നോറ ഫെർണാണ്ടസുമായി 2027വരെ കരാർ ഒപ്പിട്ട് കേരള ബ്ലാസ്റ്റേഴ്സ്!
ഗോൾകീപ്പർ നോറ ഫെർണാണ്ടസുമായി 2027വരെ കരാർ ഒപ്പിട്ട് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി.

യുവ ഗോൾകീപ്പർ നോറ ഫെർണാണ്ടസിനെ 2027വരെ കരാർ ഒപ്പിട്ട് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി. ഐ ലീഗ് ടീമായ ഐസ്വാൾ എഫ്സിയിൽ നിന്നാണ് നോറ ബ്ലാസ്റ്റേഴ്സിലേക്ക് കുടിയേറുന്നത്. ഐസ്വാൾ എഫ്സിക്ക് വേണ്ടി 17 മത്സരങ്ങളിൽ കളത്തിലിറങ്ങിയ 25-കാരനായ യുവ ഗോൾകീപ്പർ മികച്ച പ്രകടനം ടീമിനായി കാഴ്ചവച്ചിരുന്നു.
ഗോവയിൽ ജനിച്ച നോറ സാൽഗോക്കർ എഫ്‌സിയിൽ അണ്ടർ 18 ടീമിനൊപ്പം തന്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചു. 2020-ൽ ചർച്ചിൽ ബ്രദേഴ്സിലേക്ക് കുടിയേറുന്നതിന് മുൻപ് U18 ഐ-ലീഗിലും ഗോവ പ്രൊഫഷണൽ ലീഗിലും സാൽഗോക്കർ എഫ്‌സിയെ പ്രതിനിധീകരിച്ച നോറ 2020 നും 2023 നും ഇടയിൽ 12 മത്സരങ്ങളിൽ ഗോൾ വല കാത്തു.
"നോറയുടെ ടീമിൽ ഉൾപ്പെടുത്തിയത് അദ്ദേഹത്തിന്റെ സ്ഥിരതയുള്ള പ്രകടനം, സ്വാഭാവികമായ കഴിവ്, ഗോൾപോസ്റ്റിനു മുന്നിലെ കമാൻഡിംഗ് ഫിസിക് എന്നിവയെ അടിസ്ഥാനമാക്കിയാണ്. ഗോൾകീപ്പർ സ്ഥാനം ശക്തിപ്പെടുത്താൻ ഞങ്ങൾക്ക് ചുമതല ഉണ്ടായിരുന്നു, ഈ സ്ഥാനത്ത് ഞങ്ങൾക്ക് ശക്തി പകരാൻ നോറക്ക് സാധിക്കുമെന്ന് ഞങ്ങൾ വിലയിരുത്തുന്നു." കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സ്പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പറഞ്ഞു.
"കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി പോലുള്ള ക്ലബ്ബിൽ ചേരുന്നതിൽ എനിക്ക് അഭിമാനവും ആവേശവുമുണ്ട്. എന്റെ ആദ്യ ഐഎസ്എൽ സീസണിനായി ഞാൻ ഉറ്റുനോക്കുന്നു, എന്റെ ഏറ്റവും മികച്ചത് നൽകാനും എന്റെ കഴിവുകളിൽ ഏറ്റവും മികച്ച പ്രകടനം നടത്താനും ഞാൻ ദൃഢനിശ്ചയം ചെയ്‌തിരിക്കുന്നു." നോറ ഫെർണാണ്ടസ് പറഞ്ഞു.
നോറ ഫെർണാണ്ടസ് ഈ സമ്മർ വിൻഡോയിൽ ക്ലബ്ബിന്റെ നാലാമത്തെ ആഭ്യന്തര സൈനിംഗാണ്. സോം കുമാറിന് ശേഷം കേരളാ ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്യുന്ന രണ്ടാമത്തെ ഗോൾകീപ്പറാണ് നോറ. നോറയുടെ സൈനിങ് സച്ചിൻ സുരേഷും സോം കുമാറും ഉൾപ്പെടുന്ന ടീമിന്റെ ഗോൾകീപ്പിംഗ് യൂണിറ്റിനെ കൂടുതൽ ശക്തിപ്പെടുത്തും. വരാനിരിക്കുന്ന സീസണിനായുള്ള പ്രീസീസൺ തയ്യാറെടുപ്പുകൾക്കായി തായ്‌ലൻഡിൽ ജൂലൈ 3 മുതൽ അദ്ദേഹം ടീമിനൊപ്പം ചേരും.