Image credit: KeralaBlasters@Twitter

ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന ടൂർണമെന്റാണ് ഡ്യൂറൻഡ്‌ കപ്പ്. ലോക ഫുട്ബോളിലെ ഏറ്റവും പഴക്കം ചെന്ന മൂന്നാമത്തെ ടൂർണമെന്റ് കൂടിയാണ് ഡ്യൂറൻഡ് കപ്പ്. 1888-ലാണ് ഡ്യൂറൻഡ് കപ്പ് ആരംഭിച്ചത്. ആദ്യത്തെ ഡ്യൂറൻഡ് കപ്പ് മത്സരം അരങ്ങേറിയത് ഷിംലയിലാണ്. ഇത്തവണ ആരംഭിക്കാനിരിക്കുന്നത് ഡ്യൂറൻഡ് കപ്പിന്റെ 130-മത് പതിപ്പാണ്. ഡ്യൂറൻഡ് കപ്പിന്റെ തുടക്ക കാലത്ത് ഇന്ത്യയിലെ ആർമി ടീമുകൾ മാത്രമാണ് ടൂർണമെന്റിൽ പങ്കെടുത്തിരുന്നത്‌. പിന്നീടാണ് കൂടുതൽ ടീമുകൾ പങ്കെടുക്കാൻ തുടങ്ങിയത്. ഡ്യൂറൻഡ് ഫുട്ബോൾ ടൂർണമെന്റ് സൊസൈറ്റിയാണ് ഇപ്പോൾ ഡ്യൂറൻഡ് കപ്പിന്റെ നടത്തിപ്പുകാർ. മൊത്തം 16 ടീമുകളാണ് ഡ്യൂറൻഡ് കപ്പിൽ പങ്കെടുക്കുന്നത്. ഈ ടീമുകളെ 4 ഗ്രൂപ്പുകളായി തരം തിരിച്ചിട്ടുണ്ട്. എന്നാൽ ഇത്തവണത്തെ ഡ്യൂറൻഡ് കപ്പിനെ ആകർഷകമാക്കുന്നത് മലയാളികളുടെ പ്രിയപ്പെട്ട ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിനി സാന്നിധ്യമാണ്. ഇതാദ്യമായാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് ഡ്യൂറൻഡ് കപ്പിൽ പങ്കെടുക്കുന്നത്.

2019-ൽ നടന്ന ഡ്യൂറൻഡ് കപ്പിൽ കിരീടം നേടിയത് കേരളത്തിൽ നിന്നുള്ള ഐ ലീഗ് ക്ലബ്ബായ ഗോകുലം കേരള എഫ്സിയായിരുന്നു. ഫൈനലിൽ കൊൽക്കത്തൻ വമ്പന്മാരായ മോഹൻ ബഗാനെ പരാജയപ്പെടുത്തിയാണ് ഗോകുലം കേരള എഫ്സി കേരളത്തിന്റെ അഭിമാനമായി മാറിയത്. നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്സി ഇത്തവണയും ഡ്യൂറൻഡ് കപ്പിൽ പങ്കെടുക്കുന്നുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളായ കേരള ബ്ലാസ്റ്റേഴ്സ്, ജംഷെഡ്പൂർ എഫ്സി, എഫ്സി ഗോവ, ഹൈദരാബാദ് എഫ്സി, ബെംഗളൂരു എഫ്സി തുടങ്ങിയ ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്‌. ഐ ലീഗിൽ നിന്നും ഗോകുലം കേരള എഫ്സി, മൊഹമ്മദൻ സ്പോർട്ടിംഗ്, സുദേവഎഫ്സി തുടങ്ങിയ ക്ലബ്ബുകളും, സെക്കൻഡ് ഡിവിഷനിൽ നിന്ന് ഡൽഹി എഫ്സി, ബെംഗളൂരു യുണൈറ്റഡ് എഫ്സി തുടങ്ങിയ ക്ലബ്ബുകളും പങ്കെടുക്കുന്നുണ്ട്.

ഈ വർഷം സെപ്തംബർ 5-ന് കൊൽക്കത്തയിൽ ആരംഭിച്ച ടൂർണമെന്റിലെ ഉദ്ഘാടന മത്സരത്തിൽ മൊഹമ്മദൻ സ്പോർട്ടിംഗും, ഇന്ത്യൻ എയർഫോഴ്സുമാണ് ഏറ്റുമുട്ടിയത്. മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് മൊഹമ്മദൻ സ്പോർട്ടിംഗ് ഇന്ത്യൻ എയർഫോഴ്സിനെ പരാജയപ്പെടുത്തി.

ഇന്ത്യൻ സേനയിൽ നിന്ന് ആസാം റൈഫിൾസ്, ആർമി ഗ്രീൻ, ആർമി റെഡ്, ഇന്ത്യൻ നേവി, ഇന്ത്യൻ എയർ ഫോഴ്സ്, സിആർപിഎഫ് തുടങ്ങിയ ടീമുകളുമാണ് ഡ്യൂറൻഡ് കപ്പിന്റെ ഭാഗമാകുന്നത്. കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെട്ടിട്ടുള്ള ഗ്രൂപ്പ് സി-യിലെ മറ്റു ടീമുകൾ ബെംഗളൂരു എഫ്സി, ഡൽഹി എഫ്‌സി, ഇന്ത്യൻ നേവി എന്നിവയാണ്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാരാണ് അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടുക.

ഇത്തവണ പ്രീ സീസൺ പരിശീലനം നേരത്തെ തന്നെ ആരംഭിച്ച കേരള ബ്ലാസ്റ്റേഴ്സ് 3 പ്രീ സീസൺ മത്സരങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. കേരള യുണൈറ്റഡ് എഫ്സിയുമായി നടന്ന മത്സരങ്ങളിൽ ഒരു തോൽവിയും, ഒരു സമനിലയും നേടിയ കേരള ബ്ലാസ്റ്റേഴ്സ് അവസാന മത്സരത്തിൽ ജമ്മു കാശ്മീർ എഫ്സിയെ പരാജയപ്പെടുത്തിയിരുന്നു. നിലവിൽ കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പമുള്ള വിദേശ താരങ്ങൾ പ്രതിരോധ താരം എനെസ് സിപോവിച്ച്, മധ്യനിര താരം അഡ്രിയാൻ ലൂണ എന്നിവരാണ്. ഡ്യൂറൻഡ് കപ്പിൽ പങ്കെടുക്കുന്ന മറ്റ് രണ്ട് വിദേശ താരങ്ങളായ ചെഞ്ചോ, ജോർജെ പേരേര ഡയാസ് എന്നിവർ ഡ്യൂറൻഡ് കപ്പിന് മുന്നോടിയായി കൊൽക്കത്തയിലെത്തി ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷ.

ഡ്യൂറൻഡ് കപ്പിലെ അരങ്ങേറ്റ സീസണിൽ തന്നെ മെയിൻ ടീമിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് കളത്തിലിറക്കുന്നത്. അതു കൊണ്ട് തന്നെ ഡ്യൂറൻഡ് കപ്പ് മത്സരങ്ങൾ ഐഎസ്എല്ലിന് മുന്നോടിയായി ടീമിനെ അണിയിച്ചൊരുക്കാൻ കേരള ബ്ലാസ്റ്റേഴ്സിനെ തീർച്ചയായും സഹായിക്കും. നിലവിലെ സ്ക്വാഡ് ലിസ്റ്റ് വെച്ച് കേരള ബ്ലാസ്റ്റേഴ്സിന് തീർച്ചയായും അനായാസമായി ഗ്രൂപ്പ് ഘട്ടം കടക്കാൻ കഴിയുമെന്ന് തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്.