കേരളബ്ലാസ്റ്റേഴ്‌സ് എഫ്‌സി നോർത്ത് ഈസ്റ്റ് മത്സരം സമനിലയിൽ. മലയാളി താരങ്ങൾ ആരും തന്നെ ആദ്യ പതിനൊന്നിൽ ഇടം നേടിയിരുന്നില്ല. എന്നാൽ നിഷു കുമാർ ഇന്നത്തെ മത്സരത്തിൽ ആദ്യ പതിനൊന്നിൽ ഉൾപ്പെട്ടിരുന്നു. ആദ്യ ഇലവനിൽ ഇറങ്ങിയ പ്രശാന്ത്, നോറെം, സഹൽ, റ്വിതിക് കുമാർ എന്നീ താരങ്ങൾക്ക് പകരമായി നിഷു കുമാർ, സത്യസെൻ, രോഹിത് കുമാർ, പൂട്ടിയ എന്നീ താരങ്ങളാണ് ആദ്യ ഇലവനിൽ ഇറങ്ങിയത്.  കേരള ബ്ലാസ്റ്റേഴ്സ് 4-1-4-1 ഫോർമേഷനിലും, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് 4-3-3 ഫോർമേഷനിലും ആണ് കളത്തിലിറങ്ങിയത്.

കെബിഎഫ്സി - പ്ലേയിംഗ് XI

ആൽബിനോ ഗോമസ് (ജി കെ), ബകാരി കോൺ, നിഷു കുമാർ, ജെസ്സൽ അലൻ കാർനെറോ, കോസ്റ്റ നമോയിൻസു, സെർജിയോ സിഡോഞ്ച (സി), വിസെന്റെ ഗോമസ്, സെത്യസെൻ സിംഗ്, രോഹിത് കുമാർ, ലാൽതാതാംഗ, ഗാരി ഹൂപ്പർ.

NEUFC - പ്ലേയിംഗ് XI

സുഭാഷിഷ് റോയ് ചൗധരി (ജി കെ), ഗുർജിന്ദർ കുമാർ, രാകേഷ് പ്രധാൻ, ബെഞ്ചമിൻ ലംബോട്ട് (സി), ഡിലൻ ഫോക്സ്, അശുതോഷ് മേത്ത, ഖാസ്സ കമര, ലാലെങ്മാവിയ, ഫെഡറിക്കോ ഗാലെഗോ റെവെട്രിയ, വെസി അപ്പിയ, ഖുമന്തെം മീതേയ്.

ആദ്യ പകുതിയിൽ ശക്തമായ ആധിപത്യം പുലർത്താൻ കേരള ബ്ലാസ്റ്റേഴ്സിനായി. കളി ആരംഭിച്ച് ആദ്യ അഞ്ചാം മിനിറ്റിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ സിഡോ നേടിയ ഗോളിൽ കേരളാബ്ലാസ്റ്റേഴ്‌സ് ലീഡ് നേടി. ആദ്യ പകുതി അവസാനിക്കുവാൻ നിമിഷങ്ങൾ ശേഷിക്കെ ബ്ലാസ്റ്റേഴ്സിനായി രണ്ടാം ഗോൾ നേടി ഗാരി ഹൂപ്പർ ലീഡ് ഉയർത്തി. ഇരു ടീമുകളും ഇഞ്ചോടിഞ്ചു പൊരുതിയ ആദ്യ പകുതിയില്‍ സെറ്റ്പീസും പെനൽറ്റിയും മുതലാക്കിയാണ് ബ്ലാസ്റ്റേഴ്‌സ് ലീഡ് നേടിയത്. നോർത്ത് ഈസ്റ്റ് ആക്രമണങ്ങളെ അവസരോചിതമായി തടഞ്ഞുകൊണ്ട് പ്രതിരോധ താരം കോസ്റ്റ നെമനോസുവും ഗോൾ കീപ്പർ ആൽബിനോ ഗോമസും മികച്ച പ്രകടനമാണ് ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സിനായി കാഴ്ചവച്ചത്.

ആദ്യ പകുതി അവസാനിക്കുമ്പോൾ രണ്ട് ഗോളുകൾക്ക്  ബ്ലാസ്റ്റേഴ്സിനായിരുന്നു ലീഡ്.

രണ്ടാം പകുതിയിൽ നോർത്ത് ഈസ്റ്റ് ശക്തമായ തിരിച്ചുവരവ് നടത്തി. പലപ്പോഴും മിസ് പാസുകളും അനാവശ്യമായ കോർണറുകളും വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് മുൻസീസണുകളിലെ നിറം മങ്ങിയ ടീമിനെ ഓർമിപ്പിച്ചു. രണ്ടാം പകുതിയുടെ ആദ്യ 6 മിനിറ്റിനുള്ളിൽ ഗോൾ നേടി നോർത്ത് ഈസ്റ്റ് ബ്ലാസ്റ്റേഴ്സിന്റെ ലീഡ് കുറച്ചു. 51ആം മിനിറ്റിൽ വെസി അപ്പിയയാണ് ഹൈലാൻഡേഴ്സിനായി ആദ്യ ഗോൾ നേടിയത്. കളി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കേയാണ് നോർത്ത് ഈസ്റ്റിന്റെ രണ്ടാം ഗോൾ പിറന്നത്. സീസണിൽ ആദ്യ വിജയം ഉറപ്പിച്ചിരുന്ന ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി ഇഡ്രിസ സില്ലയാണ് 90ആം മിനിറ്റിൽ ഗോൾ നേടിയത്. നോർത്ത് ഈസ്റ്റ് താരം ഗുർജീന്തറിന്റെ പാസ് ഇഡ്രിസ സില്ലയുടെ നെഞ്ചിൽ പതിച്ചു. ബോക്സിന് സമീപത്തുനിന്നും ബ്ലാസ്റ്റേഴ്സ് പോസ്റ്റിന്റെ മൂലയിലേക്ക് സില്ല പന്തുയർത്തി തൊടുത്തു. ആൽബിനോയ്ക്ക് ചെയ്യുവാൻ ഒന്നും ബാക്കി നൽകാതെ ബോൾ വല തൊട്ടു. വിജയം ഉറപ്പിച്ചിരുന്ന ബ്ലാസ്റ്റേഴ്‌സ് സമനിലയിലൊതുങ്ങി.

കളി സമനിലയിൽ അവസാനിച്ചതിനാൽ ക്ലബ് അവാർഡ് ഇരു ക്ലബ്ബുകളും തമ്മിൽ പങ്കിട്ടു. സെത്യാസെൻ സിങ്ങിന് ഡിഎച്ച്എൽ വിന്നിംഗ് പാസ് ഓഫ് ദ മാച്ച് അവാർഡ് ലഭിച്ചപ്പോൾ, ഹീറോ ഓഫ് ദ മാച്ച് അവാർഡ് ഡിലൻ ഫോക്സ് സ്വന്തമാക്കി.

ഇന്നത്തെ മത്സരത്തോടെ നാല് പോയിന്റ് സ്വന്തമാക്കിയ നോർത്ത് ഈസ്റ്റ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തുകയും ഒരു പോയിന്റ് നേടിയ ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെടുകയും ചെയ്തു.

കേരള ബ്ലാസ്റ്റേഴ്സ് അടുത്ത ഞായറാഴ്ച ചെന്നൈയിനെ എവേ മത്സരത്തിൽ നേരിടും. ഡിസംബർ ആറിന് നടക്കുന്ന മൂന്നാം മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ഗോവയെ നേരിടും. ഇന്ത്യൻ ഫുട്ബോൾ ലോകം ആകാംഷയോടെ കാത്തിരിക്കുന്ന കൊൽക്കത്തൻ ഡെർബി നാളെ അരങ്ങേറും