2016-ന് ശേഷം ഗോവയെ തകർത്ത് കേരളാ ബ്ലാസ്റ്റേഴ്‌സ്

കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വച്ച് നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് ഒൻപതാം സീസണിലെ ആറാം മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഗോവയെ നേരിട്ടു.

മഴമൂലമുള്ള പ്രതികൂല സാഹചര്യങ്ങൾ ഉണ്ടായിട്ടും ഇത്തവണയും ടീമിന് പൂർണ പിന്തുണയുമായി സ്റ്റേഡിയം നിറഞ്ഞ് ആരാധകർ സന്നിഹിതരായിരുന്നു. ആരാധകരെ നിരാശരാക്കാതെ ആവേശകരമായ പ്രകടനം കാഴ്ചവച്ച ബ്ലാസ്റ്റേഴ്‌സ് മൂന്ന് ഒന്നിന് വിജയം സ്വന്തമാക്കി.

എഫ്‌സി ഗോവ പ്ലേയിംഗ് ഇലവൻ ധീരജ് മൊയ്‌റാങ്‌തെം (ജികെ), അൻവർ അലി, സെറിട്ടൺ ഫെർണാണ്ടസ്, രക്ഷകൻ ഗാമ, ഐബൻഭ ഡോഹ്‌ലിംഗ്, ബ്രാൻഡൻ ഫെർണാണ്ടസ് (സി), ആയുഷ് ദേവ് ഛേത്രി, ഇകർ ഗുരോത്‌ക്‌സേന, എഡ്വാർഡോ ബേഡിയ പെലേസ്, നോഹ് വെയിൽ സദൗയി, അൽവാരോ വാസ്‌ക്വസ്.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പ്ലേയിംഗ് ഇലവൻ പ്രഭ്സുഖൻ ഗിൽ (ജികെ), സൊറൈഷാം സന്ദീപ് സിംഗ്, റൂയിവ ഹോർമിപം, നിഷു കുമാർ, മാർക്കോ ലെസ്‌കോവിച്ച്, അഡ്രിയാൻ ലൂണ (സി), ജീക്‌സൺ സിംഗ്, സഹൽ സമദ്, ദിമിട്രിയോസ് ഡയമന്റകോസ്, രാഹുൽ കണ്ണോലി പ്രവീൺ, ഇവാൻ കലിയുഷ്നി.

മത്സരത്തിന്റെ ആദ്യ പകുതിയിൽ തുടക്കം മുതൽ ആക്രമിച്ചു കളിക്കുന്ന ബ്ലാസ്‌റ്റേഴ്‌സിനെ നമുക്ക് കാണാൻ കഴിഞ്ഞു. മത്സരത്തിന്റെ ഏഴാം മിനിറ്റിൽ ആക്രമണവുമായി മുന്നേറിയ രാഹുൽ നൽകിയ പാസിൽ സഹൽ അബ്ദുൾ സമദ് ഗോളിനായി ശ്രമിച്ചെങ്കിലും ഗോവൻ പ്രതിരോധം അത് സമയോചിതമായി തടഞ്ഞു. പന്ത് കൈക്കലാക്കിയ നിഷു കുമാർ വീണ്ടും ശ്രമിച്ചെങ്കിലും ധീരജ് മൊയ്‌റംഗ്‌തേം പന്ത് തട്ടിയകറ്റി.

പതിനൊന്നാം മിനിറ്റിൽ ഡിമിട്രിയോസ് ഡയമന്റകോസ് വലതുവശത്ത് നിന്ന് അപകടകരമായ ഒരു ഫ്ലൈറ്റ്ഡ് ക്രോസ് ഇട്ടെങ്കിലും ധീരജ് മൊയ്‌റംഗ്‌തെം അത് കൃത്യമായി പ്രതിരോധിച്ചു. പത്തൊൻപതാം മിനിറ്റിൽ അഡ്രിയാൻ ലൂണ മൈതാനമധ്യത്തിൽ പന്ത് കൈക്കലാക്കി ഇടതുവശത്ത് സഹൽ സമദിന് പാസ് ചെയ്തു, സഹലിന്റെ പാസിൽ ഡിമിട്രിയോസ് ഡയമന്റകോസ് ഗോളിനായി ശ്രമിച്ചെങ്കിലും വൈഡിൽ കലാശിച്ചു.

ഇരുപത്തിയേഴാം മിനിറ്റിൽ വേഗത്തിൽ മുന്നേറിയ രാഹുൽ കണ്ണോലി പ്രവീൺ ഐബൻഭ ദോഹ്‌ലിംഗിനെ ഫൗൾ ചെയ്ത തീരുമാനത്തിൽ റഫറിയോട് തർക്കിച്ച  മാർക്കോ ലെസ്‌കോവിച്ചിന് മഞ്ഞക്കാർഡ് ലഭിച്ചു.

നാല്പത്തിരണ്ടാം മിനിറ്റിൽ മത്സരത്തിലെ ആദ്യ ഗോൾ പിറന്നു. രാഹുൽ വലതുവശത്ത് നിന്ന് നൽകിയ ക്രോസിൽ അഡ്രിയാൻ ലൂണ ഡൈവിംഗ് ഹെഡറിനായി ശ്രമിച്ചെങ്കിലും  മിസ്സായി. പന്ത് സ്വീകരിച്ച സഹൽ അബ്ദുൾ സമദ് അഡ്രിയാൻ ലൂണക്ക് കൈമാറുകയും നിമിഷങ്ങൾക്കുള്ളിൽ അദ്ദേഹത്തിന്റെ ഷോട്ട് വല തുളക്കുകയും ചെയ്തു.

നാല്പത്തിയഞ്ചാം മിനിറ്റിൽ അൻവർ അലി ബോക്സിനുള്ളിൽ ഡിമിട്രിയോസ് ഡയമന്റകോസിനെ ഫൗൾ ചെയ്തതിനെ തുടർന്ന് കേരളാ ബ്ലാസ്റ്റേഴ്സിന് പെനാലിറ്റി ചാൻസ് ലഭിച്ചു. ലഭിച്ച അവസരം കൃത്യമായി വിനയോഗിച്ച ഇവാൻ കലിയുഷ്‌നി ടീമിനായി രണ്ടാം ഗോളും നേടി.

 

 

 

അൻപത്തിരണ്ടാം മിനിറ്റിൽ ഇവാൻ കലിയുഷ്നി ബ്ലാസ്റ്റേഴ്സിനായി മൂന്നാം ഗോൾ നേടി. പന്ത് ലഭിച്ച ഡിമിട്രിയോസ് ഡയമന്റകോസ്‌ ഇവാൻ കലിയുഷ്‌നിക്ക് പാസ് ചെയ്യുകയും താരത്തിന്റെ ഷോട്ട് വലതുളക്കുകയും ചെയ്തു.

 

 

അറുപത്തിയേഴാം മിനിറ്റിൽ സെറിട്ടൺ ഫെർണാണ്ടസിന്റെ അസിസ്റ്റിൽ നോഹ വെയ്ൽ സദൗയി ഗോവക്കായി ആദ്യ ഗോൾ നേടി.

 

എഴുപത്തിയൊന്നാം മിനിറ്റിൽ ഡിമിട്രിയോസ് ഡയമന്റകോസിനു പകരം അപ്പോസ്തോലോസ് ജിയാനോയും ജീക്‌സൺ സിംങിന് പകരം ലാൽതതംഗ ഖൗൾറിങ്ങും കളത്തിലിറങ്ങി.

 

ഫൈനൽ വിസിൽ മുഴങ്ങും വരെ ഇരു ടീമുകൾക്കും മറ്റൊരു ഗോൾ നേടാനായില്ല. 2016-ന് ശേഷം ഗോവക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്‌സ് മൂന്ന് ഒന്നിന് വിജയം സ്വന്തമാക്കി.

 

 

 

Your Comments

Your Comments