ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് (ഹീറോ ഐ‌എസ്‌എൽ) ടീം കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി ക്ലബ്ബിന്റെ പുതിയ സ്‌പോർട്ടിംഗ് ഡയറക്ടറായി കരോലിസ് സ്കിങ്കിസിനെ നിയമിച്ചതായി പ്രഖ്യാപിച്ചു.

“കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥാനെന്ന നിലയിലും മാനേജ്മെന്റ് പ്രതിനിധി എന്ന നിലയിലും, കരോലിസിനെ ഞങ്ങളുടെ സ്പോർട്ടിംഗ് ഡയറക്ടറായി സ്വാഗതം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങളുടേത് ഒരു മഹത്തായ ക്ലബ്ബാണ്. കരോലിസ് ക്ലബ്ബിന്റെ എല്ലാ കായികസംബന്ധമായ കാര്യങ്ങളുടെയും അമരക്കാരനായി നിന്ന് ടീം സ്ഥിരമായ വിജയം നേടുമെന്ന് പ്രതീക്ഷിക്കുന്നു, ”കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി സിഇഒ വിരൻ ഡി സിൽവ പറയുന്നു.

ലിത്വാനിയയിലെ ഒരു ടോപ്പ് ഡിവിഷൻ ക്ലബ്ബായ എഫ് കെ സുഡുവയുടെ സ്പോർട്ടിംഗ് ഡയറക്ടറായി അര പതിറ്റാണ്ടിലേറെ അനുഭവ പരിചയമുള്ള കരോലിസ്, ക്ലബ്ബിലെ തന്റെ പുതിയ റോളിലേക്ക് തന്റെ അറിവും വൈദഗ്ധ്യവും കൊണ്ട്‌ എന്തുകൊണ്ടും യോഗ്യനാണ്. സുഡുവയിലെ തന്റെ ഭരണകാലത്ത് ടീം തിരഞ്ഞെടുപ്പിലും ആഭ്യന്തര നേതൃത്വ മാനേജുമെന്റിലും കരോലിസ് ഒരു പ്രധാന പങ്ക് വഹിച്ചു. അദ്ദേഹത്തിന്റെ മാർഗ്ഗനിർദ്ദേശത്തിൽ, എഫ് കെ സുഡുവ ക്ലബ് 2017, 2018 ൽ ലിത്വാനിയൻ ലീഗിൽ ഒന്നാമതെത്തുകയും, 2019 ൽ അടുത്ത വർഷത്തെ യുവേഫ ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടുകയും ചെയ്തു. ഈ നേട്ടങ്ങൾ ക്ലബ്ബിന്റെ ചരിത്രത്തിൽ ആദ്യമായാണ്.

" കേരളത്തിലേക്ക് വരുന്നത് എനിക്ക് ആവേശകരവും സന്തോഷകരവുമായ അവസരമാണ്. ഈ ഉത്തരവാദിത്തം എന്നെ ഏൽപ്പിച്ചതിന് ക്ലബ് മാനേജ്മെന്റിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ ക്ലബ്ബിന്റെ കാഴ്ചപ്പാടിനും കേരള ആരാധകരുടെ അഭിനിവേശത്തിനും ഫുട്ബോളിനോടുള്ള അവരുടെ ഇഷ്ടത്തിനും ഞാൻ കടപ്പെട്ടിരിക്കുന്നു. ഞങ്ങൾ ഒരുമിച്ച് ഈ ക്ലബ് വളർത്തി ഞങ്ങൾക്കും ആരാധകർക്കും അഭിമാനിക്കാനാകുന്ന പാരമ്പര്യം സൃഷ്ടിക്കും ” ക്ലബിലെ തന്റെ പുതിയ സ്ഥാനം ഏറ്റെടുത്ത കരോലിസ് പറഞ്ഞു.

ക്ലബ്ബിന്റെ സ്ക്വാഡിന്റെ നിരന്തരവും സ്ഥിരവുമായ ബിൽ‌ഡ് അപ്പ്, കാര്യക്ഷമമായ ശക്തിപ്പെടുത്തൽ എന്നിവയ്ക്ക് മേൽനോട്ടം വഹിക്കുന്നതിനായി ടീം തിരഞ്ഞെടുപ്പ്, സ്കൗട്ടിംഗ്, റിക്രൂട്ട്മെന്റ് എന്നീ കാര്യങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി കരോലിസിന്റെ മാർഗ്ഗനിർദ്ദേശം സ്വീകരിക്കും.