ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളാ ബ്ലാസ്റ്റേഴ്സിൽ തിളങ്ങിയ മലയാളി താരങ്ങൾ നിരവധിയാണ്. എന്നാൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഭാഗമല്ലാത്ത നിരവധി മലയാളി താരങ്ങൾ ഇന്ത്യൻ സൂപ്പർ ലീഗിന്റെ വിവിധ ക്ലബുകളിൽ ഉണ്ട്. അത്തരത്തിൽ നിലവിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഭാഗമല്ലാത്ത വിവിധ ക്ലബുകളിലുള്ള അഞ്ചു താരങ്ങളിലേക്ക് ഉറ്റുനോക്കാം.

ആഷിക് കുരുണിയൻ

മലബാറിന്റെ അഭിമാനതാരമാണ് ആഷിക്. മലപ്പുറം ജില്ലയിൽ ജനിച്ച ആഷിക് ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭ സീസൺ മുതൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാഗമാണ്. 2017 മുതൽ തുടർച്ചയായി രണ്ടു സീസണുകളിൽ പുനെ സിറ്റി എഫ്‌സിയുടെ സീനിയർ ടീമിന്റെ ഭാഗമായിരുന്ന താരം ഇരുപത്തിയാറു മത്സരങ്ങൾ ടീമിനായി കളിക്കുകയും മൂന്നു ഗോളുകൾ നേടുകയും ചെയ്തു.

2019 മുതൽ മൂന്നു സീസണുകളിലായി ബെംഗളൂരു എഫ്‌സിക്കൊപ്പം മുപ്പത്തിയാറു മത്സരങ്ങളിൽ കളത്തിലിറങ്ങിയ താരം ശ്രദ്ധേയമായ പ്രകടനം കാഴ്ചവക്കുകയും രണ്ടു ഗോളുകൾ നേടുകയും ചെയ്തു. 2022-23 സീസണിൽ താരം എടികെ മോഹൻ ബഗാനിലേക്ക് കുടിയേറിയ താരം ഇപ്പോഴും ടീമിന്റെ ഭാഗമാണ്. 

സുഹൈർ വിപി

പാലക്കാട് സ്വദേശിയായ വിപി സുഹൈർ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കൊപ്പം നടത്തിയ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധ നേടിയ താരമാണ്. ഐ ലീഗിൽ കിരീടം ചൂടിയ മോഹൻ ബഗാൻ ടീമിനൊപ്പവും താരം മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. പ്രസ്തുത പ്രകടനമാണ് താരത്തിന് നോർത്ത് ഈസ്റ്റിൽ അവസരം നേടിക്കൊടുത്തത്.

നോർത്ത് ഈസ്റ്റിനായി രണ്ടു സീസണുകളിലായി മുപ്പത്തിയെട്ട് മത്സരങ്ങളിൽ കളത്തിലിറങ്ങിയ താരം ഏഴു ഗോളുകളും നേടി. കഴിഞ്ഞ സീസണിൽ ഈസ്റ്റ് ബംഗാളിനായി താരം പതിനെട്ടു മത്സരങ്ങളിൽ ടീമിനായി കളത്തിലിറങ്ങുകയും സീസണിൽ രണ്ടു ഗോളുകൾ നേടുകയും ചെയ്തു.

സഹൽ അബ്ദുൾ സമദ് 

പയ്യന്നൂർ കോളേജിന്റെ മൈതാനത്തു നിന്ന് സഹൽ കളിച്ചു മുന്നേറിയത് കേരളാ ബ്ലാസ്റ്റേഴ്സിന്റെയും ഇന്ത്യൻ ഫുട്ബോളിലെയും മിന്നും താരമെന്ന നിലയിലേക്കായിരുന്നു. 2018 സീസൺ മുതൽ ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായിരുന്നു സഹൽ അബ്ദുൾ സമദ്. ആദ്യ മത്സരം മുതൽ 92 മത്സരങ്ങളാണ് സഹൽ കേരളാ ബ്ലാസ്റ്റേഴ്സിനായി കളിച്ചത്.

ഇന്ത്യൻ സൂപ്പർ ലീഗിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച പ്രീതം കോട്ടലിന്റെ നേട്ടം കഴിഞ്ഞ ഒൻപതു സീസണുകളുടേതാണ്. എന്നാൽ വെറും അഞ്ചു സീസണുകൾകൊണ്ടാണ് 92 മത്സരങ്ങൾ കേരളാ ബ്ലാസ്റ്റേഴ്സിനായി സഹൽ കളിച്ചത് എന്നത് വിസ്മയിപ്പിക്കുന്ന വസ്തുതയാണ്. ഇതുവരെ പത്തുഗോളുകളും ടീമിനായി സഹൽ നേടി. പത്താം സീസണിന് മുന്നോടിയായി മോഹൻ ബഗാൻ സൂപ്പർ ജൈൻറ്സുമായി കരാർ ഒപ്പിട്ട താരത്തിന്റെ കേരളാ ബ്ലാസ്റ്റേഴ്സിൽ നിന്നുള്ള പിൻവാങ്ങൽ ആരാധകരെ നിരാശയിലാഴ്ത്തിയിരുന്നു.

രേഹനേഷ് ടിപി 

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ജംഷഡ്പൂരിന്റെ ഗോൾകീപ്പറാണ് കോഴിക്കോട് സ്വദേശിയായ റെഹനേഷ്. ഇന്ത്യൻ സൂപ്പർ ലീഗിൽ വിവിധ സീസണുകളിലായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി, കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സി, ജംഷെഡ്പൂർ എഫ്‌സി എന്നീ ടീമുകൾക്കായി കളിച്ചിട്ടുള്ള താരം 101 ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളിൽ കളത്തിലിറങ്ങിയിട്ടുണ്ട്.

പ്രശാന്ത് കരുത്തടത്തുകുനി 

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ പഞ്ചാബിന്റെ വിംഗറാണ് പ്രശാന്ത്. 2016 മുതൽ കേരളാ ബ്ലാസ്റ്റേഴ്സിനായി അറുപത്തിയൊന്നു മത്സരങ്ങൾ കളിച്ച താരം ഒരു ഗോൾ നേടിയിട്ടുണ്ട്. 2017ൽ ലോണിലും 2022-23 സീസണിൽ കരാറിലും ചെന്നൈയിൻ എഫ്‌സിക്കായി പ്രശാന്ത് 25 മത്സരങ്ങൾ കളിക്കുകയും രണ്ടു ഗോളുകൾ നേടുകയും ചെയ്തു. ഏറ്റവുമൊടുവിലായി ഈ വർഷം ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാഗമായ പഞ്ചാബ് എഫ്‌സിയുമായി താരം കരാറിലെത്തിയിട്ടുണ്ട്.