കേരളാ ബ്ലാസ്റ്റേഴ്സിന് ഇനി വനിതാ ടീമും

സീനിയർ ഫുട്ബോൾ വനിതാ ടീമിനെ ഔദ്യോഗീകമായി വെളിപ്പെടുത്തി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീമായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. കേരള ഫുട്ബോള്‍ അസോസിയേഷന് (കെഎഫ്എ) സംഘടിപ്പിക്കുന്ന കേരള വുമണ്‍സ് ലീഗില്‍ പങ്കെടുക്കുവാൻ ഒരുങ്ങുന്ന ടീം, കിരീടം സ്വന്തമാക്കുന്നതിനൊപ്പം ഇന്ത്യന്‍ വനിതാ ലീഗിലേക്ക് (ഐഡബ്ല്യുഎല്‍) യോഗ്യത നേടുവാനും വരും വർഷങ്ങളിൽ എഎഫ്സി തലത്തില്‍ രാജ്യത്തെ പ്രതിനിധീകരിക്കാനും ക്ലബ്ബ് ലക്ഷ്യമിടുന്നു. ദേശീയ വനിതാ ഫുട്ബോൾ ടീമിലേക്ക് കൂടുതൽ താരങ്ങളെയെതിക എന്ന ലക്ഷ്യവും കേരളാ ബ്ലാസ്റ്റേഴ്സിന് മുന്നിലുണ്ട്. രാജ്യാന്തര തലത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച താരങ്ങൾക്ക് പുറമെ, മികച്ച പ്രാദേശിക താരങ്ങളും ടീമിലുണ്ട്. ഇന്ത്യൻ ഫുട്ബാളിൽ വനിതകളുടെ പ്രാധിനിത്യം ശക്തമാകുന്നതിനൊപ്പം സംസ്ഥാന വനിതാ ഫുട്ബോളിന്റെ വളര്‍ച്ചയിലും പുരോഗതിയിലും ഇത് പ്രധാന നാഴികക്കല്ലാകുമെന്നുറപ്പാണ്. ടീം അംഗങ്ങളുടെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും ക്ലബ് സ്ഥിരീകരിച്ചു.
ഒരു പുതിയ തുടക്കം! 💛
— Kerala Blasters Women (@KeralaBlastersW) July 25, 2022
Our game is for everyone.
We, at Kerala Blasters Football Club, are delighted to announce the formation of our women's team. #ഒരുപുതിയതുടക്കം #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/aWPJwXK8GD
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ യങ് ബ്ലാസ്റ്റേഴ്സ്-സ്പോര്‍ട്ഹുഡ് പ്രോഗ്രാമില്‍ ഇതിനകം സ്ത്രീ പ്രാതിനിധ്യമുണ്ട്. അതിനെ ഓരോ പ്രായ വിഭാഗത്തിലുള്ള ഗ്രൂപ്പാക്കി മാറ്റി, അവര്‍ക്ക് ജില്ലാ, സംസ്ഥാന തല ടൂര്‍ണമെന്റുകളില്‍ കെബിഎഫ്സിയെ പ്രതിനിധീകരിക്കാന്‍ അവസരം നല്‍കുക എന്നതും ക്ലബ്ബിന്റെ ദീര്‍ഘകാല പദ്ധതിയുടെ ഭാഗമാണ്. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ യുവ പ്രതിഭകള്‍ക്ക് സീനിയര്‍ ടീമിലേക്കും സ്ഥാനക്കയറ്റം നല്‍കുമെന്നും ക്ലബ്ബ് വ്യക്തമാക്കി.
കേരള ബ്ലാസ്റ്റേഴ്സ് അക്കാദമിയുടെയും വനിതാ ടീമിന്റെയും ഡയറക്ടറായി റിസ്വാനെ മുൻപ് ക്ലബ്ബ് നിയമിച്ചിരുന്നു. മുന്‍ ഫുട്ബോൾ താരവും പരിശീലകനുമായ ഷെരീഫ് ഖാന് എ.വി ആയിരിക്കും കേരള ബ്ലാസ്റ്റേഴ്സ് വനിതാ ടീമിന്റെ ആദ്യ മുഖ്യ പരിശീലകൻ. ദീര്‍ഘകാല കരാറിൽ ടീമിന്റെ പരിശീലകനായിരിക്കുന്ന ഷെരിഫ് ആയിരിക്കും ടീമിന്റെ മുന്നോട്ടുള്ള വളർച്ചക്കും പുരോഗതിക്കും ചുക്കാൻ പിടിക്കുക. ഓഗസ്റ്റില്‍ ആരംഭിക്കുന്ന കേരള വുമണ്‍സ് ലീഗിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് വനിതാ ടീം കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലായിരിക്കും പരിശീലിക്കുക. സംസ്ഥാനത്തെ വിവിധ വേദികളിലായാണ് ലീഗ് നിശ്ചയിച്ചിരിക്കുന്നത്.
"കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ സംബന്ധിച്ചിടത്തോളം, കുറച്ച് കാലമായി ഈ പദ്ധതിക്കായി ശ്രമിക്കുകയായിരുന്നു. നിലവില്‍ ഇന്ത്യന്‍ ദേശീയ ടീമില്‍ കേരളത്തിന് പ്രാതിനിധ്യമില്ല, ഈ സാഹചര്യം തീര്‍ച്ചയായും മാറണം. അതിനായി പ്രവര്‍ത്തിക്കാനും, നമ്മുടെ താരങ്ങളെ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരാനും ഉള്ള കാഴ്ചപ്പാട് ഞങ്ങള്‍ക്കുണ്ട്. അതിലേക്കുള്ള കേരളാ ബ്ലാസ്റ്റേഴ്സിന്റെ പങ്ക് വളരെ വലുതും ഒരു ക്ലബ് എന്ന നിലയിലുള്ള ഞങ്ങളുടെ സ്വാധീനം ഏറെ നിര്‍ണായകവുമായിരിക്കും" കേരള ബ്ലാസ്റ്റേഴ്സ് എഫ്സി അക്കാദമിയുടെയും വനിതാ ടീമിന്റെയും ഡയറക്ടര്‍ റിസ്വാന് പറഞ്ഞു.