ബംഗളുരുവിലെ ശ്രീ കണ്ടീവര സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ബംഗളുരുവിനെ നേരിടാനൊരുങ്ങുമ്പോൾ ഇന്ത്യൻ സൂപ്പർ ലീഗ് മറ്റൊരു തെക്കൻ മാമാങ്കത്തിന് സാക്ഷിയാകാൻ ഒരുങ്ങുകയാണ്. കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസണിലെ പതിനേഴാം മത്സരമാണ് മാർച്ച് രണ്ടിനു നടക്കുന്നത്.

ഇരു ടീമുകളും ബംഗളുരുവിൽ ഏറ്റുമുട്ടിയ 2023 മാർച്ചിൽ നടന്ന അവസാന മത്സരം വിവാദങ്ങൾക്കൊടുവിലാണ് അവസാനിച്ചത്. ഒരു വർഷത്തിനപ്പുറം ഇരു ടീമുകളും ഏറ്റുമുട്ടുമ്പോൾ സീസണിലെ ഏറ്റവും കാത്തിരുന്ന മത്സരത്തിന് മുന്നോടിയായി ഇരു ടീമുകളുടെയും ഔദ്യോഗീക പേജിലും ഫാൻ പേജുകളിലും ചർച്ചകൾ കൊഴുക്കുകയാണ്. എന്തായാലും പ്രതീക്ഷകൾക്കും വിവാദങ്ങൾക്കുമപ്പുറമാകും മത്സരമെന്നുറപ്പ്.

പ്രതിസന്ധികളെ തരണം ചെയ്തു മുന്നേറാൻ ശ്രമിക്കുന്ന ബ്ലാസ്റ്റേഴ്സും സ്ഥിരതക്കായി പരിശ്രമിക്കുന്ന ബെംഗളൂരുവും റാങ്കിങ്ങിൽ നാലോളം സ്ഥാനങ്ങളുടെ വ്യത്യാസത്തിലാണ് നിൽക്കുന്നത്. പതിനാറു മത്സരങ്ങളിൽ നിന്ന് 29 പോയിന്റുമായി കേരളാ ബ്ലാസ്റ്റേഴ്‌സ് റാങ്കിങ്ങിൽ അഞ്ചാമതും പതിനേഴു മത്സരങ്ങളിൽ നിന്ന് പതിനെട്ടു പോയിന്റുമായി ബെംഗളൂരു റാങ്കിങ്ങിൽ ഒൻപതാം സ്ഥാനത്തുമാണ്. അവസാന മത്സരത്തിൽ വിജയിച്ച ആത്മവിശ്വാസത്തിലാകും ഇരു ടീമുകളും ഇറങ്ങുക. എന്നാൽ ഗോവക്കെതിരായ മത്സരത്തിൽ പരിക്കുമൂലം സീസൺ നഷ്‌ടമായ പ്രധാന താരങ്ങളുടെ അഭാവത്തിലും രണ്ടു ഗോളുകൾക്ക് പിറകിൽ നിന്നതിനു ശേഷം നാലു ഗോളുകൾ തിരിച്ചടിച്ച് ചരിത്രം തിരുത്തിയ ബ്ലാസ്റ്റേഴ്സിന്റെ ആത്മവിശാസം ബെംഗളുരുവിനെയും പ്രതിസന്ധിയിലാഴ്ത്തിയേക്കാം.

കേരളാ ബ്ലാസ്റ്റേഴ്സിൽ മികച്ച ഫോമിലുള്ള ദിമിത്രിയോസും സച്ചിൻ സുരേഷിന്റെ അഭാവത്തിൽ ഗോൾപോസ്റ്റിന്റെ കാവലേറ്റെടുത്ത കരൺ ജിത്തും ബെംഗളൂരു എഫ്‌സിക്ക് വേണ്ടി മുപ്പത്തിയഞ്ചു മത്സരങ്ങൾ കളിച്ച ഡാനിഷ് ഫാറൂക്കും ഫെഡോർ സെർണിച്ചും മറ്റു യുവതാരനിരയും ചേരുമ്പോൾ ഹോം ഗ്രൗണ്ടിന്റെ ഗുണവശങ്ങൾ ബംഗളുരുവിനെ തുണക്കുമോയെന്ന് കാത്തിരുന്ന് കാണാം.

ഹെഡ് റ്റു ഹെഡ്

ആകെ കളിച്ച മത്സരങ്ങൾ - 14

ബെംഗളൂരു എഫ്‌സി വിജയിച്ചത് - 8

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി വിജയിച്ചത് – 4

സമനില - 2

സാധ്യതാ ലൈനപ്പുകൾ

ബെംഗളൂരു എഫ്‌സി (4-3-1-2)

ഗുർപ്രീത് സിംഗ് സന്ധു (ജികെ), നിഖിൽ പൂജാരി, ചിംഗ്‌ലെൻസന സിംഗ്, സ്ലാവ്‌കോ ദംജാനോവിച്ച്, റോഷൻ സിംഗ്, രോഹിത് കുമാർ, ലാൽറെംത്ലുവാംഗ ഫനായി, റയാൻ വില്യംസ്, ജാവി ഹെർണാണ്ടസ്, ഒലിവർ ഡ്രോസ്റ്റ്, സുനിൽ ഛേത്രി.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി (4-4-2)

കരൺജിത് സിംഗ് (ജികെ), സന്ദീപ് സിംഗ്, ഹോർമിപം റൂയിവ, മിലോസ് ഡ്രിൻസിച്ച്, നൗച്ച സിംഗ്, രാഹുൽ കെ.പി., ജീക്‌സൺ സിംഗ്, വിബിൻ മോഹനൻ, ഡെയ്‌സുകെ സകായ്, ഫെഡോർ സെർണിച്ച്, ദിമിത്രിസ് ഡയമന്റകോസ്

ടെലികാസ്റ്റ് വിവരങ്ങൾ

ബെംഗളൂരു എഫ്‌സി vs കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി മത്സരം 2024 മാർച്ച് 02 ന് ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ വൈകുന്നേരം 07:30 ന് (IST) ആരംഭിക്കും. തത്സമയ സംപ്രേക്ഷണം സ്‌പോർട്‌സ് 18 നെറ്റ്‌വർക്കിലും (സ്‌പോർട്‌സ് 18 1/വിഎച്ച് 1 ചാനലിലും) തത്സമയ സ്‌ട്രീമിംങ് JioCinema ആപ്പിലും ലഭ്യമാകും.