സ്പാർട്ട പ്രാഹയുടെ ഇതിഹാസതാരം കോസ്റ്റ നമൊയ്നെസുവുമായി കരാർ ഒപ്പിട്ട് കേരളാ ബ്ലാസ്റ്റേഴ്സ്!

സ്പാർട്ട പ്രാഹയുടെ “ഇതിഹാസം", സെന്റർബാക്ക് താരം കോസ്റ്റ നമൊയ്നെസുവുമായി കരാർ ഒപ്പിട്ട് കേരളാബ്ലാസ്റ്റേഴ്‌സ്. 34 വയസുള്ള സിംബാബ്‌വെ സ്വദേശിയായ കോസ്റ്റയെ ഒരു വർഷത്തെ കരാറിലാണ് ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചിരിക്കുന്നത്. ക്ലബ്ബ് ഫുട്ബാളിൽ മാത്രം 325 മത്സരങ്ങളുടെ പരിചയസമ്പത്തുള്ള പ്രതിരോധനിര താരമായ കോസ്റ്റക്ക്, സിംബാബ്‌വെ ദേശീയ ടീമിനായി ആഫ്രിക്കൻ നേഷൻസ് കപ്പും ആഫ്രിക്കൻ നേഷൻസ് കപ്പ് യോഗ്യതാ മത്സരങ്ങളും ഉൾപ്പടെ 9 മത്സരങ്ങളുടെയും യൂറോപ്യൻ ചാംപ്യൻഷിപ്പുകളിൽ 40 മത്സരങ്ങളുടെയും പരിചയ സമ്പത്തുണ്ട്.  5 ഗോളുകളും യൂറോപ്യൻ കോമ്പറ്റിഷനിൽ കോസ്റ്റ സ്വന്തമാക്കിയിട്ടുണ്ട്.

മദ്ധ്യ യൂറോപ്പിലെ പ്രശസ്ത ക്ലബ്ബായ സ്പാർട്ട പ്രാഹക്കായി ക്യാപ്റ്റൻ ബാൻഡ് അണിഞ്ഞിട്ടുള്ള കോസ്റ്റ, 203 മത്സരങ്ങൾ ടീമിനായി കളിച്ചിട്ടുണ്ട്. ടീമിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചിട്ടുള്ള വിദേശ താരം കൂടിയാണ് കോസ്റ്റ.

കോസ്റ്റ നമൊയ്നെസ് ടീമിനൊപ്പം അദ്ദേഹത്തിന്റെ 200 മത്സരങ്ങൾ പൂർത്തിയാക്കിയ അവസരത്തിൽ സ്പാർട്ട പ്രാഹ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അകൗണ്ടിൽ ഇങ്ങനെയാണ് രേഖപ്പെടുത്തിയത്;

“200 matches for sparta. The man , the legend… COSTA !!!

സ്പാർട്ട പ്രഹയ്ക്കായി ഒരു ടോപ് ഡിവിഷൻ ലീഗ് കിരീടം, 2 ചെക്ക് കപ്പ് കിരീടങ്ങൾ, ഒരു സൂപ്പർ കപ്പ് കിരീടം ഉൾപ്പടെ 4 കിരീടങ്ങളും താരം നേടിയിട്ടുണ്ട്. 2016-ൽ സ്പാർട്ട പ്രാഹയെ യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനൽസിൽ എത്തിക്കാൻ കഴിഞ്ഞതു കോസ്റ്റയുടെ കരിയറിലെ നാഴികക്കല്ലായി കണക്കാക്കപ്പെടുന്നു.

കരാറിനെപ്പറ്റി കോസ്റ്റ നമൊയ്നെസുവിന്റെ പ്രതികരണം

"പുതിയ സംസ്‌കാരവും ആരാധകരേയും നേരിട്ട് പരിചയപ്പെടാനാകും എന്നത് ആവേശകരമായ അനുഭവമാണ്. സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് മികച്ച ഒരു പദ്ധതിയുണ്ടെന്നും തന്റെ പുതിയ സഹതാരങ്ങളെ കണ്ടുമുട്ടുന്നതും പുതിയ സംസ്‌കാരങ്ങള്‍ പഠിക്കുന്നതും എന്നെ മോഹിപ്പിക്കുകയും ജിജ്ഞാസ ഉണര്‍ത്തുകയും ചെയ്യുന്നു. ക്ലബ്ബിന്റെ ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കുന്നതിന് പരമാവധി ശ്രമിക്കും. ആരാധകര്‍ നല്‍കുന്ന ആവേശം വളരെ അധികം ആകര്‍ഷിക്കുന്നുണ്ട്. ഊര്‍ജ്ജസ്വലവും ശക്തവും ആത്യാവേശവും നിറഞ്ഞ ആരാധകവൃന്ദമുള്ള ഒരു ക്ലബ് സ്റ്റേഡിയത്തില്‍ മികച്ച പ്രകടനം അര്‍ഹിക്കുന്നുണ്ട്. എന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് മാനേജ്‌മെന്റിനും ഒപ്പം ക്ലബിനെ പരിചയപ്പെടുത്തിയതിന് ഏജന്റിനും നന്ദി. കേരളത്തെയും ക്ലബിനെയും കുറിച്ച് കൂടുതലറിയാന്‍ ആഗ്രഹിക്കുന്നു. ‘ഒരേയൊരു പ്രണയം, മഞ്ഞപ്പടയോട്’." കേരള ബ്ലാസ്റ്റേഴ്‌സുമായി ഒരു വര്‍ഷത്തെ കരാര്‍ ഒപ്പിട്ട ശേഷം കോസ്റ്റ പ്രതികരിച്ചു.

കോസ്റ്റയുടെ ഫുട്ബോൾ കരിയർ ഇതുവരെ!

സിംബാബ്‌വെ സ്വാദേശിയായ കോസ്റ്റ സ്കൂൾ കാലഘട്ടത്തിൽ കാഴ്ചവച്ച മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ സിംബാബ്‌വെയിലെ ലോക്കൽ ക്ലബ് ആയ ഡാർറിൻ ടെക്സ്റ്റെയിൽസ് യുണൈറ്റഡ് എഫ്‌സി, തങ്ങളുടെ ക്ലബ്ബിൽ കളിക്കാനുള്ള അവസരവും സ്കോളർഷിപ്പോടു കൂടിയുള്ള പഠനത്തിനും താമസവും നൽകിയിരുന്നു. തുടർന്ന് 2004-2005 സീസണിൽ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ സിംബാബ്‌വെയിലെ അമസുലു എഫ്‌സിയിലേക്ക് കോസ്റ്റക്ക് അവസരം ലഭിച്ചു. തുടർന്ന് സിംബാബ്‌വെയിലെ പ്രശസ്ത ക്ലബ്ബായ മാസ്വിൻഗോ യുണൈറ്റഡ് എഫ്‌സിയുമായി താരം നാലു വർഷത്തേക്ക് കരാറിലെത്തി. കോസ്റ്റയുടെ മികച്ച സ്ഥിരതയാർന്ന പ്രകടനം പോളണ്ടിലെ അഞ്ചാം ഡിവിഷൻ അമച്വർ ക്ലബ്ബ് ആയ വിസ്റ്റ ഉസ്‌റ്റോണിയാങ്കയിൽ ആറു മാസത്തെ ലോണിൽ ഇടം നേടിക്കൊടുത്തു. പിന്നീട് 2008-ൽ 2 വർഷത്തെ ലോണിൽ പോളിഷ് സെക്കന്റ്‌ ഡിവിഷൻ ക്ലബ്ബ് ആയ സഗ്ലെബീ ലുബിനിലേക്ക് കോസ്റ്റ കുടിയേറി. ആദ്യ സീസണിൽ 27 മത്സരങ്ങൾ കോസ്റ്റ ടീമിനായി കളിച്ചു. 2009-2010 സീസണിൽ പോളിഷ് ടോപ് ഡിവിഷൻ ലീഗ് ആയ എക്സ്ട്രാക്‌ളാസയിലേക്കു സ്ഥാനക്കയറ്റം നേടിയ സഗ്ലബീ ലുബിനായി കോസ്റ്റ 24 മത്സരങ്ങൾ കളിക്കുകയും ഒരു ഗോൾ നേടുകയും ചെയ്തു.

പിന്നീട് ലോണിലായിരുന്ന കോസ്റ്റയെ 5 വർഷത്തെ കരാറിൽ സഗ്ലബീ ലുബിൻ സ്വന്തമാക്കി. ടീമിനായി 2011-2012 സീസണിൽ 27 മത്സരങ്ങളും 2012-2013 സീസണിൽ 23 മത്സരങ്ങളും കളിച്ച കോസ്റ്റ 4 ഗോളുകളും നേടി. സഗ്ലബീ ലുബിൻ ടീമിനൊപ്പം 119 മത്സരങ്ങൾ കോസ്റ്റ കളിച്ചു. 2013-2014 സീസണിൽ പ്രശസ്ത ചെക് റിപ്പബ്ലിക്കൻ ടീമായ സ്പാർട്ട പ്രാഹ  2 വർഷത്തേക്ക് കോസ്റ്റയെ സ്വന്തമാക്കി. ടീമിനൊപ്പം ആദ്യ സീസണിൽ ഫോർച്യുന ലീഗയിൽ 24 മത്സരങ്ങൾ കളിച്ച താരം  3 ഗോളുകൾ നേടുകയും ടീം  ടോപ് ഡിവിഷൻ ലീഗ് കിരീടം മുഖ്യ പങ്കു വഹിക്കുകയും ചെയ്തു. 2013-2014 സീസണിൽ ചെക് റിപ്പബ്ലിക്കിലെ ഏറ്റവും മികച്ച വിദേശ താരമായി തിരഞ്ഞെടുക്കപ്പെട്ടതും കോസ്റ്റ ആയിരുന്നു.

തുടർന്നു 2014-2015 സീസണിൽ ഫോർച്യൂന ലീഗയിൽ 28 മത്സരങ്ങളിലും, 2015-2016 സീസണിൽ 25 മത്സരങ്ങളിലും കോസ്റ്റ സ്പാർട്ട പ്രാഹ ജേഴ്‌സിയിൽ കളിച്ചു. 2015-2016 സീസണിൽ 3 ഗോളുകളും കോസ്റ്റ നേടി. മികച്ച പ്രകടനം ടീമിനായി കാഴ്ചവച്ച കോസ്റ്റയുമായുള്ള കരാർ സ്പാർട്ട പ്രാഹ പുതുക്കി. 2016-2017 സീസണിലും 2017-2018 സീസണിലും ഫോർച്യുന ലീഗയിൽ 16 മത്സരങ്ങൾ വീതവും  2018-2019 സീസണിൽ ഫോർച്യുന ലിഗ, ചാമ്പ്യൻഷിപ്പ് ഗ്രൂപ്പ് മത്സരങ്ങൾ ഉൾപ്പടെ 28 മത്സരങ്ങളും കോസ്റ്റ സ്പാർട്ട പ്രാഹക്കായി കോസ്റ്റ കളിച്ചു.  2 ഗോളുകളും താരം നേടി. 2018-2019 സീസണിൽ പരിക്കുമൂലം 9 മത്സരങ്ങൾ മാത്രമാണ് കോസ്റ്റക്കു കളിക്കാനായത്. ഒരു ഗോളും നേടി. 2019-2020 സീസണിൽ ഒരു ചെക്ക് കപ്പ്‌ കിരീടം നേടാനും കോസ്റ്റക്കു കഴിഞ്ഞു.

ബ്ലാസ്റ്റേഴ്സിനൊപ്പം കോസ്റ്റയുടെ ഭാവി?

യൂറോപ്പിലെ ടോപ് ലീഗുകളിൽ 12 വർഷത്തെ പരിചയസമ്പത്തും മികച്ച കായീക ക്ഷമതയും 6 അടിയിലധിയകം ഉയരവും പ്രധിരോധ മികവും പവർഫുൾ ഹെഡ്ഡറുകൾ നൽകാനുള്ള ശേഷിയും ജംപിങ് റീച്ചും ലോങ്ങ് ത്രോയും ഡ്രിബ്ലിങ് സ്കിൽസും കൃത്യതയാർന്ന മാൻ മാർക്കിങ് കഴിവും വേഗതയും എല്ലാത്തിനുമുപരിയായി  ലീഡർ ഷിപ് ക്വാളിറ്റിയും തികഞ്ഞ ഒരു പ്ലയെർ ആണെന്നെന്നുള്ളതാണ് കോസ്റ്റയെ വ്യത്യസ്തനാക്കുന്നത്.

വരും സീസണിൽ ഈ കഴിവുകൾ ബ്ലാസ്റ്റേഴ്സിന് മുതൽക്കൂട്ടാകുമെന്നുറപ്പാണ്. ബാക്കിയെല്ലാം കാത്തിരുന്ന് തന്നെ കാണാം.

Your Comments

Your Comments