കേരള ബ്ലാസ്റ്റേഴ്സിൻ്റെ എക്കാലത്തെയും മികച്ച ആറ് വിദേശ സൈനിംഗുകൾ
മൂന്ന് തവണ ഐഎസ്എൽ ഫൈനലിലെത്തിയ ടീമിനെ ഓരോ സീസണിലും മുന്നോട്ട് നയിച്ചത് ഇച്ഛാശക്തിയും പ്രതിഭയും ഒത്തിണങ്ങിയ വിദേശ താരങ്ങൾ കൂടിയാണ്.

ഇന്ത്യൻ സൂപ്പർ ലീഗിൽ ഓരോ ക്ലബ്ബിന്റെയും കുതിപ്പിന് ചുക്കാൻ പിടിക്കുന്നതിൽ വിദേശ താരങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഐഎസ്എല്ലിന്റെ അരങ്ങേറ്റ സീസൺ മുതൽ പതിനൊന്നാം സീസൺ വരെ വിവിധ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തി തങ്ങളുടെ കഴിവ് തെളിയിച്ച ഒരുപാട് പ്രതിഭകളുണ്ട്.
കേരള ബ്ലാസ്റ്റേഴ്സിന്റെ കാര്യവും വ്യത്യസ്തമല്ല. ലോകോത്തര ടീമുകൾക്കായി ബൂട്ടണിഞ്ഞ് ഇതിഹാസ പദവി നേടിയ കളിക്കാർ വരെ മഞ്ഞക്കുപ്പായമണിഞ്ഞ് കൊച്ചിയിൽ പന്ത് തട്ടിയിട്ടുണ്ട്. മൂന്ന് തവണ ഫൈനലിലെത്തിയ ടീമിനെ ഓരോ സീസണിലും മുന്നോട്ട് നയിച്ചത് ഇച്ഛാശക്തിയും പ്രതിഭയും ഒത്തിണങ്ങിയ വിദേശ താരങ്ങൾ കൂടിയാണ്.
കഴിഞ്ഞ പതിനൊന്ന് സീസണുകളിലായി കേരള ബ്ലാസ്റ്റേഴ്‌സ് നടത്തിയ ഏറ്റവും മികച്ച ആറ് വിദേശ സൈനിംഗുകളെ പരിചയപ്പെടാം.
ഇയാൻ ഹ്യൂം: ആരാധകരുടെ സ്വന്തം 'ഹ്യൂമേട്ടൻ'
മലയാളി ഫുട്ബോൾ ആരാധകർക്ക് ഇയാൻ ഹ്യൂം ഒരു കളിക്കാരൻ മാത്രമായിരുന്നില്ല, അവരുടെ സ്വന്തം 'ഹ്യൂമേട്ടൻ' ആയിരുന്നു. അപാരമായ പോരാട്ടവീര്യവും ക്ലബ്ബിനോടുള്ള അടങ്ങാത്ത സ്നേഹവും ഗോളിലേക്കുള്ള നിരന്തരമായ പ്രയാണവുമാണ് അദ്ദേഹത്തിന് ആ വിളിപ്പേര് നേടിക്കൊടുത്തത്.
2014-ലെ അരങ്ങേറ്റ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ മാർക്വീ താരമായി എത്തിയ ഹ്യൂമാണ് ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ ഗോൾ നേടിയത്. 16 മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളും മൂന്ന് അസിസ്റ്റുമായി ടീമിനെ അരങ്ങേറ്റ സീസണിൽ ഫൈനലിലെത്തിക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. ആ സീസണിലെ മികച്ച താരത്തിനുള്ള 'ഗോൾഡൻ ബോൾ' പുരസ്കാരവും ഹ്യൂമിനായിരുന്നു.
ഒരു ഇടവേളക്ക് ശേഷം ഹ്യൂം ക്ലബ്ബിലേക്ക് തിരിച്ചെത്തിയത് 2017 -18 സീസണിൽ. 13 മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകൾ കൂടി നേടിയ അദ്ദേഹം, ഡൽഹി ഡയനാമോസിനെതിരെ ഒരു ഹാട്രിക്കും സ്വന്തമാക്കി. കളിക്കളത്തിലെ അദ്ദേഹത്തിന്റെ സ്വാധീനം കണക്കുകൾക്കും അപ്പുറമായിരുന്നു. പരിക്കേറ്റ തലയിൽ ബാൻഡേജ് കെട്ടി, പോരാട്ടവീര്യവും ജയിക്കാനുള്ള മനോഭാവവും കൈമുതലാക്കി കളത്തിലിറങ്ങിയ അദ്ദേഹം ടീമിന്റെയും സ്റ്റേഡിയത്തിൽ നിറഞ്ഞ ആരാധകക്കൂട്ടത്തിന്റെയും ഊർജ്ജകേന്ദ്രം കൂടിയായിരുന്നു. ആ ചിത്രം ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്നു.
സെഡ്രിക്ക് ഹെങ്ബർട്ട്: പ്രതിരോധത്തിലെ 'വലിയേട്ടൻ'
കേരള ബ്ലാസ്‌റ്റേഴ്‌സിനെ രണ്ട് തവണ ഫൈനലിലെത്തിച്ചപ്പോൾ പ്രതിരോധക്കോട്ടയ്ക്ക് കരുത്തുപകർന്ന ഫ്രഞ്ച് വന്മതിലായിരുന്നു സെഡ്രിക്ക് ഹെങ്ബർട്ട്. തന്റെ അനുഭവസമ്പത്തും നേതൃത്വപാടവവും കൊണ്ട് അദ്ദേഹം ടീമിന്റെ പ്രതിരോധനിരയെ ഉറപ്പിച്ചു നിർത്തി.
2014-ൽ 88.19% പാസിംഗ് കൃത്യതയോടെ അദ്ദേഹം ഏവരെയും അതിശയിപ്പിച്ചു. ക്ലബ്ബിനായി കളിച്ച 30 മത്സരങ്ങളിൽ നിന്ന് 10 ക്ലീൻ ഷീറ്റുകൾ നേടിയ ഈ ഡിഫൻഡർ, ഒരു ഗോളും നാല് അസിസ്റ്റുകളുമായി ആക്രമണത്തിനും പിന്തുണ നൽകി.
ആരോൺ ഹ്യൂഗ്സിന്റെ അഭാവത്തിൽ ക്യാപ്റ്റന്റെ ആംബാൻഡ് അണിഞ്ഞ ഹെങ്ബർട്ട്, എതിരാളികളുടെ മുന്നേറ്റങ്ങൾ നിർവീര്യമാക്കുന്നതിലും പന്ത് പിടിച്ചെടുക്കുന്നതിലും മികച്ചുനിന്നു. ശാന്തമായ സ്വഭാവവും കളത്തിലെ പക്വതയും അദ്ദേഹത്തിന് ആരാധകർക്കിടയിൽ 'വലിയേട്ടൻ' എന്ന പേര് നേടിക്കൊടുത്തു.
ആരോൺ ഹ്യൂഗ്‌സ്: ശാന്തനായ നായകൻ
ഒരു സീസൺ കൊണ്ട് മാത്രം ഒരു ടീമിന്റെ ചരിത്രത്തിലും ആരധകരുടെ മനസിലും ഇടംപിടിക്കാൻ കഴിയുമോ? കഴിയുമെന്ന് തെളിയിച്ചു അയർലണ്ട് താരം ആരോൺ ഹ്യൂഗ്‌സ്. കളിച്ച ഒരു സീസൺ കൊണ്ട് തന്നെ തന്റെ പാരമ്പര്യം ഇന്ത്യൻ ഫുട്ബോളിന് മുന്നിൽ തെളിയിച്ചു അദ്ദേഹം.
ന്യൂകാസിൽ യുണൈറ്റഡ്, ഫുൾഹാം തുടങ്ങിയ പ്രീമിയർ ലീഗ് ക്ലബ്ബുകളിൽ കളിച്ചതിന്റെ അനുഭവസമ്പത്തുമായി 2016-ൽ ബ്ലാസ്റ്റേഴ്സിന്റെ മാർക്വീ ക്യാപ്റ്റനായി എത്തിയ ഹ്യൂഗ്‌സിന്റെ ചിറകിലേറിയാണ് ടീം രണ്ടാം തവണ ഫൈനലിലേക്ക് കുതിച്ചത്.
സെന്റർ ബാക്കിൽ ഹെങ്‌ബെർട്ടിനൊപ്പം പങ്കാളിത്തമുണ്ടാക്കിയ ഹ്യൂഗ്‌സ്, ആ സീസണിൽ പുണെ സിറ്റിക്കെതിരായ നിർണായക മത്സരത്തിൽ നേടിയ ഗോളും തുടർന്നുള്ള ജയവും ബ്ലാസ്‌റ്റേഴ്‌സിനെ പ്ലേഓഫിലേക്ക് അടുപ്പിച്ചു. എന്നാൽ, അത്ലറ്റികോ ഡി കൊൽക്കത്തയ്ക്ക് എതിരായ ഫൈനലിൽ 36-ാം മിനിറ്റിൽ 36-ാം മിനിറ്റിൽ കളം വിടേണ്ടി വന്നത് ടീമിന് വലിയ തിരിച്ചടിയായി. ആ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് പെനാൽറ്റിയിൽ പരാജയപ്പെട്ടെങ്കിലും ഹ്യൂഗ്സ് എന്ന നായകൻ ആരാധകരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടി.
ബർത്തലോമ്യു ഓഗ്ബെച്ചെ: ഗോളടിയന്ത്രം
ഒറ്റ സീസൺ, 16 മത്സരങ്ങൾ, 15 ഗോളുകൾ! 2019-20 സീസണിൽ ബർത്തലോമ്യു ഓഗ്ബെച്ചെ എന്ന നൈജീരിയൻ ഗോളടിയന്ത്രം ബ്ലാസ്റ്റേഴ്സിനായി കാഴ്ചവെച്ച പ്രകടനമാണിത്. പരിക്കുകൾ വലച്ച, പോയിൻ്റ് പട്ടികയിൽ തകർന്നടിഞ്ഞ ഒരു ടീമിനൊപ്പമാണ് അദ്ദേഹം ഈ അത്ഭുത പ്രകടനം നടത്തിയത് എന്നത് അദ്ദേഹത്തിന്റെ മികവിന് അടിവരയിടുന്നു. ആ ഒറ്റ സീസൺ കൊണ്ട് അദ്ദേഹം ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി മാറി.
ഗോൾ കണ്ടെത്താനുള്ള സഹജമായ കഴിവ് അദ്ദേഹത്തിന് 'ബിഗ് ബാർട്ട്' എന്ന വിളിപ്പേര് നേടിക്കൊടുത്തു. നൂലിഴ വ്യത്യാസത്തിലാണ് അന്ന് അദ്ദേഹത്തിന് ഗോൾഡൻ ബൂട്ട് നഷ്ടമായത്. ഓഗ്ബെച്ചെ പിന്നീട് മറ്റ് ഐഎസ്എൽ ക്ലബ്ബുകൾക്കായും ഗോളടിച്ചുകൂട്ടി, ലീഗിലെ തന്നെ എക്കാലത്തെയും മികച്ച സ്ട്രൈക്കർമാരിൽ ഒരാളായി പേരെടുത്തു. 98 മത്സരങ്ങളിൽ നിന്നും അദ്ദേഹം നേടിയത് ഐഎസ്എല്ലിൽ നേടിയത് 63 ഗോളുകളും 9 അസിസ്റ്റും.
അഡ്രിയാൻ ലൂണ: മഞ്ഞപ്പടയുടെ മജീഷ്യൻ
കേരള ബ്ലാസ്റ്റേഴ്സിന്റെ മജീഷ്യനെന്ന് ഇന്ത്യൻ ഫുട്ബോൾ ലോകം വിശേഷിപ്പിക്കുന്ന ഒരു ക്രീയേറ്റീവ് ജീനിയസ്. അതാണ് അഡ്രിയാൻ ലൂണ എന്ന ഉറുഗ്വേൻ താരം. ക്ലബ്ബിനായി ഏറ്റവുമധികം മത്സരങ്ങൾ കളിച്ച വിദേശ താരം, ഏറ്റവുമധികം അസിസ്റ്റുകൾ, ഏറ്റവുമധികം ഗോൾ പങ്കാളിത്തം എന്നിങ്ങനെ റെക്കോർഡുകളുടെ ഒരു നീണ്ട നിര തന്നെ ഈ മുപ്പത്തിമൂന്നുകാരന്റെ പേരിലുണ്ട്.
2021-22 സീസണിൽ ഇവാൻ വുകുമനോവിച്ചിന് കീഴിൽ കേരള ബ്ലാസ്റ്റേഴ്സിനെ ഫൈനലിലെത്തിച്ചതിന്റെ സൂത്രധാരൻ ടീമിന്റെ നെടുംതൂണും ഹൃദയ സ്പന്ദനവുമായ ലൂണയായിരുന്നു. അറ്റാക്കിംഗ് മിഡ്ഫീൽഡറുടെ റോളിൽ നിന്ന് ടീമിന്റെ ആവശ്യങ്ങൾക്കായി വിങ്ങുകളിലേക്കും സെൻട്രൽ മിഡ്ഫീൽഡിലേക്കും ഇറങ്ങിക്കളിച്ച അദ്ദേഹം, തന്റെ കളിമികവും നേതൃത്വപാടവവും കൊണ്ട് സെർബിയൻ പരിശീലകനായ ഇവാൻ വുകുമനോവിച്ചിന്റെ വജ്രായുധമായി. മൂന്ന് സീസണുകളിലും ടീമിനെ പ്ലേ ഓഫിലെത്തിച്ച ലൂണ, ബ്ലാസ്റ്റേഴ്സ് ചരിത്രത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ താരങ്ങളിൽ ഒരാളാണ്.
ദിമിത്രിയോസ് ഡയമന്റകോസ്: ക്ലിനിക്കൽ ഫിനിഷർ
കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ. 'ഡിമി' എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ദിമിത്രിയോസ് ഡയമന്റകോസ്, വെറും രണ്ട് സീസൺ കൊണ്ടാണ് ഓഗ്ബെച്ചെയുടെ റെക്കോർഡ് തകർത്തത്. 2022-23ലെ അരങ്ങേറ്റ സീസണിൽ 12 ഗോളുകൾ നേടിയ ഡിമി, തുടർച്ചയായി അഞ്ച് മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ ബ്ലാസ്റ്റേഴ്‌സ് താരമായി.
തൊട്ടടുത്ത സീസണിലും (2023-24) അദ്ദേഹം ഗോൾവേട്ട തുടർന്നു. 17 മത്സരങ്ങളിൽ നിന്ന് 13 ഗോളുകൾ നേടി ഐഎസ്എൽ ഗോൾഡൻ ബൂട്ട് സ്വന്തമാക്കി. ക്ലിനിക്കൽ ഫിനിഷിംഗും കൃത്യതയുമാണ് ഈ ഗ്രീക്ക് താരത്തെ അപകടകാരിയാക്കുന്നത്. സൂപ്പർ കപ്പിലും (5 ഗോളുകൾ) ഐഎസ്എല്ലിലും (25 ഗോളുകൾ) ക്ലബ്ബിന്റെ ടോപ് സ്കോറർ എന്ന റെക്കോർഡ് ഡിമിയുടെ പേരിലാണ്.