ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ചെന്നൈയിൻ എഫ്സിയും ബ്ലാസ്റ്റേഴ്സും തമ്മിൽ നടന്ന നൂറ്റിരണ്ടാം മത്സരം സമനിലയിൽ കലാശിച്ചു. ചെന്നൈയിൻ എഫ്സിക്കായി ഫത്കുലോ ഗോൾ നേടിയപ്പോൾ കേരളാബ്ലാസ്റ്റേഴ്സിനായി ഗാരി ഹൂപ്പർ പെനാൽറ്റി ഗോൾ നേടി. മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് 4-4-1-1 എന്ന ഫോർമേഷനിൽ കളത്തിലിറങ്ങിയപ്പോൾ ചെന്നൈയിൻ എഫ്സി 4-3-3 എന്ന ഫോർമേഷനിൽ അണിനിരന്നു.

ചെന്നൈയിൻ എഫ്‌സി - പ്ലേയിംഗ് ഇലവൻ

വിശാൽ കൈത്ത് (ജികെ), എനെസ് സിപ്പോവിക്, ലാലിയാൻസുവാല ചാങ്‌ടെ, എഡ്വിൻ വാൻ‌സ്പോൾ, ജാക്കുബ് സിൽ‌വെസ്റ്റർ, മാനുവൽ ലാൻസരോട്ട്, അനിരുദ്ധ് ഥാപ്പ (സി), ജെറി ലാൽ‌റിൻ‌സുവാല, ഫത്‌കുലോ ഫത്‌കുല്ലോവ്, മെമ്മോ മൗറ, ദീപക് ടാംഗ്രി.

കെ‌ബി‌എഫ്‌സി - പ്ലേയിംഗ് ഇലവൻ

ആൽബിനോ ഗോമസ് (ജികെ), ബകാരി കോൺ, പ്രശാന്ത് കരുതടത്കുനി, ജോർദാൻ മുറെ, ജെസ്സൽ കാർനെറോ (സി), ജീക്സൺ സിംഗ്, രാഹുൽ കെപി, വിസെന്റെ ഗോമസ്, കോസ്റ്റ നമോയിൻസു, ലാൽരുത്താര, ഗാരി ഹൂപ്പർ.

ചെന്നൈയിൻ എഫ്സിയുടെ ആക്രമണത്തോടെ ആരംഭിച്ച മത്സരത്തിൽ, ആദ്യ രണ്ട് മിനിറ്റിനുള്ളിൽ തന്നെ ഒരു ഓൺ ടാർഗറ്റ് ഷോർട്ട് നേടാൻ ചെന്നൈയിൻ എഫ്സിക്ക് കഴിഞ്ഞു. ഇടതു വിങ്ങിൽ നിന്ന് ചാങ്തെ നടത്തിയ മുന്നേറ്റത്തിനൊടുവിൽ ബോൾ ലഭിച്ച അനിരുദ്ധ് താപ്പ ഗോൾ വല ലക്ഷ്യമാക്കി ഷോട്ട് എടുത്തെങ്കിലും ആൽബിനോ ഗോമസിനെ മറികടക്കാൻ കഴിഞ്ഞില്ല. പക്ഷേ വീണ്ടും ചാങ്തെയിലൂടെ ചെന്നൈയിൻ എഫ്സി ബ്ലാസ്റ്റേഴ്സ് ഗോൾ വല ലക്ഷ്യമാക്കി മുന്നേറ്റങ്ങൾ നടത്തിക്കൊണ്ടിരുന്നു.

നാലാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് താരം രാഹുൽ കെപിയെ ഫൗൾ ചെയ്തതിന് ചെന്നൈയിൻ എഫ്സി താരം ലിയോ മൗറയ്‌ക്ക് യെല്ലോ കാർഡ് ലഭിച്ചു. ആരംഭം മുതൽ ആക്രമിച്ചു കളിച്ച ചെന്നൈയിൻ എഫ്സി പത്താം മിനിറ്റിൽ ആദ്യ ഗോൾ നേടി. എഡ്വിൻ വനസ് പോളിന്റെ അസിസ്റ്റിൽ ഫത്കുലോവ് ആണ് ചെന്നൈക്കായി ഗോൾ നേടിയത്.

ഗോൾ വഴങ്ങിയതോടെ ആക്രമണത്തിന്റെ മൂർച്ചകൂട്ടിയ ബ്ലാസ്റ്റേഴ്സ് ചെന്നൈയിൻ എഫ്സിക്ക് നിരന്തരം ഭീഷണി സൃഷ്ടിച്ചു. പതിനാലാം മിനിറ്റിൽ ഗാരി ഹൂപ്പറിന്റെ മുന്നേറ്റത്തിൽ പന്ത് വരുതിയിലാക്കിയ ജോർദാൻ മുറെ ഒരു പവർഫുൾ ഷോട്ടിലുടെ ഗോളിനായി ലക്‌ഷ്യം വച്ചെങ്കിലും ഗോൾകീപ്പർ വിശാൽ കെയ്ത്ത് അത് രക്ഷപ്പെടുത്തി. മത്സരം പുരോഗമിക്കെ ഇരു ടീമുകളും ഒന്നിലധികം മുന്നേറ്റങ്ങൾ നടത്തിയെങ്കിലും അത് ഗോളിലേക്ക് എത്തിയില്ല.

എന്നാൽ ഇരുപത്തിയെട്ടാം മിനിറ്റിൽ വളരെ അപ്രതീക്ഷിതമായി ഒരു ഹാൻഡ് ബോളിലൂടെ കേരളാബ്ലാസ്റ്റേഴ്സിന് ഒരു പെനാൽറ്റി അവസരം ലഭിച്ചു. ചെന്നൈയിൻ ബോക്സിലേക്ക് ഉയർന്നു വന്ന ബോൾ തടയാനുള്ള ശ്രമത്തിനിടെ ചെന്നൈയിൻ എഫ്സി താരം ദീപക് താൻഗിരിയുടെ കൈയ്യിൽ ബോൾ തട്ടുകയും തുടർന്ന് റഫറി ബ്ലാസ്റ്റേഴ്സിന് അനുകൂലമായി പെനാൽറ്റി വിധിക്കുകയും ചെയ്തു. പെനാൽറ്റി കിക്ക് എടുത്ത ഗാരി ഹൂപ്പർ ബ്ലാസ്റ്റേഴ്സിനായി സമനില ഗോൾ നേടി. ആദ്യപകുതി സമനിലയിൽ അവസാനിച്ചു.

രണ്ടാം പകുതി ആരംഭിച്ച് മൂന്നാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് താരം രാഹുൽ കെപി ഗോളിനായി ശ്രമിച്ചെങ്കിലും പന്ത് വലിയ വ്യത്യാസത്തിൽ പുറത്തേക്ക് തെറിച്ചു. പിന്നീട് വീണ്ടും ബോളുമായി മുന്നേറിയ രാഹുൽ കെപിയെ ഫൗൾ ചെയ്ത ചെന്നൈയിൻ എഫ്സി താരം തോയി സിംഗ് യെല്ലോ കാർഡ് വഴങ്ങി. തുടർന്ന് ലീഡ് നേടാനായി കടുത്ത ആക്രമണത്തിലേക്ക് കേരള ബ്ലാസ്റ്റേഴ്സ് തിരിഞ്ഞു. പലപ്പോഴും ഫൗളിലൂടെയാണ് ചെന്നൈയിൻ എഫ്സി ബ്ലാസ്‌റ്റേഴ്‌സിനെ നേരിട്ടത് നേരിട്ടത്.  പിന്നീട് ബ്ലാസ്റ്റേഴ്സിനായി ഗാരി ഹൂപ്പർ ചെന്നൈയിൻ എഫ്സി താരങ്ങളെ മറികടന്ന് ജോർദാൻ മുറേയ്ക്ക് മനോഹരമായി ബോൾ കൈമാറി. ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കെ ജോർദാൻ മുറേയ്ക്ക് ഗോൾ നേടാനുള്ള അവസരം മുന്നിലുണ്ടായിരുന്നെങ്കിലും റഫറി ഓഫ് സൈഡ് വിധിച്ചു.

എഴുപത്തിയൊമ്പതാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സ് താരം പ്രശാന്ത് ഒരു അതിവേഗ കൗണ്ടർ അറ്റാക്കിലൂടെ മുന്നേറാൻ ശ്രമിച്ചെങ്കിലും ചെന്നൈയിൻ പ്രതിരോധ താരം സിപോവിക്ക്  ഫൗളിലൂടെ പ്രശാന്തിനെ വീഴ്ത്തുകയും തുടർന്ന് റഫറി യെല്ലോ കാർഡ് വിധിക്കുകയും ചെയ്തു. രണ്ട് യെല്ലോ കാർഡ് ലഭിച്ച സിപോവിക്ക് മത്സരത്തിൽനിന് പുറത്ത് പോകേണ്ടി വന്നു.

ചെന്നൈയിൻ ടീം പത്ത് പേരായി ചുരുങ്ങിയതോടെ ബ്ലാസ്റ്റേഴ്സ് ആക്രമണത്തിലേക്ക് തിരിഞ്ഞു. എൺപത്തിയഞ്ചാം മിനിറ്റിൽ പ്രശാന്തിനെ പിൻവലിച്ച് സഹലിനെ കളത്തിലിറക്കി. തൊണ്ണൂറാം മിനിറ്റിൽ  പ്രതിരോധ താരം ജെസ്സെൽ കാർനെയ്റോയുടെ ഗോൾ വല ലക്ഷ്യം വെച്ചുള്ള ഒരു ലോങ്ങ് റേഞ്ചർ ഷോട്ട് വിശാൽ കെയ്ത്ത് അതി മനോഹരമായി രക്ഷപ്പെടുത്തി.

വീണ്ടും തുടർച്ചയായി ആക്രമണങ്ങൾ നടത്തി ബ്ലാസ്റ്റേഴ്സ് ചെന്നൈയിൻ എഫ്സിക്ക് നിരന്തരം ഭീക്ഷണി സൃഷ്ടിച്ചു. പക്ഷേ ചെന്നൈയിൻ എഫ്സി പൂർണമായി പ്രതിരോധത്തിലേക്ക് വലിഞ്ഞതോടെ ബ്ലാസ്റ്റേഴ്സിനു ഗോൾ നേടാനായില്ല. മത്സരം സമനിലയിൽ അവസാനിച്ചു.

എഡ്വിൻ വാൻസ്പോൾ ഡിഎച്ച്എൽ വിന്നിംഗ് പാസ് ഓഫ് ദ മാച്ച് അവാർഡ് നേടി. ഹീറോ ഓഫ് ദ മാച്ച് അവാർഡ് ലാലിയാൻസുവാല ചാങ്‌തെ നേടി.

ഇരുപത്തിയാറിനു നടക്കുന്ന അടുത്ത മത്സരത്തിൽ കേരളാബ്ലാസ്റ്റേഴ്‌സ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും.