കേരള ബ്ലാസ്റ്റേഴ്‌സ് കലിംഗ സൂപ്പർ കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ
ആദ്യമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശനം നേടുന്നത്

കലിംഗ സൂപ്പർ കപ്പിൽ ക്വാർട്ടർ ഫൈനലിലേക്ക് ടിക്കറ്റെടുത്ത് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. ഒഡീഷയിലെ കലിംഗ സ്റ്റേഡിയത്തിൽ നടന്ന പ്രീ ക്വാർട്ടർ (റൌണ്ട് ഓഫ് 16) മത്സരത്തിൽ നിലവിലെ ജേതാക്കളായ ഈസ്റ്റ് ബംഗാൾ എഫ്‌സിയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് വീഴ്ത്തിയാണ് കൊമ്പന്മാർ അടുത്ത റൗണ്ടിലേക്കുള്ള യോഗ്യത ഉറപ്പിച്ചത്.
ആദ്യ ഗോളിന് വഴിയൊരുക്കിയ പെനൽറ്റി നേടിയെടുക്കുകയും അത്യുജ്വലമായ രണ്ടാം ഗോൾ നേടുകയും ചെയ്ത മൊറോക്കൻ വിങ്ങർ നോവ സദൗയിയാണ് ഇന്നത്തെ മത്സരത്തിലെ മികച്ച താരം. പുതിയ പരിശീലകൻ ദവീദ് കറ്റാലയുടെ കീഴിൽ ടീമിന്റെ ആദ്യ ജയം കൂടിയാണിത്. സൂപ്പർ കപ്പിന്റെ ചരിത്രത്തിൽ ആദ്യമായി ക്ലബ് ക്വാർട്ടറിലേക്ക് യോഗ്യത നേടുന്നത്.
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി: സച്ചിൻ സുരേഷ്, ഹോർമിപാം, വിബിൻ മോഹനൻ, ജീസസ് ജിമെനെസ്, അഡ്രിയാൻ ലൂണ, ഡാനിഷ് ഫാറൂഖ്, മിലോസ് ഡ്രിൻസിച്ച്, ബികാഷ് യുംനം, നവോച്ച സിംഗ്, നോഹ സദൗയി, ദുഷൻ ലഗേറ്റർ.
ഈസ്റ്റ് ബംഗാൾ എഫ്‌സി: പ്രഭ്‌സുഖൻ സിംഗ് ഗിൽ, അൻവർ അലി, ലാൽചുങ്നുങ്ക, ജീക്‌സൺ സിംഗ്, റിച്ചാർഡ് സെലിസ്, ഡയമന്റകോസ് ദിമിട്രിയോസ്, മുഹമ്മദ് റാകിപ്പ്, മെസ്സി ബൗളി, മഹേഷ് സിംഗ്, ഹെക്ടർ യുസ്റ്റെ, പിവി വിഷ്ണു.
മത്സരം ആരംഭിച്ച് രണ്ടാം മിനിറ്റിൽ കേരളത്തിന് മത്സരം കൈവശപ്പെടുത്താനുള്ള ആദ്യത്തെ സുവർണാവസരം ലഭിച്ചു. വലത് വിങ്ങിൽ നിന്നും നോവ സദൗയി ബോക്സിലേക്ക് നൽകിയ പന്ത് വലയിലേക്ക് തട്ടിയിട്ട് ഗോളാക്കി മാറ്റുന്നതിനുള്ള അവസരം ഹീസസ് ഹിമനസ് നഷ്ടപ്പെടുത്തി. അതിവേഗം ഗോൾ കണ്ടെത്തി മത്സരത്തിന്റെ ചരട് കൈവശപ്പെടുത്താനുള്ള അവസരമാണ് കൊമ്പന്മാരിൽ നിന്നും വഴുതിപ്പോയത്.
ആ അവസരത്തിന് ശേഷം, ഇരുവശത്തേക്കും പന്ത് നീങ്ങി. ലോങ്ങ് പാസുകളും വളരെപ്പെട്ടെന്ന് വൺ ടച്ച് പാസുകളും നൽകി എതിരാളികളിൽ ആശയകുഴപ്പം ഉണ്ടാക്കി ബ്ലാസ്റ്റേഴ്‌സ്. കുറിയ പാസുകളാണ് ഈസ്റ്റ് ബംഗാളിന്റെ തന്ത്രം. എങ്കിലും ഫൈനൽ തേർഡിൽ ചലനങ്ങൾ ഉണ്ടാക്കുന്നതിൽ ആദ്യ പകുതിയിൽ പരാജയപ്പെട്ടു.
34-ാം മിനിറ്റിൽ കേരളത്തിന് മത്സരത്തിൽ രണ്ടാമത്തെ സുവർണാവസരം ലഭിച്ചു. ഇത്തവണയും വഴിയൊരുങ്ങിയത് നോവയിലൂടെ. ഹോർമിപാമിൽ നിന്നും തുടങ്ങിയ ബിൽഡ്ആപ്പ് വൺ ടച്ച് പാസുകളിലൂടെ അതിവേഗം വിങ്ങിലൂടെ മൊറോക്കൻ വിങ്ങറിലേക്ക്. വലത് വിങ്ങിൽ നിന്നും ആദ്യ അവസരത്തിന് സമാനായി നൽകിയ പന്ത്, വീണ്ടും നഷ്ടപ്പെടുത്തി ഹിമനസ്.
നാല് മിനിട്ടുകൾക്ക് ശേഷം മത്സരം നാടകീയതയിലേക്ക് തിരിഞ്ഞു. മത്സരത്തിൽ ആ സമയം വരെയും ഈസ്റ്റ് ബംഗാളിന്റെ പ്രതിരോധനിരയിൽ ഉയർന്നു നിന്ന അൻവർ അലിക്ക് അപ്രതീക്ഷിതമായി ചെയ്ത പിഴവിന് കൊടുക്കേണ്ടി വന്നത് വലിയ വില. നോവയെ ബോക്സിനുള്ളിൽ വീഴ്ത്തിയതോടെ, റഫറി പെനാൽറ്റി സ്പോട്ടിലേക്ക് വിരൽചൂണ്ടി.
ഷോട്ട് എടുക്കാൻ മുന്നിലെത്തിയത്, ക്ലബ്ബിന്റെ ഐഎസ്എല്ലിൽ ടോപ് സ്‌കോറർ ഹിമനസ്. സ്പാനിഷ് താരമെടുത്ത ഷോട്ട് രക്ഷപ്പെടുത്തിയെങ്കിലും, ഷോട്ടിന് മുൻപ് ഗോളി ലൈനിനു പുറത്തെത്തിയതിനാൽ റഫറി വീണ്ടും ഷോട്ട് എടുക്കാൻ വിധിച്ചു. രണ്ടാമതെടുത്ത ശക്തിയേറിയ ഷോട്ട് തടയാൻ ഗില്ലിനു സാധിച്ചില്ല. ഒന്നിലധികം സുവര്ണാവസരങ്ങൾ നഷ്ടപ്പെടുത്തിയ സ്പാനിഷ് സ്‌ട്രൈക്കർക്ക് ആശ്വാസം. സ്കോർ 1-0. 41 -ാം മിനിറ്റിൽ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് മുന്നിൽ.
രണ്ട് മിനിട്ടുകൾക്ക് ശേഷം പിവി വിഷ്ണുവിലൂടെ സമനില ഗോൾ കണ്ടെത്താനുള്ള അവസരം കൊൽക്കത്തൻ ക്ലബിന് ലഭിച്ചെങ്കിലും, ഷോട്ട് ബോക്സിൽ തട്ടി തെറിച്ചത് നിരാശയായി. റീബൗണ്ട് എടുത്ത മെസ്സിയുടെ ഷോട്ട് പുറത്തേക്ക് പോയി.
ആദ്യ പകുതിയിലെ ലീഡിന്റെ നൽകിയ ആത്മവിശ്വാസത്തിൽ പിടിച്ചാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി രണ്ടാം പകുതിക്ക് തുടക്കമിട്ടത്. ഈസ്റ്റ് ബംഗാളിനെ അവരുടെ പകുതിയിൽ പിടിച്ചു നിർത്താൻ ശ്രമിച്ചു ടീം.
57-ാം മിനിറ്റിൽ പരിക്ക് മൂലം ലൂണ കളം വിട്ടതോടെ, ഫ്രെഡി ലല്ലാവ്മ കളത്തിലെത്തി. പതിയെ മത്സരത്തിലേക്ക് തിരിച്ചുവരവിന് ശ്രമിച്ചുകൊണ്ടിരുന്ന നിലവിലെ ജേതാക്കൾക്ക് തിരിച്ചടിയായി 64-ാം മിനിറ്റിൽ നോവ ബ്ലാസ്റ്റേഴ്സിന്റെ ലീഡ് ഇരട്ടിയാക്കി. വലത് വിങ്ങിൽ ലഭിച്ച പന്തെടുത്ത ഉള്ളിലേക്ക് കട്ട് ചെയ്ത കയറിയ മൊറോക്കൻ വിങ്ങർ, വീക്ക് ഫൂട്ടിൽ തൊടുത്ത വെടിച്ചില്ലു കണക്കെയുള്ള ഷോട്ട് വലതുളച്ചു കയറി. സ്കോർ 2-0.
എഴുപതാം മിനിറ്റിൽ ഹിമനസിനും ഡാനിഷിനും പകരം മുഹമ്മദ് സഹീഫും ക്വമെ പെപ്രയും കളത്തിലെത്തി. 72-ാം മിനിറ്റിൽ മത്സരത്തിൽ ഗോൾ കണ്ടെത്താനുള്ള അവസരം റെഡ് ആൻഡ് ഗോൾഡ് ബ്രിഗേഡിന് ലഭിച്ചു. പക്ഷെ, ബോക്സിനുള്ളിൽ ലഭിച്ച പന്ത് ഷോട്ടിന് മുതിരാതെ ഡയമന്റക്കൊസ് പാസ് നൽകിയത് മുതലെടുക്കാൻ സഹതാരങ്ങൾക്ക് സാധിച്ചില്ല. രണ്ട് മിനിട്ടുകൾക്ക് ശേഷം, വിബിൻ നൽകിയ പാസ് സ്വീകരിച്ചു പെപ്ര നൽകിയ ത്യഗോണൽ ബോൾ, നോവ വലയിലെത്തിച്ചെങ്കിലും റഫറി ഓഫ്‌സൈഡ് ഫ്ലാഗ് ഉയർത്തി.
86-ാം മിനിറ്റിൽ പരിക്ക് മൂലം അറ്റാക്കിങ് മിഡിൽ കളിച്ചിരുന്ന വിബിൻ കളം വിട്ടു. മലയാളി യുവതാരം ശ്രീക്കുട്ടൻ എംഎസ് മൈതാനത്തെത്തി. അവസാന മിനിറ്റുകളിൽ ഗോളിനായി ഈസ്റ്റ് ബംഗാൾ കിണഞ്ഞു പരിശ്രമിച്ചു. ഇഞ്ചുറി സമയത്ത് ബോക്സിനു പുറത്ത് ഫ്രീകിക്ക് ലഭിച്ചെങ്കിലും, നന്ദകുമാറിന്റെ ഷോട്ട് ലക്ഷ്യം കാണുകയോ, അവസരം രൂപപ്പെടുത്തുകയോ ചെയ്തില്ല.
ഫൈനൽ വിസിൽ മുഴങ്ങാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ, മൂന്നാം ഗോൾ നേടാൻ മറ്റൊരു സുവർണാവസരം ബ്ലാസ്റ്റേഴ്സിന് ലഭിച്ചു. നന്ദകുമാറിന്റെ പിഴവിൽ നിന്നും പന്ത് കൈവശപ്പെടുത്തിയ നോവ, ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കെ പന്ത് പുറത്തേക്ക് കളഞ്ഞത് നിരാശ പടർത്തി. തൊട്ടടുത്ത മിനിറ്റിൽ ശ്രീകുട്ടനും അവസരം ലഭിച്ചെങ്കിലും മുതലെടുക്കാൻ സാധിച്ചില്ല. ആറ് മിനിറ്റുകൾ നീണ്ട ഇഞ്ചുറി ടൈമിന് ശേഷം കലിംഗയിൽ ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ, ക്വാർട്ടർ ഫൈനലിലേക്ക് ടിക്കറ്റെടുത്തു ക്ലബ്.
ഏപ്രിൽ 26-ന് ക്വാർട്ടർ ഫൈനലിൽ ഈ സീസണിൽ ഐഎസ്എൽ ഷീൽഡും കപ്പും നേടി മൂന്നാം കിരീടം ലക്ഷ്യം വെച്ചെത്തുന്ന മോഹൻ ബഗാൻ സൂപ്പർ ജയന്റിനെ നേരിടും.