കേരളാ ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാം തോൽവി

ഗോവ ഫറ്റോർഡയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വച്ച് നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് ഒൻപതാം സീസണിലെ പതിനാലാം മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഗോവയെ നേരിട്ടു.  മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ഗോവ വിജയം സ്വന്തമാക്കി. ഗോവക്കായി നോഹ് വെയ്ൽ സദൗയി, ഇക്കർ ഗുരോത്‌ക്‌സേന, റെഡീം ത്ലാങ് എന്നിവരും കേരളാ ബ്ലാസ്റ്റേഴ്സിനായി ദിമിട്രിയോസ് ഡയമന്റകോസും ഗോളുകൾ നേടി.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സി (ആരംഭ ഇലവൻ)

പ്രഭ്‌സുഖൻ ഗിൽ (ജികെ), നിഷു കുമാർ, റൂയിവ ഹോർമിപം, വിക്ടർ മോംഗിൽ, സൊറൈഷാം സന്ദീപ് സിംഗ്, ജീക്‌സൺ സിംഗ്, സൗരവ് മണ്ഡൽ, ഇവാൻ കലിയൂഷ്നി, അഡ്രിയാൻ ലൂണ (സി), സഹൽ സമദ്, ദിമിട്രിയോസ് ഡയമന്റകോസ്.

എഫ്‌സി ഗോവ (ആരംഭ ഇലവൻ)

ധീരജ് (ജികെ), ഐബൻഭ ദോഹ്‌ലിംഗ്, അൻവർ അലി, മുഹമ്മദ് ഫാരെസ് അർനൗട്ട്, സാൻസൺ പെരേര, ആയുഷ് ദേവ് ഛേത്രി, എഡ്വേർഡോ ബേഡിയ പെലേസ്, ഇക്കർ ഗുരോത്‌ക്‌സേന, ബ്രാൻഡൻ ഫെർണാണ്ടസ് (സി), നോഹ് വെയ്ൽ സദൗയി, ദേവേന്ദ്ര മുർഗോങ്കർ.

മത്സരത്തിന്റെ മുപ്പത്തിയഞ്ചാം മിനിറ്റിലാണ് ആദ്യ ഗോൾ പിറന്നത്. കേരളാ ബ്ലാസ്റ്റേഴ്‌സ് താരം സൗരവ് മണ്ഡലിന്റെ ഫൗളിൽ ബ്രാൻഡൻ ഫെർണാണ്ടസ്  ബോക്‌സിനുള്ളിൽ വീണു. തുടർന്ന് റഫറി ഗോവക്കനുകൂലമായി  പെനാൽറ്റി നൽകി. പെനാലിറ്റി ഷോട്ടെടുത്ത ഗോവൻ താരം  ഇക്കർ ഗുരോത്‌ക്‌സേനയുടെ ഷോട്ട് ഗില്ലിനെ കബളിപ്പിച്ച് അനായാസമായി വല തുളച്ചു.

മത്സരത്തിന്റെ നാല്പതിമ്മൂന്നാം മിനിറ്റിലാണ് രണ്ടാം ഗോൾ പിറന്നത്. ഗോവക്ക് വേണ്ടി സന്ദീപ് സിംഗിന്റെ ഹെഡ്ഡെർ വരുതിയിലാക്കിയ ഇക്കർ ഗുരോത്‌ക്‌സേനയുടെ ഷോട്ടാണ് ഗോളായി പരിണമിച്ചത്. ആദ്യ പകുതി ഗോവയുടെ രണ്ടു ഗോളിന്റെ ലീഡിൽ അവസാനിച്ചു.

അൻപത്തിയൊന്നാം മിനിറ്റിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ആദ്യ ഗോൾ നേടി. അഡ്രിയാൻ നുണയുടെ അസിസ്റ്റിൽ ദിമിട്രിയോസ് ഡയമന്റകോസാണ് മികച്ച ഹെഡ്ഡെറിലൂടെ ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോൾ നേടിയത്. പകരക്കാരനായി കളത്തിലിറങ്ങി എട്ടാം മിനിറ്റിൽ ഗോവക്കായി റെഡീം ത്ലാങ് ഗോൾ നേടി. മത്സരത്തിന്റെ അറുപത്തിയൊമ്പതാം മിനിറ്റിൽ ബ്രാൻഡൻ ഫെർണാണ്ടസിന്റെ അസിസ്റ്റിലാണ് ഗോവയുടെ മൂന്നാം ഗോൾ പിറന്നത്.

ഫൈനൽ വിസിൽ മുഴങ്ങി മത്സരം അവസാനിക്കുമ്പോൾ മൂന്നിനെതിരെ ഒരു ഗോളിന് എഫ്‌സി ഗോവ വിജയം സ്വന്തമാക്കി. ഹീറോ ഓഫ് ദി മാച്ച് അവാർഡ് ബ്രാൻഡൻ ഫെർണാണ്ടസിന് ലഭിച്ചു.

മത്സരവിജയത്തോടെ മൂന്നു പോയിന്റുകൾ സ്വന്തമാക്കിയ അഞ്ചാം സ്ഥാനത്തേക്കുയർന്നു. പതിനഞ്ചു മത്സരങ്ങളിൽ നിന്നായി ഇരുപത്തിമ്മൂന്നു പോയന്റുകളാണ് ഗോവയുടെ സമ്പാദ്യം. പതിനാലു പോയിന്റുകളിൽ നിന്ന് ഇരുപത്തിയഞ്ചു പോയിന്റുകളുള്ള കേരളാ ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്തു തുടരുന്നു.

ജനുവരി 29ന് കൊച്ചിയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മൽസരം.

Your Comments

Your Comments