ജോര്‍ജ് പെരേര ഡയസ് കേരളാ ബ്ലാസ്‌റ്റേഴ്‌സുമായി പിരിഞ്ഞു!
കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സി താരം ജോര്‍ജ് പെരേര ഡയസ് ടീം വിട്ടതായി ഔദ്യോഗീകമായി സ്ഥിരീകരിച്ച് ക്ലബ്. 2021 - 2022 സീസണില്‍ ലോണിൽ ടീമിലെത്തിയ 31 കാരനായ താരം മികച്ച പ്രകടനം കാഴ്ചവച്ച താരം 21 മത്സരങ്ങളില്‍ നിന്നായി എട്ട് ഗോളുകളും ഒരു അസിസ്റ്റും നേടിയിരുന്നു.


കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സി താരം ജോര്‍ജ് പെരേര ഡയസ് ടീം വിട്ടതായി ഔദ്യോഗീകമായി സ്ഥിരീകരിച്ച് ക്ലബ്. 2021 - 2022 സീസണില്‍ ലോണിൽ ടീമിലെത്തിയ 31 കാരനായ താരം മികച്ച പ്രകടനം കാഴ്ചവച്ച താരം 21 മത്സരങ്ങളില്‍ നിന്നായി എട്ട് ഗോളുകളും ഒരു അസിസ്റ്റും നേടിയിരുന്നു. ഒൻപതാം സീസണിനു മുന്നോടിയായി മൂന്ന് കളിക്കാര്‍ മാത്രമാണ് ഇതുവരെ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്സിയുമായി കരാറിലെത്തിയിരിക്കുന്നത്. ഐ ലീഗ് ക്ലബ്ബായ ചര്‍ച്ചില്‍ ബ്രദേഴ്‌സില്‍ നിന്ന് ബ്രൈസ് മിറാന്‍ഡയും സൗരവ് മണ്ഡലും ഓസ്‌ട്രേലിയന്‍ താരം അപ്പോസ്‌തോലസ് ജിയാനുവുമാണ് ഇതുവരെ ടീമുമായി കരാറിൽ എത്തിയിരിക്കുന്നത്. അതേസമയം, ആല്‍വാരോ വാസ്‌ക്വെസ്, വിന്‍സി ബാരെറ്റൊ, സഞ്ജീവ് സ്റ്റാലിന്‍, ആല്‍ബിനൊ ഗോമസ്, ചെഞ്ചൊ, ഏണെസ് സിപ്പോവിച്ച്, സെത്യാസെന്‍ സിംഗ്, മെയ്‌തേയി എന്നിങ്ങനെ എട്ട് കളിക്കാര്‍ ക്ലബ് വിട്ടും ലോണ്‍ അടിസ്ഥാനത്തിലും ഈ സീസണിൽ ഇതുവരെ കേരള ബ്ലാസ്‌റ്റേഴ്‌സുമായി ഔദ്യോഗീകമായി പിരിഞ്ഞു.
താരങ്ങളുടെ കൊഴിഞ്ഞു പോക്കിനൊപ്പം ഈ സീസണിലെ ആദ്യ വിദേശ താരത്തെ കേരളാ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത് ആരാധക ശ്രദ്ധ നേടിയിരുന്നു. ഗ്രീക്ക്-ഓസ്‌ട്രേലിയന്‍ ഇന്റര്‍നാഷണല്‍ സ്ട്രൈക്കറായ അപ്പോസ്‌തൊലോസ് ജിയാനുവിനെയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ടീമിലെത്തിച്ചത്. എ ലീഗ് ക്ലബ്ബായ മക്കാര്‍ത്തര്‍ എഫ്‌സിയില്‍ നിന്നാണ് താരം കേരള ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. 2023 വരെയാണ് താരവുമായുള്ള കരാർ. ഗ്രീസിൽ ജനിച്ച ജിയോനുവിന്റെ കുടുംബം താരത്തിന്റെ ചെറുപ്രായത്തിൽ തന്നെ ഓസ്‌ട്രേലിയയിലേക്ക് കുടിയേറി.
പ്രൊഫഷണല്‍ അരങ്ങേറ്റത്തിന് മുമ്പ് വിക്ടോറിയന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പോര്‍ട്ട്, സൗത്ത് മെല്‍ബണ്‍ എന്നിവയുടെ യൂത്ത് ടീമുകള്‍ക്ക് വേണ്ടി കളിച്ച താരം പിന്നീട് ഓക്ലെയ് കാനന്‍സിന്റെ ഭാഗമായി. കവാല, പിഎഒകെ, എത്‌നിക്കോസ്, പാനിയോനിയോസ്, ആസ്റ്റെറിസ് ട്രിപ്പോളി തുടങ്ങിയ നിരവധി ഗ്രീക്ക് ഫസ്റ്റ് ഡിവിഷന്‍ ടീമുകള്‍ക്കൊപ്പം നൂറ്റിയമ്പതിലധികം മത്സരങ്ങള്‍ കളിച്ച താരം മുപ്പത്തിയെട്ടു ഗോളുകളും പതിനഞ്ചു അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. രണ്ടായിരത്തിപതിനാറിൽ, ചൈനീസ് ക്ലബ്ബായ ഗ്വാങ്‌ഷോ സിറ്റി എഫ്‌സിയില്‍ ചേര്‍ന്ന താരം രണ്ടു സീസണുകള്‍ക്ക് ശേഷം സൈപ്രസ് ടീമായ എഇകെ ലാര്‍നാക്കയില്‍ ചേർന്നു.
പിന്നീട് ഗ്രീസിലെ ഒഎഫ്‌ഐ ക്രീറ്റ് എഫ്‌സിയിലേക്കും ചേർന്നു. ബ്ലാസ്‌റ്റേഴ്‌സുമായി കരാര്‍ ഒപ്പിടും മുമ്പ് എ ലീഗ് ടീമായ മക്കാര്‍ത്തര്‍ എഫ്‌സിയുടെ ഭാഗമായിരുന്ന താരം ക്ലബ്ബിനായി ഇരുപത്തിയൊന്ന് മത്സരങ്ങളില്‍ നിന്ന് മൂന്ന് ഗോളുകൾ നേടിയിരുന്നു. ഓസ്‌ട്രേലിയക്കു വേണ്ടി യുവ തലങ്ങളിൽ കളിച്ചിട്ടുള്ള താരം പന്ത്രണ്ട് മത്സരങ്ങളില്‍ ഓസ്‌ട്രേലിയന്‍ സീനിയര്‍ ദേശീയ ടീമിനായും കളത്തിലിറങ്ങി. രണ്ടു ഗോളുകളും നാല് അസിസ്റ്റുകളുമാണ് ഓസ്‌ട്രേലിയൻ ദേശിയ ടീമിന് വേണ്ടി താരം നേടിയിട്ടുള്ളത്. ഗ്രീക്ക് ദേശീയ ടീമിനായും ഒരു മത്സരം താരം കളിച്ചിട്ടുണ്ട്.