പഞ്ചാബ് എഫ്സിക്കെതിരെ പൊരുതാൻ കേരള ബ്ലാസ്റ്റേഴ്‌സ് തയാർ: സ്റ്റാഹ്രെ
കടുപ്പമേറിയ ഒരു മത്സരം പ്രതീക്ഷിക്കുന്നതായി കേരളത്തിന്റെ മുഖ്യ പരിശീലകൻ മൈക്കൽ സ്റ്റാഹ്രെ വ്യക്തമാക്കി
പഞ്ചാബ് എഫ്‌സിക്കെതിരെയുളള കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ മത്സരത്തിനായി താൻ തയാറാണെന്ന് മുഖ്യ പരിശീലകൻ മൈക്കൽ സ്റ്റാഹ്രെ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ വ്യക്തമാക്കി. മുഖ്യ പരിശീലകനൊപ്പം കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ താരം പ്രീതം കോട്ടാലും മാധ്യമ പ്രവർത്തകരെ അഭിമുഖീകരിച്ചു. "ഒരുക്കങ്ങളിൽ ഞാൻ തൃപ്തനാണ്. നല്ല കാലാവസ്ഥ, നല്ല പിച്ച്. സത്യത്തിൽ ഇതിനായി ഞങ്ങൾ കാത്തിരിക്കുകയായിരുന്നു.തായ്‌ലൻഡിലും കൊൽക്കത്തയിലുമായി ഞങ്ങൾക്ക് നല്ല രീതിയിൽ തയ്യാറെടുപ്പുകൾ നടത്താൻ സാധിച്ചു. നിർഭാഗ്യവശാൽ ഡ്യൂറൻഡ് കപ്പ് നേടാൻ ഞങ്ങൾക്ക് സാധിച്ചില്ല. പക്ഷെ, ടീമിനെ പറ്റിയുള്ള സംശയങ്ങൾക്ക് ധാരാളം ഉത്തരങ്ങൾ ലഭിച്ചു. ടീമിന്റെ നിലവിലെ നിലവിലെ സാഹചര്യവും മികച്ചതാണ്. ഞങ്ങൾ നല്ല രീതിയിൽ പരിശീലനം നടത്തുന്നു. ടീമിൽ പരിക്കുകൾ ഉണ്ടായെങ്കിലും, നിലവിൽ എല്ലാവരും ലഭ്യമാണ്." - സ്റ്റാഹ്രെ പറഞ്ഞു തുടങ്ങി.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാം സീസണിലെ ആദ്യ മത്സരത്തിറങ്ങാൻ തയാറായിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. എതിരാളികളാകട്ടെ കഴിഞ്ഞ സീസണിൽ ഐഎസ്എല്ലിലേക്ക് സ്ഥാനക്കയറ്റം നേടിയെത്തിയ പഞ്ചാബ് എഫ്‌സിയും. ആദ്യ ലീഗ് കിരീടം ലക്ഷ്യം ഇരു ടീമുകളും ആദ്യ മത്സരത്തിന് ഇറങ്ങുന്നത്. ഈ വർഷം ഇരു ടീമുകളും ഡ്യൂറൻഡ് കപ്പിന്റെ വേദിയിൽ പരസപരം ഏറ്റുമുട്ടിയിരുന്നു. ഗ്രൂപ്പ് സിയിലെ മത്സരത്തിൽ ഓരോ ഗോൾ വീതം നേടി ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞു. കഴിഞ്ഞ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ വേദിയിൽ കളിച്ച രണ്ട് മത്സരങ്ങളിൽ ഇരു ടീമുകൾക്കും ഓരോ ജയമാണുള്ളത്.
നാളത്തെ മത്സരത്തിന് താനും ടീമും തയ്യാറാണെന്നും, എതിരാളികളുടെ ദൗർബല്യം മനസിലാക്കിയെന്നും കൊച്ചിയിൽ തിങ്ങി നിറഞ്ഞ ആരാധകർക്ക് മുന്നിൽ കളിക്കുന്നതിൽ പഞ്ചാബ് എഫ്‌സി ബുദ്ധിമുട്ടുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. "എനിക്ക് ഏത് ഫോർമേഷനും വഴങ്ങും. സാഹചര്യങ്ങളോട് ഇണങ്ങുന്നതാണ് എന്റെ രീതി. നിലവിൽ ഞാൻ ശ്രദ്ധിക്കുന്നത് ഒരു ഫോർമേഷനോ അല്ലെങ്കിൽ കളിയിലെ തന്ത്രങ്ങളിലോ ആണ്. പ്രീസീസണിൽ, തായ്‌ലൻഡിൽ മത്സരങ്ങളിൽ ലഭിച്ചിരുന്നു. ബോണസ് ആയി ഡ്യൂറൻഡ് കപ്പിൽ കളിച്ചു. ഞങ്ങൾ തീർച്ചയായും ചെറിയ ചില കാര്യങ്ങളിൽ മാറ്റം വരുത്തും. ഇന്ത്യയിലെ ഇതുവരെയുള്ള എൻ്റെ അനുഭവത്തിൽ, ഡ്യൂറൻഡ് കൊൽക്കത്തയിൽ അൻപത് പേർക്ക് മുന്നിലുള്ള ഒരു കപ്പ് മാത്രമാണ്. എന്നാൽ ഇത് (ഐഎസ്എൽ) വ്യത്യസ്തമായ ഒന്നാണ്. തിങ്ങി നിറഞ്ഞ സ്റ്റേഡിയം ഞങ്ങളെ കാത്തിരിക്കുന്നു. കൊൽക്കത്തയിലേക്കാൾ കൂടുതൽ ആളുകളെ ഇവിടെ കാണാം. ഇതാണ് യാഥാർഥ്യം. അതിനാൽ ഞങ്ങൾക്ക് ഒരു ലക്ഷ്യമുണ്ട്. അതേസമയം, എതിരാളികൾ എന്ത് ചെയ്യുമെന്ന് ഞങ്ങൾക്ക് അറിയാം. ഇവിടെ കളിക്കുന്നത് അവർക്ക് ബുദ്ധിമുട്ടേറിയ കാര്യമാണ്. അവർ പ്രത്യാക്രമണം നടത്താനായി കാത്തിരിക്കുമെന്നാണ് ഞാൻ കരുതുന്നത്."
"ഞാൻ കടുപ്പമേറിയ ഒരു മത്സരം പ്രതീക്ഷിക്കുന്നു. ഡ്യൂറൻഡ് കപ്പിൽ ക്വാർട്ടറിലും സെമിയിലും ഫൈനലിലും ഐഎസ്എൽ ടീമുകൾ പരസ്പരം മത്സരിച്ചപ്പോൾ ഒരു ഗോളിനടുത്ത് മാത്രമായിരുന്നു വ്യത്യാസം. അതിനാൽ, അത്തരമൊരു മത്സരം ഞാൻ പ്രതീക്ഷിക്കുന്നു." - അദ്ദേഹം വ്യക്തമാക്കി.
ഈ സീസണിലെ ടീമിന്റെ ഒരുക്കങ്ങളെ പറ്റിയും ലക്ഷ്യത്തെ പറ്റിയും സംസാരിച്ച പ്രതിരോധ താരം പ്രീതം കോട്ടാൽ ടീമിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. "കഴിഞ്ഞ രണ്ട് മാസത്തിൽ ഞങ്ങൾ ആക്രമണത്തിലും പ്രതിരോധത്തിലും കൂടുതൽ പരിശ്രമങ്ങൾ നടത്തുന്നുണ്ട്. പ്രതിരോധ നിരയിൽ കാര്യമായ മാറ്റങ്ങൾ ഒന്നും തന്നെയില്ല. ഞാനും മിലോസും ടീമിൽ തന്നെയുണ്ട്. മുൻപ് പരിക്കിന്റെ പിടിയിലായിരുന്ന ഐബാൻ നിലവിൽ ടീമിനൊപ്പമുണ്ട്. ഞങ്ങൾ എല്ലവരും ഒത്തൊരുമിച്ചു പ്രവർത്തിക്കുന്നുണ്ട്. ഞങ്ങളുടെ ലക്ഷ്യം അടുത്ത മത്സരവും മൂന്നു പോയിന്റുകളുമാണ്." - പ്രീതം പറഞ്ഞു.
കഴിഞ്ഞ സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ടീമുമായി നിലവിലെ ടീമിന്റെ എങ്ങനെ വിലയിരുത്താം എന്ന ചോദ്യത്തിന്, അതൊരു ബുദ്ധിമുട്ടേറിയ വിഷയമായി അദ്ദേഹം ചൂണ്ടികാണിച്ചു. "ഇവിടെ (കേരള ബ്ലാസ്റ്റേഴ്‌സ്) നിന്ന് കുറച്ചു പേർ പോയിട്ടുണ്ട്, പുതിയ ചിലർ വന്നിട്ടുണ്ട്. അതിനാൽ, ഇരു ടീമുകളെയും താരതമ്യം ചെയ്യുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്റെ കാഴ്ചപ്പാടിൽ ഇതൊരു ബുദ്ധിമുട്ടേറിയ ചോദ്യമാണ്. എനിക്ക് നിങ്ങളോട് പറയാൻ സാധിക്കുന്ന ഒരേയൊരു കാര്യം ആദ്യ ദിനം മുതൽ ഞാൻ ടീമിൽ പുരോഗതി കാണുന്നു എന്നതാണ്. തായ്‌ലണ്ടിലായിരുന്നത് മുതൽ അവരിൽ പുരോഗതിയുണ്ട്. കൃത്യമായി പറഞ്ഞാൽ, ഇതുവരെ 65-ന് മുകളിൽ പരിശീലന സെഷനുകൾ എനിക്ക് ലഭിച്ചിരുന്നു. ഞങ്ങളുട ഒരുക്കങ്ങൾ മികച്ചതാണ്. അടുത്ത ദിവസങ്ങളിൽ, ലീഗ് ആരംഭിക്കുമ്പോൾ ശക്തമായ മത്സരങ്ങൾ നേരിടേണ്ടതുണ്ട്. ആ സമയം ഈ ടീമിനെ ഞങ്ങൾക്ക് മെച്ചപ്പെടുത്തേണ്ടതുണ്ട്." - അദ്ദേഹം വ്യക്തമാക്കി
ഇന്ത്യൻ സൂപ്പർ ലീഗിൽ യുവതാരങ്ങളെ പ്രോത്സാഹിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്ന ക്ലബ്ബുകളിൽ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഒരു ടീമിന്റെ വിജയ ഫോർമുല എന്നത് വിജയങ്ങൾ തേടുന്ന യുവതാരങ്ങളുടെ ദാഹമാണെന്ന് പരിശീലകൻ അഭിപ്രായപ്പെട്ടു. "യുവതാരങ്ങളെ വികസിപ്പിക്കുക എന്നത് ഒരു ക്ലബ്ബിനെ സംബന്ധിച്ച പ്രധാനപ്പെട്ട കാര്യമായാണ് ഞാൻ കരുതുന്നത്. ഞാൻ കുറച്ചധികം കാലമായി ടീമുകളെ പരിശീലിപ്പിക്കുന്നുണ്ട്. അതിനാൽ, ലോങ്ങ് ടീമിലേക്കും ഷോർട് ടേമിലേക്കും ചിന്തിക്കേണ്ടതുണ്ട്. നിങ്ങൾക്കറിയാമോ, ജയിക്കാനായുള്ള ടീമിൽ ആർത്തിയുള്ള യുവതാരങ്ങൾ ഉണ്ടാകേണ്ടതുണ്ട്. പരിചയസമ്പന്നതയോടൊപ്പം ദാഹിക്കുന്ന താരങ്ങളും വേണം. കുതിക്കാനും വികസിക്കാനുള്ള ദാഹം അവരിൽ ഉണ്ടാകും. അതിനാൽ യുവക്കളായ പ്രതിഭകൾ ആവശ്യമാണ്, അവർ വളരാൻ ആഗ്രഹിക്കുന്നു."
"ഞാൻ ഒരിക്കലും നെഗറ്റീവ് ആയി ചിന്തിക്കുന്ന മനുഷ്യനല്ല, പോസിറ്റീവ് ആയ വ്യക്തിയാണ്. എന്നാൽ, ചുരുക്കം ചില സമയങ്ങളിൽ മാത്രം ഞാൻ വിമർശിക്കുകയും നെഗറ്റീവ് ആകുകയും ചെയ്യാറുണ്ട്. ഒരു പരിശീലകൻ എന്ന നിലയിൽ നിങ്ങൾ നല്ല തെരഞ്ഞെടുപ്പുകൾ നടത്തണം. പകരക്കാരും ഉണ്ടായിരിക്കണം. നിങ്ങൾക്കറിയാമല്ലോ, പരിചയസമ്പന്നരായ താരങ്ങളെ ബെഞ്ചിലിരുത്തുന്നത് കടുപ്പമേറിയ കാര്യമാണ്. യുവ താരങ്ങൾക്കും ഇത് ബുദ്ധിമുട്ടാകുമെങ്കിലും, അവരെ ബെഞ്ച് ചെയ്താൽ അവർ തങ്ങളുടെ കഴിവ് തെളിയിക്കാൻ ശ്രമിക്കും. എന്നെ സംബന്ധിച്ചിടത്തോളം, അത് എന്റെ മാത്രം ജോലിയാണ്. ഞാൻ വളരെക്കാലമായി ചെയ്യുന്ന കാര്യമാണിത്. ആളുകളെ ബെഞ്ചിൽ ഇരുത്തുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. പക്ഷെ, ഒരു മുപ്പതുകാരനോ പതിനെട്ടുകാരനോ ആകട്ടെ, മത്സരത്തിലെടുക്കുന്ന പരിശ്രമമാണ് വലുത്." - മുഖ്യ പരിശീലകൻ കൂട്ടിച്ചേർത്തു
കഴിഞ്ഞ സീസണിൽ തന്റെ പ്രകടനത്തിൽ ഉയർന്ന വിമർശനങ്ങളെ ഉൾകൊള്ളുന്നതായും, ഈ സീസണിൽ കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമിക്കുമെന്നും പ്രീതം കൊട്ടൽ വ്യക്തമാക്കി. "ഒരു കളിക്കാരനെന്ന നിലയിൽ, ഇത്തരം കാര്യങ്ങൾ ഇപ്പോഴും സംഭവിക്കും. അതുകൊണ്ട് തന്നെ, എന്റെ ജോലി എന്നത്, എന്നിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഞാൻ എങ്ങനെ കഠിനാധ്വാനം ചെയ്യുന്നു, എൻ്റെ തെറ്റുകൾ എങ്ങനെ ടൈഹൃത്തുന്നു എന്നതിലാണ്. അതിനാൽ, കഴിഞ്ഞ സീസൺ പോലെ ഞാൻ ഈ സീസണും ആരംഭിച്ചിട്ടുണ്ട്. ഇപ്പോഴും കഠിനാധ്വാനം ചെയ്യുന്നു. ഇപ്പോൾ ഞാൻ പുതിയ സീസണിൻ്റെ തുടക്കമാണ്, അതിനാൽ ഞാൻ കൂടുതൽ മെച്ചപ്പെടുകയും ടീമിനൊപ്പം ഈ മത്സരത്തിൽ വിജയിക്കുകയും വേണം." - പ്രീതം പറഞ്ഞു.
മൈതാനത് അർപ്പണബോധം പുലർത്താൻ മൈക്കൽ സ്റ്റാഹ്രെ കളിക്കാരോട് ആഹ്വാനം ചെയ്തു. "നൂറു ശതമാനം ഗ്രൗണ്ടിൽ നൽകുക. ആദ്യമായി, കഠിനമായി പരിശ്രമിക്കുക, ഓടുക, ആവേശത്തോടെയിരിക്കുക എന്നതാണ്. എനിക്ക് നിലവാരവും ടാക്ടിക്കൽ ആയുള്ള അവബോധവും വേണമെങ്കിലും, നന്നായി പരിശ്രമിക്കുകയും ഓടുകയും മത്സരത്തിൽ പോരാടുകയും ചെയ്യുന്നാതാണ് ഞങ്ങൾക്ക് ആദ്യം വേണ്ടത്."
ആരാധകർക്ക് ധാരാളം പ്രതീക്ഷകളുണ്ട്. അവർക്ക് വേണ്ടി കളിക്കുമെന്ന് പരിശീലകൻ അറിയിച്ചു. "ഈ ക്ലബ്ബിലെ അംഗമെന്നത് ഒരു പ്രിവിലേജ് തന്നെയാണ്. ഞങ്ങൾക്ക് നൂറു ശതമാനം നൽകണം. ഈ സാഹചര്യത്തിൽ, ഞങ്ങൾ നല്ല ഫുട്ബോൾ കളിക്കണം. ഊർജസ്വലതയോടെ കളിക്കണം. ധാരാളം ഗോളുകൾ നേടണം. ജയിക്കണം. ഓരോ മത്സരത്തിലും ഞങ്ങൾ മെച്ചപ്പെടുന്നത് അവർ കാണുകയെങ്കിലും ചെയ്യണം. സാധാരണയായി, അവർക്ക് ഉയർന്ന പ്രതീക്ഷകളുണ്ട്, അതിനാൽ വിമർശിക്കും. അവരെ ഞങ്ങൾക്ക് പൂർണരാക്കണം" - സ്റ്റാഹ്രെ പറഞ്ഞവസാനിപ്പിച്ചു.