മോഹൻ ബഗാൻ സൂപ്പർ ജയന്റ് സീസണിലെ ഇരട്ടക്കിരീടങ്ങളിൽ മുത്തമിട്ടതോടെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024-25 സീസണിന് തിരശ്ശീല വീണു. ഐഎസ്എൽ അവസാനിച്ചേക്കാം എന്നാൽ ഇന്ത്യൻ ഫുട്ബോളിന്റെ കലണ്ടറിന്റെ താളുകൾ ഇനിയുമുണ്ട് മറിയാൻ.

ഇന്ത്യൻ ഫുട്ബോൾ കമ്മ്യൂണിറ്റിയുടെ കണ്ണുകളിനി ഭുവനേശ്വറിൽ നടക്കുന്ന കലിംഗ സൂപ്പർ കപ്പിലേക്ക്. രണ്ട് ആഴ്ചകൾ നീളുന്ന ടൂർണമെന്റിന്റെ അഞ്ചാം പതിപ്പിന് ഏപ്രിൽ 20 ഞായറാഴ്ച അരങ്ങുണരും. അന്തിമപോരാട്ടം മെയ് മൂന്നിനും.

ഐ ലീഗിലെ ചില ടീമുകൾക്കൊപ്പം ഐഎസ്എല്ലിൽ പതിമൂന്ന് ക്ലബ്ബുകളും അണിനിരക്കുന്ന ഇന്ത്യൻ ഫുട്ബോളിലെ ഈ മുഖ്യധാരാ ടൂർണമെന്റിന്റെ എല്ലാ മത്സരങ്ങൾക്കും ഒഡീഷയിലെ കലിംഗ സ്റ്റേഡിയം വേദിയാകും. വീറും വാശിയും നിറയുന്ന അരങ്ങേറ്റ മത്സരത്തിൽ നിലവിലെ ജേതാക്കളായ വങ്കനാട്ടിൽ നിന്നുള്ള ഈസ്റ്റ് ബംഗാൾ എഫ്‌സിക്കെതിരെ, ഐഎസ്എല്ലിലെ മലയാളക്കരയുടെ പ്രതിനിധിയായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഇറങ്ങും.

ടൂർണമെന്റിനെ കുറിച്ച നിങ്ങൾ അറിയേണ്ടതെല്ലാം.

രണ്ടാം അവസരമില്ലാത്ത വാശിയേറിയ നോക്കൗട്ട് ഫോർമാറ്റ്

ഗ്രൂപ്പ് ഘട്ടങ്ങളിലൂടെ മുന്നേറിയ രണ്ട് സീസണുകൾക്ക് ശേഷം, സൂപ്പർ കപ്പിൽ നോക്കൗട്ട് ഫോർമാറ്റ് തിരികെയെത്തിച്ചിരിക്കുകയാണ് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ. ആദ്യ രണ്ട് സീസണുകളിൽ ആരാധകർ സാക്ഷ്യം വഹിച്ചതിന് സമാനമായി, നേരിട്ടുള്ള നോക്കൗട്ട് ഫോർമാറ്റിലേക്ക് മടങ്ങിയെത്തുകയാണ് 2025 ലെ പതിപ്പ്. ഒരു മത്സരം തോൽക്കുന്നത് ടൂർണമെന്റിന് പുറത്തേക്കുള്ള പാതയിലെത്തിക്കുമെന്നതിനാൽ, ഒരു ഡൂ-ഓർ-ഡൈ സാഹചര്യമാണ് ക്ലബ്ബുകൾക്കുള്ളത്. തോൽവി ടീമുകളുടെ സീസണിന് വിരാമമിടും എന്നതിനാൽ, തന്ത്രങ്ങളുടെ കുത്തൊഴുക്കിനെക്കാൾ ചോരയും വിയർപ്പും ഗോളുകളും മത്സരങ്ങളിൽ പ്രതീക്ഷിക്കാം.

മുന്നിലെന്ത്?

ട്രോഫികളുടെയും അഭിമാനത്തിന്റെയും വിഷയം മാത്രമല്ലിത്. 2025 കലിംഗ സൂപ്പർ കപ്പ് വിജയിക്ക് AFC ചാമ്പ്യൻസ് ലീഗ് 2 പ്ലേഓഫിൽ സ്ഥാനം ഉറപ്പിക്കാൻ സാധിക്കും. ഇത് ഇന്ത്യൻ ക്ലബ്ബുകൾക്ക് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനുള്ള അവസരമൊരുക്കുന്നു. ഭൂഖണ്ഡാന്തര ചാമ്പ്യൻഷിപ്പിലേക്ക് വഴിയൊരുങ്ങുന്നതിനാൽ, ഈ ടൂർണമെന്റിന്റെ പ്രാധാന്യം വളരെ വലുതാണ്.

ഒപ്പം ക്ലബ്ബുകൾക്ക് മികച്ച രീതിയിൽ സീസൺ അവസാനിപ്പിക്കാനുള്ള അവസരം കൂടിയാണിത്. ചിലർക്ക് തിരിച്ചുവരാനുള്ള സാദ്ധ്യതകൾ ഉയരുമ്പോൾ, മറ്റു ചിലർക്ക് ഐഎസ്എല്ലിനപ്പുറം തങ്ങളുടെ ആധിപത്യമുറപ്പിക്കാനുള്ള വേദികൂടിയാണ്.

പ്രധാനപ്പെട്ട ടീമുകൾ

മോഹൻ ബഗാൻ സൂപ്പർ ജയന്റ്

ഐഎസ്എൽ ഷീൽഡ് നേടി ആവേശം ശതകോടിയിലെത്തുന്നതിന് മുന്നേ ഐഎസ്എൽ കപ്പുയർത്തിയ മോഹൻ ബഗാൻ സൂപ്പർ ജയന്റ് ലീഗിൽ ഈ സീസണിൽ രചിച്ചത് ചരിത്രം. തുടക്കം മുതലേ ആധിപത്യത്തോടെ ലീഗിനെ നേരിട്ട ടീം ഇരട്ടക്കിരീടങ്ങൾ നേടി ചരിത്രമെഴുതിയിരുന്നു. ആ ആക്കം വീണ്ടും നിലനിർത്താൻ സാധിച്ചാൽ, പിടിച്ചുകെട്ടാൻ സാധിക്കാതെ വരും മറൈനേഴ്സിനെ. നിലവാരവും പരിചയസമ്പത്തും വൻ മത്സരങ്ങളിലെ മനോഭാവവും ഹോസെ മോളിനയുടെ ടീമിനെ ടൂർണമെന്റിലെ ഫെവ്‌റേറ്റുകൾ ആക്കുന്നു.

കൂർമയേറിയ ആക്രമണം. അചഞ്ചലമായ പ്രതിരോധം. അതിശക്തമായ ബെഞ്ച്. കടലാസ്സിൽ മാത്രമല്ല, കളത്തിൽ കിരീടപോരാട്ടത്തിനായി മുന്നിൽ നിൽക്കുന്ന ടീമായി മാറുന്നു കൊൽക്കത്തൻ ക്ലബ്.

ഒഡീഷ എഫ്‌സി

കലിംഗ സൂപ്പർ കപ്പിനെക്കുറിച്ച് സംസാരിക്കുമ്പോൾ മാറ്റിനിർത്താൻ സാധിക്കാത്ത പേരാണ് ഒഡീഷ എഫ്‌സിയുടേത്. കഴിഞ്ഞ രണ്ട് പതിപ്പുകളിളെയും ഫൈനലിസ്റ്റുകൾ, ഒരു തവണ ജേതാവ്, അവരുടെ കോട്ടയായ കലിംഗ സ്റ്റേഡിയത്തിലെ ചിരപരിചിതമായ പുൽമൈതാനത്തിലേക്ക് അവർ തിരികെയെത്തുകയാണ്.

സെർജിയോ ലോബേരയെപ്പോലുള്ള വിജയങ്ങളെ എന്നും ചേർത്തുപിടിക്കുന്ന മുഖ്യ പരിശീലകന്റെ കീഴിൽ മിനുക്കിയെടുക്കപ്പെട്ട സ്‌ക്വാഡിനൊപ്പം ഒഡീഷ എഫ്‌സിയുടേത് വെറും പ്രതീക്ഷകൾ മാത്രമല്ല, നോക്കൗട്ട് ഫുട്‌ബോളിനായി കെട്ടിപ്പടുത്തപെട്ടവരാണ് അവർ. ഐഎസ്എല്ലിന്റെ പ്ലേഓഫിൽ നിന്നും പുറത്തായ ടീം, സൂപ്പർ കപ്പിൽ സ്വന്തം കാണികൾക്ക് മുന്നിൽ ഇറങ്ങുമ്പോൾ പരമാവധി പോരാട്ടവീര്യം പുറത്തെടുക്കാനാകും ശ്രമിക്കുക.

ബെംഗളൂരു എഫ്‌സി

ഐഎസ്എൽ കപ്പ് ഫൈനലിൽ കപ്പിനും ചുണ്ടിനുമിടയിൽ കിരീടം നഷ്ടപ്പെട്ട ടീമാണ് ബെംഗളൂരു എഫ്‌സി. അധിക സമയത്തേക്ക് നീണ്ട മത്സരത്തിൽ നേരിയ മാർജിനിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിനോട് അടിയറവ് പറഞ്ഞെങ്കിലും, ഒട്ടും മോശമല്ലായിരുന്നു അവർ 2024-25 സീസൺ. ഡ്യൂറണ്ട് കപ്പിൽ സെമി ഫൈനൽ വരെയുള്ള യാത്രയും ശേഷം ഐഎസ്എല്ലിന്റെ ഫൈനലിലെ പ്രകടനവും ടൂർണമെന്റുകളിൽ ടീമിന്പ രമാവധി ദൂരം പോകാൻ കഴിയുമെന്ന് വ്യക്തമാക്കുന്നു.

പരിചയസമ്പന്നര താരങ്ങൾ അടങ്ങുന്ന കോർ, അടിയറവ് പറയാത്ത മനോഭാവം എന്നിവയാൽ, ഉയർന്ന സമ്മർദ്ദമുള്ള മത്സരങ്ങൾക്കായി നിർമിക്കപ്പെട്ട ടീമാണ് ബ്ലൂസ്. ടീമുകൾക്ക് ദുസ്വപ്നങ്ങൾ ഉണ്ടാക്കുന്ന ടീം ടൂർണമെന്റിന്റെ അവസാനം വരെയെത്തിയാലും അതിശയിക്കേണ്ടതില്ല.

കറുത്ത കുതിരകൾ

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി

സീസണിന് മുന്നോടിയായി ഡ്യൂറണ്ട് കപ്പ് നേടിയാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി പ്രതീക്ഷകളെ നിലനിർത്തിയത്. ഐഎസ്എൽ കപ്പിലേക്കുള്ള യാത്ര അവസാനിച്ചതാകട്ടെ ക്വാർട്ടർ ഫൈനൽ ഘട്ടത്തിൽ മാത്രവും.

ഐ‌എസ്‌എൽ ഗോൾഡൻ ബൂട്ട് ജേതാവ് അലാദീൻ അജൈറ നയിച്ച അവരുടെ ആക്രമണം ടൂർണമെന്റിലെ ഏറ്റവും ആവേശകരമായ ഒന്നായിരുന്നു. കേവലം ടൂർണമെന്റിൽ പങ്കെടുക്കുന്ന എന്നതിലുപരി, ട്രോഫികളിൽ മുത്തമിടാനും തങ്ങൾക്ക് സാധിക്കുമെന്ന് അവർ നേരത്തെ വ്യക്തമായിട്ടുണ്ട്. അത് തുടർന്നാൽ, ടൂർണമെന്റ് ആവേശോജ്വലമാകും.

ജംഷഡ്പൂർ എഫ്‌സി

വിശ്വാസം, ഘടന, ഭയമില്ലാത്ത മനസ്സ് എന്നിവയുടെ അവസാന ഉൽപ്പന്നം. അതാണ് ഖാലിദ് ജാമിൽ നയിക്കുന്ന ജംഷഡ്പൂർ എഫ്‌സി.

ഇത്തവണ ഐഎസ്എൽ കപ്പ് ഫൈനലിന് തൊട്ടടുത്തെത്തിയിരുന്നു മെൻ ഓഫ് സ്റ്റീൽ. സെമിയിൽ ഒരു ഗോളിന്റെ മാര്ജിനിലാണ് അവർ തോൽവി വഴങ്ങിയത്. ആദ്യ പാദത്തിൽ എംബിഎസ്ജിയെ തോൽപ്പിച്ചതുൾപ്പെടെ, ഏത് ടീമിനെയും വീഴ്ത്താനുള്ള മരുന്ന് ഇന്ത്യൻ പരിശീലകൻ നയിക്കുന്ന ടീമിനുണ്ട്. കടുത്ത സമ്മർദ്ദത്തെയും അതിജീവിക്കാൻ ശേഷിയുള്ള ടീം തീർച്ചയായും അപകടകാരിയാണ്.