ഡിസംബർ 3 ഞായറാഴ്ച ഗോവയിൽ നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് ഒൻപതാം മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് എഫ്സി ഗോവയെ നേരിടും. ഇരു ടീമുകളും റാങ്കിങ്ങിൽ ആദ്യ രണ്ടു സ്ഥാനങ്ങളിൽ സ്ഥാനങ്ങളിലുള്ള ടീമുകൾ ആയതിനാൽത്തന്നെ മത്സരം നിർണായകമാകും. എട്ടു മത്സരങ്ങളിൽ നിന്ന് പതിനേഴു പോയിന്റുമായി കേരളാ ബ്ലാസ്റ്റേഴ്സ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തും ആറു മത്സരങ്ങളിൽ നിന്ന് പതിനാറു പോയിന്റുമായി എഫ്സി ഗോവ രണ്ടാം സ്ഥാനത്തുമാണ്.

സീസണിലിൽ മികച്ച മുന്നേറ്റമാണ് എഫ്സി ഗോവ നടത്തിയത്. പത്താം സീസണിൽ കഴിഞ്ഞ ആറു മത്സരങ്ങളിൽ അഞ്ചെണ്ണത്തിൽ വിജയിച്ച ഗോവ ഒരു മത്സരത്തിൽ തോൽവി വഴങ്ങി. ജംഷെഡ്പൂരിനെതിരായ അവസാന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ഗോവ വിജയിച്ചിരുന്നു. കേരളാ ബ്ലാസ്റ്റേഴ്സ് റാങ്കിങ് ടേബിളിൽ ഒന്നാം സ്ഥാനത്താണെങ്കിലും ഗോവ ഇതുവരെ കളിച്ചത് ആറു മത്സരങ്ങൾ മാത്രമാണെന്നതും കണക്കിലെടുക്കണം. ആറു മത്സരങ്ങളിൽ നിന്നായി പത്ത് ഗോളുകൾ നേടിയ ഗോവ മൂന്നു ഗോളുകൾ മാത്രമാണ് വഴങ്ങിയത്.

മറുവശത്ത് എട്ടു മത്സരങ്ങൾ കളിച്ച കേരളാ ബ്ലാസ്റ്റേഴ്സ് അഞ്ചെണ്ണത്തിൽ വിജയിക്കുകയും രണ്ടു സമനിലയും ഒരു തോൽവിയും വഴങ്ങുകയും ചെയ്തു. ഇരു ടീമുകളും മൂന്നു ഗോളുകൾ വീതം നേടിയ ചെന്നൈക്കെതിരായ അവസാന മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങി. എട്ടു മത്സരങ്ങളിൽ നിന്നായി പതിമൂന്നു ഗോളുകൾ നേടിയ കേരളാ ബ്ലാസ്റ്റേഴ്സ് ഒൻപതു ഗോളുകൾ വഴങ്ങി.

ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ കീഴിൽ മുന്നേറുന്ന ടീമിന്റെ ഗോൾ വേട്ടയിൽ ഒന്നാമതാണ് ഡിമിട്രിയോസ് ഡയമന്റകോസ്. ലൂണ, ഡാനിഷ് ഫാറൂഖ്, പെപ്രയെന്നിവർ സ്ഥിരതയാർന്ന പ്രകടനത്തിലൂടെ ഗോൾ വേട്ടയിൽ ഇടം പിടിച്ചു.

ഇന്ത്യൻ സൂപ്പർ ലീഗിൽ പത്താം സീസണിലിതുവരെ ഏറ്റവും കൂടുതൽ ബ്ലോക്കുകൾ രെജിസ്റ്റർ ചെയ്തിട്ടുള്ള പ്രീതം കോട്ടാലുൾപ്പെടെയുള്ള പ്രതിരോധനിര ടീമിനായി ഉറപ്പോടെയാണ് നിലകൊള്ളുന്നത്. ഗോൾ കീപ്പർ സച്ചിൻ സുരേഷിന്റെ പ്രകടനവും പ്രശംസനീയമാണ്. പത്താം സീസണിൽ ഏറ്റവും കൂടുതൽ സേവുകൾ നേടിയ ഗോൾകീപ്പർമാരിൽ മൂന്നാമതാണ് താരം.

ഹെഡ് റ്റു ഹെഡ്

ഇരു ടീമുകളും ഇതുവരെ ഏറ്റുമുട്ടിയ മത്സരങ്ങൾ കണക്കിലെടുക്കുമ്പോൾ ഞായറാഴ്ചത്തെ മത്സരത്തിൽ എഫ്സി ഗോവക്ക് മുൻതൂക്കം വളരെ കൂടുതലാണ്.

ഇരു ടീമുകളും ഇതുവരെ പതിനെട്ടു മത്സരങ്ങൾ കളിച്ചപ്പോൾ പത്തെണ്ണത്തിൽ ഗോവയും നാലെണ്ണത്തിൽ കേരളാ ബ്ലാസ്റ്റേഴ്സും വിജയിച്ചു. നാലു മത്സരങ്ങൾ സമനിലയിൽ കലാശിച്ചു.

സാധ്യതാ ലൈനപ്പ്

എഫ്സി ഗോവ: (4-2-3-1)

അർഷ്ദീപ് സിംഗ് (ജികെ), സെറിട്ടൺ ഫെർണാണ്ടസ്, ഒഡെ ഒനൈന്ത്യ, സന്ദേശ് ജിംഗൻ, ജയ് ഗുപ്ത, റെയ്നിയർ ഫെർണാണ്ടസ്, കാൾ മക്ഹഗ്, ഉദാന്ത സിംഗ്, വിക്ടർ റോഡ്രിഗസ്, ബ്രാൻഡൻ ഫെർണാണ്ടസ്, നോഹ സദൗയി

കേരള ബ്ലാസ്റ്റേഴ്സ് എഫ്സി (4-4-2)

സച്ചിൻ സുരേഷ് (ജികെ), പ്രീതം കോട്ടാൽ, ഹോർമിപാം റൂയിവ, മിലോസ് ഡ്രിൻസിക്, നൗച്ച ഹുയ്ഡ്രോം സിങ്, ഡെയ്സുകെ സകായ്, ഡാനിഷ് ഫാറൂഖ്, വിബിൻ മോഹനൻ, മുഹമ്മദ് ഐമെൻ, ക്വാമെ പെപ്ര, അഡ്രിയാൻ ലൂണ

ടെലികാസ്റ്റ് വിവരങ്ങൾ

ഡിസംബർ മൂന്നിന് പണ്ഡിറ്റ് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ (ഫട്ടോർഡ സ്റ്റേഡിയം) എഫ്സി ഗോവയും കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും തമ്മിലുള്ള കളിയുടെ തത്സമയ സ്ട്രീമിംഗും പ്രക്ഷേപണവും ജിയോ സിനിമാ ആപ്പിലും സ്പോർട്സ് 18 ചാനലിലും ലഭ്യമാകും. രാത്രി 8.00 മണിക്കാണ് കിക്ക് ഓഫ്.