ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലകനായി പൂർണ്ണസമയ ചുമതലയേറ്റെടുക്കുന്ന ഖാലിദ് ജമീൽ, ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ടീമായ ജംഷഡ്പൂർ എഫ്സിയുടെ പരിശീലക സ്ഥാനം ഒഴിഞ്ഞതായി ക്ലബ്ബ് ബുധനാഴ്ച സ്ഥിരീകരിച്ചു. അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷനുമായി (AIFF) രണ്ട് വർഷത്തെ കരാറിലാണ് ജമീൽ ഒപ്പുവെച്ചിരിക്കുന്നത്, ഇത് ഒരു വർഷത്തേക്ക് കൂടി നീട്ടാൻ വ്യവസ്ഥയുണ്ട്.

ജമീലിന് കീഴിൽ ജംഷഡ്പൂർ എഫ്സി മികച്ച പ്രകടനമാണ് ഇന്ത്യൻ ഫുട്ബോളിൽ കാഴ്ചവെച്ചത്. ടീമിനെ കലിംഗ സൂപ്പർ കപ്പ് 2025-ന്റെ ഫൈനലിലും, ഐഎസ്എൽ 2024-25, കലിംഗ സൂപ്പർ കപ്പ് 2024 എന്നിവയുടെ സെമിഫൈനലിലും, നിലവിൽ നടക്കുന്ന ഡ്യൂറൻഡ് കപ്പിന്റെ ക്വാർട്ടർ ഫൈനലിലും എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

​"ഒരു ഇന്ത്യൻ പരിശീലകൻ നമ്മുടെ രാജ്യത്തെ ഏഷ്യൻ കപ്പ് യോഗ്യതയിലേക്ക് നയിക്കാൻ ചുമതലയേൽക്കുന്നത് ക്ലബ്ബിനും കളിക്കാർക്കും ആരാധകർക്കും ഇന്ത്യൻ ഫുട്ബോൾ സമൂഹത്തിനും ഇതൊരു അഭിമാന നിമിഷമാണ്. വെല്ലുവിളി അദ്ദേഹത്തിന്റെ കഴിവുറ്റ ചുമലുകളിൽ ഭദ്രമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു," ജംഷഡ്പൂർ എഫ്സി പ്രസ്താവനയിൽ പറഞ്ഞു.

കാഫ നേഷൻസ് കപ്പാണ് ബ്ലൂ ടൈഗേഴ്സിനൊപ്പമുള്ള ഖാലിദിന്റെ ആദ്യ ടൂർണമെന്റ്. ഗ്രൂപ്പ് ബി-യിൽ ഇന്ത്യ, ആതിഥേയരായ താജിക്കിസ്ഥാൻ (ഓഗസ്റ്റ് 29), ഇറാൻ (സെപ്റ്റംബർ 1), അഫ്ഗാനിസ്ഥാൻ (സെപ്റ്റംബർ 4) എന്നിവരെ നേരിടും.

തുടർന്ന്, ഒക്ടോബർ 9നും 14നും സിംഗപ്പൂരിനെതിരെ നിർണായകമായ ഏഷ്യൻ കപ്പ് 2027 യോഗ്യതാ മത്സരങ്ങളും ടീമിന് മുന്നിലുണ്ട്.

"നമ്മുടെ ദേശീയ ടീമിനെ നയിക്കാനുള്ള ഉത്തരവാദിത്തം എന്നെ ഏൽപ്പിച്ചതിൽ ഞാൻ അഭിമാനിക്കുകയും അതിനെ ഒരു പ്രത്യേകാനുകൂല്യമായി കാണുകയും ചെയ്യുന്നു. വർഷങ്ങളായി ഇന്ത്യൻ കളിക്കാരെ പരിശീലിപ്പിക്കാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്, അവരുടെ ശക്തിയും ദൗർബല്യവും അടുത്തറിയാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. കാഫ നേഷൻസ് കപ്പിനും സിംഗപ്പൂരിനെതിരായ നിർണായക ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്കും തയ്യാറെടുക്കുമ്പോൾ അനുഭവങ്ങൾ നിർണായകമാകും,” ​എഐഎഫ്എഫുമായി കരാർ ഒപ്പിട്ട ശേഷം ഖാലിദ് ജമീൽ പറഞ്ഞു