നെക്സ്റ്റ് ജെന് കപ്പ് ടൂർണമെന്റിനുള്ള 18 അംഗ ടീമിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി!

നെക്സ്റ്റ് ജെന്‍ കപ്പ് 2022 ടൂർണമെന്റിനുള്ള 18 അംഗ ടീമിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി. സംഘം ഞായറാഴ്ച ലണ്ടനിലെത്തി. തോമക് ഷ്വൊസാണ് ടീമിന്റെ മുഖ്യ പരിശീലകൻ. ടി.ജി. പുരുഷോത്തമൻ സഹപരിശീലകനും റഫാല്‍ ക്വിഷെൻ ടീമിന്റെ ഗോൾകീപ്പിംഗ് പരിശീലകനുമാണ്. ടീം അനലിസ്റ്റ് അനുഷ് ആദിത്യ, ഫിസിയോതെറാപ്പിസ്റ്റ് അരിത്ര നാഗ് എന്നിവരും ബ്ലാസ്റ്റേഴ്സ് സംഘത്തോടൊപ്പമുണ്ട്. ജൂലൈ ഇരുപത്താറിന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പിൽ പ്രീമിയർ ലീഗ് ക്ലബ്ബുകളുടെ യൂത്ത് ടീമുകളെയാണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. ടീമിന്റെ അണ്ടർ 21 താരങ്ങളാണ് കളത്തിലിറങ്ങുന്നത്. ടീമിൽ രണ്ട് അണ്ടർ 23 താരങ്ങളും ടീമിനായി കളിക്കും. ബ്ലാസ്റ്റേഴ്‌സ് സീനിയർ സംഘത്തിലെ യുവതാരങ്ങൾക്ക് പുറമെ റിസർവ് ടീമിൽ നിന്നുള്ള കളിക്കാരും ബ്ലാസ്റ്റേഴ്‌സും സംസ്ഥാന കായിക വകുപ്പിനു കീഴിലുള്ള പൊതുമേഖല സ്ഥാപനമായ സ്‌പോർട്സ് കേരള ഫൗണ്ടേഷനും സംയുക്തമായി നടത്തുന്ന അക്കാദമിയില്‍ നിന്നുള്ള കളിക്കാരും ടീമിലുണ്ട്.

സ്ക്വാഡ്: സച്ചിൻ സുരേഷ്, മുഹമ്മദ് മുർഷിദ്, മുഹീത് ഷബീർ ഖാൻ, മുഹമ്മദ് ബാസിത്, ഹോർമിപാം റൂയിവാ, ബിജോയ് വി, തേജസ് കൃഷ്ണ, മർവാൻ ഹുസൈൻ, ഷെറിൻ സലാറി, അരിത്ര ദാസ്, മുഹമ്മദ് ജാസിം, ജീക്സൺ സിങ്, ആയുഷ് അധികാരി, ഗിവ്സൺ സിങ്, മുഹമ്മദ് അസർ, മുഹമ്മദ് അജ്സൽ, മുഹമ്മദ് അയ്മിൻ, നിഹാൽ സുധീഷ്.

കഴിഞ്ഞ ഏപ്രില്‍, മെയ് മാസങ്ങളിൽ ഗോവയിൽ നടന്ന റിലയൻസ് ഫൗണ്ടേഷന്‍ ഡെവലപ്മെന്റ് ലീഗിൽ രണ്ടാം സ്ഥാനം നേടിയാണ് കേരള ബ്ലാസ്റ്റേഴ്സ് നെക്സ്റ്റ് ജെൻ കപ്പിൽ ഇടം നേടിയത്. ലീഗിൽ ഒന്നാം സ്ഥാനക്കാരായ ബെംഗളൂരും ടൂർണമെന്റിൽ ഇടം നേടിയിരുന്നു. ടൂർണമെന്റിൽ പങ്കെടുക്കുന്നതിനു മുന്നോടിയായി തിരുവനന്തപുരം ജി.വി രാജ സ്‌പോർട്സ് സ്‌കൂളിലെ അക്കാദമിയിൽ ഒരു മാസത്തെ പരിശീലനം ടീം  നേടിയിരുന്നു.

ഇന്ത്യയിലെ ഫുട്ബോൾ വികസനത്തിന് പിന്തുണ നൽകുന്നതിനായി പ്രീമിയർ ലീഗും ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡും തമ്മിലുള്ള ദീർഘകാല പങ്കാളിത്തത്തിന്റെ ഭാഗമായി നടത്തുന്നതാണ് ഈ ടൂർണമെന്റ്. ഈ വർഷമാദ്യം നടന്ന റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്‌മെന്റ് ലീഗിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്‌ത് രണ്ട് ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളുടെ യൂത്ത് സ്ക്വാഡുകളായ കേരളാ ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്‌സിയും നെക്സ്റ്റ് ജനറേഷൻ  അന്താരാഷ്ട്ര ടൂർണമെന്റിൽ മത്സരിക്കാൻ യോഗ്യത നേടിയിരുന്നു.

എട്ട് ടീമുകളുള്ള നെക്സ്റ്റ് ജനറേഷൻ കപ്പിൽ അഞ്ച് പ്രീമിയർ ലീഗ് ക്ലബ്ബ് യൂത്ത് ടീമുകളും ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ഒരു അക്കാദമി ടീമും ബെംഗളൂരു എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയും ഉൾപ്പെടുന്നു. ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ച് ജൂലൈ 27 ന് ലണ്ടനിലും മിഡ്‌ലാൻഡിലുമായി ആദ്യ മത്സരങ്ങൾ കളിക്കും.

ടൂർണമെന്റിനിടെ, പ്രീമിയർ ലീഗും ക്ലബ്ബുകളും ഐഎസ്എൽ ക്ലബ്ബുകളെ മികച്ച രീതിയിൽ പിന്തുണയ്ക്കുന്നതിനായി വിജ്ഞാന പങ്കിടൽ ശിൽപശാലകളും നടത്തപ്പെടും. ഇന്ത്യൻ സൂപ്പർ ലീഗ്, ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ  എന്നിവയുമായുള്ള പ്രീമിയർ ലീഗിന്റെയും പ്രൊഫഷണൽ ഗെയിം മാച്ച് ഒഫീഷ്യൽസ് ലിമിറ്റഡിന്റെയും ബന്ധത്തിന്റെ ഏറ്റവും പുതിയ ചുവടുവെപ്പിന്റെ ഭാഗമായി നാല് ഇന്ത്യൻ ഉദ്യോഗസ്ഥരും ഇംഗ്ലണ്ടിലുണ്ട്. പ്രീമിയർ ലീഗിന്റെ പ്രീമിയർ സ്‌കിൽസ് പ്രോഗ്രാമിന്റെ ഭാഗമായി പിജിഎംഒഎൽ ഇന്ത്യയിൽ നിരവധി റഫറി ഡെവലപ്‌മെന്റ് കോഴ്‌സുകൾ നൽകുന്നതിനും മാച്ച് ഒഫീഷ്യലുകൾക്കും അവരുടെ പരിശീലകർക്കും നിരീക്ഷകർക്കും വിപുലമായ പിന്തുണ നൽകും.

Your Comments

Your Comments