കഴിഞ്ഞുപോയ സീസണുകളിലെല്ലാം കേരളബ്ലാസ്റ്റേഴ്‌സ് ഏറ്റവുമധികം പഴി കേട്ടത് പ്രതിരോധത്തിലെ പിഴവുകളിലൂടെയായിരുന്നു. എന്നാൽ ആ പരാതികൾക്കെല്ലാം ഒറ്റവാക്കിൽ മറുപടി നൽകിയിരിക്കുകയാണ് കേരളബ്ലാസ്റ്റേഴ്‌സ്. ലാലിഗയിൽ 75 മത്സരങ്ങളും സെഗുണ്ട ഡിവിഷൻ ലീഗിൽ 195 മത്സരങ്ങളും കോപ്പ ഡെൽ റെയിൽ 20 മത്സരങ്ങളും ഉൾപ്പടെ, 302 മത്സരങ്ങളുടെ പരിചയസമ്പത്തുള്ള 32 വയസുള്ള സ്പാനിഷ് മിഡ്ഫീൽഡർ ഹോസെ വിസെന്റെ ഗോമസ് ഉംപിയെറ്‍റെസുമായി 3 വർഷത്തെ കരാർ ഒപ്പിട്ടിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്. 6 അടി 2 ഇഞ്ച് ഉയരമുള്ള ഡിഫൻസീവ് മിഡ്ഫീൽഡറായ വിസെന്റെ ഗോമസ്, മിഡ്ഫീൽഡിങ്ങിനു പുറമെ സെൻട്രൽ മിഡ്ഫീൽഡർ ആയും അറ്റാക്കിങ് മിഡ്ഫീൽഡർ ആയും കഴിവ് തെളിയിച്ചിട്ടുള്ള താരമാണ്.

സ്പെയിനിലെ കാനറിയിലെ ലാസ്‌ പാൽമാസ് ദ്വീപിൽ ജനിച്ച വിസെന്റെ, ലോക്കൽ ക്ലബ്‌ ആയ അസോസിയേഷൻ ഡീപോർട്ടീവോ ഹുറകാനിലൂടെയായിരുന്നു ഫുട്ബോൾ ലോകത്തേക്ക് ചുവടുവച്ചത്. യൂത്ത് ടീമിൽ കാഴ്ചവച്ച മികച്ച പ്രകടനത്തെ അടിസ്ഥാനമാക്കി 2007-ൽ വെറും18 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ ഗോമസ് സീനിയർ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2009ൽ കഴിവിനെയും സ്ഥിരതയാർന്ന പ്രകടനത്തിൻറെയും അടിസ്ഥാനത്തിൽ, പ്രശസ്ത കനേറിയൻ ക്ലബ്‌ ആയ യൂണിയൻ ഡീപോർട്ടീവോ ലാസ് പാൽമാസ് ഗോമസിനെ തങ്ങളുടെ

റിസർവ് ടീമിൽ എത്തിച്ചു. റ്റെർസെറ ഡിവിഷൻ ലീഗിൽ ലാസ് പാൽമാസ് റിസർവ് ടീമിനായി തന്റെ അരങ്ങേറ്റ സീസണിൽ വിസെന്റെ ഗോമസ് 28 മത്സരങ്ങളിൽ കളിക്കാനിറങ്ങുകയും ഒരു ഗോൾ നേടുകയും ചെയ്തു. മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 2010 ജൂണിൽ ലാസ് പാൽമാസ് സീനിയർ ടീമിലേക്കു വിസെന്റെ ഗോമസ് പ്രൊമോട്ട് ചെയ്യപ്പെട്ടു.

പ്രൊഫെഷണൽ ഫുട്ബാളിലേക്ക്!

കോപ്പ ഡെൽ റെയ് ടൂർണമെന്റിന്റെ രണ്ടാം റൗണ്ടിൽ റയൽ വല്ലഡോയിഡിനെതിരെ 2010 സെപ്റ്റംബറിൽ വിസെന്റെ ഗോമസ് തന്റെ പ്രൊഫെഷണൽ അരങ്ങേറ്റം നടത്തി. പ്രസ്തുത മത്സരത്തിൽ ടീമിന് വേണ്ടി ഗോൾ നേടാനും വിസെന്റെ ഗോമസിനായി. 3 ദിവസങ്ങൾക്കു ശേഷം സ്പാനിഷ് സെക്കന്റ്‌ ഡിവിഷൻ ലീഗ് ആയ സെഗുണ്ട ഡിവിഷനിൽ എസ്ഡി ഹ്യൂസ്കക്കെതിരായ മത്സരത്തിൽ ഡേവിഡ് ഗോൺസാലസിനു പകരക്കാരനായി ഗോമസ് അരങ്ങേറ്റം നടത്തി. സെഗുണ്ട ഡിവിഷൻ ലീഗിൽ 2011-ൽ ജിറോണ എഫ്‌സിക്കെതിരായാണ് ഗോമസ് ആദ്യമായി ഗോൾ നേടിയത്. സെഗുണ്ട ഡിവിഷൻ ലീഗിലെ തന്റെ ആദ്യ സീസണിൽ വിസെന്റെ ഗോമസ് 26 മത്സരങ്ങളിൽ കളിക്കാനിറങ്ങി. മികച്ച പ്രകടനത്തെ തുടർന്നു ലാസ് പാൽമാസ് വിസെന്റെ ഗോമസുമായുള്ള കരാർ വീണ്ടും 4 വർഷത്തേക്കു കൂടി പുതുക്കി. എന്നാൽ 2012 സീസണിലെ വിസെന്റെയുടെ പ്രകടനം മോശമായിരുന്നു. തുടർന്ന് ഐഎസ്എൽ ടീം ഗോവ എഫ്‌സിയുടെ പരിശീലകനായിരുന്ന, നിലവിൽ മുംബൈ സിറ്റി എഫ്‌സിയുടെ പരിശീലകനായ സെർജിയോ ലൊബേറ ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റു. സെർജിയോയ്ക്കു കീഴിൽ 2012-2013 സീസണിൽ സെഗുണ്ട ഡിവിഷനിൽ 24 മത്സരങ്ങൾ കളിച്ച വിൻസെന്റെ ഗോമസ് മികച്ച ഫോമിലേക്കുയർന്നു. 2013-2014 സീസണിൽ ലാസ്‌ പാൽമാസിനായി 38 മത്സരങ്ങളിൽ കളിക്കാനിറങ്ങിയ വിസെന്റെ ഗോമസ് ടീമിനായി 5 ഗോളുകളും നേടി. ഒരു കോപ്പ ഡെൽ റെയ് മത്സരത്തിലും ആ സീസണിൽ ഗോമസ് കളിച്ചു. 2014-2015 സീസണിൽ സ്പാനിഷ് പരിശീലകൻ ഫ്രാൻസിസ്‌കോ ഹെരേര ഹെരേരയ്ക്കു കീഴിൽ സെഗുണ്ട ഡിവിഷൻ ലീഗിൽ ഗോമസ് 31 മത്സരങ്ങളിൽ കളിക്കുകയും 3 ഗോളുകൾ നേടുകയും ചെയ്തു.

ലാലിഗയിൽ

13 വർഷങ്ങൾക്കു ശേഷം ടീമിനു ലാലിഗയിലേക്കു പ്ലേഓഫിലൂടെ പ്രവേശനം നേടിക്കൊടുക്കുന്നതിൽ ഗോമസ് നിർണ്ണായക പങ്കുവഹിച്ചു. പാകോ ഹെരേരക്കു കീഴിൽ 2015-2016 സീസണിൽ അത്ലറ്റികോ മാഡ്രിഡിനെതീരെയായിരുന്നു വിസെന്റെ ഗോമസിന്റെ ലാലിഗ അരങ്ങേറ്റം. മത്സരത്തിൽ ലാസ് പാൽമാസ് ഒരു ഗോളിനു തോൽവി വഴങ്ങി. ആദ്യ 8 ലീഗ് മത്സരങ്ങളിൽ ഒരു വിജയം മാത്രം നേടി റെലഗേഷൻ ഭീഷണിയിലായ ലാസ് പാൽമാസിന്റെ മുഖ്യ പരിശീലകനായി പ്രശസ്ത സ്പാനിഷ് പരിശീലകൻ കിക്വെ സെറ്റിയൻ ചുമതലയേറ്റു. സെറ്റിയന്റെ കീഴിൽ റെലഗേഷനിൽ നിന്നും ടീമിനെ രക്ഷപെടുത്തുന്നതിൽ വിസെന്റെ ഗോമസ് നിർണ്ണായക പങ്കുവഹിച്ചു. 2015-2016 സീസണിൽ 21 മത്സരങ്ങൾ ലാലിഗയിൽ ലാസ് പാൽമസിനായി കളിക്കാനിറങ്ങിയ വിസെന്റെ ഗോമസ് ഒരു ഗോൾ നേടുകയും ചെയ്തു. 5 കോപ്പ ഡെൽ റെയ് മത്സരങ്ങളിലും വിസെന്റെ ഗോമസ് ആ സീസണിൽ കളിക്കാനിറങ്ങി. 2015-2016 സീസണിനു ശേഷം ലാസ് പാൽമാസ് വിൻസെന്റെ ഗോമസുമായുള്ള കരാർ 2 വർഷത്തേക്കു വീണ്ടും പുതുക്കി. തുടർന്ന് 2016-2017 സീസണിൽ ലാലീഗയിൽ ലാസ് പാൽമാസിനായി 29 മത്സരങ്ങൾ കളിച്ച വിസെന്റെ ഗോമസ് 2 ഗോളുകളും നേടി. 2017-2018 സീസണിൽ പാകോ ജിമസ് മാർട്ടിന്റെ കീഴിൽ മോശം പ്രകടനം കാഴ്ചവച്ച ലാസ് പാൽമാസ് ലാലിഗയിൽ പോയിന്റ് പട്ടികയിൽ പത്തൊൻപതാം സ്ഥാനത്തു ഫിനിഷ് ചെയ്യുകയും ലാലിഗയിൽ നിന്നും സെക്കന്റ്‌ ഡിവിഷൻ ലീഗ് ആയ സെഗുണ്ട ഡിവിഷനിലേക്കു തരംതാഴ്ത്തപ്പെടുകയും ചെയ്തു. സീസണിൽ ലാലിഗയിൽ ലാസ് പാൽമാസിനായി 25 മത്സരങ്ങളിലാണ് വിസെന്റെ ഗോമസ് കളിക്കാനിറങ്ങിയത്. 3 കോപ്പ ഡെൽ റെയ് മത്സരങ്ങളിലും ആ സീസണിൽ ഗോമസ് ടീമിനായി കളത്തിലിറങ്ങി. കളിച്ച മത്സരങ്ങളിലെല്ലാം വിസെന്റെ ഗോമസ് ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെക്കുകയും ചെയ്തു.

തുടർന്നാണ് ഡിപ്പോർട്ടീവോ ലാ കൊരുണയുമായി 3 വർഷത്തെ കരാറിൽ വിസെന്റെ ഗോമസ് എത്തുന്നത്. 2018-2019 സീസണിൽ സെഗുണ്ട ഡിവിഷനിൽ ക്‌ളാരൻസ് സീഡോർഫിനു കീഴിൽ ഡിപ്പോർട്ടീവോ ലാ കൊരുണയിൽ 34 മത്സരങ്ങൾ കളിച്ച വിസെന്റെ ഗോമസ് ടീമിനെ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തെത്തിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു. 2019-2020 സെഗുണ്ട ഡിവിഷൻ ലീഗ് സീസണിൽ 25 മത്സരങ്ങളിൽ വിസെന്റെ ഗോമസ് കളിച്ചു. കോപ്പ ഡെൽ റെയ് മത്സരമുൾപ്പടെ 60 മത്സരങ്ങളിലാണ് 2 സീസണുകളിലായി ഡിപ്പോർട്ടീവോ ലാ കൊരുണയ്ക്കായി വിസെന്റെ ഗോമസ് കളിക്കാനിറങ്ങിയത്.

കേരളാബ്ലാസ്റ്റേഴ്സിനൊപ്പമുള്ള ഭാവി!

ഡിപ്പോർട്ടീവോ ലാ കൊരുണ ക്ലബുമായുള്ള കരാർ ഒരു വർഷം ബാക്കി നിൽക്കെയാണ് പരസ്പര സമ്മതത്തോടെ കരാർ റദ്ദു ചെയ്തു, വിസെന്റെ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയിരിക്കുന്നത്. ബോക്സ് ടു ബോക്സ് മിഡ്ഫീൽഡറായ വിസെന്റെ ഗോമസ് ടീമിന്റെ അറ്റാക്കിങ്ങിലും ഡിഫൻസിംഗിലും ഒരേപോലെ പങ്കു വഹിക്കുന്ന താരമാണ്. ക്വാളിറ്റിയും അനുഭവപരിചയവുമുള്ള  വിസെന്റെ ഗോമസിന്റെ ഏറ്റവും വലിയ പ്രത്യേകത പാസ്സിങ് ആക്യുറസിയും പേർസണൽ ഏരിയൽ ഡ്യുവൽസും വിഷനുമാണ്. ഇന്റർസെപ്‌ഷൻസിലും ഹെഡ്ഢിങ്ങിലും ടാക്കിൾസിലും മികവു പുലർത്തുന്ന ഗോമസ്, ഇരു കാലുകളും ഉപയോഗിച്ചു ഒരുപോലെ കളിക്കാൻ കഴിവുള്ള, മികച്ച ശാരീരിക ക്ഷമതയുള്ള താരം കൂടിയാണ്.    ഡ്രിബ്ലിങ്‌ സ്‌കിൽസും മികച്ച ഫിനിഷിങ്ങും മാർക്കിങ്ങും പാസ്സിങ് റേഞ്ചും ബോൾ കണ്ട്രോളും കൈമുതലായുള്ള വിൻസെന്റെയ്ക്ക് ലോങ്ങ്‌ പാസ്സുകൾ നൽകാനും ലോങ്ങ്‌ ഷോട്ടുകൾ പായിക്കാനും കൃത്യമായി പൊസിഷൻ ചെയ്യാനും കഴിയും.

ബ്ലാസ്റ്റേഴ്സിനൊപ്പം കിബുവിന്‌ കീഴിൽ വരുന്ന ഐഎസ്എൽ സീസണുകളിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ വിസെന്റെ ഗോമസിനു കഴിയുമോയെന്ന് കാത്തിരുന്ന് കാണാം.