ജനുവരി പതിനഞ്ചിന് നടക്കുന്ന കലിംഗ സൂപ്പർ കപ്പിലെ രണ്ടാം മത്സരത്തിൽ  ജംഷഡ്പൂർ എഫ്സിയെ നേരിടാനൊരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. മത്സരവിജയത്തിലൂടെ സെമിഫൈനലേക്കുള്ള പ്രവേശനം എളുപ്പമാക്കാനാകും ബ്ലാസ്റ്റേഴ്സ് ശ്രമിക്കുക. കലിംഗ സൂപ്പർ കപ്പിലെ ആദ്യ മത്സരത്തിൽ ഷില്ലോങ് ലജോംഗിനെ 3-1ന് പരാജയപ്പെടുത്തി കേരളാ ബ്ലാസ്റ്റേഴ്സ് തങ്ങളുടെ വരവ് ഗംഭീരമാക്കിയിരുന്നു.

തിങ്കളാഴ്ച ഇരു ടീമുകളും ഏറ്റുമുട്ടുമ്പോൾ കടുത്ത മത്സരത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാനില്ല. ഇരു ടീമുകളും ഏറ്റുമുട്ടിയ സീസണിലെ കൊച്ചിയിൽ നടന്ന അവസാന മത്സരത്തിൽ ജംഷഡ്പൂർ എഫ്സിയെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയിരുന്നു

ആദ്യ സൂപ്പർ കപ്പ് മത്സരത്തിൽ ക്വാമെ പെപ്ര ബ്ലാസ്റ്റേഴ്സിനായി ഇരട്ടഗോൾ നേടി. ഖാലിദ് ജാമിലിന്റെകീഴിൽ പുതിയ നീക്കങ്ങളുമായെത്തുന്ന ജംഷഡ്പൂർ എഫ്സി ടീമിനെതിരെ ഇവാൻ വുകൊമാനോവിച്ചിന്റെ പ്രധാന തുറുപ്പുചീട്ടുകൾ ദിമിത്രിയോസ്ഡയമന്റകോസും ക്വാമെ പെപ്രയുമായിരിക്കും. മറുവശത്ത് മികച്ച ഫോമിൽ മുന്നേറുന്ന ജംഷഡ്പൂർ എഫ്സി താരം ഡാനിയൽ ചീമ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ പ്രതിരോധത്തിന് ഭീഷണിയാകാനിടയുണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് vs ജംഷഡ്പൂർ എഫ്സി സാധ്യതാ ലൈനപ്പ് 

കേരള ബ്ലാസ്റ്റേഴ്സ്: സച്ചിൻ സുരേഷ്; ഹുയ്ഡ്രോം സിംഗ്, പ്രബീർ ദാസ്, മിലോസ് ഡ്രിൻസിക്, റൂയിവ ഹോർമിപാം; മുഹമ്മദ് അസ്ഹർ, മുഹമ്മദ് ഐമെൻ, ഡാനിഷ് ഭട്ട്; ഡൈസുകെ സകായ്, ക്വാമെ പെപ്ര, ദിമിത്രിയോസ്ഡയമന്റകോസ്

ജംഷഡ്പൂർ എഫ്സി: റെഹനേഷ് ടിപി; ലാൽഡിൻപുയ പച്ചൗ, മുഹമ്മദ് ഉവൈസ്, എൽസിഞ്ഞോ, പ്രതീക് ചൗധരി; ജിതേന്ദ്ര സിംഗ്, അലൻ സ്റ്റെവനോവിച്ച്, ജെറമി മാൻസോറോ, ഇമ്രാൻ ഖാൻ; ഡാനിയൽ ചിമ ചുക്വു, സ്റ്റീവ് ആംബ്രി

കേരള ബ്ലാസ്റ്റേഴ്സ് vs ജംഷഡ്പൂർ എഫ്സി, മാച്ച് ഷെഡ്യൂൾ

സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സും ജംഷഡ്പൂർ എഫ്സിയും തമ്മിലുള്ള മത്സരം ജനുവരി 15 തിങ്കളാഴ്ച നടക്കും. ഇന്ത്യൻ സമയം വൈകുന്നേരം 7:30 ന് ആരംഭിക്കുന്ന മത്സരം ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയം മെയിൻ പിച്ചിലാകും നടക്കുക. ഇന്ത്യയിൽ വൈകിട്ട് 7:30 മുതൽ ജിയോസിനിമ ആപ്പിലും വെബ്സൈറ്റിലും മത്സരം തത്സമയം സംപ്രേക്ഷണം ചെയ്യും.