ഗോവയിലെ ബാംബോളിമിലെ ജിഎംസി സ്റ്റേഡിയത്തിൽ വച്ച് ഇന്ന് നടക്കുന്ന നൂറ്റിരണ്ടാം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സും ചെന്നൈയിൻ എഫ്‌സിയും തമ്മിൽ ഏറ്റുമുട്ടും. കേരളാബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകൻ കിബു വികുന സ്ഥാനമൊഴിഞ്ഞതിനാൽ ഇഷ്ഫാക് അഹമ്മദിന്റെ കീഴിലാകും നാളത്തെ മത്സരമുൾപ്പെടെ ഇനിയുള്ള രണ്ടു മത്സരങ്ങളും നടക്കുക.

പതിനെട്ടു മത്സരങ്ങളിൽ നിന്നായി വെറും മൂന്നു വിജയങ്ങൾ മാത്രമേ കേരളാബ്ലാസ്റ്റേഴ്സിന് നേടാനായിട്ടൊള്ളു. പതിനെട്ടു മത്സരങ്ങളിൽ നിന്ന് പതിനാറു പോയിന്റുകൾ സ്വന്തമാക്കി പത്താം സ്‌ഥാനത്താണ് കേരളാബ്ലാസ്റ്റേഴ്‌സ്. ഈ സീസണിൽ 22 ഗോളുകൾ നേടിയിട്ടുണ്ട് ബ്ലാസ്റ്റേഴ്സ്. ആറാം സ്ഥാനത്തുള്ള ജംഷെഡ്പൂർ എഫ്‌സി പോലും പതിനെട്ടു ഗോളുകൾ മാത്രമാണ് നേടിയിട്ടുള്ളത് എന്നതാണ് അതിലെ കൗതുകം. പക്ഷെ 33 തവണ ഗോൾ വഴങ്ങിയിട്ടുണ്ട് ബ്ലാസ്റ്റേഴ്‌സ്.  റാങ്കിങ്ങിൽ ബ്ലാസ്റ്റേഴ്സിന് താഴെയായി പതിനൊന്നാം സ്ഥാനത്തു നിൽക്കുന്ന ഒഡീഷ എഫ്സി മാത്രമാണ് ഈ സീസണിൽ അത്രത്തോളം ഗോളുകൾ വഴങ്ങിയിട്ടുള്ളത്.

മറുവശത്ത്, ചെന്നൈയിൻ എഫ്‌സി പത്തൊൻപതു മത്സരങ്ങളിൽ മത്സരങ്ങളിൽ നിന്ന് പതിനാറു തവണ മാത്രമാണ് ഗോൾ നേടിയത്. പത്തൊൻപതു മത്സരങ്ങളിൽ നിന്നായി പത്തൊൻപതു പോയിന്റുകൾ നേടി എട്ടാം സ്ഥാനത്തു നിൽക്കുന്ന ചെന്നൈയിൻ എഫ്‌സി ഇരുപത്തി രണ്ടു ഗോളുകളാണ് വഴങ്ങിയിട്ടുള്ളത്. പത്തൊൻപതു മത്സരങ്ങളിൽ നിന്നായി മൂന്നു വിജയങ്ങളെ ചെന്നൈയിനും സ്വന്തമാക്കാൻ ആയിട്ടുള്ളു. എന്നാൽ ബ്ലാസ്റ്റേഴ്സിനെക്കാൾ അധികമായി മൂന്നു സമനിലകൾ, അത് വഴി മൂന്നു പോയിന്റുകൾ നേടാനും ചെന്നൈക്കായി. ഈ മൂന്നു സമനിലകളാണ് ബ്ലാസ്റ്റേഴ്സിനെക്കാൾ രണ്ടു റാങ്ക് മെച്ചപ്പെടുത്തി എട്ടാം റാങ്കിൽ തുടരാൻ ചെന്നൈയിനെ സഹായിച്ചത്.

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇതുവരെ പതിനാലു തവണയാണ് ചെന്നൈയിൻ എഫ്‌സിയും കേരളാബ്ലാസ്റ്റേഴ്‌സ് എഫ്‌സിയും ഏറ്റുമുട്ടിയിട്ടുള്ളത്. ആറു മത്സരങ്ങളിൽ ചെന്നൈയിൻ വിജയിച്ചപ്പോൾ മൂന്നു മത്സരങ്ങൾ കേരളാബ്ലാസ്റ്റേഴ്‌സ് വിജയിച്ചു. ആറു മത്സരങ്ങൾ സമനിലയിൽ കലാശിച്ചു.

കേരള ബ്ലാസ്റ്റേഴ്സ് പ്രെഡിക്ടഡ് സ്റ്റാർട്ടിംഗ് ഇലവൻ

ആൽബിനോ ഗോമസ് (ജികെ), ലാൽരുത്താര, അബ്ദുൽ ഹക്കു, ബക്കാരി കോൺ, ദെനേചന്ദ്ര മീതേയ്‌, സഹൽ അബ്ദുൾ സമദ്, വിസെന്റെ ഗോമസ്, ജുവാണ്ടെ, രാഹുൽ കെപി, ഗാരി ഹൂപ്പർ, ജോർദാൻ മുറെ.

ചെന്നൈയിൻ എഫ്‌സി പ്രെഡിക്ടഡ് സ്റ്റാർട്ടിംഗ് ഇലവൻ

വിശാൽ കൈത്ത് (ജികെ), റീഗൻ സിംഗ്, എലി സാബിയ, എനെസ് സിപ്പോവിക്, ജെറി ലാൽറിൻസുവാല, മാനുവൽ ലാൻസരോട്ട്, അനിരുദ്ധ് ഥാപ്പ, മെമ്മോ മൗറ, റഹിം അലി, ജാക്കുബ് സിൽ‌വെസ്റ്റർ, ലാലിയാൻ‌സുവാല ചാങ്‌തെ.

മറ്റ് വിശദാംശങ്ങൾ

മത്സരം: കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി vs ചെന്നൈയിൻ എഫ്‌സി, ഐ‌എസ്‌എൽ മാച്ച് നമ്പർ 102

തീയതി: ഫെബ്രുവരി 21, 2021, വൈകുന്നേരം 7:30 ന് IST

സ്ഥലം: ജിഎംസി സ്റ്റേഡിയം, ബാംബോളിം, ഗോവ