾക്ക് നിങ്ങളെ ആവശ്യമാണ്. ഇവിടെയെത്തി ഞങ്ങളെ പിന്തുണച്ചതിന് നന്ദി."

"ഞാൻ ഗോൾ നേടിയതൊരു ആവർത്തനമാണോയെന്ന് എനിക്കറിയില്ല. പക്ഷെ ഗോൾ നേടുന്നത് എപ്പോഴും നല്ലതാണ്. പ്രതേകിച്ചും നമ്മൾ ജയിക്കുമ്പോൾ. മൂന്നു പോയിടുകൾ വിട്ടുകൊടുക്കാൻ ആകില്ല. ഇന്ന് ഞാൻ അതിൽ ഹാപ്പിയാണ്. സത്യസന്ധമായി അപറഞ്ഞാൽ ഇത്തരം കഥകളിലൊന്നും ഞാൻ ശ്രദ്ധ കൊടുക്കാറില്ല. അത് ചെയ്യണം, ഇത് ചെയ്യണം എന്നൊക്കെയുള്ള വാക്കുകൾ ശ്രദ്ധിക്കാറില്ല. എന്റെ മനസ്സിൽ ഇപ്പോഴും മൂന്നു പോയിന്റ് നേടുകയാണ് ലക്‌ഷ്യം. അത് സാധിച്ചതിൽ ഞാൻ സന്തോഷിക്കുന്നു."

ഒക്ടോബർ ഒന്നിന് ജംഷെഡ്പൂർ എഫ്‌സിക്കെതിരെ കൊച്ചിയിൽ വച്ചാണ് ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം മത്സരം.