കൊച്ചിയിൽ അനിവാര്യ ജയത്തിനായി ഗോവയെ നേരിടാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്!

2022 നവംബർ 13 ഞായറാഴ്ച നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് ഒൻപതാം സീസണിലെ ആറാമത്തെ മത്സരത്തിനായൊരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന മത്സരം വൈകിട്ട് ഏഴരക്ക് ആരംഭിക്കും. ഈ സീസണിൽ നടന്ന അഞ്ചു മത്സരങ്ങളിൽ രണ്ട് മത്സരങ്ങളിൽ മാത്രമേ കേരള ബ്ലാസ്റ്റേഴ്സിന് ജയിക്കാനായിട്ടുള്ളൂ. എന്നാൽ മറുവശത്ത് നാലു മത്സരങ്ങളിൽ ഒരു മത്സരത്തിൽ മാത്രമാണ് ഗോവ തോൽവി വഴങ്ങിയത്.
നാലു മത്സരങ്ങളിൽ നിന്ന് ഒമ്പത് പോയിന്റുമായി എഫ്സി ഗോവ റാങ്കിങ് ടേബിളിൽ മൂന്നാം സ്ഥാനത്താണ്. അഞ്ചു മത്സരങ്ങളിൽ നിന്ന് ആറു പോയിന്റുമായി ഏഴാം സ്ഥാനത്താണ് കേരളം ബ്ലാസ്റ്റേഴ്സ്.
ഒൻപതാം സീസന്റെ ഉദ്ഘാടന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ 3-1 ന് പരാജയപ്പെടുത്തിയാണ് കേരളാ ബ്ലാസ്റ്റേഴ്സ് തുടക്കം കുറിച്ചത്. എന്നാൽ പിന്നീട് തുഅടർച്ചയായ് മൂന്നു തോൽവികളാണ് കേരളാ ബ്ലാസ്റ്റേഴ്സിനെ കാത്തിരുന്നത്. ഒഡിഷക്കെതിരായ തോൽവിയും എടികെ മോഹൻ ബഗാനെതിരെയുള്ള 5-2ന്റെ തോൽവിയും മുംബൈയ്ക്കെതിരെയുള്ള 2-0ന്റെ തോൽവിയും ആരാധകരെ നിരാശരാക്കി. അവസാന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിക്കെതിരെ നേടിയ ജയം സ്ഥിതി മെച്ചപ്പെടുത്തിയെങ്കിലും നാളത്തെ മത്സരത്തിലെ വിജയം ബ്ലാസ്റ്റേഴ്സിന് അത്യധികം അനിവാര്യമാണ്.
മറുവശത്ത് പരിശീലകൻ കാർലോസ് പെനയുടെ കീഴിൽ മികച്ച പ്രകടനമാണ് ഒൻപതാം സീസണിൽ എഫ്സി ഗോവ ഗോവ കാഴ്ചവയ്ക്കുന്നത്. നിലവിൽ മൂന്നാം സ്ഥാനത്തുള്ള ഗോവക്ക് ഈ മത്സരത്തിൽ വിജയിക്കാനായാൽ മൂന്നു പോയിന്റ് നേട്ടത്തോടെ രണ്ടാം സ്ഥാനത്തേക്കുയരാൻ കഴിയും.
ടീം വാർത്തകൾ
എഫ്സി ഗോവയ്ക്കെതിരെ കളത്തിലിറങ്ങാൻ കേരള ബ്ലാസ്റ്റേഴ്സിന്റെ മുഴുവൻ ടീമും ലഭ്യമാണെന്നാണ് ലഭിക്കുന്ന വിവരം. എഫ്സി ഗോവൻ നിരയിൽ ഫെയർസ് അർനൗട്ടും മാർക്ക് വാലിയന്റിനും നാളെ കളത്തിലിറങ്ങാനാകില്ല.
ഇഞ്ചോടിഞ്ച്
കേരള ബ്ലാസ്റ്റേഴ്സും എഫ്സി ഗോവയും ഇതുവരെ 16 തവണയാണ് ഏറ്റുമുട്ടിയിട്ടുള്ളത്. ഒമ്പത് തവണ എഫ്സി ഗോവ വിജയിച്ചപ്പോൾ മൂന്ന് മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സിന് വിജയിക്കാൻ കഴിഞ്ഞു. ഇരുടീമുകളും ഏറ്റുമുട്ടിയ നാല് മത്സരങ്ങൾ സമനിലയിൽ കലാശിച്ചു. 2016-നു ശേഷം എഫ്സി ഗോവയ്ക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് വിജയം നേടാനായിട്ടില്ല.
സാധ്യതാ ലൈൻഅപ്പുകൾ
കേരള ബ്ലാസ്റ്റേഴ്സ്: പ്രഭ്സുഖൻ ഗിൽ (ജികെ); ഹർമൻജോത് ഖബ്ര, വിക്ടർ മോംഗിൽ, മാർക്കോ ലെസ്കോവിച്ച്, സന്ദീപ് സിംഗ്; രാഹുൽ കെ.പി., പ്യൂട്ടിയ, ജീക്സൺ സിംഗ്, അഡ്രിയാൻ ലൂണ; സഹൽ അബ്ദുൾ സമദ്, ദിമിട്രിയോസ് ഡയമന്റകോസ്.
എഫ്സി ഗോവ: അർഷ്ദീപ് സിംഗ് (ജികെ); സെറിട്ടൺ ഫെർണാണ്ടസ്, അൻവർ അലി, ഗ്ലാൻ മാർട്ടിൻസ്, ഐബാൻ ഡോഹ്ലിംഗ്; എഡു ബേഡിയ, ആയുഷ് ഛേത്രി; ഇക്കർ ഗുരോത്ക്സേന, ബ്രാൻഡൻ ഫെർണാണ്ടസ്, നോഹ സദൗയി; അൽവാരോ വാസ്ക്വസ്.
ടെലികാസ്റ്റ് വിവരങ്ങൾ
കേരള ബ്ലാസ്റ്റേഴ്സും എഫ്സി ഗോവയും തമ്മിലുള്ള മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ് നെറ്റ്വർക്കിൽ ലഭ്യമാകും. മത്സരത്തിന്റെ തത്സമയ സ്ട്രീമിങ് Disney+Hotstar, JioTV എന്നിവയിൽ കാണാൻ കഴിയും. ഞായറാഴ്ച വൈകിട്ട് 7.30ന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് കിക്ക് ഓഫ്.