ഒഡിഷക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്സ്, തുടരുമോ ജൈത്രയാത്ര

ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസണിലെ പതിനൊന്നാം മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഒഡിഷ എഫ്‌സിയെ നേരിടാനൊരുങ്ങുന്നു. ഗോവയിലെ തിലക് മൈതാൻ സ്റ്റേഡിയത്തിൽ വച്ചരങ്ങേറുന്ന മത്സരം ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസണിലെ അമ്പത്തിയെട്ടാം മത്സരമാണ്.

നിലവിൽ ഒമ്പത് മത്സരങ്ങളിൽ നിന്ന് പതിമൂന്ന് പോയിന്റുമായി ഒഡിഷ എഫ്‌സി എട്ടാം സ്ഥാനത്തും പത്ത് മത്സരങ്ങളിൽ നിന്ന് പതിനേഴു പോയിന്റുമായി കേരളാ ബ്ലാസ്റ്റേഴ്‌സ് ഒന്നാം സ്ഥാനത്തുമാണ്. കഴിഞ്ഞ മൂന്നു സീസണുകളിൽ ഇതാദ്യമായാണ് ലീഗ് ആദ്യ പകുതിയിലെത്തി നിൽക്കുമ്പോഴും കേരളാ ബ്ലാസ്റ്റേഴ്‌സ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്ക് പ്രവേശിക്കുന്നത്. ആരാധകരെ ആവേശക്കൊടുമുടിയിലെത്തിച്ച ഒന്നാം സ്ഥാനം സമ്മാനിച്ച വിജയം ഹൈദരാബാദ് എഫ്‌സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. തുടർച്ചയായി ഒൻപതാം മത്സരമാണ് തോൽവിയറിയാതെ ബ്ലാസ്റ്റേഴ്‌സ് മുന്നേറുന്നത്.

ചില നേട്ടങ്ങൾ..!

ഒൻപതു മത്സരങ്ങളിൽ തോൽവിയറിയാതെ മുന്നേറുന്നുവെന്നതിന് ഒപ്പംതന്നെ മറ്റുചില നേട്ടങ്ങളും ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ട്. സീസണിൽ ഏറ്റവും കൂടുതൽ സമനില വഴങ്ങിയ ടീമാണ് ബ്ലാസ്റ്റേഴ്‌സ്. എന്നാൽ നേടിയ വിജയങ്ങളുടെ കണക്കിൽ ബ്ലാസ്റ്റേഴ്‌സ് രണ്ടാമതാണ്. അഞ്ചു വിജയങ്ങളുമായി മുംബൈ ആണ് ഒന്നാമത്. ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റുകൾ നേടിയതും ബ്ലാസ്റ്റേഴ്‌സ് ആണ്. നാലു മത്സരങ്ങളാണ് ഗോളുകളൊന്നും വഴങ്ങാതെ ബ്ലാസ്റ്റേഴ്‌സ് പൂർത്തിയാക്കിയത്. ശരാശരി ഇന്റർസെപ്‌ഷനിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ആണ് മുന്നിൽ. 14.6 ആണ് ടീമിന്റെ ശരാശരി ഇന്റർസെപ്‌ഷൻ നിരക്ക്. ശരാശരി ടാക്കിളുകളിലും കേരളാ ബ്ലാസ്റ്റേഴ്‌സ് ഒന്നാം സ്ഥാനത്താണ്. ഓരോ മത്സരത്തിലും ശരാശരി 16.2 വീതം എന്നതാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ നിലവിലെ ടാക്കിളുകളുടെ നിരക്ക്. സീസണിൽ ഏറ്റവും കുറവ് ഗോളുകൾ വഴങ്ങിയ രണ്ടു ടീമുകളിലൊന്നാണ് ബ്ലാസ്റ്റേഴ്‌സ്. പത്തു മത്സരങ്ങളിൽ നിന്നായി വെറും നാലു ഗോളുകൾ മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് വഴങ്ങിയത്. അതിൽ നാലു ഗോളുകളും ആദ്യ മത്സരത്തിൽ നിന്നായിരുന്നുവെന്നതാണ് കൗതുകം.

ഹെഡ് ടു ഹെഡ്

ഇതുവരെ  അഞ്ചു മത്സരങ്ങളിലാണ് ഒഡിഷയും ബ്ലാസ്റ്റേഴ്സും ഏറ്റുമുട്ടിയിട്ടുള്ളത്. ഓരോ മത്സരങ്ങളിൽ വീതം ഒഡിഷയും കേരളാ ബ്ലാസ്റ്റേഴ്സും വിജയം സ്വന്തമാക്കിയപ്പോൾ മൂന്നു മത്സരങ്ങൾ സമനിലയിൽ കലാശിച്ചു. ഏറ്റവുമൊടുവിലായി ഇരു ടീമുകളും ഈ സീസണിലാണ് ഏറ്റുമുട്ടിയത്. മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി വിജയിച്ചിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗിൽ അവസാനം കളിച്ച 5 മത്സരങ്ങളിൽ 3 എണ്ണത്തിലും ഒഡീഷ തോറ്റിരുന്നു. മറുവശത്ത് കഴിഞ്ഞ 5 മത്സരങ്ങളിൽ 3 എണ്ണത്തിലും കേരള ബ്ലാസ്റ്റേഴ്‌സ് വിജയിച്ചു

ടൂർണമെന്റിൽ ഇതുവരെ ഒഡീഷ എഫ്‌സി പതിനെട്ട് ഗോളുകൾ നേടുകയും ഇരുപത്തിരണ്ട് ഗോളുകൾ വഴങ്ങുകയും ചെയ്തു. മറുവശത്ത് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പതിനാറ് ഗോളുകൾ നേടുകയും  പത്ത് ഗോളുകൾ വഴങ്ങുകയും ചെയ്തു.  നാലു ഗോളുകൾ വീതം നേടിയ  ജാവി ഹെർണാണ്ടസ്, അരിദായ് കബ്രേര എന്നിവരാണ് ഒഡീഷ എഫ്സിയിലെ ടോപ് ഗോൾ സ്കോറെഴ്സ്. നാലു ഗോളുകൾ വീതം നേടിയ അൽവാരോ വാസ്ക്വസ്, സഹൽ അബ്ദുൾ സമദ്  എന്നിവരാണ്  കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയിലെ ടോപ് ഗോൾ സ്കോറെഴ്സ്.

ടീം ന്യൂസ്

ഒഡീഷ എഫ്‌സി

ലഭ്യമാകുന്ന വിവരങ്ങൾ അനുസരിച്ച് ഒഡിഷ എഫ്‌സിയുടെ ഫുൾ സ്‌ക്വാഡും നാളെ സെലക്ഷനിൽ ലഭ്യമാകും.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി

പരിക്കുമൂലം ആൽബിനോ ഗോമസ്, രാഹുൽ കെപി, ജെസൽ കാർനെറോ എന്നിവർ നാളെ സെലക്ഷനിൽ ലഭ്യമാകില്ല.

സാധ്യതാ സ്റ്റാർട്ടിങ് ഇലവൻ ലിസ്റ്റ്

ഒഡീഷ എഫ്‌സി (4-2-3-1) - കമൽജിത്, അന്റണയ്, മോംഗിൽ, റോഡാസ്, ലാൽറുഅത്തറ, ഐസക്, തോയ്ബ, ജെറി, ജാവി, നന്ദ, ജോനാഥാസ്.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി (4-4-2) - ഗിൽ, ഖബ്ര, റൂയിവ, ലെസ്‌കോവിച്ച്, സഞ്ജീവ്, സഹൽ, പ്യൂട്ടിയ, ജീക്‌സൺ, ലൂണ, ഡയസ്, വാസ്‌ക്വസ്.

മത്സര സമയവും ടെലികാസ്റ്റ് വിശദാംശങ്ങളും

മത്സരം: ഒഡിഷ എഫ്‌സി vs കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി

തീയതി: 12 ജനുവരി 2022

സ്ഥലം: തിലക് മൈതാനം സ്റ്റേഡിയം, വാസ്കോഡ ഗാമ, ഗോവ

കിക്ക് ഓഫ് സമയം: രാത്രി 7.30

സംപ്രേക്ഷണം: സ്റ്റാർ സ്പോർട്സ് 2, സ്റ്റാർ സ്പോർട്സ് 2 എച്ച്ഡി, സ്റ്റാർ സ്പോർട്സ് 3, സ്റ്റാർ സ്പോർട്സ് 1 ഹിന്ദി, സ്റ്റാർ സ്പോർട്സ് 1 ഹിന്ദി എച്ച്ഡി, സ്റ്റാർ സ്പോർട്സ് 1 പ്രാദേശിക ചാനലുകൾ - തമിഴ്, ബംഗാളി, കന്നഡ, തെലുങ്ക്

ഓൺലൈൻ സ്ട്രീമിംഗ്: Disney+Hotstar, JioTV.

Your Comments

Your Comments