യുവ പ്രധിരോധ താരം ലിക്മാബാം രാകേഷുമായി കരാറിലെത്തി ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. 3 വർഷത്തെ കരാറിൽ 2027 വരെയാണ് ലിക്മാബാം ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടാകുക. കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച ഗോൾകീപ്പർ സോം കുമാറിനു ശേഷം കേരളാ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം സമ്മർ സൈനിംഗാണ് ലിക്മാബാം രാകേഷ്.

മണിപ്പൂരിൽ ജനിച്ച 21-കാരൻ നെറോക എഫ്‌സിയിൽ നിന്നാണ് തന്റെ പ്രൊഫഷണൽ ജീവിതം ആരംഭിച്ചത്. 2018-ൽ ബെംഗളൂരു എഫ്‌സി അക്കാദമിയുടെ ഭാഗമായ താരം അക്കാദമിയുടെ 16, അണ്ടർ 18, റിസർവ് ടീമുകളെ പ്രതിനിധീകരിച്ച് പ്രശസ്തമായ റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്‌മെന്റ് ലീഗ് ഉൾപ്പെടെ വിവിധ പ്രായത്തിലുള്ള ഗ്രൂപ്പ് ടൂർണമെന്റുകളിൽ പങ്കെടുക്കുകയും ചെയ്തു. 2022-ൽ തന്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ച ക്ലബിലേക്ക് മടങ്ങിയപ്പോൾ, തന്റെ യുവ ഫുട്ബോൾ കരിയറിൽ ഉടനീളം സ്ഥിരതയും പക്വതയും അദ്ദേഹം പ്രകടിപ്പിച്ചു.

ഐ-ലീഗ്, ഡ്യൂറൻഡ് കപ്പ്, സൂപ്പർ കപ്പ് യോഗ്യതാ മത്സരങ്ങളിൽ നെറോക്ക എഫ്‌സിക്ക് വേണ്ടി രാകേഷ് 40-ലധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രകടനങ്ങളിൽ ഭൂരിഭാഗവും സാധാരണ ലെഫ്റ്റ് ബാക്ക് പൊസിഷനിലായിരുന്നെങ്കിലും സെന്റർ-ബാക്കായും അദ്ദേഹത്തിന് കളിക്കാൻ കഴിയും.

സ്‌പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പറഞ്ഞു.

"ലിക്മാബാം രാകേഷിനെ കേരള ബ്ലാസ്റ്റേഴ്സിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഈ സീസണിൽ ഒരുപാട് സാധ്യതകൾ കാണിച്ച അദ്ദേഹം ഭാവിയിൽ ഞങ്ങൾക്ക് വിലപ്പെട്ട ഒരു കളിക്കാരനാകുമെന്ന് വിശ്വസിക്കാൻ ഞങ്ങളെ അനുവദിക്കുന്നു. ഈ നിമിഷത്തിൽ രാകേഷിന്റെയും ഞങ്ങളുടെയും ശ്രദ്ധ അവന്റെ വികസനത്തിന് ഏറ്റവും മികച്ച വഴി കണ്ടെത്തുന്നതിലാണ്."