യുവഗോൾകീപ്പർ സോം കുമാറുമായി കരാർ ഒപ്പിട്ട് കേരള ബ്ലാസ്റ്റേഴ്‌സ്. നാല് വർഷത്തെ കരാറിലാണ് താരം ടീമിലെത്തുന്നത്. പുതുതായി നിയമിതനായ പരിശീലകൻ മൈക്കൽ സ്റ്റാഹെയുടെ കീഴിലെ ആദ്യ സൈനിംഗാണ് സോം കുമാർ.

2005 ഫെബ്രുവരി 27 ന് ബെംഗളൂരുവിൽ ജനിച്ച സോം കുമാർ ബാംഗ്ലൂരിലെ അണ്ടർ 13 ക്ലബ്ബ് ഫുട്ബോളിലൂടെയാണ് തന്റെ ഫുട്ബോൾ കരിയറിന് തുടക്കം കുറിച്ചത്. ബോക ജൂനിയേഴ്‌സ് അക്കാദമിയിലും BYFL അക്കാദമിയിലും മികച്ച പ്രകടനത്തിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ താരം 2020 ൽ സ്ലോവേനിയയിലെ NK ബ്രാവോയ്‌ക്കൊപ്പം ഭാഗമായി. NK ബ്രാവോയുടെ അണ്ടർ 17 ഗോൾകീപ്പർ ആയിരുന്ന സോം സ്ഥിരതയാർന്ന പ്രകടനങ്ങളിലൂടെ NK ബ്രാവോയുടെയും NK ക്രാക്ക അണ്ടർ 19 ടീമുകളിൽ ഇടം നേടി.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ NK ഒളിമ്പിജ ലുബ്ലിയാനയുമായുള്ള കരാറിൽ ഒപ്പിട്ട സോം ക്ലബിലെ മൂന്നാം ചോയ്സ് ഗോൾകീപ്പറായി തുടങ്ങിയെങ്കിലും, അസാധാരണമായ കഴിവുകൾ അദ്ദേഹത്തിന് NK ഒളിമ്പിജ ലുബ്ലിയാൻ അണ്ടർ 19ന്റെ സ്ഥിരം ഗോൾകീപ്പർ സ്ഥാനം നേടിക്കൊടുത്തു. തുടർന്ന്, യുവേഫ യൂറോപ്യൻ അണ്ടർ-19 ചാമ്പ്യൻഷിപ്പ് സ്ക്വാഡിലേക്കുള്ള ടീമിലേക്കും സോം തിരഞ്ഞെടുക്കപ്പെട്ടു.

നിലവിൽ സ്ലോവേനിയൻ ഫസ്റ്റ് ഡിവിഷൻ ടീമായ എൻകെ ഒളിമ്പിജ ലുബ്ലിയാനയിൽ നിന്നാണ് കേരളാ ബ്ലാസ്റ്റേഴ്സിലേക്ക് കുടിയേറുന്നത്. 2022 ലെ SAFF U-20 ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു സോം കുമാർ. ഇന്ത്യയുടെ അണ്ടർ 16, അണ്ടർ 17 ടീമുകളുടെ ഭാഗമായിരുന്ന സോം, ഒഡീഷയിൽ നടന്ന 2022 SAFF അണ്ടർ-20 ചാമ്പ്യൻഷിപ്പിൽ ഇന്ത്യ അണ്ടർ 20 ടീമിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. മാലിദ്വീപിനെതിരായ സെമി ഫൈനലിലും ബംഗ്ലാദേശിനെതിരായ ഫൈനലിലും അദ്ദേഹത്തിന്റെ പ്രകടനം ടൂർണമെന്റിലെ മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരം നേടിക്കൊടുത്തു.

2023-ൽ, കുവൈറ്റിൽ നടന്ന AFC U-20 ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ടീമിന്റെ ഭാഗമായിരുന്നു കുമാർ, പിന്നീട് നേപ്പാളിലെ കാഠ്മണ്ഡുവിൽ നടന്ന 2023 SAFF U-19 ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ വിജയത്തിൽ നിർണായക പ്രകടനം കാഴ്ചവച്ചു.

"കേരള ബ്ലാസ്റ്റേഴ്സിൽ ചേരുന്നതിൽ ഞാൻ ആവേശഭരിതനാണ്, ടീമിലേക്ക് പരമാവധി സംഭാവന നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരു കളിക്കാരനെന്ന നിലയിൽ വളരാനുള്ള മികച്ച അവസരമാണിത്, ക്ലബ്ബിനും ആരാധകർക്കും വേണ്ടി എന്റെ ഏറ്റവും മികച്ചത് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു.” സോം കുമാർ പറഞ്ഞു.

“അദ്ദേഹത്തിൽ സമ്മർദ്ദം സൃഷ്ടിക്കാൻ ഉദ്ദേശമില്ലാതെ, എന്നാൽ സോം തന്റെ തലമുറയിലെ ഏറ്റവും ഉയർന്ന സാധ്യതയുള്ള കളിക്കാരിലൊരാളാണെന്ന് എനിക്ക് ക്രിയാത്മകമായി പറയാൻ കഴിയും. അദ്ദേഹം കേരള ബ്ലാസ്റ്റേഴ്‌സ് പ്രോജക്ടിൽ വിശ്വസിച്ച് വിദേശത്ത് നിന്ന് മടങ്ങിവരാൻ തീരുമാനിച്ചതിൽ എനിക്ക് സന്തോഷമുണ്ട്" കേരളാ ബ്ലാസ്റ്റേഴ്‌സ് സ്‌പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പറഞ്ഞു