മുന്നേറ്റതാരം നോഹ സദൗയിയെ 2026 വരെ രണ്ട് വർഷത്തെ കരാറിൽ ഒപ്പുവെച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. മൊറോക്കോയിൽ ജനിച്ച നോഹ, വിവിധ ലീഗുകളിലും ഭൂഖണ്ഡങ്ങളിലും തന്റെ കഴിവുകൾ പ്രദർശിപ്പിക്കുകയും ശ്രദ്ധേയമായ ഫുട്ബോൾ കരിയറിന് ഉടമയാണ്. MLS സൈഡ് ന്യൂയോർക്ക് റെഡ് ബുൾസിന്റെ യുവ ടീമായ PDA അക്കാദമിയിൽ ചേരുന്നതിനായി അമേരിക്കയിലേക്ക് കുടിയേറുന്നതിന് മുൻപായി, വൈഡാഡ് കാസബ്ലാങ്കയുടെ യുവനിരയിൽ നിന്നാണ് തന്റെ ഫുട്ബോൾ കരിയർ ആരംഭിച്ചത്. തന്റെ കോളേജിന്റെ ചാമ്പ്യൻഷിപ്പുകളിലും ഗണ്യമായ സംഭാവന നൽകിയ താരം നിരവധി ഓൾ-മാക് ഫസ്റ്റ് ടീം ബഹുമതികൾ നേടുകയും ചെയ്തു.

2013-ൽ ഇസ്രായേൽ പ്രീമിയർ ലീഗ് ക്ലബ് മക്കാബി ഹൈഫയിൽ തുടങ്ങി നിരവധി സുപ്രധാന നീക്കങ്ങളിലൂടെയാണ് നോഹയുടെ പ്രൊഫഷണൽ കരിയർ ആരംഭിച്ചത്. 2015 MTN 8 ഉയർത്താൻ മൂന്ന് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ നേടിയ താരം 2015-നും 2017-നും ഇടയിൽ മിയാമി യുണൈറ്റഡിലും പ്രവർത്തിച്ചിട്ടുണ്ട്. 2016 ലെ നാഷണൽ പ്രീമിയർ സോക്കർ ലീഗ്, റിയൽ സിഡി എസ്പാന (ഹോണ്ടുറാസ്), അൽ-ഖബുറ എസ്‌സി (ഒമാൻ) എന്നിവയും താരം നേടി. 2017-18 സീസൺ വരെ ഒമാനി ടീമായ മിർബത് എസ്‌സിക്ക് വേണ്ടി 20 മത്സരങ്ങളിൽ നിന്ന് 16 ഗോളുകൾ നോഹ നേടി. MC ഔജ്ദയ്‌ക്കൊപ്പം മൊറോക്കോയിലേക്ക് മടങ്ങുന്നതിന് മുമ്പായി നോഹ എൻപ്പി എസ്‌സി (ഈജിപ്ത്) യ്‌ക്കൊപ്പവും തന്റെ ഫോം തുടർന്നു. ഔജ്ദയ്‌ക്കൊപ്പമുള്ള തന്റെ രണ്ട് സീസണുകളിൽ, 43 മത്സരങ്ങളിൽ നിന്ന് 12 ഗോളുകളും 6 അസിസ്റ്റുകളും താരം നേടി.

2022 ൽ എഫ്‌സി ഗോവയ്‌ക്കൊപ്പം ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് (ഐഎസ്എൽ) കുടിയേറുന്നതിന് മുമ്പ് മൊറോക്കോയിലെ ഏറ്റവും മികച്ച ക്ലബ്ബുകളായ കാസബ്ലാങ്കയ്ക്കും എഎസ് എഫ്എആർക്കും വേണ്ടി കളിച്ചു. 30 കാരനായ നോഹ ഐഎസ്എല്ലിൽ ഇതുവരെ 54 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് സീസണുകളിലായി 29 ഗോളുകളും 16 അസിസ്റ്റുകളും അദ്ദേഹത്തിന്റെ നേട്ടങ്ങളാണ്. താൻ കളിച്ച മിക്കവാറും എല്ലാ മത്സരങ്ങളിലും ശരാശരി ഒരു ഗോളിലെങ്കിലും തന്റെ സംഭാവന നൽകിയ നോഹ, ഐഎസ്എല്ലിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളെന്ന നിലയിൽ അതിവേഗം പ്രശസ്തിയിലേക്ക് ഉയർന്നു.

‘‘ഞങ്ങളുടെ ലക്ഷ്യത്തിലെത്താൻ നോഹ ഞങ്ങളോടൊപ്പം ചേർന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. അദ്ദേഹം ഞങ്ങളുടെ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരിൽ ഒരാളും കഴിഞ്ഞ രണ്ട് ഐഎസ്എൽ സീസണുകളിലേതുപോലെ ലീഗിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളുമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. കേരള ബ്ലാസ്റ്റേഴ്സിൽ ചേരാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹത്തെ ഞാൻ അഭിനന്ദിക്കുന്നു, ഈ കൂട്ടുകെട്ട് വളരെ വിജയകരമാണെന്ന് കരുതുന്നു." സ്‌പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസ് കരാറിനെക്കുറിച്ച് പറഞ്ഞു.

“കേരള ബ്ലാസ്റ്റേഴ്സിൽ ചേരുന്നതിലും ഈ മികച്ച ക്ലബ്ബിന്റെ ഭാഗമാകുന്നതിലും ഞാൻ വളരെ ആവേശത്തിലാണ്. KBFC ആരാധകരിൽ നിന്നുള്ള ഊർജവും പിന്തുണയും കേവലം അവിശ്വസനീയമാണ്, അവർക്ക് മുന്നിൽ കളിക്കാൻ എനിക്ക് കാത്തിരിക്കാനാവില്ല. ക്ലബ്ബിന്റെ വിജയത്തിൽ സംഭാവന നൽകാനും ആവേശകരമായ യാത്രയുടെ ഭാഗമാകാനും ഞാൻ കാത്തിരിക്കുന്നു. നമുക്കൊരുമിച്ച്, ഈ സീസണിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാനും നമ്മുടെ മുദ്ര പതിപ്പിക്കാനും കഴിയും." ബ്ലാസ്റ്റേഴ്‌സുമായി കരാർ ഒപ്പുവെച്ചതിനെക്കുറിച്ച് നോഹ സദൗയി പറഞ്ഞു.

ഈ സമ്മർ വിൻഡോയിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ വിദേശ സൈനിംഗാണ് സ്റ്റാർ ഫോർവേഡ്. പ്രീസീസൺ തയ്യാറെടുപ്പുകൾക്കായി അദ്ദേഹം തായ്‌ലൻഡിലെ തന്റെ പുതിയ ടീമിനൊപ്പം ചേരും.