ഇന്ത്യൻ സൂപ്പർ ലീഗ് ഒൻപതാം സീസണിലെ അഞ്ചാം മത്സരത്തിൽ നോർത്ത് ഈസ്റ്റിനെതിരെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് വിജയം സ്വന്തമാക്കി കേരളാ ബ്ലാസ്റ്റേഴ്‌സ്. സഹൽ അബ്ദുൾ സമദിന്റെ ഇരട്ടഗോളുകളും ദിമിട്രിയോസ് ഡയമന്റകോസിന്റെ ഗോളുമാണ് ബ്ലാസ്‌റ്റേഴ്‌സിനെ വിജയത്തിലേക്ക് നയിച്ചത്. തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്ക് ശേഷമാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് വിജയം സ്വന്തമാക്കിയത്.

കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ആരംഭ ഇലവൻ

പ്രഭ്സുഖൻ ഗിൽ (ജികെ), സൊറൈഷാം സന്ദീപ് സിംഗ്, റൂയിവ ഹോർമിപാം, മാർക്കോ ലെസ്‌കോവിച്ച്, നിഷു കുമാർ, ജീക്‌സൺ സിംഗ്, അഡ്രിയാൻ ലൂണ (സി), സൗരവ് മണ്ഡൽ, ഇവാൻ കലിയൂസ്‌നി, രാഹുൽ കണ്ണോലി പ്രവീൺ, ദിമിട്രിയോസ് ഡയമന്റകോസ്.

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി ആരംഭ ഇലവൻ

മിർഷാദ് മിച്ചു (ജി.കെ), ജോ സോഹർലിയാന, മഷൂർ ഷെരീഫ്, മൈക്കൽ ജേക്കബ്സെൻ (സി), ഗൗരവ് ബോറ, ഗുർജീന്ദർ കുമാർ, എമിൽ ബെന്നി, ജോൺ ഗസ്‌തനാഗ, റൊമെയ്‌ൻ ഫിലിപ്പോക്‌സ്, ജിതിൻ എം.എസ്, മാറ്റ് ഡെർബിഷയർ.

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി 5-3-2 ഫോർമേഷനിൽ കളത്തിലിറങ്ങിയപ്പോൾ കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സി 4-4-2 കോമ്പിനേഷനിലാണ് ഇറങ്ങിയത്.

തുടക്കം മുതൽ ആക്രമിച്ചു മുന്നേറിയ ബ്ലാസ്റ്റേഴ്‌സ് നിര ഗോൾവസരങ്ങൾ സൃഷ്ട്ടിച്ചു. നാലാം മിനിറ്റിൽ ഇവാന്‍ കല്യൂഷ്‌നിയുടെ ക്രോസ്സ് നോര്‍ത്ത് ഈസ്റ്റ് സമയോചിതമായി പ്രതിരോധിച്ചു. എട്ടാം മിനിറ്റിൽ പെനാല്‍റ്റി ബോക്‌സിന് പുറത്ത് നിന്നുള്ള നോര്‍ത്ത് ഈസ്റ്റ് മധ്യനിരതാരം റൊമയിന്‍ ഫിലിപ്പൊട്യാക്‌സിന്റെ മികച്ച ഷോട്ട് ബാറില്‍ തട്ടി മടങ്ങി.

രാഹുൽ കെപിയെ ഫൗൾ ചെയ്തതിനെ തുടർന്ന് പതിനേഴാം മിനിറ്റില്‍ ഇടത് വിങ്ങില്‍ നിന്ന് ബ്ലാസ്‌റ്റേഴ്‌സിന് ലഭിച്ച ഫ്രീകിക്ക് നോര്‍ത്ത് ഈസ്റ്റ് ഡിഫെന്‍ഡര്‍ സമയോചിതമായി പ്രതിരോധിച്ചു.

ഗോൾ രഹിതമായി ആദ്യ പകുതി അവസാനിച്ചു.

ഗോൾ രഹിതമായി അവസാനിച്ച ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ അൻപത്തിയാറാം മിനിറ്റിലാണ് ആദ്യ ഗോൾ പിറന്നത്. രാഹുൽ കെപിയുടെ അസിസ്റ്റിൽ ദിമിട്രിയോസ് ഡയമന്റകോസാണ് ഗോൾ നേടിയത്. എൺപത്തിയഞ്ചാം മിനിറ്റിലാണ് രണ്ടാം ഗോൾ പിറന്നത്. വീണ്ടും രാഹുൽ കെപിയുടെ അസിസ്റ്റിൽ സഹൽ അബ്ദുൾ സമദാണ് രണ്ടാം ഗോൾ കേരളാ ബ്ലാസ്റ്റേഴ്സിനായി നേടിയത്.

രണ്ടു ഗോളിന്റെ ലീഡിൽ മത്സരമവസാനിക്കുവാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ തൊണ്ണൂറാം മിനിറ്റിലാണ് മൂന്നാം ഗോൾ പിറന്നത്. സന്ദീപ് സിംഗിന്റെ അസിസ്റ്റിൽ വീണ്ടും സഹൽ അബ്ദുൾ സമദാണ് മൂന്നാം ഗോൾ കേരളാ ബ്ലാസ്റ്റേഴ്സിനായി നേടിയത്.

ഫൈനൽ വിസിൽ മുഴങ്ങി മത്സരമവസാനിക്കുമ്പോൾ മൂണിന് ഗോളുകൾ നേടി കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സി വിജയം സ്വന്തമാക്കി. മികച്ച പ്രകടനം കാഴ്ചവച്ച രാഹുൽ കെപിയാണ് ഹീറോ ഓഫ് ദി മാച്ച് ലഭിച്ചു.

മത്സര വിജയത്തോടെ അഞ്ച് മത്സരങ്ങളില്‍ നിന്ന് ആറ് പോയന്റുമായി റാങ്കിങ് പട്ടികയില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ഏഴാം സ്ഥാനത്തേക്കുയർന്നു. കളിച്ച അഞ്ച് മത്സരങ്ങളും പരാജയപ്പെട്ട നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി പതിനൊന്നാം സ്ഥാനത്താണ്.

നവംബർ 13 നടക്കുന്ന ആറാം മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഗോവയെ നേരിടും.