ബുധനാഴ്ച നടന്ന ഡ്യൂറൻഡ് കപ്പ് മത്സരത്തിൽ കേരളബ്ലാസ്റ്റേഴ്സിനു മേൽ വിജയം സ്ഥാപിച്ച് ബെംഗളൂരു എഫ്സി!

Image credit: Bengaluru FC

2021 സെപ്റ്റംബർ 15 ബുധനാഴ്ച കൊൽക്കത്തയിലെ വിവേകാനന്ദ യുബ ഭാരതി ക്രിരംഗനിൽ നടന്ന ഡ്യൂറൻഡ് കപ്പ് മത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് കേരളബ്ലാസ്റ്റേഴ്സിനു മേൽ വിജയം സ്ഥാപിച്ച് ബെംഗളൂരു എഫ്‌സി.

കളി തുടങ്ങി ആദ്യ പകുതിയുടെ പ്രാരംഭ ഭാഗത്ത് ആധിപത്യം സ്ഥാപിച്ച കേരള ബ്ലാസ്റ്റേഴ്സിന് കുറച്ച് മികച്ച അവസരങ്ങളും സൃഷ്ടിക്കാൻ ആയിരുന്നു. എന്നാൽ അതൊന്നും ലക്ഷ്യത്തിലെത്തിക്കാൻ ടീമിനായില്ല. 33ആം മിനിറ്റിൽ, ശ്രീക്കുട്ടന്റെ ഒരു മികച്ച ഷോട്ട് ഗോളിലേക്കുള്ള ആദ്യ യഥാർത്ഥ അവസരമായിരുന്നെങ്കിലും ലാറ അതിനെ തടഞ്ഞു. വീണ്ടും 38ആം മിനിറ്റിൽ, ലൂണ ഫ്രീകിക്കിലൂടെ ഒരു ഗോൾ ഷോട്ട് നേടി. ഗോളെന്നുറപ്പിച്ച അവസരം വീണ്ടും ബെംഗളൂരു ഗോൾ കീപ്പർ വിജയകരമായി തടഞ്ഞു.

45ആം മിനിറ്റിൽ, കേരള ബ്ലാസ്റ്റേഴ്സിന്റെ കീപ്പർ ആൽബിനോ ഗോമസിന് തടയാനുള്ള യാതൊരു സാഹചര്യവും അവശേഷിപ്പിക്കാതെ ബെംഗളൂരു എഫ്സി താരം നംഗ്യാൽ ബൂട്ടിയയുടെ മികച്ചൊരു ഫ്രീകിക്ക് വല തുളച്ചു.

രണ്ടാം പകുതിയിൽ കേരളാബ്ലാസ്റ്റേഴ്സിന് ലഭിച്ചത് മൂന്നു റെഡ് കാർഡുകളാണ്. ആർ‌വി ഹോർമിപം റെഡ്‌കാർഡ് വാങ്ങി ആദ്യം പുറത്തായി. തുടർന്ന് സന്ദീപ് സിങ്ങും  യെൻഡ്രെമ്പം ഡെനെചന്ദ്രം മീതേയും റെഡ്‌കാർഡ് വഴങ്ങി പുറത്തായി.

71ആം മിനിറ്റിൽ, ലിയോൺ അഗസ്റ്റിൻ ബെംഗളൂരു എഫ്‌സിക്കായി രണ്ടാമത്തെ ഗോൾ നേടി. മത്സരം വസാനിക്കുമ്പോൾ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് ബെംഗളൂരു എഫ്‌സി കേരളാബ്ലാസ്റ്റേഴ്സിനുമേൽ വിജയം നേടി. കേരളാബ്ലാസ്റ്റേഴ്സിന്റെ ഗോൾ ശ്രമങ്ങൾ അവസരോചിതമായി തടഞ്ഞ ഗോൾ കീപ്പർ ലാറയെ മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുത്തു.

Your Comments

Your Comments