ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസണിലെ നാലാം മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഒഡിഷ എഫ്‌സിയെ നേരിട്ടു. കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മാച്ച് തിലക് മൈതാന സ്റ്റേഡിയത്തിൽ വച്ച് ഏഴു മുപ്പത്തിനാണ് ആരംഭിച്ചത്. മത്സരം ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കേരളാ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി.

കമന്റേറ്ററ്റർ ഷൈജു ദാമോദരന്റെ വാക്കുകൾ കടമെടുത്താൽ "കേരളത്തിൽ ഉത്ഭവിച്ച കൊടുംകാറ്റ് ഒഡീഷയെ തകർത്തെറിഞ്ഞു." നീണ്ട 319 ദിവസങ്ങൾക്കപ്പുറമാണ് ആരാധകർ കാത്തിരുന്ന വിജയം കേരളാ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിൽ ആദ്യമായാണ് ഒഡിഷ എഫ്‌സിയെ കേരളാ ബ്ലാസ്റ്റേഴ്‌സ് തോൽപ്പിക്കുന്നത്.

എട്ടാം സീസണിൽ ഒഡിഷ എഫ്‌സി ആദ്യമായി തോൽവി വഴങ്ങിയപ്പോൾ കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ആദ്യ വിജയം സ്വന്തമാക്കി. കേരളാ ബ്ലാസ്റ്റേഴ്സിനായി അൽവാരോ വാസ്ക്വസും പ്രശാന്ത് മോഹനും ഒഡിഷ എഫ്‌സിക്കായി ഇഞ്ചുറി ടൈമില്‍ നിഖില്‍ രാജും ഗോളുകൾ നേടി.

കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ആദ്യ XI

ആൽബിനോ ഗോമസ് (ജികെ), എനെസ് സിപോവിച്ച്, ജെസൽ കാർനെറോ (സി), മാർക്കോ ലെസ്‌കോവിച്ച്, ലാൽതതംഗ ഖൗൾഹിംഗ്, ഹർമൻജോത് ഖബ്ര, സഹൽ സമദ്, അഡ്രിയാൻ ലൂണ, ജീക്‌സൺ സിംഗ്, വിൻസി ബാരെറ്റോ, അൽവാരോ വാസ്‌ക്വസ്.

ഒഡിഷ എഫ്‌സി ആദ്യ XI

കമൽജിത് സിംഗ് (ജി.കെ), വിക്ടർ മോംഗിൽ, ഹെക്ടർ റാമിറസ്, ഹെൻഡ്രി അന്റണെയ്, ലാൽറുഅത്തറ, ജാവിയർ ഹെർണാണ്ടസ്, വിനിത് റായ് (സി), തോയ്ബ സിംഗ്, ഇസക് വാൻലാൽറുഅത്ഫെല, ഹാവിയർ ഹെർണാണ്ടസ്, ജെറി മാവിഹ്മിംഗ്താംഗ, അരിഡായ് സുവാരസ്.

മത്സരത്തിന്റെ പ്രധാന ഭാഗങ്ങൾ

മത്സരം ആരംഭിച്ച് രണ്ടാം മിനിറ്റിൽ ബോക്‌സിന് പുറത്ത് നിന്നുള്ള സഹല്‍ അബ്ദുല്‍ സമദിന്റെ ഷോട്ട് ഒഡീഷ എഫ്‌സി ഗോളി കമല്‍ജിത് സിങ്ങ് സേവ് ചെയ്തു. അഞ്ചാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സ് താരം അഡ്രിയാന്‍ ലൂണയുടെ ഫ്രീ കിക്ക് വീണ്ടും കമല്‍ജിത് തട്ടിയകറ്റി. പതിനാറാം മിനിറ്റിൽ അഡ്രിയാന്‍ ലൂണയെ ഫൗൾ ചെയ്തതിന് ഒഡിഷ താരം ത്വയ്ബ സിങ്ങിന് മഞ്ഞക്കാര്‍ഡ്‌ ലഭിച്ചു. രണ്ടു മിനിറ്റ് അധിക സമയം ആദ്യ പകുതിയിൽ കൂട്ടിച്ചേർത്തെങ്കിലും ഇരു ടീമുകൾക്കും ആദ്യ പകുതിയിൽ ഗോൾ നേടാനായില്ല.

രണ്ടാം പകുതിയിൽ നാല്പത്തിയൊൻപതാം മിനിറ്റിൽ ഒഡിഷ താരത്തിനെ ഫൗൾ ചെയ്തതിന് കേരളാ ബ്ലാസ്റ്റേഴ്‌സ് താരം മാര്‍ക്കോ ലെസ്‌കോവിച്ചിന് മഞ്ഞക്കാര്‍ഡ്‌ ലഭിച്ചു. അറുപത്തി രണ്ടാം മിനിറ്റിൽ മത്സരത്തിലെ ആദ്യ ഗോൾ പിറന്നു. അഡ്രിയാന്‍ ലൂണയുടെ അസീസിറ്റിൽ ആല്‍വാരൊ വാസ്‌കെസ് കേരളാ ബ്ലാസ്റ്റേഴ്സിനായി ലക്ഷ്യം കണ്ടു. അറുപത്തിനാലാം മിനിറ്റിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് താരം വിൻസി ബാരെറ്റോയ്ക്ക് പകരം നിഷു കുമാർ കളത്തിലിറങ്ങി.

അറുപത്തിയൊൻപതാം മിനിറ്റിൽ ബ്ലാസ്‌റ്റേഴ്‌സ് താരം ജീക്‌സണ്‍ സിങ്ങിന് മഞ്ഞക്കാര്‍ഡ്‌ ലഭിച്ചു. എഴുപത്തിയാറാം മിനിറ്റിൽ സഹല്‍ അബ്ദുല്‍ സമദിന് പകരം പ്രശാന്ത് മോഹൻ ബ്ലാസ്റ്റേഴ്സിനായി കളത്തിലിറങ്ങി. ഇറങ്ങി വെറും മിനിറ്റുകൾക്കുള്ളിൽ പ്രശാന്ത് മോഹൻ ബ്ലാസ്റ്റേഴ്സിനായി രണ്ടാം ഗോൾ നേടി. ഈ ഗോളിനും അസിസിറ്റ് നൽകിയത്  അഡ്രിയാന്‍ ലൂണയാണ്. മത്സരത്തിൽ ആറു മിനിറ്റ് അധിക സമയം ചേർക്കപ്പെട്ടു. ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റിൽ ഒഡിഷ എഫ്‌സിക്കായി നിഖില്‍ രാജ് ഗോൾ നേടി.

ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കേരളാ ബ്ലാസ്റ്റേഴ്‌സ് വിജയം സ്വന്തമാക്കി. അഡ്രിയാന്‍ ലൂണ മത്സരത്തിൽ ഹീറോ ഓഫ് ദി മാച്ച് അവാർഡ് നേടി.

ഇന്നത്തെ മത്സരത്തോടുകൂടി നാലു മത്സരങ്ങളിൽ നിന്നായി അഞ്ചു പോയിന്റുകൾ നേടി കേരളാ ബ്ലാസ്റ്റേഴ്‌സ് റാങ്കിങ്ങിൽ ആറാം സ്ഥാനത്തേക്കുയർന്നു. ഡിസംബർ 19നു നടക്കുന്ന അഞ്ചാം മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ നേരിടും.