യുവ ഗോൾ കീപ്പർ പ്രഭ്സുഖൻ സിങ് ഗില്ലുമായി 2 വർഷത്തെ കരാറിൽ ഏർപ്പെട്ട് കേരളാ ബ്ലാസ്റ്റേഴ്സ്. പ്രകടന മികവിന്റെ അടിസ്ഥാനത്തിൽ കരാർ പുതുക്കുവാനുള്ള വ്യവസ്ഥകൾ അടങ്ങിയതാണ് കരാർ. 6 അടിയിൽ കൂടുതൽ ഉയരമുള്ള,19 വയസ്സ് മാത്രം പ്രായമുള്ള ഗില്ലിനെ ബെംഗളൂരു എഫ്സിയിൽ നിന്നാണ് ബ്ലാസ്റ്റേഴ്സ് ടീമിൽ എത്തിച്ചിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു മികച്ച ഗോൾ കീപ്പറുടെ അഭാവം. കഴിഞ്ഞ സീസണിൽ അതിന്റെ തിക്തഫലം ഏറ്റവും കൂടുതൽ അനുഭവിച്ചതും ഒരുപക്ഷെ കേരള ബ്ലാസ്റ്റേഴ്സ് തന്നെയായിരിക്കും. ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ത്യൻ താരങ്ങൾക്കു പ്രാധാന്യമേറുന്ന ഈ അവസരത്തിൽ ടീമുകൾ കടുത്ത മത്സരത്തിൽ ഏർപ്പെട്ടിരിക്കുന്നത് മികച്ച ഗോൾകീപ്പർമാർക്ക് വേണ്ടിയാണ്.

‘വളരെ ആത്മാര്ത്ഥമായാണ് ക്ലബ്ബ് മാനേജുമെന്റ് ഭാവി പരിപാടികള് വിശദീകരിച്ചത്. മികച്ച പിന്തുണ നല്കുന്ന ആരാധകര്ക്ക് മുന്നില് കളിക്കാനുള്ള ആഗ്രഹമാണ് എന്നെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിലെത്തിച്ചത്. ടീമിന് എന്നെ ആവശ്യമുള്ളപ്പോഴെല്ലാം മികച്ച പോരാട്ടം കാഴ്ചവച്ച് എന്നാല് കഴിയുന്നത് ആരാധകർക്കായി ഞാന് നല്കും.‘ പ്രഭ്സുഖാന് ഗില് പറഞ്ഞു.

’19 വയസുള്ള പ്രഭ്സുഖാന്, ചെറുപ്രായത്തില് തന്നെ വളരെ പക്വതയുള്ള ആത്മവിശ്വാസമുള്ള ഗോള്കീപ്പറാണ്. കൈകളും കാലുകളും ഉപയോഗിച്ച് ഒരേപോലെ മികച്ച പ്രകടനങ്ങൾ നടത്താന് സാധിക്കുന്ന ഇന്ത്യയിലെ ചുരുക്കം ചില ഗോള്കീപ്പര്മാരില് ഒരാളാണ് പ്രഭ്സുഖാന്. അദ്ദേഹത്തിന്റെ കേരളബ്ലാസ്റ്റേഴ്സിലേക്കുള്ള വരവ് യുവ പ്രതിഭകളിലുള്ള വിശ്വാസത്തിലും വളര്ച്ചയിലും വികാസത്തിലുമുള്ള നമ്മുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുന്നു. അദ്ദേഹം ഞങ്ങളോടൊപ്പം ചേരുന്നതില് ഞാന് ആവേശത്തിലാണ്. അദ്ദേഹം ടീമിനു മുതൽക്കൂട്ടാകുമെന്ന് ഞാന് വിശ്വസിക്കുന്നു.‘ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി അസിസ്റ്റന്റ് കോച്ച് ഇഷ്ഫാക്ക് അഹമ്മദ് പറഞ്ഞു.

പ്രഭ്സുഖൻ സിങ്

പഞ്ചാബിലെ ലുധിയാനയിലെ സാരഭ ഗ്രാമത്തിൽ ജനിച്ച പ്രഭ്സുഖൻ സിങ്ങിന്റെത് ഒരു കായീക കുടുംബമാണ്. ഗില്ലിന്റെ അച്ഛൻ ഒരു ഹോക്കി പ്ലെയർ ആയിരുന്നു. മൂത്ത സഹോദരൻ ഗുർസീംരത് സിങ് ഗിൽ ബെംഗളൂരു എഫ്സിയുടെ പ്രതിരോധനിര താരമാണ്. വളരെ ചെറിയ പ്രായത്തിലെ ഫുട്ബോൾ കളിക്കുമായിരുന്ന, ഡിഫൻഡർ ആയി കളിക്കാൻ ഇഷ്ടപ്പെട്ടിരുന്ന ഗിൽ ചണ്ഡീഗഡ് ഫുട്ബോൾ അക്കാഡമിയുടെ ട്രയൽസിൽ പങ്കെടുക്കുകയും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അക്കാഡമി പരിശീലകനായിരുന്ന ഹർജീന്ദർ സിങ് ആണ് ഗില്ലിന്റെ ഉയരം ഗോൾകീപ്പറിനു യോജിച്ചതാണെന്ന് തിരിച്ചറിഞ്ഞതും ഗോൾകീപ്പർ ആയി തുടരാൻ നിർദേശിച്ചതും. കാലക്രമേണ മികച്ച ഒരു ഗോൾ കീപ്പർ ആയി ഗിൽ മാറുകയായിരുന്നു.

ചണ്ഡീഗഡ് ഫുട്ബോൾ അക്കാഡമിയിലെ ശ്രദ്ധേയമായ പ്രകടനത്തിന്റെ അടിസ്ഥാത്തിൽ ഇന്ത്യൻ അണ്ടർ-14 ടീമിൽ ഇടം നേടിയ ഗിൽ, ടീമിൽ മികച്ച പ്രകടനം തുടർന്നു. അണ്ടർ -17 ലോകകപ്പിനു വേണ്ടി രൂപീകരിച്ച എഐഎഫ്എഫ് എലൈറ്റ് അക്കാഡമിയിൽ ഇടം നേടുവാനായുള്ള ട്രയൽസ് വിജയകരമായി ഗിൽ പൂർത്തിയാക്കി. സ്ഥിരതയാർന്ന പ്രകടനം 2015-ൽ ഇന്ത്യൻ അണ്ടർ-16 ടീമിൽ ഗില്ലിനു ഇടം നേടികൊടുത്തു. തുടർന്ന് അണ്ടർ -17 ലോകകപ്പിനുള്ള 21 അംഗ ഇന്ത്യൻ ടീമിലും ഗിൽ എത്തിച്ചേർന്നു. ടീമിന്റെ ഫസ്റ്റ് ചോയ്സ് ഗോൾകീപ്പർ ധീരജ് സിങ് മികച്ച പ്രകടനം കാഴ്ചവച്ചിരുന്നതിനാൽ ഒരു മത്സരത്തിൽ പോലും കളിക്കാൻ ഗില്ലിനു അവസരം ലഭിച്ചില്ല.

തുടർന്ന് 2017 ഒക്ടോബറിൽ എഎഫ്സി അണ്ടർ-19 ചാമ്പ്യൻഷിപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ഇന്ത്യൻ അണ്ടർ-20 ടീമിലേക്ക് ഗില്ലിനെ തിരഞ്ഞെടുത്തു. എഎഫ്സി അണ്ടർ-19 ചാമ്പ്യൻഷിപ്പ് യോഗ്യതാ മത്സരങ്ങൾക്കു മുന്നോടിയായി 2018-ൽ നടന്ന സ്പെയിനിലെ വലൻസിയയിൽ നടന്ന കോട്ടിഫ് കപ്പിൽ ഗിൽ കളിച്ചു.

പിന്നീട് ഇന്ത്യൻ ആരോസിൽ അവസരം ലഭിച്ച ഗിൽ അവിടെയും ധീരജ് സിങ്ങിന്റെ പിന്നിൽ അവസരത്തിനായി കാത്തുനിൽക്കേണ്ടി വന്നു. ധീരജ് സിങ് സ്കോട്ട്ലൻഡിലെ മദർവെൽ എഫ്സിയിലേക്ക് ട്രയൽസിനായി പോയ അവസരത്തിൽ ഇന്ത്യൻ ആരോസിനായി ആദ്യമായി കളിക്കാൻ അവസരം ലഭിച്ച ഗിൽ ജനുവരി 2നു തന്റെ ജന്മദിനത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ ഇന്ത്യൻ ആരോസ് ഗോൾകീപ്പർ ജേഴ്സിയിൽ അരങ്ങേറ്റം കുറിച്ചു. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാന നിമിഷമായി ഗിൽ കരുതുന്നതും ഈസ്റ്റ് ബംഗാളിനെതിരെയുള്ള ആ അരങ്ങേറ്റ മത്സരമാണ്. 2017-2018 സീസണിൽ 12 മത്സരങ്ങളിൽ ഇന്ത്യൻ ആരോസിനായി ഗിൽ കളിക്കാനിറങ്ങി. പല മത്സരങ്ങളിലും തകർപ്പൻ സേവുകൾ ഗിൽ നേടി. 2018-2019 സീസണിൽ 18 മത്സരങ്ങളിൽ ആദ്യ ഇലവനിൽ ഇന്ത്യൻ ആരോസിന്റെ ഗോൾ വല കാത്തത് ഗിൽ ആയിരുന്നു. 3 സൂപ്പർ കപ്പ് മത്സരങ്ങളിലും ഇന്ത്യൻ ആരോസിനായി ഗിൽ കളത്തിലിറങ്ങി. ഗിൽ കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പടെയുള്ള ടീമുകൾക്കെതിരെ മികച്ച സേവുകളും ഗിൽ നടത്തി. 33 മത്സരങ്ങളിൽ നിന്നായി 8 ക്ലീൻഷീറ്റുകളും ഗിൽ ആണ് നേടി.

സ്ഥിരതയാർന്ന മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ഗില്ലിനെ തൊട്ടടുത്ത സീസണിൽ ബെംഗളൂരു എഫ്സി ടീമിലെത്തിച്ചു. പ്രസ്തുത സീസണിൽ ബെംഗളൂരു എഫ്സിയിൽ ഗിൽ സഹോദരന്മാർ ഒരുമിച്ചു. സ്പാനിഷ് ഗോൾകീപ്പിങ് പരിശീലകരായ ജൂലെൻ എസ്നയോളയ്ക്കും ജാവി പിനില്ലോസിനും കീഴിൽ ബെംഗളൂരു എഫ്സിയിൽ വിദഗ്ദ്ധ പരിശീലനം നേടാൻ കഴിഞ്ഞതാണ് ബെംഗളൂരു എഫ്സിയിലെ ഗില്ലിന്റെ പ്രധാന നേട്ടം.

ഗില്ലിന്റെ കേരളബ്ലാസ്റ്റേഴ്സിനൊപ്പമുള്ള ഭാവി

ആൽബിനോ ഗോമസ്, ബിലാൽ ഖാൻ ഉൾപ്പെടെയുള്ള ഗോകീപ്പർമാർ അടങ്ങിയ ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ നിന്നും ടീമിന്റെ ഫസ്റ്റ് ചോയ്സ് ഗോൾകീപ്പർ ആയി കളിക്കാൻ ഏറ്റവും കൂടുതൽ സാധ്യതയും ഗില്ലിനു തന്നെയാണ്. ബുദ്ധിമുട്ടേറിയ പന്തുകൾ പോലും പറന്നു കൈപ്പിടിയിലൊതുക്കാൻ കഴിവുള്ള ഡിസിഷൻ മേക്കിങ്ങിലും മികച്ചു നിൽക്കുന്ന ഗെയിം റീഡിങ്ങും ബോൾ ഹാൻഡിൽ ചെയ്യാനുള്ള പ്രകടന മികവു തന്നെയാണ് അതിനു കാരണം.

ഗില്ലിന്റെ കേരളബ്ലാസ്റ്റേഴ്സിനൊപ്പമുള്ള ഭാവി കാത്തിരുന്നു കാണാം.