Image credit: KeralaBlasters@Twitter

ചരിത്രത്തിലാദ്യമായി ഡ്യൂറൻഡ് കപ്പിൽ കളത്തിലിറങ്ങിയ മലയാളികളുടെ സ്വന്തം ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് ജയത്തോടെ അരങ്ങേറ്റം ഗംഭീരമാക്കി. ഉറുഗ്വെ താരം അഡ്രിയാൻ ലൂണയുടെ പെനാൽറ്റി ഗോളിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ നേവിയെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ 72-ആം മിനിറ്റിൽ ലൂണ നേടിയ ഗോളാണ് മത്സരത്തിന്റെ വിധി നിർണയിച്ചത്.

ആദ്യ മത്സരത്തിൽ വിജയം നേടിയതോടെ വിലപ്പെട്ട 3 പോയിന്റുകൾ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ്-സിയിൽ ഒന്നാമതെത്തി. മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനായി ലൂണ, സിപോവിച്ച് എന്നീ 2 വിദേശ താരങ്ങൾ മാത്രമാണ് കളത്തിലിറങ്ങിയത്. ചെഞ്ചോ ടീമിനൊപ്പം കൊൽക്കത്തയിൽ ഉണ്ടെങ്കിലും ഇന്നത്തെ മത്സരത്തിന് ഇറങ്ങിയിരുന്നില്ല.

സിപോവിച്ച്, ഹക്കു, ജെസെൽ, സന്ദീപ് സിംഗ് എന്നിവർ പ്രതിരോധം കാത്തപ്പോൾ. ഗോൾ വലയ്ക്ക് കീഴെ ഒന്നാം നമ്പർ ഗോൾകീപ്പറായ ആൽബിനോ ഗോമസായിരുന്നു. മധ്യനിരയിൽ ജീക്സൺ, ഖബ്ര, പ്രശാന്ത്, സെത്യസെൻ എന്നിവരായിരുന്നു. മുന്നേറ്റത്തിൽ ലൂണയ്ക്ക് കൂട്ടായ് രാഹുൽ കെപിയും കളത്തിലിറങ്ങി.

മത്സരം ആരംഭിച്ചപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് മുഴുനീള ആക്രമണമാണ് നടത്തിയത്. ബ്ലാസ്റ്റേഴ്സ് ആക്രമണത്തിലേക്ക് നീങ്ങിയതോടെ ഇന്ത്യൻ നേവി പ്രതിരോധത്തിലൂന്നിയാണ് കളിച്ചത്. മത്സരം തുടങ്ങി നിമിഷങ്ങൾക്കുള്ളിൽ തന്നെ ഹക്കു പരിക്കേറ്റ് മടങ്ങിയതോടെ റുയിവാ ഹോർമിപാം കളത്തിലിറങ്ങി. മത്സരത്തിന്റെ തുടക്കത്തിൽ രാഹുൽ കെപി ഇന്ത്യൻ നേവിയുടെ പ്രതിരോധ നിരയ്ക്ക് ഭീഷണിയുയർത്തി. ഇതിനിടെ ബ്രിട്ടോ ബ്ലാസ്റ്റേഴ്സ് ഗോൾ വലയ്ക്ക് നേരെ ഷോട്ട് പായിച്ചെങ്കിലും ലക്ഷ്യത്തിലെത്തിയില്ല.

പിന്നീട് ലൂണയുടെ പാസിൽ നിന്ന് പ്രശാന്ത് വലതു വിങ്ങിൽ നിന്ന് ആരംഭിച്ച മുന്നേറ്റം രാഹുൽ കെപിയിൽ എത്തിയെങ്കിലും. അദ്ദേഹത്തിന് ഗോൾ നേടാൻ സാധിച്ചില്ല. വലതു വിങ്ങിൽ പ്രശാന്ത് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ലൂണയിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഭൂരിഭാഗം ആക്രമണങ്ങളും ആരംഭിച്ചത്.

ഇന്ത്യൻ നേവിയുടെ ശ്രേയസ് ഒരു ലോങ്ങ് റേഞ്ചറിലൂടെ ഗോൾ നേടാൻ ശ്രമിച്ചെങ്കിലും ആൾബിനോ ഗോമസ് അത് രക്ഷപ്പെടുത്തുകയായിരുന്നു. അതിനു ശേഷം ലൂണയുടെ ഒരു മനോഹരമായ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയത് നേവിയ്ക്ക് ആശ്വാസം പകർന്നു. ഇതിന് പിന്നാലെ ലൂണ തന്നെ വീണ്ടും ഗോൾ വല ലക്ഷ്യമാക്കി ഷോട്ട് പായിച്ചെങ്കിലും നേവി ഗോൾകീപ്പർ ഭാസ്കർ മികച്ച ഒരു സേവിലൂടെ പന്ത് തട്ടിയകറ്റി.

ആദ്യ പകുതി അവസാനിച്ചപ്പോൾ ഇരു ടീമുകൾക്കും ഗോളുകൾ ഒന്നും തന്നെ നേടാൻ സാധിച്ചില്ല. രണ്ടാം പകുതി ആരംഭിച്ചപ്പോഴും കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ് ആക്രമണത്തിന് തുടക്കം കുറിച്ചത്. ബ്ലാസ്റ്റേഴ്സ് നടത്തിയ ഒരു മുന്നേറ്റം അവസാനിച്ചത് ഓഫ് സൈഡിലാണ്. പിന്നീട് ബ്ലാസ്റ്റേഴ്സ് രാഹുൽ, ജീക്സൺ എന്നിവർക്ക് പകരം ശ്രീക്കുട്ടനെയും, ആയുഷിനെയും കളത്തിലിറക്കി.

ഇതിനിടെ നേവി നടത്തിയ ഒരു കൗണ്ടർ അറ്റാക്കിൽ ശ്രേയസിന്റെ ഷോട്ട് ആൽബിനോ തട്ടിയകറ്റിയെങ്കിലും ബോൾ ലഭിച്ച ബ്രിട്ടോയുടെ ഷോട്ട് ഗോൾ പോസ്റ്റിന് മുകളിലൂടെ പുറത്തു പോവുകയായിരുന്നു. 72-ആം മിനിറ്റിൽ നേവി താരം ധൽരാജ് ബ്ലാസ്റ്റേഴ്സ് താരം ശ്രീക്കുട്ടനെ പെനാൽറ്റി ബോക്സിനുള്ളിൽ വീഴ്ത്തിയതോടെ റഫറി പെനാൽറ്റി വിധിക്കുകയായിരുന്നു.

പെനാൽറ്റി കിക്ക് ലക്ഷ്യത്തിൽ എത്തിച്ച് ലൂണ കേരള ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചു. മത്സരം അവസാനത്തോട് അടുത്തതോടെ ലൂണ, പ്രശാന്ത് എന്നിവരെ വലിച്ച് വിൻസി, പൂട്ടിയ എന്നീ താരങ്ങളെ ബ്ലാസ്റ്റേഴ്സ് കളത്തിലിറക്കി. പിന്നീടങ്ങോട്ട് ആയുഷിന്റെയും, ശ്രീക്കുട്ടന്റെയും നേതൃത്വത്തിൽ ബ്ലാസ്റ്റേഴ്സ് ചില മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ മാത്രം നേടാൻ കഴിഞ്ഞില്ല.

മത്സരം അവസാനിച്ചപ്പോൾ എതിരില്ലാത്ത ഒരു ഗോളിന് കേരള ബ്ലാസ്റ്റേഴ്സ് വിജയിക്കുകയായിരുന്നു. സെപ്റ്റംബർ 15-ന് നടക്കുന്ന അടുത്ത മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ചിരവൈരികളായ ബെംഗളൂരു എഫ്സിയാണ്.