സ്പാനിഷ് കോച്ച് ഡേവിഡ് കാറ്റലയെ മുഖ്യ പരിശീലകനായി നിയമിച്ചതായി പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. ക്ലബിനൊപ്പം ഒരു വർഷത്തേക്ക് കരാർ ഒപ്പിട്ട കാറ്റല 2026 വരെ ടീമിനൊപ്പം തുടരും. കാൽപന്ത് കളിയിൽ ആധുനിക സമീപനത്തിന് പേരുകേട്ട, യൂറോപ്യൻ ഫുട്ബോൾ അനുഭവസമ്പത്തുള്ള പരിശീലകൻ ഉടൻ തന്നെ ക്ലബ്ബിലെ തന്റെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുമെന്ന് ബ്ലാസ്റ്റേഴ്‌സ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.

പരിശീലക കുപ്പായം അണിയുന്നതിന് മുന്നോടിയായി, ഫുട്ബോൾ കരിയറിൽ സെൻട്രൽ ഡിഫെൻഡറായി കളം നിറഞ്ഞ കാറ്റല, സ്പെയിനിലും സൈപ്രസിലുമായി ഏകദേശം അഞ്ഞൂറോളം മത്സരങ്ങളിൽ ബൂട്ടണിഞ്ഞിട്ടുണ്ട്. സൈപ്രിയോട്ട് ഫസ്റ്റ് ഡിവിഷൻ ലീഗിൽ എഇകെ ലാർനക, അപ്പോളോ ലിമാസ്സോൾ എന്നീ ക്ലബുകളിലും ക്രൊയേഷ്യൻ ഫ്സ്റ്റ് ഫുട്‌ബോൾ ലീഗിൽ എൻകെ ഇസ്ത്ര 1961, പ്രൈമേര ഫെഡറേഷ്യനിൽ സിഇ സബാഡെൽ എന്നിവിടങ്ങളിലായിരുന്നു കറ്റാലയുടെ കോച്ചിംഗ് കരിയർ.

"കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ ഭാഗമാകാൻ സാധിച്ചതിൽ ഏറെ അഭിമാനമുണ്ട്. ഫുട്‌ബോളിന്റെ ആവേശം ഓരോ ശ്വാസത്തിലുമുള്ള നാടാണിത്. ക്ലബിന്റെ സമാനതകളില്ലാത്ത അഭിനിവേശവും മറ്റാർക്കുമില്ലാത്ത ബൃഹത്തായ ആരാധകവൃന്ദവും കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഓരോ മത്സരങ്ങളേയും അതിമനോഹരമാക്കുന്നു. വിജയങ്ങളിലേക്കുള്ള ക്ലബിന്റെ യാത്രയിൽ ഞങ്ങൾ ഇനി ഒരുമിച്ച് മുന്നേറും," ഡേവിഡ് കറ്റാല പറഞ്ഞു.

"നിശ്ചയദാർഢ്യവും, സമ്മർദ സാഹചര്യങ്ങളെ അതിജീവിക്കുവാൻ സാധിക്കുകയും ചെയ്യുന്ന ഒരാൾക്ക് മാത്രമേ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയെപ്പോലുള്ള ഒരു ക്ലബിനെ മുന്നിൽ നിന്ന് നയിക്കുവാൻ സാധിക്കുകയുള്ളൂ. ഡേവിഡ് കറ്റാലയ്ക്ക് അത് സാധ്യമാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ക്ലബിനെ കൂടുതൽ ഉയരങ്ങളിലേക്കെത്തിക്കുവാൻ അദ്ദേഹത്തിനാകും," കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി സിഇഒ അഭിക് ചാറ്റർജി പറഞ്ഞു.

സൂപ്പർ കപ്പിന് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിനൊപ്പം ചേരാൻ കറ്റാല ഉടൻ കൊച്ചിയിലെത്തും.