സൂപ്പർ കപ്പിൽ മികച്ച പ്രകടനം നടത്തി, കിരീടത്തിന് ശ്രമിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ശ്രമിക്കുമെന്ന് ടീമിന്റെ മുഖ്യ പരിശീലകൻ ഡേവിഡ് കറ്റാല. ഇന്ത്യൻ സൂപ്പർ ലീഗ് സീസണിനിടെ സ്വീഡിഷ് പരിശീലകൻ മിക്കേൽ സ്റ്റാറെയുമായി വഴിപിരിഞ്ഞ ശേഷം, ഇടക്കാല പരിശീലകനായ ടിജി പുരുഷോത്തമന്റെ കീഴിൽ പ്ലേ ഓഫ് കാണാതെ 2024 - 25 സീസൺ അവസാനിപ്പിച്ചിരുന്നു കൊമ്പന്മാർ. ഐഎസ്എൽ ലീഗ് ഘട്ടം അവസാനിച്ച ഉടൻ തന്നെ, സൂപ്പർ കപ്പിന്റെ തയ്യാറെടുപ്പിനായി ടീമിന്റെ അമരത്ത് സ്പാനിഷ് തന്ത്രജ്ഞനെ നിയമിക്കുകയായിരുന്നു. ഒഡീഷയിലെ ഭുവനേശ്വർ ആതിഥേയത്വം വഹിക്കുന്ന കലിംഗ സൂപ്പർ കപ്പ് ഏപ്രിൽ 20-ന് ആരംഭിക്കും.

സ്പെയിനിലും സൈപ്രസിലുമായി അറുനൂറിനടുത്ത് പ്രൊഫെഷണൽ ഫുട്ബോൾ മത്സരങ്ങളിൽ ബൂട്ടണിഞ്ഞിട്ടുള്ള ഡേവിഡ് കറ്റാലയുടെ പരിശീലകനെന്ന അനുഭവസമ്പത്തിന് വിരലിൽ എണ്ണാവുന്ന വർഷങ്ങളുടെ പരിചയം മാത്രമാണുള്ളത്. ബൂട്ടഴിച്ച ശേഷം അവസാന ക്ലബായ എഇകെ ലാർണാക്കയുടെ യൂത്ത് ടീമിന്റെ നിയന്ത്രണം ഏറ്റെടുത്ത, സീനിയർ ടീമിന്റെ പരിശീലകനായി. അവിടെ ക്ലബ്ബിന്റെ യുവേഫ ചാമ്പ്യൻസ് ലീഗ് യോഗ്യത മത്സരത്തിൽ ടീമിനെ പരിശീലിപ്പിച്ചു. ശേഷം, തുടർന്നുള്ള വർഷങ്ങളിൽ യുവേഫയുടെ തന്നെ വൻകരാതല ചാംപ്യൻഷിപ്പുകളായ യൂറോപ്പ ലീഗിലും കോൺഫെറൻസ് ലീഗിലും ടീമിനുകളെ നയിച്ച അനുഭവം അദ്ദേഹത്തിനുണ്ട്.

കേരള ബ്ലാസ്റ്റേഴ്സിലേക്കുള്ള വരവ് കരിയറിലെ പുതിയൊരു വെല്ലുവിളിയാണെന്ന് ട്വന്റി ഫോർ ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. "ഇവിടെ വരണമെന്നും എങ്ങനെയെന്ന് അറിയണമെന്നും ഉണ്ടായിരുന്നു. എന്റെ കരിയറിലെ പുതിയൊരു വെല്ലുവിളിയാണ്. ടീമിനൊപ്പം മത്സരിക്കാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്, ടീമിനെ ചുറ്റിപ്പറ്റിയുള്ളതെല്ലാം വളരെ വലുതാണെന്ന് എനിക്ക് കാണാൻ കഴിയും."

തന്റെ കൂടെ ഉണ്ടായിരുന്ന സ്പാനിഷ് താരങ്ങളും പരിശീലകരും ഇന്ത്യൻ ഫുട്ബോളിനെ കുറിച്ച് ധാരാളം സംസാരിക്കാറുണ്ടായിരുന്നു എന്ന് കറ്റാല വ്യക്തമാക്കി. ഇന്ത്യൻ ഫുട്ബോൾ വളരേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ 44-കാരൻ അത് തനിക്കും ഒരു വെല്ലുവിളിയാണെന്ന് കൂട്ടിച്ചേർത്തു.

"ഇന്ത്യൻ ഫുട്ബോളിനെക്കുറിച്ച് എനിക്ക് ധാരാളം അറിയാം, കാരണം എനിക്കൊപ്പമുണ്ടായിരുന്ന സ്പാനിഷ് സംസാരിക്കുന്ന ധാരാളം മുൻ കളിക്കാരും ഫുട്ബോൾ പരിശീലകരും എപ്പോഴും ഇന്ത്യൻ ഫുട്ബോളിനെക്കുറിച്ച് സംസാരിക്കുമായിരുന്നു. ഞാൻ വളരുന്നു എന്ന് വിശ്വസിക്കുന്ന ഒന്നാണത്. മറ്റ് നിരവധി രാജ്യങ്ങളിൽ നിന്നുള്ള കൂടുതൽ പരിചയസമ്പന്നരായ കളിക്കാർ വരുന്നു. തീർച്ചയായും ഇന്ത്യൻ ഫുട്ബോൾ വളരേണ്ടതുണ്ട്, വികസിപ്പിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ഞാൻ മുമ്പ് പറഞ്ഞതുപോലെ ഇത് എനിക്ക് നല്ല വെല്ലുവിളിയാകുന്നത്.' - അദ്ദേഹം പറഞ്ഞു.

ഒഡീഷ ആതിഥേയത്വം വഹിക്കുന്ന സൂപ്പർ കപ്പിലെ ആദ്യ മത്സരത്തിൽ നിലവിലെ ജേതാക്കളായ ഈസ്റ്റ് ബംഗാൾ എഫ്‌സിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ എതിരാളികൾ. നോക്കോട്ട് ഫോർമാറ്റിൽ നടക്കുന്ന ടൂർണമെന്റിൽ ഒരു മത്സരത്തിൽ അടിപതറിയാൽ, കിരീട പോരാട്ടത്തിൽ നിന്ന് പുറത്താകുന്ന സ്ഥിതിയാണ്. നിർണായക ടൂർണമെന്റ് ലക്ഷ്യമാക്കി ഇറങ്ങുമ്പോൾ, മികച്ച പ്രകടനത്തിന് ശ്രമിക്കാനും സൂപ്പർ കപ്പ് നേടുന്നതിലുമാണ് ശ്രദ്ധയെന്ന്‌ അദ്ദേഹം പറഞ്ഞു.

"നമ്മൾ ഏത് അവസ്ഥയിലാണെന്ന് തിരിച്ചറിയണം. ടീമിന് ചുറ്റുമുള്ള പ്രതീക്ഷകൾ എനിക്കറിയാം, പക്ഷെ സീസൺ മികച്ചതായിരുന്നില്ല എന്ന് നമ്മൾ ചിന്തിക്കണം. പക്ഷെ, ഞങ്ങൾ സൂപ്പർ കപ്പിൽ മികച്ച പ്രകടനത്തിന് ശ്രമിക്കും, കിരീടം നേടാനും." - അദ്ദേഹം പറഞ്ഞവസാനിപ്പിച്ചു.