പുതിയ പരിശീലകൻ ഡേവിഡ് കറ്റാലക്ക് കീഴിൽ ആദ്യ മത്സരം കളിക്കാനിറങ്ങി ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. ഒഡീഷ ആതിഥേയത്വം വഹിക്കുന്ന കലിംഗ സൂപ്പർ കപ്പിന്റെ പ്രീ ക്വാർട്ടർ (റൌണ്ട് ഓഫ് 16) മത്സരത്തിൽ ഈസ്റ്റ് ബംഗാൾ എഫ്‌സിയാണ് എതിരാളികൾ. ഏപ്രിൽ 20 ഞായറാഴ്ച ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ രാത്രി എട്ട് മണിക്കാണ് കിക്കോഫ്.

ഐഎസ്എല്ലിൽ പ്ലേ ഓഫ് കാണാതെ പുറത്തായ ടീമുകളാണ് ഇരുവരും എന്നതിനാൽ, ടൂർണമെന്റിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾക്ക് ആവശ്യമായ സമയം രണ്ട് ടീമുകൾക്കും ലഭിച്ചിട്ടുണ്ട്. സീസണിന് മദ്ധ്യേ സ്വീഡിഷ് പരിശീലകൻ മിക്കേൽ സ്റ്റാറെയുമായി വഴിപിരിഞ്ഞ ബ്ലാസ്റ്റേഴ്‌സ്, ഇടക്കാല പരിശീലകൻ ടിജി പുരുഷോത്തമന് കീഴിലാണ് സീസൺ അവസാനിപ്പിച്ചത്. അദ്ദേഹത്തിന് കീഴിൽ അവസാനം വരെയും പ്ലേ ഓഫ് സാദ്ധ്യതകൾ സജീവമാക്കി നിലനിർത്തി ക്ലബ്. എങ്കിലും, സ്ഥിരതയില്ലാത്ത പ്രകടനം നാല് വർഷങ്ങൾക്ക് ശേഷം ക്ലബ്ബിനെ പ്ലേ ഓഫിൽ നിന്നും പുറത്തെത്തിച്ചു. ശേഷം, ഐഎസ്എൽ ഗ്രൂപ്പ് ഘട്ടത്തിന് വിരാമമിട്ടതും, സൂപ്പർ കപ്പ് ലക്ഷ്യമിട്ട് സ്പാനിഷ് പരിശീലകനെ തട്ടകത്തിൽ എത്തിച്ചു. ക്ലബ് ചരിത്രത്തിലെ ആദ്യത്തെ കിരീടത്തിൽ മുത്തമിടുക എന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ലക്ഷ്യമിടുന്നത്.

കഴിഞ്ഞ സീസണിൽ നേടിയ കിരീടം നിലനിർത്തുക എന്ന ലക്ഷ്യമാണ് ബംഗ്ലാദേശ് ദേശീയ ടീമിന്റെ ഇടക്കാല പരിശീലകനായിരുന്ന ഓസ്കാർ ബ്രൂസെൻ നയിക്കുന്ന ഈസ്റ്റ് ബംഗാളിന്. ബ്ലാസ്റ്റേഴ്സിന് സമാനമായി ലീഗിനിടയിൽ തന്നെ അവരും മുഖ്യ പരിശീലകനായ കാർലെസ് ക്വാദ്രാത്തുമായി വഴിപിരിഞ്ഞിരുന്നു. ശേഷമാണ് ബ്രൂസണിന്റെ വരവ്. ഐഎസ്എൽ സീസണിൽ മോശം തുടക്കത്തിന് ശേഷം പതിയെ തിരിച്ചുവരവ് നടത്തിയ ടീമിനും പക്ഷെ അവസാന ആറിലേക്ക് യോഗ്യത നേടാൻ സാധിച്ചില്ല.

ഈ സീസണിൽ ഈസ്റ്റ് ബംഗാൾ എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയും രണ്ടുതവണ ഏറ്റുമുട്ടി, ഇരു ടീമുകളും ഓരോ വിജയം നേടി. രണ്ടു മത്സരങ്ങളും അവസാനിച്ചത് 2-1 എന്ന സ്കോർ ലൈനിൽ. കൊച്ചിയിലെ മത്സരത്തിൽ റെഡ് ആൻഡ് ഗോൾഡ് ബ്രിഗേഡിനെതിരെ നോഹ സദൗയിയുടെയും ക്വാമെ പെപ്രയുടെയും ഗോളുകളുടെ ബലത്തിൽ ബ്ലാസ്റ്റേഴ്‌സ് നേടിയത് തിരിച്ചുവരവ് ജയം. രണ്ടാം മത്സരത്തിൽ പിവി വിഷ്ണുവിന്റെയും ഹിജാസി മഹറിന്റെയും ഗോളുകളിൽ കൊൽക്കത്തൻ ക്ലബ് നേടിയത് നിർണായക ജയം.

മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ, നിലവിലെ ജേതാക്കൾക്കെതിരെ കടുത്ത മത്സരം പ്രതീക്ഷിക്കുന്നതായി കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ കറ്റാല വ്യക്തമാക്കി.

"അവരും (ഈസ്റ്റ് ബംഗാൾ എഫ്‌സി) സമാനമായ സാഹചര്യത്തിലായിരിക്കും. ഒരുപക്ഷേ അവർക്ക് ലീഗിൽ മികച്ച പ്രതീക്ഷകൾ ഉണ്ടായിരുന്നിരിക്കാം. സീസൺ നന്നായി അവസാനിപ്പിക്കാനുള്ള നല്ലൊരു അവസരമായി ഈ കലിംഗ സൂപ്പർ കപ്പ് അവർ ഉപയോഗിച്ചേക്കാം," അദ്ദേഹം പറഞ്ഞു.

"കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരാണ് അവർ എന്ന് എനിക്കറിയാം. മത്സരത്തിൽ ഇരു ടീമുകളും വിജയം ലക്ഷ്യമിട്ട് മത്സരിക്കും എന്ന് ഉറപ്പാണ്. മത്സരം ആവേശഭരിതമായിരിക്കും," അദ്ദേഹം കൂട്ടിച്ചേർത്തു.

ഓസ്‌കാർ ബ്രൂസൺ ആകട്ടെ, കളിക്കാരുടെ കഴിവുകളിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ബ്ലാസ്റ്റേഴ്സിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച് ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടുമെന്ന പ്രതീക്ഷയും പങ്കുവെച്ചു. കലിംഗ സൂപ്പർ കപ്പ് കിരീടം നിലനിർത്തിക്കൊണ്ട് 2024-25 സീസൺ മികച്ച രീതിയിൽ പൂർത്തിയാക്കാനും എ‌എഫ്‌സി മത്സരങ്ങളിൽ ഇന്ത്യയെ വീണ്ടും പ്രതിനിധീകരിക്കാനുള്ള അവസരം നേടിയെടുക്കാനും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു.

"ഈ ടൂർണമെന്റ് ഏഷ്യയിൽ കളിക്കാനും അടുത്ത സീസണിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനും ഞങ്ങൾക്ക് അവസരം നൽകുന്നു. അതിനാൽ, ടൂർണമെന്റിന്റെ പ്രാധാന്യത്തെക്കുറിച്ച് നന്നായി അറിയാം. കാരണം, സീസണിന്റെ തുടക്കത്തിൽ ഞങ്ങളിലുണ്ടായ പ്രതീക്ഷയുമായി ചേർന്നുനിൽക്കാൻ ഞങ്ങൾക്ക് സാധിച്ചില്ല," അദ്ദേഹം പറഞ്ഞു.

"പക്ഷേ, താരങ്ങൾ കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്നും എനിക്ക് തുറന്നു പറയാൻ കഴിയും. കളിശൈലിയിൽ ചില മാറ്റങ്ങളോടെയാണ് ഞങ്ങൾ എത്തുന്നത്. എതിരാളിയായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യൻ ഫുട്‌ബോളിലെ ഒരു ഐക്കണിക് ക്ലബ്ബാണ്. അവർക്ക് ഒരു പുതിയ പരിശീലകനുണ്ട്. നാളെ ഇരു ടീമുകളും കളത്തിൽ പരമാവധി നൽകാനും, മുന്നോട്ട് പോകാനും, ഈ സീസണിൽ കൂടുതൽ സ്ഥിരതായേ നിന്ന എംബിഎസ്ജിക്കെതിരെ അടുത്ത മത്സരം കളിക്കാനും ശ്രമിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു," അദ്ദേഹം തുടർന്നു.

ഈ മത്സരത്തിലെ വിജയി ഏപ്രിൽ 6 ന് നടക്കുന്ന ആദ്യ ക്വാർട്ടർ ഫൈനലിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെ നേരിടും.

മത്സരത്തിന്റെ വിവരങ്ങൾ

മത്സരം 1: കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി vs ഈസ്റ്റ് ബംഗാൾ എഫ്‌സി

ഘട്ടം: റൗണ്ട് ഓഫ് 16

വേദി: കലിംഗ സ്റ്റേഡിയം, ഭുവനേശ്വർ

സമയം: 8:00 PM

തത്സമയ സംപ്രേക്ഷണം: ജിയോഹോട്ട്സ്റ്റാർ