ഹോം മത്സരത്തിൽ തോൽക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഇന്നത്തെ മത്സരത്തിലെ ഫലം എടുത്തുകാണിക്കുന്നത് കളിക്കാരുടെ ടീമിനോടുള്ള ആത്മാർത്ഥയെയാണെന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ ഇടക്കാല പരിശീലകൻ ടിജി പുരുഷോത്തമൻ. കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നോർത്ത്ഈസ്റ്റ് യൂണൈറ്റഡിനെതിരായ മത്സരത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

81 മത്സരങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഗോൾരഹിത സമനിലയിൽ ഒരു മത്സരം അവസാനിപ്പിക്കുന്നത്. ഏറ്റവും അവസാനം ടീം ഒരു മത്സരം 0 - 0 യിൽ അവസാനിപ്പിച്ചത് 2021 നവംബർ 25 ന്. അതും നോർത്ത്ഈസ്റ്റ് യൂണൈറ്റഡിനെതിരെ തന്നെയായിരുന്നു. കൊച്ചിയിൽ മത്സരം ആരംഭിച്ച് മുപ്പതാം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഐബെൻബ ദോഹലിംഗ് ചുവപ്പ് കാർഡ് വാങ്ങി പുറത്തുപോയത് മത്സരത്തിന്റെ ഗതി മാറ്റി. പക്ഷെ, തുടർച്ചയായി ആക്രമങ്ങൾ നടത്തിയിട്ടും ഹൈലാൻഡേഴ്സിന് വിജയം കണ്ടെത്താൻ സാധിച്ചില്ല.

അവരുടെ തന്ത്രങ്ങൾ മറികടക്കേണ്ടതുണ്ടായിരുന്നു. പക്ഷെ അത് നടന്നില്ലെന്നും. സ്വന്തം മൈതാനത്ത് തോൽക്കാൻ ടീം ഇഷ്ടപ്പെടുന്നില്ലെന്നും പരിശീലകൻ വ്യക്തമാക്കി. " അത് ചില ഗെയിമുകളെ ആശ്രയിക്കുന്നു. അവർ ചില തന്ത്രങ്ങൾ ഉപയോഗിക്കും, നമ്മൾ അത് മറികടക്കണം. പക്ഷെ, നിർഭാഗ്യം കാരണമെന്നാണ് ഇത് സംഭവിച്ചത് (ചുവപ്പ് കാർഡ്). എതിരാളിയോടുള്ള എല്ലാ ബഹുമാനത്തോടെയും ഞാൻ പറയുന്നു, ഞങ്ങൾ നന്നായി കളിച്ചു. നന്നായി പ്രതിരോധിച്ചു. ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്തെന്നാൽ, ഇത് ഹോം മത്സരമാണ്. അവിടെ തോൽക്കാൻ ആഗ്രഹിക്കുന്നില്ല. പോയിന്റുകൾ നേടണം. അത് ഞങ്ങൾ നേടി," അദ്ദേഹം പറഞ്ഞു.

ഐബെൻബ ഈ സീസണിൽ ആദ്യമായല്ല ഒരു മത്സരത്തിൽ നേരിട്ട് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോകുന്നത്. പഞ്ചാബിനെതിരായ മത്സരത്തിൽ രണ്ടാം മഞ്ഞക്കാർഡ് വാങ്ങിയ മിലോസ് ഡ്രിൻസിച്ചിന് ശേഷം മിനിട്ടുകൾക്കകം ഐബാൻ ചുവപ്പ് കാർഡ് കാണേണ്ടി വന്നത് ടീമിനെ ഒൻപതുപേരാക്കി ചുരുക്കിയിരുന്നു. പിന്നീട് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ (എഐഎഫ്എഫ്) അച്ചടക്ക കമ്മിറ്റി വീഡിയോ തെളിവുകളുടെ അടിസ്ഥാനത്തിൽ തീരുമാനം പുനഃപരിശോധിച്ച്, അതിനെ മഞ്ഞക്കാർഡാക്കി മാറ്റിയിരുന്നു.

"അത് കളിയുടെ ഒരു ഭാഗമാണ്. അത് സാഹചര്യത്തെയും അവർ അത് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെയും ആശ്രയിച്ചിരിക്കുന്നു. മഞ്ഞയും ചുവപ്പുമായ കാർഡുകൾ സംഭവിക്കാം. അത് എങ്ങനെ പോകുന്നുവെന്ന് നമുക്ക് നോക്കാം. എല്ലാ വെല്ലുവിളികളെയും മറികടക്കാൻ ഞങ്ങൾ ഒരു വഴി കണ്ടെത്തും. ഞങ്ങൾ ഇവിടെ നിന്ന് തുടങ്ങിയതുമുതൽ, എല്ലാ വെല്ലുവിളികളും ഞങ്ങൾക്കുണ്ട്. അതിനുമുമ്പ്, ഞങ്ങൾക്ക് അവയെല്ലാം മറികടക്കണം. ഞങ്ങൾ വെല്ലുവിളികളെ സ്വാഗതം ചെയ്യുന്നു. ഞങ്ങൾ എല്ലാം പോസിറ്റീവായി മറികടക്കും. ജയം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നു," ടീമിന്റെ അച്ചടക്കത്തെ പറ്റി പുരുഷോത്തമൻ പ്രതികരിച്ചു.

ഇടക്കാല പരിശീലകന്റെ കീഴിൽ കേരള ബ്ലാസ്റ്റേഴ്‌സ് നേടിയത് 10 പോയിന്റുകളാണ്. 2025 എന്ന വർഷം ഒരു മികച്ച തുടക്കമാണ് ടീമിന് നൽകിയിരിക്കുന്നത്. ഈ നേട്ടമെല്ലാം ടീം വർക്കിൽ നിന്നും കിട്ടിയതെന്ന് പരിശീലകൻ ചൂണ്ടികാണിച്ചു. " ഇതാണ് ഞാൻ പറഞ്ഞുവരുന്നത്. ബുദ്ധിമുട്ടുകളുള്ള ഈ സാഹചര്യത്തിൽ ഒരു ടീമിനെ ടീമായി മാറ്റുന്നതിനെ കുറിച്ചാണ് ഇതെല്ലാം. എല്ലാ കളിക്കാരുടെയും പരിശ്രമങ്ങൾ എടുത്ത് കാണിക്കേണ്ടതാണ്. ബാഡ്ജിനായി, ക്ലബ്ബിനായി, അഭിമാനത്തിനായി കളിക്കാൻ അവർ ഗ്രൗണ്ടിൽ പരമാവധി നൽകുന്നു. എല്ലാ ക്രെഡിറ്റും കളിക്കാർക്കാണ്. എന്തെങ്കിലും നെഗറ്റീവ് സംഭവിച്ചാൽ, ഒരു കോച്ചിംഗ് സ്റ്റാഫ് എന്ന നിലയിൽ, അത് നമ്മുടെ തെറ്റാണ്. എല്ലാ പോസിറ്റീവും എല്ലാ ക്രെഡിറ്റും കളിക്കാർക്ക് ഉള്ളതാണ്,"

ഇന്നത്തെ മത്സരത്തിൽ വിങ്ങർ കോറൂ സിംഗിന്റെ പ്രകടനം ശ്രദ്ധേയമാണ്. ഐബാന് കളം വിട്ടതിന് ശേഷം വലത് വിങ്‌ബെക്കിലേക്ക് താരം ഇറങ്ങി കളിക്കുകയുണ്ടായി. നോർത്ത്ഈസ്റ്റിന്റെ മൊറോക്കൻ വിങ്ങറും ലീഗിന്റെ ടോപ് സ്‌കോററുമായ അലാദീൻ അജൈറയെ കൃത്യമായി മാർക്ക് ചെയ്ത മണിപ്പൂർ സ്വദേശി മത്സരത്തിലാകമാനം നടത്തിയത് അഞ്ച് ക്ലിയറൻസുകളും ഓരോ ഇന്റർസെപ്ഷനും ടാക്കിളും. നേടിയത് മികച്ച താരത്തിനുള്ള അവാർഡും. പതിനെട്ടുകാരന്റെ കളിമികവിനെ പ്രശംസിച്ച പരിശീലകൻ ഭാവിതരങ്ങളെ സൃഷ്ടിക്കുന്നതിനുള്ള ക്ലബ്ബിന്റെ കാഴ്ചപ്പാടും പങ്കുവെച്ചു.

"ഗ്രൗണ്ടിൽ ഒരു വെല്ലുവിളി നേരിടേണ്ടി വരുമ്പോൾ, അത് മാറ്റങ്ങളെയും കൊണ്ടുവരും. റൈറ്റ് ബാക്കായി കോറൂ മികച്ച പ്രകടനം കാഴ്ചവച്ചു.

അദ്ദേഹം ഞെട്ടിച്ചു. ഇങ്ങനെയാണ് യുവതാരങ്ങൾ ഉയർന്നുവരുന്നത്. ഐഎസ്എല്ലിനും ദേശീയ ടീമിനും വേണ്ടി കെബിഎഫ്‌സി കളിക്കാരെ സൃഷ്ടിക്കുന്നു. കൂടുതൽ കളിക്കാർ ഉയർന്നുവരേണ്ടതുണ്ട്. തീർച്ചയായും, ഫലങ്ങൾ ലഭിക്കും. ഞങ്ങൾ അതിനായി കാത്തിരിക്കുകയാണ്," അദ്ദേഹം പറഞ്ഞവസാനിപ്പിച്ചു.